പ്രധാന വാർത്തകൾ

2022 | ഏപ്രിൽ 10 | ഞായർ | 1197 | മീനം 27 | പൂയം
➖➖➖➖➖➖➖➖

🌀 *പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍നിന്ന് ക്ലീന്‍ ബൗള്‍ഡ്.* നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രിക്കുശേഷമാണ് വിശ്വാസവോട്ടെടുപ്പു നടന്നത്. 342 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 172 പേരുടെ പിന്തുണ വേണം. എന്നാല്‍ 174 വോട്ടുമായാണ് അവിശ്വാസ പ്രമേയം പാസായത്. ഇന്നു പുലര്‍ച്ചെ ഇമ്രാന്‍ ഖാനെ വീട്ടു തടങ്കലിലാക്കിയെന്നാണു റിപ്പോര്‍ട്ട്. പുതിയ പ്രധാനമന്ത്രിയെ ഇന്നുച്ചയോടെ തെരഞ്ഞെടുത്തേക്കും. ഷഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയാകാനാണ് സാധ്യത. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി പുറത്താകുന്നത്.

🌀 *പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടുന്നതു കാണാന്‍ ദേശീയ അസംബ്ളിയിലേക്ക് സുപ്രീം കോടതി ചീഫ് ജസറ്റിസും എത്തി*. ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭാ യോഗം വിളിച്ച് ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുള്ള അവസാന ശ്രമവും നടത്തിയിരുന്നു. ഫലിക്കാതായതോടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. പുതിയ താത്കാലിക സ്പീക്കറെ തെരഞ്ഞെടുത്താണ് വോട്ടെടുപ്പു നടന്നത്. അവിശ്വാസ വോട്ടെടുപ്പ് വൈകുന്നതില്‍ പാക് സുപ്രീംകോടതി അമര്‍ഷം അറിയിച്ചിരുന്നു.

🌀 *കൊവാക്സീന്‍, കൊവീഷില്‍ഡ് വാക്സീനുകളുടെ വില കുറച്ചു*. 225 രൂപ നിരക്കിലാവും വാക്സീന്‍ ലഭിക്കുക. നേരത്തെ കൊവീഷില്‍ഡ് 600 രൂപയ്ക്കും കൊവാക്സീന്‍ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത്.

🌀 *മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ തുകയായ 3200 രൂപ വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് ഒന്നിച്ച് വിതരണം ചെയ്യുന്നു*. ഏപ്രിലിലെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുകയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കാന്‍ 1537.88 കോടി രൂപയും ക്ഷേമബോര്‍ഡ് പെന്‍ഷന്‍ നല്‍കാന്‍ 208.55 കോടി രൂപയുമാണ് അനുവദിച്ചത്. ആകെ 56.19 ലക്ഷം പേര്‍ക്കായി 1746.43 കോടി രൂപ വിതരണം ചെയ്യും.

🌀 *മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലീസിന്റെ വാഹന പരിശോധന വീണ്ടും*. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന വാഹന പരിശോധനയാണ് വീണ്ടും ആരംഭിക്കുന്നത്.

🌀 *തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനുമായി സിതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി*. കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയമാനങ്ങളുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പിന്നീട് പറഞ്ഞു. തമിഴ്നാട്ടിലുള്ള സഖ്യം ദേശീയ തലത്തില്‍ ഉയര്‍ത്താനാണു ശ്രമം. തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ട്. ദേശീയതലത്തിലും ഈ പാര്‍ട്ടികള്‍ ഒരുമിക്കും. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.


🌀 *കെ റെയില്‍ അടക്കമുള്ള കേരളത്തിന്റെ വികസന പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കരുതെന്ന് പ്രഫ. കെവി തോമസ്*. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരി വിമാനത്താവളം വികസനത്തിന് എല്ലാ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കുകയാണു ചെയ്തത്. നെഹ്റുവിന്റെ സമീപനത്തിലേക്ക് കോണ്‍ഗ്രസുകാര്‍ നീങ്ങണം. കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിച്ചു മുന്നോട്ടുപോകേണ്ട സമയമാണിത്. ഇല്ലെങ്കില്‍ ജനാധിപത്യം ഇല്ലാതാകും. തോമസ് പറഞ്ഞു.

🌀 *വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത പ്രഫ. കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍* എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തുനല്‍കി. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

🌀 *മകള്‍ അടക്കം നിരവധി സ്ത്രീകളെ മുറികളില്‍ അടച്ചുപൂട്ടി മുപ്പതു വര്‍ഷം പീഡിപ്പിച്ച കൊടും കുറ്റവാളിയായ മലയാളി അരവിന്ദന്‍ ബാലകൃഷ്ണന്‍ ലണ്ടനിലെ ജയിലില്‍ മരിച്ചു.* 2016 മുതല്‍ ഡാര്‍ട്ട്മൂര്‍ ജയിലിലാണ് ഈ 81 കാരന്‍ കഴിഞ്ഞിരുന്നത്. ബ്രിട്ടീഷ് കോടതി 23 വര്‍ഷം തടവുശിക്ഷയാണു വിധിച്ചത്. കോമ്രേഡ് ബാല എന്ന പേരു സ്വീകരിച്ച അരവിന്ദന്റെ കൊടും ക്രൂരതകള്‍ പില്‍ക്കാലത്ത് മകള്‍ കാര്‍ത്തി മോര്‍ഗനാണു വെളിപ്പെടുത്തിയത്. 1970 കളില്‍ തൊഴിലാളികള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് നേതാവായ ബാലകൃഷ്ണന്‍, പിന്നീട് ആള്‍ദൈവമായി മാറി. നിരവധിപ്പേരെ ഇയാള്‍ അടിമകളാക്കി പീഡിപ്പിച്ചു. സൗത്ത് ലണ്ടനിലെ വീട്ടില്‍ 30 വര്‍ഷം നിരവധി വനിതകളെ തടവിലിട്ട് ബലാത്സംഗം ചെയ്തെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന കേസ്.


🌀ഇതര മതങ്ങളെ കടന്നാക്രമിക്കുന്ന ഹിന്ദുത്വ അജണ്ട രാജ്യത്തിന് അപകടമാണെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ഇസ്ലാം മൗലികവാദത്തേയും സി പി എം എതിര്‍ക്കും. തമിഴ്നാട്ടിലേത് അവിടുത്തെ മാത്രം സഖ്യമാണ്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിനാണ് പാര്‍ട്ടി അനുമതി നല്‍കിയത്. എന്നാല്‍ അവിടെയത് സഖ്യമായി. തമിഴ്നാട്ടില്‍ ഡിഎംകെയുമായും ബിഹാറില്‍ ആര്‍ജെഡിയുമായുമാണ് സഖ്യം. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് സഖ്യ സാധ്യത. അദ്ദേഹം പറഞ്ഞു.

🌀കേരളത്തിലെ ബദല്‍ നയത്തെ പ്രകീര്‍ത്തിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം. ഇടതുപക്ഷ ബദലിനുദാഹരണമാണ് കേരളത്തില്‍ നടപ്പാക്കിയ നയമെന്നും കേരളാ ബദല്‍ ദേശീയതലത്തില്‍ പ്രചരിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ കേരളാ ബദല്‍ പ്രമേയത്തില്‍ സില്‍വര്‍ലൈനിനെക്കുറിച്ച് പരാമര്‍ശമില്ല.

🌀സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ താരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സ്റ്റാലിന്‍ സംസാരിച്ചു തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്റെ മുഖമാണ് അദ്ദേഹം. പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരു തന്നെ തെളിവെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിജെപി നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

🌀നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ എവിടെവച്ചു വേണമെന്ന് ഇന്ന് തീരുമാനിക്കും. ഉചിതമായ സ്ഥലം ഇന്നു വൈകുന്നേരം അഞ്ചിനു മുന്‍പ് അറിയിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്റ്റേഷനില്‍ വിളിപ്പിക്കരുതെന്നാണ് ചട്ടം. അതിനാലാണ് കാവ്യയുടെ സൗകര്യം തേടിയത്.

🌀ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം ഇടക്കൊച്ചി സ്വദേശി ഹെല്‍വിന്‍ ജോസഫിനെ (22)യാണ് പിടികൂടിയത്. ഈ കേസില്‍ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി നിഖിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

🌀ആലപ്പുഴ രൂപത മുന്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അന്തരിച്ചു. 78 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

🌀ഗുരുവായൂരില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിലായി. നെന്‍മേനി സ്വദേശി സജീവനാണ് പിടിയിലായത്. മദ്യലഹരിയില്‍ വിളിച്ചതാണെന്ന് സജീവന്‍ പൊലീസിനോട് പറഞ്ഞു. ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു.

🌀സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിക്കും കേരളത്തില്‍നിന്നുള്ള എം.സി. ജോസഫൈനും ദേഹാസ്വാസ്ഥ്യം. ഇരുവരേയും ആശുപത്രിയിലേക്കു മാറ്റി. ജമ്മു കശ്മീരിലെ മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ദേശീയ നേതാക്കളില്‍ ഒരാളുമാണ് മുഹമ്മദ് യൂസഫ് തരിഗാമി.

🌀സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സോണിയ ഗാന്ധി വിലക്കിയതിനാലാണ് പങ്കെടുക്കാതിരുന്നത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

🌀തമിഴ്നാട് മോഡല്‍ സഖ്യം ദേശീയതലത്തിലും വരുമ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനാകുമോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കോണ്‍ഗ്രസ് സഹകരണമുള്ള തമിഴ്നാട് മോഡല്‍ സഖ്യം വരുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും മുരളീധരന്‍ പറഞ്ഞു.  

🌀പ്രഫ. കെ.വി. തോമസ് സുഖിമാനായിരുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോമസ് ഒരു ദിവസമെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

🌀സുല്‍ത്താന്‍ബത്തേരി ചീരാലില്‍ ആദിവാസി യുവതി സീതയുടെ മരണം ഭര്‍ത്താവിന്റെ മര്‍ദനമേറ്റാണെന്ന് പോലീസ്. ഭര്‍ത്താവ് കുട്ടപ്പനെ അറസ്റ്റു ചെയ്തു. രണ്ടുദിവസം മുന്‍പാണ് ചീരാല്‍ വെണ്ടോല്‍ കോളനിയിലെ 36 വയസുകാരിയായ സീതയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീത മരിച്ചദിവസം വീട്ടില്‍ ബഹളമുണ്ടായിരുന്നതായി പരിസരവാസികള്‍ പൊലീസിനെ അറിയിച്ചു.  

🌀ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതിയടക്കം രണ്ടു പേരെയും പോലീസ് ഓടിച്ചിട്ട് പിടികൂടി. കാക്കനാടിനടുത്തുവച്ചാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് പിടിച്ചുപറി കേസില്‍ അറസ്റ്റിലായ ചേരാനെല്ലൂര്‍ സ്വദേശി അരുണ്‍ സെബാസ്റ്റ്യന്‍, ആന്റണി ഡി കോസ്റ്റ എന്നിവര്‍ രക്ഷപ്പെട്ടത്. മയക്ക് മരുന്ന്, പിടിച്ചുപറി അടക്കം ഏഴു കേസുകളില്‍ പ്രതികളാണിവര്‍.

🌀മുസ്ലീം സ്ത്രീകളെ ബലാത്സംഗ ഭീഷണി മുഴക്കുന്ന വീഡിയോയിലുള്ള ഹിന്ദു പുരോഹിത വേഷധാരിയേപ്പോലുള്ള തെമ്മാടികള്‍ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഹിന്ദുക്കളില്‍ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയും. അവരൊന്നും തങ്ങളുടെ ഭാഗമല്ലെന്ന നിലപാടുള്ളവരാണ് മിക്കവരുമെന്ന് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

🌀പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി മുന്‍ മന്ത്രിയും യുവനേതാവുമായ അമരീന്ദ്രര്‍ സിങ്ങ് ബ്രാറിനെ നിയമിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് നവ്ജ്യോത്സിംഗ് സിദ്ദുവിനെ മാറ്റിയിരുന്നു. ണ്.

🌀നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍നിന്ന് രണ്ടര കോടി രൂപയുടെ ആഭരണങ്ങളും പണവും മോഷണം പോയി. രണ്ടു മാസം മുമ്പ് ഫ്രെബുവരി 11 നാണ് മോഷണം നടന്നത്. രണ്ടാഴ്ചയ്ക്കുശേഷമാണ് പോലീസില്‍ പരാതിപ്പെട്ടത്. പോലീസ് വിവരം പുറത്തുവിട്ടത് ഇന്നലേയും. വീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളാണ് താമസിക്കുന്നത്. വീട്ടിലെ 24 ജീവനക്കാരെ ചോദ്യം ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് അലമാരിയില്‍ വച്ചിരുന്ന ആഭരണങ്ങള്‍ പിന്നെ തുറന്നു നോക്കിയിട്ടില്ല. ഇതിനിടെ ജോലിക്കാര്‍ പലരും പിരിഞ്ഞു പോയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം സോനത്തിന്റെ ഭര്‍തൃ പിതാവിന്റെ കമ്പനിയില്‍നിന്ന് 27 കോടി രൂപ തട്ടിയെടുത്ത കേസില്‍ 10 പേരെ അറസ്റ്റു ചെയ്തിരുന്നു.

🌀കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ് (21) ആണ് മരിച്ചത്.

🌀യുക്രെയിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം വാഗ്ദാനം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍ മേധാവി. നാറ്റോയില്‍ അംഗത്വമെടുക്കാനുള്ള ശ്രമത്തിനിടെയാണ് റഷ്യ യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ പ്രവേശനം അനുവദിക്കണമെന്ന് ഏതാനും മാസങ്ങളായി സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിന് അല്‍പ്പം ശമനമുണ്ടായപ്പോള്‍ യുക്രെയിനെ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കാമെന്ന പ്രഖ്യാപനം റഷ്യയെ എങ്ങനെ പ്രകോപിപ്പിക്കുമെന്നു കാത്തിരിക്കുകയാണ് യൂറോപ്യന്‍ യൂണിയനും ലോകരാജ്യങ്ങളും.

🌀മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയായിരുന്ന മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളെ വെറുതെവിട്ടു. എന്നാല്‍, മറ്റു രണ്ടു കൂട്ടുപ്രതികളുടെ കാര്യം കോടതി പിന്നീട് വിധിക്കും. ട്രംപിന്റ അനുകൂലികളായ നാലു പേരാണു കേസിലെ പ്രതികള്‍.

🌀ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിനെ അടിച്ചതിനു പത്തുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയ അച്ചടക്ക നടപടിയെ ആദരവോടെ സ്വീകരിക്കുന്നെന്ന് നടന്‍ വില്‍ സ്മിത്ത്. ഓസ്‌കര്‍ അക്കാദമിയുടെ തീരുമാനത്തെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് വില്‍ സ്മിത്ത് പറഞ്ഞു.

🌀നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ടു വിക്കറ്റിനാണ് ചെന്നൈയെ തകര്‍ത്തുവിട്ടത്. സീസണില്‍ ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. 50 പന്തില്‍ നിന്ന് 75 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ വിജയശില്‍പി.

🌀ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

🌀കേരളത്തില്‍ ഇന്നലെ 13,599 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,293 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 999 കോവിഡ് രോഗികള്‍. നിലവില്‍ 27,229 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ എട്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.46 കോടി കോവിഡ് രോഗികളുണ്ട്.

🌀ബിഎസ്എന്‍എല്‍ 4 ജി നെറ്റ്വര്‍ക്കിനായി ടിസിഎസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി. തുടക്കത്തില്‍ 6,000 മൊബൈല്‍ ടവറുകള്‍ വിന്യസിക്കും. വ്യാഴാഴ്ച്ചയാണ് കരാര്‍ ഒപ്പുവെച്ചത്. രാജ്യത്തുടനീളം 1.12 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ തദ്ദേശീയ തലത്തിലേക്ക് 4ജി ടെലികോം സേവനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും. ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്കിനായി രാജ്യത്തുടനീളം 6,000 ടവറുകള്‍ ഉടന്‍ സ്ഥാപിക്കും. ശേഷം 6,000 ടവറുകളും, ഒടുവില്‍ ഒരു ലക്ഷം ടവറുകളും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതോടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയുടെ വികസനവും സമാന്തരമായി നടക്കുന്നുണ്ട്.

🌀എച്ച്ഡിഎഫ്സിയുടെ കൈവശമുണ്ടായിരുന്ന ബന്ധന്‍ ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. 1,522 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റത്. എച്ച്ഡിഎഫ്സിയുടെ ലയന പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ഇടപാട്. ബിഎസ്ഇ വിവരങ്ങള്‍ പ്രകാരം എച്ച്ഡിഎഫ്സി ബന്ധന്‍ ബാങ്കിലെ 3.08 ശതമാനം വരുന്ന 4,96,32,349 ഓഹരികളും വിറ്റഴിച്ചു. ഓഹരികള്‍ ഓരോന്നിനും ശരാശരി 306.61 രൂപ നിരക്കില്‍ 1,521.77 കോടി രൂപയ്ക്കാണ് വിറ്റത്. അതേസമയം, ഫ്രഞ്ച് ധനകാര്യസ്ഥാപനമായ സൊസൈറ്റി ജനറല്‍ ബന്ധന്‍ ബാങ്കിന്റെ 1.9 കോടിയിലധികം ഓഹരികള്‍ ഒന്നിന് 306.55 രൂപ നിരക്കില്‍ 585 കോടി രൂപയ്ക്ക് ഏറ്റെടുത്തു.

🌀നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിതിന്‍ ദേവീദാസ് ഒരുക്കുന്ന 'നോ വേ ഔട്ടി'ന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. സര്‍വൈവല്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പിഷാരടിയുടെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. റെമോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്. നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. കെ.ആര്‍. രാഹുല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്.

🌀ടി ദീപേഷ് സംവിധാനം ചെയ്ത 'അക്വോറിയം' സിനിമയ്ക്ക് പ്രദര്‍ശനാനുമതി. മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്നുള്ള കേസുകള്‍ തള്ളിയാണ് അക്വോറിയം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ഒരു സ്ത്രീപക്ഷ സിനിമയാണ് 'അക്വോറിയം'. രണ്ടു തവണ സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ മറികടന്നാണ് ' അക്വോറിയം ' പ്രദര്‍ശനത്തിനെത്താനിരുന്നത്. സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ഹണി റോസ്, സണ്ണി വെയ്ന്‍, ശാരി എന്നിവരോടൊപ്പം കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന്‍ വി കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🌀ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സ് അപ്‌ഡേറ്റ് ചെയ് ഇസെഡ്എസ് ഇവി പുറത്തിറക്കി ഒരു മാസമായി. എസ്യുവി മികച്ച ബുക്കിംഗുമായി കുതിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇസെഡ്എസ് ഇവിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇതിനകം 1500 ബുക്കിംഗുകള്‍ നേടിയിട്ടുണ്ടെന്നും എംജി അവകാശപ്പെടുന്നു. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇസെഡ്എസ് ഇവി ഫെയ്സ്ലിഫ്റ്റ് ലഭ്യമാണ്. എക്‌സൈറ്റ് വേരിയന്റ് ജൂലൈ മുതല്‍ ലഭ്യമാകും, അതേസമയം എക്‌സ്‌ക്ലൂസീവ് വേരിയന്റ് ഇപ്പോള്‍ മുതല്‍ ബുക്ക് ചെയ്യാം. എക്‌സൈറ്റ് വേരിയന്റിന് 21.98 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 25.88 ലക്ഷം രൂപയുമാണ് വില.

🌀ഇത് വണ്ടാഴിയുടെ ചോര വീണ മണ്ണിന്റെ മക്കളുടെ ചരിത്രവഴികള്‍. ഒരു കാലഘട്ടത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ നാകുവിന്റെയും കൂട്ടരുടെയും സമരഗാഥകള്‍. അധീശത്വത്തിന്റെ ഇരുട്ടില്‍നിന്നും അഭിമാനത്തിന്റെ വെട്ടത്തിലേക്ക് ഊര്‍ന്നിറങ്ങിയ കണ്ണീര്‍മക്കളുടെ വിജയഗാഥ. വീഴുമലയുടെ മിത്തും വണ്ടാഴിയുടെ ആദിരൂപങ്ങളും ഇടകലരുന്ന ഭാഷാശില്പം. 'മരം ചൊകല പെയ്യുമ്പോള്‍'. സുധി വണ്ടാഴി. ഗ്രീന്‍ ബുക്സ്. വില 138 രൂപ.

🌀കുട്ടികളില്‍ സമ്മര്‍ദ്ദം പല പ്രശ്നങ്ങള്‍ക്കും കാരണമാകും. കാരണം അവര്‍ പുതിയതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ചുറ്റുപാടുകളിലേക്ക് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു. കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിച്ചു വരുന്നതായി സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ അവരുടെ ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ പകുതിയും സ്‌കൂളില്‍ ചെലവഴിക്കുന്നു. അവിടെ സ്‌പോര്‍ട്‌സ്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, ട്യൂഷനുകള്‍ എന്നിവയ്‌ക്കൊപ്പം അക്കാദമിക് ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്. കുട്ടികളെ കൂടുതല്‍ ക്ഷീണിതരാക്കുന്നു. മാത്രമല്ല കുടുംബ വഴക്കുകളും വേര്‍പിരിയലും, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ക്കിടയില്‍ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. മരണമോ രോഗമോ സാമ്പത്തികമോ എന്തുമാകട്ടെ ചുറ്റുമുള്ള ആളുകള്‍ ഏതെങ്കിലും കാരണത്താല്‍ വിഷമിക്കുമ്പോള്‍ കുട്ടികള്‍ക്കും സമ്മര്‍ദ്ദമുണ്ടാകാം. കുട്ടികള്‍ക്കിടയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ശ്വസന വ്യായാമങ്ങള്‍ ശരീരത്തിന് ശാന്തമായ ഗുണങ്ങള്‍ നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ധ്യാനവും യോഗയും ശീലമാക്കാം. ഈ ശ്വസന വ്യായാമങ്ങള്‍ നിങ്ങളുടെ ദൈനംദിന ദിനചര്യകളില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം ലഘൂകരിക്കുവാന്‍ സഹായിക്കും. കുട്ടികള്‍ക്കിടയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്, ദുരിതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും. ക്ഷീണം, കിടക്കയില്‍ മൂത്രമൊഴിക്കല്‍, വയറുവേദന, എപ്പോഴും ദേഷ്യം തുടങ്ങിയവയാണ് കുട്ടികളിലെ സമ്മര്‍ദ്ദത്തിന്റെ ചില ലക്ഷണങ്ങള്‍. കുട്ടികളോട് സംസാരിക്കുന്നത് അവരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൊന്നാണ്. അവരുമായി ആശയവിനിമയം നടത്തുക, അവരുടെ ആഗ്രഹങ്ങളെ ചോദിച്ചറിയുക എന്നിവ ശ്രദ്ധിക്കുക.
➖➖➖➖➖➖➖➖

Post a Comment

Previous Post Next Post