ഇലക്​ട്രിക്​ സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച്​ തീപിടിച്ച് അച്ഛനും മകളും മരിച്ചു

ചെന്നൈ: ഇലക്​ട്രിക്​ സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും ദാരുണമായി മരിച്ചു. സ്റ്റുഡിയോ ഉടമ വെല്ലൂർ ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ ദുരൈവർമ(49), മകൾ മോഹനപ്രീതി (13) എന്നിവരാണ്​ മരിച്ചത്​.

വീട്ടുവരാന്തയിൽ തന്‍റെ പുതിയ ഇ-സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ച് കിടന്നുറങ്ങിയതായിരുന്നു ദുരൈവർമയും മകളും. ജനലുകളില്ലാത്ത ആസ്​ബറ്റോസ്​ മേൽക്കുരയോടുകൂടിയ ചെറിയ രണ്ട്​ മുറി വീടാണ് ഇവരുടേത്. ശനിയാഴ്ച പുലർച്ച രണ്ടരയോടെ സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച്​ അഗ്​നിബാധയുണ്ടാവുകയായിരുന്നു.

തൊട്ടടുത്ത്​ നിർത്തിയ മറ്റൊരു ബൈക്കിനും വീടിനും തീപിടിച്ചു. ആളിപ്പടരുന്ന തീയും കരിമ്പുകയും കാരണം ദുരൈവർമയും മോഹനപ്രീതിയും പുറത്തുവരാനാവാതെ മുറിക്കുള്ളിൽനിന്ന്​ കുടുങ്ങി. സമീപവാസികൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചത്.

ഷോർട്ട്​സർക്യൂട്ടാവാം അപകടകാരണമെന്ന്​ കരുതുന്നു. പഴയ സോക്കറ്റിലാണ്​ ഇ- സ്കൂട്ടറിന്‍റെ ചാർജ്​ പ്ലഗ്​ ചെയ്തിരുന്നത്​. വർഷങ്ങൾക്ക്​ മുൻപെ ദു​രൈവർമയുടെ ഭാര്യ മരണപ്പെട്ടിരുന്നു. 10 വയസുള്ള മകൻ അവിനാഷ്​ തൊട്ടടുത്ത ബന്ധു വീട്ടിൽ വിരുന്നുപോയിരുന്നു.

Post a Comment

Previous Post Next Post