സായാഹ്‌ന വാർത്തകൾ2022 | ഏപ്രിൽ 30 | ശനി1197 | മേടം 17 |


◼️കോടതികളില്‍ മികച്ച സാങ്കേതികവിദ്യകള്‍ വേണമെന്നും വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കണമെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

◼️സര്‍ക്കാരുകള്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് രമണ. അന്യായ അറസ്റ്റും പീഡനവും നിര്‍ത്തിയാല്‍ കോടതിക്ക് ഇടപെടേണ്ടി വരില്ല. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ കാലതാമസം വരുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചു.

◼️സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി നിരക്കു വര്‍ധന നാളെ മുതല്‍. ബസിനു മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90 പൈസ നിരക്കിലാണ് തുടര്‍ന്നുള്ള വര്‍ധന. ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 25 രൂപയില്‍നിന്ന് 30 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

◼️കല്‍ക്കരി ക്ഷാമം മൂലമുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താപ നിലയങ്ങളിലേക്കു യുദ്ധകാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിച്ചുതുടങ്ങി. ട്രെയിന്‍ മാര്‍ഗമാണ് കല്‍ക്കരി എത്തിക്കുന്നത്. ഇന്ന് കൂടുതല്‍ ഗുഡ്സ് ട്രെയിന്‍ ഓടിക്കാന്‍ ഉത്തരേന്ത്യയിലെ മെയില്‍, എക്സ്പ്രസ്സ്, പാസഞ്ചര്‍ ട്രെയിനുകളടക്കം 753 ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ നാളെ മുതല്‍ പവര്‍കട്ട് ഉണ്ടാകില്ല. നാളെ മുതല്‍ മേയ് അവസാനം വരേയ്ക്ക് ആന്ധ്രയില്‍നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കരാറായി.

◼️പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച അന്വേഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്.  പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഡിജിപിമാര്‍ക്കാണ് നോട്ടീസയച്ചത്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ നിര്‍ദേശാനുസരണമാണ് നടപടി.

◼️തൃക്കാക്കര സ്വര്‍ണ്ണക്കടത്തു കേസില്‍ പണം മുടക്കിയ നാലു പേരെ കൂടി തിരിച്ചറിഞ്ഞു. ഇവരില്‍ രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണ്. തൃക്കാക്കര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.എ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ 65 ലക്ഷം രൂപയാണ് മുടക്കിയത്.

◼️പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയ ക്യാമ്പുകള്‍ അധ്യാപകര്‍ അവസാന ദിനമായ ഇന്നും ബഹിഷ്‌കരിച്ചു. അധ്യാപകരും വിദഗ്ധരും ചേര്‍ന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷന്‍ സ്‌കീമിനെ ഉത്തരസൂചികയാക്കിയാണ് സാധാരണ മൂല്യനിര്‍ണയം നടത്താറുള്ളത്. അതിനു പകരം ചോദ്യകര്‍ത്താവ് നല്‍കിയ ഉത്തര സൂചിക മതിയെന്ന വകുപ്പ് നിര്‍ദ്ദേശത്തിനെതിരേയാണ്  പ്രതിഷേധം. 12 അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസു നല്‍കിയോടെ പ്രതിഷേധം ശക്തമായി. ഉത്തര സൂചികയിലെ പിഴവുമൂലം വിദ്യാര്‍ത്ഥികള്‍ക്കു മാര്‍ക്ക് നഷ്ടപ്പെടുമെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്.

◼️പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയത്തിന്റെ ഉത്തരസൂചിക മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

◼️കെ റെയില്‍ സര്‍വേക്കല്ലു പറിക്കുന്ന സമരം തുടരുകയാണെങ്കില്‍ സര്‍വേക്കല്ല് സ്ഥാപിക്കാത്ത സര്‍വേരീതിയിലേക്കു മാറേണ്ടിവരുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കല്ലിടാതെ ശാസ്ത്രീയ സര്‍വേരീതികള്‍ നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

◼️ചില പോലീസുകാര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുണ്ടെന്നും അവര്‍ തിരുത്തണമെന്നും മന്ത്രി എം.വി. ഗോവിന്ദന്‍. ജനങ്ങളുടെ മേല്‍ കുതിരകയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

◼️മാവേലിക്കര കണ്ടിയൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയും രണ്ടര വയസുള്ള മകളും ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം തൂങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ടിയൂര്‍ കടുവിനാല്‍ പറമ്പില്‍ ജിജോയുടെ ഭാര്യ ബിന്‍സി (30) ആണ് മരിച്ചത്. ഭര്‍ത്താവ് ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◼️മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ആവശ്യമെങ്കില്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തും. മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

◼️ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്ന് കെഎസ്ആര്‍ടിസി. ഗതാഗത വകുപ്പ് മുഖേനയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു.

◼️സ്ഥലം മാറ്റപ്പെട്ട കെഎസ്ഇബി ഓഫീസേഴസ് അസോസിയേഷന്‍ നേതാക്കള്‍ ജോലിയില്‍ പ്രവേശിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാര്‍ പെരിന്തല്‍മണ്ണയിലും ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍ പാലക്കാട് സര്‍ക്കിള്‍ ഓഫീസിലും ചുമതലയേറ്റു. സ്ഥലംമാറ്റം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

◼️സംസ്ഥാനത്ത വൈദ്യുതി പ്രതിസന്ധി നാളത്തോടെ തീരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതിയെത്തിക്കും. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണം. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുതെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി പ്രശ്നങ്ങള്‍ കുടുംബത്തിനകത്തെ പ്രശ്നങ്ങള്‍ പോലെയാണ്. ഇരുകൂട്ടര്‍ക്കും ദോഷമാവാത്ത രീതിയില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

◼️പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ തിരിമറി നടത്തിയ സംഭവത്തില്‍ താഴെതട്ടില്‍ മാത്രം നടപടി ഒതുക്കി സിപിഎം. തെരഞ്ഞെടുപ്പ് ഫണ്ടും ഓഫീസ് നിര്‍മ്മാണ ഫണ്ടും ഉള്‍പെടെ പിരിച്ചെടുത്ത തുകയില്‍നിന്ന് എംഎല്‍എ ഉള്‍പെടെയുള്ള ചില നേതാക്കള്‍ പണം തട്ടിയെടുത്തെന്നാണ് ആരോപണം.

◼️ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. വി വസീഫാണ് സംസ്ഥാന പ്രസിഡന്റ്. എസ്.ആര്‍ അരുണ്‍ ബാബുവാണ് ട്രഷറര്‍. 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

◼️ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ ഇന്നു സമാപിക്കും. സമാപന സമ്മേളന നഗരിയായ മുനിസിപ്പല്‍ മൈതാനത്തേക്ക് മൂന്നു റാലികളായാണു പ്രവര്‍ത്തകര്‍ എത്തുക. വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.

◼️മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പരാതിയുമായി മുസ്ലിം യൂത്ത് ലീഗ്. ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പരാതി നല്‍കിയത്. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യവേയാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.

◼️തൊടുപുഴയില്‍ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൊടുപുഴ സ്വദേശി വിനീഷ് വിജയനെയാണ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും ഇക്കൂട്ടത്തിലുണ്ട്. പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് കേസ്.

◼️മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വിമര്‍ശനവുമായി വിരമിച്ച സീനിയര്‍ ഐഎഎസ് ഓഫീസര്‍ ടിക്കറാം മീണയുടെ ആത്മകഥ. തൃശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് ആരോപണം. വയനാട് കളക്ടറായിരിക്കെ സസ്പെന്റ് ചെയ്തതിനു പിന്നിലും ശശിയാണ്. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും 'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയില്‍ മീണ പറയുന്നു.

◼️സലാലയില്‍ പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒമാന്‍ പൗരന്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്തീനെ (56) കൊലപ്പെടുത്തിയ കേസിലാണ് ഒമാന്‍ പൗരനെ പിടികൂടിയത്.

◼️ഗുജറാത്തില്‍ പിപാവാവ് തുറമുഖത്ത് എത്തിയ ഷിപ്പിംഗ് കണ്ടെയ്നറില്‍നിന്ന് 450 കോടി രൂപ വിലമതിക്കുന്ന 90 കിലോഗ്രാം ഹെറോയിന്‍ കണ്ടെടുത്തു. ഇറാനില്‍നിന്നെത്തിയ മയക്കുമരുന്നാണു പിടികൂടിത്. നൂലില്‍ മുക്കിയാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്.

◼️പഞ്ചാബിലെ പട്യാലയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍  ഉന്നത പൊലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റി മുഖ്യമന്ത്രി ഭഗവന്ത് മാന്‍. പട്യാല ഐജി, എസ്എസ്പി, എസ്പി എന്നിവരെയാണ് സ്ഥലം മാറ്റിയത്.

◼️ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ക്ഷേത്രം മാറ്റിസ്ഥാപിക്കണമെന്ന് റെയില്‍വേ. ചാമുണ്ഡ ദേവി ക്ഷേത്രം മാറ്റാനാണ് റെയില്‍വേ നോട്ടീസ് നല്‍കിയത്. പിന്നാലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തെത്തി.

◼️ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു തിരികെ വരാമെന്നു ചൈന. ചൈനീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരേണ്ട വിദ്യാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ ചൈന ആവശ്യപ്പെട്ടു.

◼️രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ 51.14 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 1,875.8 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്ത അറ്റാദായം 1,241.1 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 26,749.2 കോടി രൂപയാണ്. മുമ്പ് ഇതേ കാലയളവില്‍ ഇത് 24,034.5 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ മൊത്തം വാഹന വില്‍പ്പന 4,88,830 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണ്. ആഭ്യന്തര വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിന്ന് 8 ശതമാനം ഇടിഞ്ഞ് 4,20,376 യൂണിറ്റായി. കൂടാതെ കയറ്റുമതി 68,454 യൂണിറ്റായിരുന്നു. ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

◼️ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38720 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു.  ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുടെ വര്‍ധനവായിരുന്നു ഇന്നലെ ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4840 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

◼️ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ 'പൊന്നിയിന്‍ സെല്‍വന്‍-1' 2022 സെപ്റ്റംബര്‍ 30- ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

◼️തപ്സി നായികയാകുന്ന ചിത്രമാണ് 'സബാഷ് മിതു'. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിതമാണ് പ്രമേയം. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ തപ്സി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.  ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തപ്‌സി പന്നുവാണ് മിതാലിയുടെ വേഷത്തില്‍ എത്തുന്നത്.  ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ് മിതാലി രാജ്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായ മിതാലി രാജ് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്.

◼️പുതിയ പ്യുവര്‍ ഇവി മൂന്നാം തലമുറ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കി ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് മോഡലായ അവിന്യ പുറത്തിറക്കി. ഇന്ത്യന്‍ വിപണിയെ കേന്ദ്രീകരിച്ചാണ് ടാറ്റ അവിനിയ രൂപകല്‍പന ചെയ്തതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത 24 മാസത്തിനുള്ളില്‍ ടാറ്റ കര്‍വ്വ് പുറത്തിറക്കിയതിന് ശേഷം 2025 ല്‍ അവിന്യ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും കമ്പനി വെളിപ്പെടുത്തി.

Post a Comment

Previous Post Next Post