മിനിമം ബാലൻസ് കൂടും, കെ.വൈ.സി പുതുക്കിയില്ലെങ്കില്‍ പ്രവർത്തനരഹിതമാകും; ഇന്നുമുതൽ ബാങ്കിങ് രംഗത്തും മാറ്റങ്ങൾ.


പുതിയ സാമ്പത്തിക വർഷം നാളെ ആരംഭിക്കുമ്പോൾ ബാങ്കിങ് രംഗത്തും നിരവധി മാറ്റങ്ങളുണ്ടാകും. മിനിമം ബാലൻസ് പരിധി മുതൽ സൗജന്യ പണമിടപാടിന്റെ പരിധിയിലും മാറ്റങ്ങളുണ്ട്. ഇതോടൊപ്പം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും അറിയാം.

ആക്‌സിസ്, പഞ്ചാബ്, ഐ.സി.ഐ.സി.ഐ മാറ്റങ്ങൾ

പുതിയ സാമ്പത്തിക വർഷം മുതൽ ആക്‌സിസ് ബാങ്കിൽ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പരിധി 10,000ത്തിൽനിന്ന് 12,000 ആക്കി ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം സൗജന്യ പണമിടപാടിന്റെ പരിധി നാലാക്കി നിർണയിക്കുകയും ചെയ്തിട്ടുണ്ട്.

ചെക്കുകൾക്ക് പോസിറ്റീവ് പേ സിസ്റ്റം നടപ്പാക്കിയിരിക്കുകയാണ് പഞ്ചാബ് നാഷനൽ ബാങ്ക്. 10 ലക്ഷം മുതലുള്ള ചെക്കുകൾക്ക് വെരിഫിക്കേഷൻ നിർബന്ധമാകും.

ഐ.സി.ഐ.സി.ഐ എൻ.ആർ.ഐ അക്കൗണ്ടുകളിലെ ഫീസ് ചാർജ് കൂട്ടിയിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷംമുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

ബാങ്ക് അക്കൗണ്ടുകളിലെ നിയന്ത്രണങ്ങൾ

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കെ.വൈ.സി അനുസരിച്ചല്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകും. പണം നിക്ഷേപം, പിൻവലിക്കൽ അടക്കം എല്ലാത്തിനും നിയന്ത്രണമുണ്ടാകും.

കോവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്ക് അക്കൗണ്ടിലെ കെ.വൈ.സി പുതുക്കുന്നതിന് നേരത്തെ റിസർവ് ബാങ്ക് 2021 ഡിസംബർ 31 വരെ കാലാവധി അനുവദിച്ചിരുന്നു. ഇത് 2022 മാർച്ച് 31 വരെ നീട്ടിനൽകിയിരുന്നു. തുടർന്ന് കൂടുതൽ കാലാവധി ലഭിക്കില്ലെന്നാണ് വിവരം.

പോസ്റ്റ് ഓഫീസ് വരുമാന പദ്ധതി

പ്രതിമാസ വരുമാന പദ്ധതി, വയോജന സേവിങ്‌സ് പദ്ധതി, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്‌സ് അടക്കമുള്ള വിവിധ പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപിച്ചവർ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടോ അല്ലെങ്കിൽ സേവിങ് ബാങ്ക് അക്കൗണ്ടോ ഈ പദ്ധതികളുമായി ലിങ്ക് ചെയ്യണം. പുതിയ സാമ്പത്തിക വർഷം മുതൽ പോസ്റ്റ് ഓഫീസ് വരുമാന പദ്ധതികളിലൂടെ ലഭിക്കുന്ന പലിശ പദ്ധതിയുമായി ബന്ധിപ്പിച്ച നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും.

Post a Comment

Previous Post Next Post