പ്രധാന വാർത്തകൾ

2022 | മാർച്ച് 26 | ശനി | 1197 | മീനം 12 | പൂരാടം

🌀 *കേരള ബാര്‍ കൗണ്‍സില്‍ ക്ഷേമനിധി ക്രമക്കേടില്‍ സിബിഐ കേസെടുത്തു*. അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ടില്‍ 7.6 കോടി രൂപയുടെ തിരിമറി നടത്തിയ സംഭവത്തിലാണ് അന്വേഷണം. ബാര്‍ കൗണ്‍സില്‍ അക്കൗണ്ടന്റ് അടക്കം എട്ടു പ്രതികള്‍ക്കെതിരേയാണ് കേസ്. സ്റ്റാമ്പുകള്‍ വിറ്റതിലും ക്രമക്കേടുണ്ട്. കേസില്‍ നേരെത്തെ നാലു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

🌀 *സില്‍വര്‍ ലൈന്‍ കല്ലിടല്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ് ഹൗസ് വരെ എത്തിയ സാഹചര്യത്തില്‍ ക്ളിഫ് ഹൗസിനും മുഖ്യമന്ത്രിക്കും സുരക്ഷ വര്‍ധിപ്പിക്കുന്നു*. സുരക്ഷയുടെ മേല്‍നോട്ടത്തിന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ക്ളിഫ് ഹൗസിന്റെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനു കൈമാറും.

🌀 *തുടര്‍ച്ചയായ നാലാം ദിവസും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടി*. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വര്‍ദ്ധിച്ചു.

🌀തെക്കുകിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോടു കൂടിയ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

🌀തൃശൂര്‍ ചേര്‍പ്പില്‍ മദ്യപിച്ചു ശല്യം ചെയ്തിരുന്ന യുവാവിനെ സഹോദരന്‍ മര്‍ദിച്ചു കുഴിച്ചു മൂടിയത് ജീവനോടെയെന്ന് പോലീസ്. കൊല്ലപ്പെട്ട ചേര്‍പ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനോടെയാണു ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്ന നിഗമനത്തിലെത്താന്‍ ഇതാണു കാരണം. തലയില്‍ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്.

🌀തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുപണിമുടക്കായതിനാല്‍ ആ ദിവസങ്ങളിലെ കേരള ലോട്ടറി നറുക്കെടുപ്പ് ഏപ്രില്‍ മൂന്ന്, 10 തീയതികളിലേക്കു മാറ്റി. തിങ്കളാഴ്ചത്തെ വിന്‍വിന്‍, ചൊവ്വാഴ്ചത്തെ സ്ത്രീശക്തി എന്നീ ഭാഗ്യക്കുറി നറുക്കെടുപ്പുകളാണ് മാറ്റിവച്ചത്.

🌀രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍നിന്ന് സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. കൊവിഡ് വ്യാപനത്തിനുശേഷം തിയേറ്ററുകള്‍ പൂര്‍ണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തില്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് വന്‍ നഷ്ടമാകുമെന്നും ഫിയോക് പറഞ്ഞു.

🌀കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. പണിമുടക്കുന്നവര്‍ക്ക് ഡയസ് നോണ്‍ പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

🌀കൊല്ലം ബീച്ചിനെ സുരക്ഷിതവും വിനോദസഞ്ചാര സൗഹൃദവുമായ അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍, ചെന്നൈ ഐ ഐ ടിയുമായി ചേര്‍ന്നാണ് പദ്ധതിരേഖ തയ്യാറാക്കുന്നത്. വിവിധ പങ്കാളികളെ ചേര്‍ത്ത് ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊല്ലം തീരത്ത് നാലു മീറ്ററാണ് ആഴം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഇവിടെ 57 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ബീച്ചിനെ സുരക്ഷിതമാക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.


🌀കെ റെയിലിനെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം വീടു കയറി പ്രചാരണത്തിന്. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഇങ്ങനെ തീരുമാനിച്ചിത്. ചെങ്ങന്നൂരിലടക്കം ആലപ്പുഴയില്‍ വീടുകള്‍ കയറി പ്രചരണം നടത്തും.

🌀മൂന്നാറില്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയതിന് ഉടമ അറസ്റ്റില്‍. ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

🌀കൊല്ലം പോരുവഴി മലനട ഏലായിയിലെ കുളത്തില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ (16), തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

🌀ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലേബര്‍ മുറിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് മരുന്നു മാറി നല്‍കിയെന്ന പരാതിയുമായി ബന്ധുക്കള്‍. പത്തനംതിട്ട മുത്തുപറമ്പില്‍ നാസറാണ് അമ്പലപ്പുഴ പൊലീസിനും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയത്. നാസറിന്റെ മരുമകള്‍ സിയാനയെ കഴിഞ്ഞ 21 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ സിയാനക്ക് മരുന്ന് കൊടുത്തതിന് ശേഷം അബോധാവസ്ഥയിലായി. മരുന്നു മാറി നല്‍കിയതിനാലാണ് ഇതു സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

🌀നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയന്‍ പൗരന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഒരു കാരണവും വ്യക്തമാക്കാതെ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തിന്റെ നടപടി അനീതിയാണെന്നും പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

🌀ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം കോസ്റ്ററിക്കാന്‍ ചലച്ചിത്രമായ ക്ലാസ സോലയ്ക്ക്. നതാലി അല്‍വാരസ് മെസെന്‍ ആണു സംവിധായിക. മികച്ച സംവിധായികയായി കാമില ഔട്ട് ടു നൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായിക ഐനസ് മരിയ മാറിനോവ തെരഞ്ഞെടുക്കപ്പെട്ടു. നിഷോദ്ധോയാണ് മികച്ച മലയാളം സിനിമ. തമിഴ് സിനിമയായ കുഴങ്കല്‍ ജനപ്രിയ സിനിമയായി തിരഞ്ഞെടുത്തു.

🌀ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഐ എഫ് എഫ് കെ വേദിയില്‍ കഥാകൃത്ത് ടി പത്മനാഭന്‍. സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിന് സാധിക്കുമെന്നും അതു ചെയ്തില്ലെങ്കില്‍ ഭാവികേരളം ഈ സര്‍ക്കാരിന് മാപ്പ് തരില്ലെന്നും ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു. സംഭവം ചര്‍ച്ചയായതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നിയമം കൊണ്ട് വരുമെന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കി.

🌀സ്പെക്ട്രം ലേലം കഴിഞ്ഞാലുടന്‍ 5 ജി സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് എയര്‍ടെല്‍. സ്പെക്ട്രം ലേലം കഴിഞ്ഞാല്‍ 2 - 3 മാസത്തിനുള്ളില്‍ തന്നെ എയര്‍ടെലിന്റെ ഉപഭോക്താക്കള്‍ക്ക് 5ജി നെറ്റ്വര്‍ക്കിന്റെ വേഗതയും കാര്യക്ഷമതയും ആസ്വദിക്കാനാവും. തുടക്കം മുതല്‍ പ്രവര്‍ത്തനം ടോപ് ഗിയറിലേക്ക് മാറ്റി 5ജി സേവന രംഗത്ത് ആധിപത്യം നേടാനാണ് എയര്‍ടെലിന്റെ ശ്രമം. റിലയന്‍സ് ജിയോ ഈ രംഗത്ത് ഭാരതി എയര്‍ടെലിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

🌀2015 ലെ സ്പെക്ട്രം ലേലത്തിന്റെ ഭാഗമായി ഭാരതി എയര്‍ടെല്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കാനുണ്ടായിരുന്ന 8,815 കോടി രൂപ കൂടി തിരിച്ചടച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ എയര്‍ടെല്‍ ബാധ്യതകള്‍ പടിപടിയായി നികത്തുന്നുണ്ടായിരുന്നു. ഈ കാലയളവില്‍ സ്പെക്ട്രം കുടിശിക ഇനത്തില്‍ മാത്രം 24,334 കോടി രൂപ കേന്ദ്രസര്‍ക്കാരിന് എയര്‍ടെല്‍ അടച്ചിരുന്നു.

🌀നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യ വീണ്ടും പഞ്ചസാര കയറ്റുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ആറു വര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്കു നീങ്ങുന്നത്. ആഭ്യന്തര വില പിടിച്ചുനിര്‍ത്താനാണ് ഈ തീരുമാനം. ഈ തവണത്തെ കയറ്റുമതി എട്ട് ലക്ഷം ടണ്ണായി പരിമിതപ്പെടുത്താനാണ് നീക്കം.

🌀ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിനേശ് ശര്‍മ്മയ്ക്ക് പകരം ബ്രാഹ്‌മണ വിഭാഗത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ബ്രജേഷ് പഥക് ആണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയേയും രണ്ട് ഉപമുഖ്യമന്ത്രിമാരേയും കൂടാതെ 24 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 52 അംഗ മന്ത്രിസഭയില്‍ 16 പേര്‍ക്കാണു ക്യാബിനറ്റ് പദവി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ മറ്റു മുതിര്‍ന്ന നേതാക്കള്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ ലഖ്നൗ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

🌀അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഇന്ത്യയും ചൈനയും പരസ്പര ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ കാഷ്മീര്‍ പരാമര്‍ശത്തില്‍ അതൃപ്തിയറിയിച്ച ഇന്ത്യ, ചൈനയുടെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം പരസ്യപ്പെടുത്താതിരുന്നതെന്നും വ്യക്തമാക്കി. അതിര്‍ത്തി തര്‍ക്കത്തിനുശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.

🌀ഇന്ത്യ - ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കൂ, എന്നിട്ട് ചൈന സന്ദര്‍ശിക്കാം എന്ന് ഇന്ത്യ. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചൈനയിലേക്ക് ക്ഷണിച്ചപ്പോളാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.  

🌀ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ അടുത്ത ഘട്ട ചര്‍ച്ച അടുത്ത മാസം ഇന്ത്യയില്‍ നടക്കും. മൂന്നാം ഘട്ട ചര്‍ച്ചകള്‍ക്കാണ് ഏപ്രിലില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.

🌀അടുത്ത വര്‍ഷം മുതല്‍ വനിതാ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐ തത്വത്തില്‍ ധാരണയിലെത്തി. ആദ്യ ഘട്ടത്തില്‍ അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

🌀പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവും സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി.

🌀ഐപിഎല്ലിന്റെ പതിനഞ്ചാം സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാമ്പില്‍ അസ്വാരസ്യങ്ങള്‍. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയ ടീമിനെ മാനേജ്‌മെന്റ് പുറത്താക്കി. ട്വീറ്റിന് പിന്നാലെ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്തതോടെയാണ് രാജസ്ഥാന്‍ സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കിയത്.

🌀കേരളത്തില്‍ ഇന്നലെ 17,804 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 4,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,724 കോവിഡ് രോഗികള്‍. നിലവില്‍ 33,571 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.93 കോടി കോവിഡ് രോഗികളുണ്ട്.

🌀ഫെബ്രുവരിയെ അപേക്ഷിച്ച് രാജ്യത്തെ സിമന്റ് വില മാര്‍ച്ചില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സിമന്റിന്റെ വിലയില്‍ മാറ്റമുണ്ടായത്. ഇതിനുമുമ്പ് നവംബറിലായിരുന്നു സിമന്റ് വില കുത്തനെ ഉയര്‍ന്നത്. വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ ശരാശരി സിമന്റ് വില 10 ശതമാനം ഉയര്‍ന്ന് 50 കിലോ ബാഗിന് 395 രൂപയായി. കഴിഞ്ഞവര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനത്തിന്റെ വര്‍ധനവാണിത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ നവംബറില്‍ സിമന്റിന്റെ ശരാശരി വില 50 കിലോയ്ക്ക് 385 രൂപയായി ഉയര്‍ന്നിരുന്നു. സിമന്റിന്റെ ഡിമാന്റ് വര്‍ധിക്കുന്നത് 2022 ജൂണ്‍ പാദം മുതല്‍ സിമന്റ് കമ്പനികളുടെ സാമ്പത്തിക പ്രകടനത്തില്‍ പ്രതിഫലിക്കുമെന്നും പ്രതീക്ഷിക്കുന്നു.

🌀കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 6,800 കോടി രൂപയുടെ നാല് കോടി ഓഹരികള്‍ കാനഡ പെന്‍ഷന്‍ പ്ലാന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റു. നാല് കോടി ഓഹരികളാണ് വിറ്റത്. ബിഎസ്ഇയിലെ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, നിക്ഷേപ ബോര്‍ഡ് ഓഹരി ഓന്നിന് ശരാശരി 1,700.10 രൂപയ്ക്കാണ് വിറ്റത്. കമ്പനിയിലെ പൊതു ഓഹരി ഉടമയായ കാനഡ പെന്‍ഷന്‍ പ്ലാന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന് 2021 ഡിസംബര്‍ അവസാനത്തോടെ 6.37 ശതമാനം ഓഹരിയുണ്ടായിരുന്നു. കമ്പനിയുടെ ഓഹരി ഒന്നിന് 1,699.05 രൂപയ്ക്ക് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ റീജന്റ്‌സ് 1.1 കോടി ഓഹരികള്‍ വാങ്ങി. ഏകദേശം 1,908 കോടി രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്. ബിഎസ്ഇയില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ 3.09 ശതമാനം ഇടിഞ്ഞ് 1,713.40 രൂപയിലെത്തി.

🌀അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രമാണ് 'ദസ്വി'. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'മച്ചാ, മച്ചാ' എന്ന ഗാനം പുറത്തുവന്ന് അധികം വൈകാതെ തന്നെ ഒട്ടേറെ പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. അഭിഷേക് ബച്ചനടക്കമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. യാമി ഗൗതമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഗംഗ റാം ചൗധരി' എന്ന കഥാപാത്രമായിട്ടാണ് അഭിഷേക് ബച്ചന്‍ അഭിനയിക്കുന്നത്. ഐപിഎസ് ഓഫീസറായി 'ജ്യോതി ദേസ്വാളാ'യി യാമി ഗൗതമും എത്തുന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് 'ദസ്വി'.

🌀ഷൈന്‍ ടോം ചാക്കോയും ചെമ്പന്‍ വിനോദും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'ബൂമറാംഗ്' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സംയുക്ത മേനോന്‍ ആണ് നായികയായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മനു സുധാകരന്‍ ആണ്. ബൈജു സന്തോഷ്, ഡൈന്‍ ഡേവിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖില്‍ കവലയൂര്‍, ഹരികുമാര്‍, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്.

🌀ലിബര്‍ട്ടി 125-ന്റെ വളരെ സവിശേഷമായ ഒരു പതിപ്പ് ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ അനാവരണം ചെയ്തു. ചോക്ലേറ്റ് നിര്‍മ്മാണ കമ്പനിയുടെ 100-ാം വാര്‍ഷികമായ പെറുജിനയുടെ സ്മരണാര്‍ത്ഥം കമ്പനി ഈ പ്രത്യേക പതിപ്പ് പുറത്തിറക്കി. ഇറ്റലിയിലെ ഐതിഹാസിക ചോക്ലേറ്റ് ബ്രാന്‍ഡുകളില്‍ ഒന്നാണ് ബാസി പെറുഗിന. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചോക്ലേറ്റുകളില്‍ ഒന്നിന്റെ പാക്കേജിംഗ് അനുകരിക്കുന്ന ഒരു പെയിന്റ് സ്‌കീം സ്‌കൂട്ടറിനായി പിയാജിയോ സൃഷ്ടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍, സ്‌കൂട്ടറിന് നേവി ബ്ലൂ പെയിന്റ് സ്‌കീമും ഫാസിയയിലും സൈഡ് പാനലുകളിലും സ്റ്റാര്‍ സ്റ്റിക്കറുകള്‍ ലഭിക്കും.

🌀നാം കാണാത്ത ഒരു ലോകത്തിലെ കാഴ്ചകള്‍ കാട്ടിത്തരികയാണ് സനിത പാറാട്ട് ഈ കഥകളില്‍. ആ ലോകത്തില്‍ മനുഷ്യരെക്കുറിച്ച് ഓര്‍മ്മിക്കുന്ന വീടുകളുണ്ട്; വീട്ടുകാരെ ഓര്‍മിക്കുന്ന വളര്‍ത്തു മൃഗങ്ങളുണ്ട്. പതിവുവഴിയില്‍നിന്നു ഭിന്നമായി മറ്റൊരു ലോകത്തിലൂടെയാണ് കഥാകാരിയുടെ നോട്ടങ്ങള്‍. നമ്മുടെ ചുറ്റുപാടുമുള്ള സസ്യജന്തുജാലങ്ങളും അവയുടെ ജീവിതവും ചിന്തകളും രസകരമായി അവതരിപ്പിക്കുന്ന കഥകള്‍. 'ഞാന്‍ കണ്ടത്, നിങ്ങള്‍ കാണാത്തത്'. മാതൃഭൂമി. വില 112 രൂപ.

🌀 *അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള ഒരു അത്യാഹിതമാണ് തലച്ചോറിലുണ്ടാകുന്ന പക്ഷാഘാതം*. ആശുപത്രിയിലെത്തിക്കാന്‍ എത്ര വൈകുന്നോ രോഗിയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള സാധ്യത അത്രയും കുറയും. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കും. നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുക, കാഴ്ചപ്രശ്നം, മുഖം ഒരു വശത്തേക്ക് കോടുകയോ സംവേദമില്ലാതെയോ ആകുക, കൈകള്‍ ഉയര്‍ത്താനുള്ള ശേഷി നഷ്ടമാകുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ഈ ലക്ഷണങ്ങള്‍ക്ക് പുറമേ ആശയക്കുഴപ്പം, മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, കടുത്ത തലവേദന, തലകറക്കം എന്നിവയും ചിലര്‍ക്ക് വരാറുണ്ട്. സാധാരണ ഗതിയില്‍ പ്രായം ചെന്നവര്‍ക്കാണ് പക്ഷാഘാതം ഉണ്ടാകുന്നതെങ്കിലും യുവാക്കളിലും ഇതിന്റെ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. പക്ഷാഘാത കേസുകളില്‍ 15 ശതമാനം 18നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, ഹൃദ്രോഗം, ഹൃദയവാല്‍വുകള്‍ക്ക് പ്രശ്നം, സിക്കിള്‍ സെല്‍ രോഗം, പ്രമേഹം, രക്തം കട്ട പിടിക്കുന്ന രോഗം, പേറ്റന്റ് ഫൊറാമെന്‍ ഒവേല്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് പക്ഷാഘാത സാധ്യത അധികമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഒരു തവണ പക്ഷാഘാതം വന്നവര്‍ക്കും പിന്നീട് ഇത് ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്. ഈ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ അലസമായ ജീവിതശൈലി, അമിതമായ മദ്യപാനം, പുകവലി, ഉപ്പിന്റെയും അനാരോഗ്യകരമായ കൊഴുപ്പിന്റെയും അമിത ഉപയോഗം തുടങ്ങിയവും പക്ഷാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
➖➖➖➖➖➖➖➖

Post a Comment

Previous Post Next Post