10 വര്‍ഷത്തോളം അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് ആഹാരം പോലും കൊടുക്കാതെ മക്കള്‍

തഞ്ചാവൂരി(Thanjavur)ല്‍ പത്ത് വര്‍ഷത്തിലേറെയായി മക്കള്‍ വീട്ടില്‍ പൂട്ടിയിട്ട 72 -കാരിയെ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.ജ്ഞാനജ്യോതി(Gyanjothi)എന്നാണ് വൃദ്ധയുടെ പേര്. സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ്, ദുര്‍ബലയായ ആ സ്ത്രീ തന്റെ വീടിനുള്ളില്‍ നഗ്നയായി കിടക്കുന്നതിന്റെ ഒരു വീഡിയോ എങ്ങനെയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് കണ്ട ഒരു അജ്ഞാതനാണ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, സാമൂഹ്യക്ഷേമ വകുപ്പിന്റെ വനിതാ ഹെല്‍പ്പ്‌ലൈന്‍ നമ്ബറായ 181 -ലേക്ക് ഒരു ഫോണ്‍ വന്നു. പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തി വൃദ്ധയുടെ അവസ്ഥയും, മേല്‍വിലാസവും മറ്റ് വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതേത്തുടര്‍ന്ന് ജീവനക്കാരായ എം വിമലയും ദിവ്യയും തഞ്ചാവൂരിലെ കാവേരി നഗറിലെ അഞ്ചാം തെരുവിലെ വീട്ടിലേക്ക് എത്തി. പൊലീസും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

അവിടെ എത്തിയ അവര്‍ ശരിക്കും ഞെട്ടിപ്പോയി. സ്ത്രീയെ മക്കള്‍ വീടിനുള്ളിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അവര്‍ നഗ്നയായി വെറും നിലത്ത് കിടക്കുകയായിരുന്നു. ഇത് കണ്ട ഹെല്‍പ്പ് ലൈന്‍ ജീവനക്കാരും പോലീസും ചേര്‍ന്ന് പൂട്ട് പൊളിച്ചു. അകത്ത് ചെന്നപ്പോള്‍ അവര്‍ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. വര്‍ഷങ്ങളായി അവര്‍ ആ മുറിയില്‍ ഏകാന്തവാസം നയിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. പെട്ടെന്ന് ഒരുപാട് അപരിചിതരെ കണ്ട അമ്മ ആദ്യം അക്രമാസക്തമായി പെരുമാറി. എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥര്‍ പറഞ്ഞ് അനുനയിപ്പിച്ച്‌ അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക നില തകരാറിലായ അവര്‍ക്ക് വേണ്ട ചികിത്സ നല്‍കുമെന്ന് ജീവനക്കാരില്‍ ഒരാളായ വിമല പറഞ്ഞു.

ദൂരദര്‍ശനിലെ ഉദ്യോഗസ്ഥനായിരുന്ന ജ്ഞാനജോതിയുടെ ഭര്‍ത്താവ്. അദ്ദേഹം 2009-ല്‍ അന്തരിച്ചു. അതിനുശേഷം അവര്‍ മകളോടൊപ്പമായിരുന്നു താമസം. അവരെ മകള്‍ നല്ല രീതിയില്‍ പരിചരിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവ് മരണപ്പെട്ട് രണ്ട് വര്‍ഷത്തിനുള്ളില്‍ മകളും അവരെ വിട്ട് പോയി. അസുഖം ബാധിച്ചായിരുന്നു മരണം. മകളെ കൂടാതെ അമ്മയ്ക്ക് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. അതിലൊരാള്‍ റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്പെക്ടറായ ഷണ്‍മുഖസുന്ദരം. മറ്റേയാള്‍ ദൂരദര്‍ശനിലെ ടെക്നിക്കല്‍ ജീവനക്കാരനായിരുന്നു, പേര് വെങ്കിടേശന്‍. ഭര്‍ത്താവും, മകളും നഷ്ടപ്പെട്ട അമ്മയെ നോക്കാന്‍ എന്നാല്‍ ഇരുവരും തയ്യാറായില്ല. അവര്‍ അമ്മയെ ഏകദേശം 10 വര്‍ഷത്തോളം വീട്ടിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു.

വെങ്കിടേശന്റെ വീട് അല്പം ദൂരെയാണെങ്കിലും, ഷണ്‍മുഖസുന്ദരം അടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. വീടിന്റെ ഗേറ്റും മുന്‍വശത്തെ വാതിലും പുറത്തുനിന്ന് പൂട്ടി മക്കള്‍ ആഴ്ചയിലൊരിക്കല്‍ ഭക്ഷണവും ബിസ്‌ക്കറ്റും കൊണ്ട് വന്ന് കൊടുക്കുമായിരുന്നു. ആഴ്ചയില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ വൃദ്ധയ്ക്ക് അയല്‍വാസികളാണ് ആഹാരവും വെള്ളവും മറ്റും നല്‍കിയിരുന്നത്. അയവാസികള്‍ ആവശ്യങ്ങള്‍ക്ക് എപ്പോഴും ഓടിയെത്താറുണ്ടെങ്കിലും, മക്കളെ ഭയന്ന് അവര്‍ ഇത് പുറത്ത് പറഞ്ഞില്ല. ഇപ്പോള്‍ പ്രായമായ അമ്മയെ പരിചരിച്ചില്ലെന്ന കുറ്റത്തിന് മക്കള്‍ക്കതിരെ നടപടി എടുക്കാന്‍ ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കയാണ്. അവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Post a Comment

Previous Post Next Post