വിവാദങ്ങളിൽ വഴിമുട്ടിയില്ല: 7 ദിവസം; 78,415 കി.മീ, സ്വിഫ്റ്റ് ബസിന് കലക്‌ഷൻ 35.38 ലക്ഷം!(19 ഏപ്രിൽ 2022)


വിവാദങ്ങൾക്കിടെ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾക്കു മികച്ച കലക്‌ഷൻ. സർവീസുകൾ ആരംഭിച്ച 11 മുതൽ 17 വരെ ലഭിച്ചത് 35,38,291 രൂപ. ഇന്നലെ ലഭിച്ച കല‌ക്‌ഷൻ ക്രോഡീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകൾ ഈ ദിവസങ്ങളിൽ സർവീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സർവീസുകളാണ് കലക്‌ഷനിൽ ഒന്നാമത്.

2021 ഫെബ്രുവരി 19നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചത്. നിയമനങ്ങളെല്ലാം കരാർ അടിസ്ഥാനത്തിലാണ്. കെഎസ്ആർടിസിക്ക് സ്വിഫ്റ്റ് സർവീസ് ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവർത്തനം നിരീക്ഷിച്ചശേഷമേ പറയാൻ കഴിയൂ എന്ന് മാനേജ്മെന്റ് വ്യക്തമാക്കി. എന്നാൽ, സ്വിഫ്റ്റ് കമ്പനിക്കു സർവീസുകൾ ലാഭമാണെന്ന് കെഎസ്ആർടിസി പറയുന്നു.


സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്കു വാടകയ്ക്കു നൽകിയിരിക്കുന്നത്. മൾട്ടി ആക്സിൽ ബസുകൾക്കു കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകൾക്ക് 20 രൂപയും നൽകാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനു സ്വിഫ്റ്റ് ഫീസ് നൽകണം.

സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 50 കോടി രൂപകൊണ്ട് 100 ബസുകൾ നിരത്തിലിറക്കാനാണ് സ്വിഫ്റ്റ് ആലോചിക്കുന്നത്. ഏപ്രിലിൽ 100 ബസുകളും പുറത്തിറക്കാനാണ് തീരുമാനമെന്ന് സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി.രാജേന്ദ്രൻ പറഞ്ഞു. വോൾവോയുടെ 8 എസി സ്ലീപ്പർ ബസുകളും 20 എസി സെമി സ്ലീപ്പർ ബസുകളും 72 നോൺ എസി ബസുകളുമാണ് സ്വിഫ്റ്റിന്റെ 100 ബസുകളുടെ കൂട്ടത്തിലുള്ളത്.

ഇതിൽ 8 വോൾവോ ബസുകൾ സർവീസിന്റെ ഭാഗമായിക്കഴിഞ്ഞു. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും തിരിച്ചും, എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമാണ് വോൾവോ ബസുകൾ സർവീസ് നടത്തുന്നത്. ദീർഘദൂര ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാകുന്നതോടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ കണക്കുകൂട്ടല്‍.

കണിയാപുരത്ത് നിന്നും തിരുവനന്തപുരം - നാ​ഗർകോവിൽ വഴി ബെംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും പാലക്കാട് – സേലം വഴി ബെംഗളൂരുവിൽ എത്തുന്നതിനേക്കാൾ 4 മണിക്കൂറോളം സമയലാഭം നാ​ഗർകോവിൽ വഴിയുള്ള സർവീസിനു ലഭിക്കുമെന്ന് അധികൃതർ പറയുന്നു. കണിയാപുരത്തുനിന്നും വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന ഈ സർവീസ് ടെക്നോപാർക്കിൽ എത്തി ജീവനക്കാരുമായാണ് യാത്ര തുടരുന്നത്.

Post a Comment

Previous Post Next Post