കോഴിയിറച്ചി: ജില്ലയെ സ്വയംപര്യാപ്തമാക്കാന്‍ 51 കോടിയുടെ ബ്രഹ്മഗിരി പദ്ധതി

സുല്‍ത്താന്‍ ബത്തേരി: കോഴിയിറച്ചി ഉല്‍പാദനത്തില്‍ വയനാടിനെ സ്വയംപര്യാപ്തതയിലെത്തിക്കാന്‍ മഞ്ഞാടി കേന്ദ്രമായുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി പദ്ധതി തയാറാക്കുന്നു.51 കോടി രൂപ ചെലവഴിച്ചാണ് കര്‍ഷകരെ കോഴി വളര്‍ത്തലിലേക്ക് ആകര്‍ഷിക്കുന്നത്.

രണ്ടുവര്‍ഷത്തിനുള്ളില്‍ ലക്ഷ്യം സാധിക്കാമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. കോഴിയിറച്ചി ഉല്‍പാദനം വിപുലമാക്കാന്‍ 2000 കോഴിഫാമുകളാണ് ജില്ലയില്‍ പുതുതായി തുടങ്ങുക. ഇതിനായി കര്‍ഷകര്‍ക്ക് ഈടില്ലാതെ വായ്പ നല്‍കും. 1000 കോഴികളെ വളര്‍ത്തുന്ന കര്‍ഷകന് ഒന്നര ലക്ഷവും 2000 കോഴികളെ വളര്‍ത്തുന്നവര്‍ക്ക് മൂന്നു ലക്ഷവുമാണ് വായ്പ. ഏഴുശതമാനമാണ് പലിശ. മൂന്ന് ശതമാനം സബ്സിഡിയുണ്ട്. ഫലത്തില്‍ നാല് ശതമാനമേ കര്‍ഷകന് പലിശയുണ്ടാകു. എട്ടര ശതമാനം പലിശ നിരക്കില്‍ അഞ്ചുലക്ഷം വായ്പയെടുത്ത് 3000 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന പദ്ധതിയുമുണ്ട്. ഈ വായ്പക്ക് ഈടുവെക്കണം. കേരള ബാങ്കാണ് വായ്പ നല്‍കുക. സ്വകാര്യ കമ്ബനികളെ ആശ്രയിച്ച്‌ കോഴിഫാം നടത്തുന്ന കര്‍ഷകന് നിലവില്‍ ഒരുകിലോ ഇറച്ചിക്കോഴി കൊടുക്കുമ്ബോള്‍ ആറുരൂപ വരെയാണ് ലഭിക്കുന്നത്.

ബ്രഹ്മഗിരിയില്‍ കര്‍ഷകന് വളര്‍ത്തുകൂലിയായി ഒരു കിലോക്ക് എട്ടുമുതല്‍ 11 രൂപ വരെ ലഭിക്കും. കോഴി വളര്‍ത്തി ബ്രഹ്മഗിരിക്ക് കൊടുക്കുന്ന ഫാമുടമകള്‍ക്ക് മറ്റ് വിപണന കാര്യങ്ങളൊന്നും ചിന്തിക്കേണ്ടതില്ല. കോഴിയിറച്ചി വിപണിയില്‍ വന്‍കിട കച്ചവടക്കാരുടെ കുത്തക അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ബ്രഹ്മഗിരി പദ്ധതി തയാറാക്കിയിട്ടുള്ളത്. കോഴിയിറച്ചിയുടെ കയറ്റുമതിയും ലക്ഷ്യത്തിലുണ്ട്. വയനാടിനുപുറമെ മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിയിറച്ചി ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ ശ്രമങ്ങളുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ അഞ്ചുവര്‍ഷം കൊണ്ട് 5000 പുതിയ ഫാമുകള്‍ സ്ഥാപിക്കാനാണ് ബ്രഹ്മഗിരി ലക്ഷ്യമിട്ടിരിക്കുന്നത്.

കോഴിഫാമുകള്‍ക്കുപുറമെ പോത്ത്, ആട്, താറാവ്, കാട, മുയല്‍ ഫാമുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ബ്രഹ്മഗിരിയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

കലക്ടറേറ്റില്‍ യോഗം ചേരും
സുല്‍ത്താന്‍ ബത്തേരി: മാംസോല്‍പാദനത്തില്‍ വയനാടിനെ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച നാലിന് കല്‍പറ്റ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിപുലമായ യോഗം ചേരുമെന്ന് ബ്രഹ്മഗിരി-കേരള ബാങ്ക് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ല പ്ലാനിങ് സമിതി, കേരള ബാങ്ക്-ബ്രഹ്മഗിരി പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ പങ്കെടുക്കും. ബ്രഹ്മഗിരി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്, കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, വൈസ് ചെയര്‍മാന്‍ അമ്ബി ചിറയില്‍, സുരേഷ് താളൂര്‍, പി.കെ. സുരേഷ്, പി.എസ്. ബാബുരാജ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post