പ്രധാന വാർത്തകൾ

2022 | ഏപ്രിൽ 4 | തിങ്കൾ | 1197 | മീനം 21 | ഭരണി

◼️പാക്കിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി അല്ലാതായെന്ന് പാക്കിസ്ഥാന്‍ കാബിനറ്റ് സെക്രട്ടറി. പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പിന് ഇമ്രാന്‍ഖാന്‍ ശുപാര്‍ശ ചെയ്തത് അംഗീകരിച്ചതോടെ അദ്ദേഹം പ്രധാനമന്ത്രി അല്ലാതായെന്നാണ് വിശദീകരണം. ഇതേസമയം, അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരേ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍നിന്നു പിരിഞ്ഞുപോകാതെ രാത്രിയിലും കുത്തിയിരിപ്പു സമരം നടത്തി. സുപ്രിം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. പ്രധാനമന്ത്രിയുടെ ശുപാര്‍ശ സ്വീകരിച്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ടെന്ന് പാക് പ്രസിഡന്റ് ആരിഫ് അലവി അറിയിച്ചു.

◼️സാമ്പത്തിക പ്രതിസന്ധിയും ജനരോഷവും ശക്തമായ ശ്രീലങ്കയില്‍ എല്ലാ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയും രാജിവച്ചെന്നാണ് ആദ്യം അഭ്യൂഹം പരന്നതെങ്കിലും അദ്ദേഹം രാജിവച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ മകനും സ്പോര്‍ട്സ് മന്ത്രിയുമായ നമല്‍ രജപക്സെ അടക്കം 26 മന്ത്രിമാരാണ് ഇന്നലെ രാത്രി വളരെ വൈകി രാജിവച്ചത്. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു രാജി.

◼️വികസനം നാടിന്റെ ആവശ്യമാണെന്നും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ സഹകരിക്കാത്ത ചിലരുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ വിഹിതം തരാത്തതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. അര്‍ഹമായതു തരണമെന്നു പറയാന്‍ കേരളത്തിലെ എംപിമാര്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◼️പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 42 പൈസയാണു വര്‍ധിപ്പിച്ചത്.

◼️കെ റെയില്‍ പദ്ധതിയില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ ഇടപെടുമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ നിയമനം സംബന്ധിച്ചു സിപിഎം എംപി സ്വകാര്യ ബില്‍ അവതരിപ്പിച്ചതിനെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

◼️അഴിമതി നടത്തിയെന്ന് ആരോപിച്ച് താമരശേരിയിലെ മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കു സസ്പെന്‍ഷന്‍. പിഎന്‍ പ്രവീണ്‍കുമാര്‍, കെ. ലതീഷ് കുമാര്‍, ശ്രീധരന്‍ വലക്കുളവന്‍ എന്നിവരെയാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. 2015-2016 ല്‍ അനധികൃതമായി മണല്‍ കടത്തിയതിന് കസ്റ്റഡിയിലെടുത്ത 61 വാഹനങ്ങളില്‍നിന്നും നിയമാനുസരണം പിഴയീടാക്കാതെ വിട്ടുകൊടുത്തെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

◼️എട്ടു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണു മഴയ്ക്കും മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

◼️എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല ഇന്നു കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. തന്നെ ഒതുക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നു ചെന്നിത്തലയ്ക്കു പരാതിയുണ്ട്. ഐഎന്‍ടിയുസിയുടെ പ്രതിഷേധം അടക്കമുള്ള ചില നീക്കള്‍ക്കു പിറകില്‍ ചെന്നിത്തലയാണെന്ന സതീശന്‍ വിഭാഗത്തിന്റെ ആക്ഷേപവും എഐസിസിയുടെ മുന്നിലുണ്ട്.

◼️കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകള്‍ക്കും കേബിളുകള്‍ക്കും തകരാര്‍. മണ്ണുത്തി - വടക്കഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ഇത്തരവണ തകരാര്‍ സംഭവിച്ചത്. നിര്‍മ്മാണ കമ്പനിയുടെ ടിപ്പര്‍തന്നെയാണ് ഇത്തവണയും വില്ലന്‍. ബക്കറ്റ് താഴ്ത്താതെ പോയതാണു കാരണം. കുതിരാന്‍ തുരങ്കത്തില്‍ ജനുവരിയിലും സമാനമായ അപകടം സംഭവിച്ചിരുന്നു.

◼️മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയവേ, മൂവാറ്റുപുഴയില്‍ ബാങ്ക് ജപ്തി ചെയ്തു കുട്ടികളെ പുറത്താക്കിയ ബാങ്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കുടുംബത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◼️സിപിഎമ്മിന്റെ 'ചിന്ത'യിലും സിപിഐയുടെ 'നവയുഗ'ത്തിലുമായി ഇരു പാര്‍ട്ടികള്‍ക്കുമെതിരേ നടത്തുന്ന ലേഖനയുദ്ധത്തിന് വെടിനിറുത്തല്‍. വിവാദം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചിന്തയ്ക്ക് നിര്‍ദേശം നല്‍കി. സിപിഐയുടെ ഭാഗത്തുനിന്ന് നവയുഗത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. വിവാദങ്ങള്‍ അനവസരത്തിലാണ്. ഇപ്പോള്‍ സിപിഎമ്മും സിപിഐയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം ഓര്‍മിപ്പിച്ചു.

◼️കേരളത്തിലെ എല്‍ജെഡി, ജനതാദള്‍ പാമ്പര്യമുള്ള മൂന്നു ദേശീയ പാര്‍ട്ടികളുമായി ലയന ചര്‍ച്ച തുടങ്ങി. ബിഹാറിലെ ആര്‍ജെഡി, കര്‍ണാടകയിലെ ജെഡിഎസ്, യുപിയിലെ സമാജ് വാദി പാര്‍ട്ടി എന്നിവയുമായാണ് ചര്‍ച്ച തുടങ്ങിയത്. ലയന ചര്‍ച്ചക്കായി എല്‍ജെഡി ഏഴു നേതാക്കളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്‍ജെഡി ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം ആര്‍ജെഡിയുമായി ലയിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ഏതു പാര്‍ട്ടിയുമായി ലയിക്കണമെന്ന കാര്യത്തില്‍ മെയ് 25 നകം തീരുമാനമുണ്ടാകുമെന്ന് എല്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

◼️കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. പൊതുജനങ്ങളില്‍ നിന്ന് പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ ചികിത്സാ സഹായം എത്തി. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

◼️പ്രമുഖ നാടക- ചലച്ചിത്ര നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കൊല്ലം കേരളപുരം വേലംകോണത്ത് സ്വദേശിയാണ്. പ്രമുഖ നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ നടനാണ്. കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് നടനായത്.

◼️ഫെഡറല്‍ തത്വം പറഞ്ഞ് സിപിഎം വിരട്ടേണ്ടെന്നും നാട്ടില്‍ ഭീതി പരത്തുന്നത് മഞ്ഞക്കല്ലുമായി നടക്കുന്നവരാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനത്തെ വെല്ലുവിളിക്കുന്നവരാണ് ആദ്യം ഫെഡറല്‍ തത്ത്വം പഠിക്കേണ്ടത്. കെ റെയിലില്‍ കിടപ്പാടം നഷ്ടപ്പെടുന്നവരെ ഇനിയും താന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

◼️മറ്റുള്ളവരെ തടഞ്ഞുള്ള പണിമുടക്ക് ശരിയല്ലെന്ന് ശശി തരൂര്‍ എംപി. പണിമുടക്കാനുള്ള അവകാശമുണ്ടെങ്കിലും സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്നത് അംഗീകരിക്കാനാകില്ല. ഹര്‍ത്താല്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തമാണെന്ന നിലപാടില്‍ മാറ്റമില്ല. ഐഎന്‍ടിയുസിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

◼️തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സാഹിത്യകാരനായ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍. കോണ്‍ഗ്രസിന്റെ കുഴി തോണ്ടുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഡല്‍ഹിയിലെ തമ്പുരാക്കന്‍മാര്‍ കണ്ണടച്ചിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ നടക്കാതെ പോകുകയാണ്. ചെയ്യേണ്ട കാര്യങ്ങള്‍ യഥാസമയം ചെയ്യണം. പുതു തലമുറയുടെ വളര്‍ച്ച ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

◼️കോട്ടയം, എറണാകുളം ജില്ലകളില്‍ കെ റെയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് നാല്‍പത് കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന ആരോപണം നിഷേധിച്ച് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍. 42 ലക്ഷം രൂപക്കാണു കരാര്‍ നല്‍കിയത്. ഇതിനെ ഓണ്‍ലൈന്‍ മാധ്യമം നാല്‍പത് കോടിയെന്നു തെറ്റായി പ്രചരിപ്പിച്ചിരിക്കുകയാണ്. തിരുത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കെ റെയില്‍ അധികൃതര്‍.

◼️തൃശൂര്‍ എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ചു. മലപ്പുറം താനാളൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്കുള്ള ദമ്പതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. കാറിലും ട്രക്കിലുമുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

◼️ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും തോട്ടിലിട്ട് സമരം. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് വ്യത്യസ്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. കോട്ടയം ചെങ്ങളത്ത് മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു ഈ സമരം.

◼️അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കേസെടുത്തത്. മൂന്നു ദിവസംമുമ്പ് ജോലിക്കെത്തിയ തങ്കമ്മ കുഞ്ഞിനെ എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണു കുടുംബം പൊലീസില്‍ പരാതിയത്.  

◼️കേരളത്തില്‍ നിന്നുള്ള സന്നദ്ധസംഘടന പഞ്ചാബില്‍ പള്ളി നിര്‍മ്മിച്ചതിന്റെ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കോഴിക്കോട് ആസ്ഥാനമായുള്ള റീലിഫ് ആന്റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ പഞ്ചാബില്‍ നടത്തിയ പള്ളി നിര്‍മ്മാണമാണ് കേന്ദ്രം അന്വേഷിക്കുന്നത്. പഞ്ചാബിലെ ഫരീദ്കോട്ടില്‍ ആറു വര്‍ഷംമുമ്പ് മൂന്നു പള്ളികള്‍ നിര്‍മിച്ചിരുന്നു. രണ്ട് ജമ്മുകാഷ്മീര്‍ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം വകമാറ്റിയാണ് പള്ളി നിര്‍മിച്ചതെന്നാണ് ആരോപണം.

◼️നാഗര്‍കോവില്‍ വനിതാ ഡോക്ടറുടെ വീട്ടില്‍നിന്ന് 100 പവന്‍ സ്വര്‍ണവും ലക്ഷം രൂപയും മോഷണം പോയി. നടുക്കാട്ട് ഇശക്കിയമ്മന്‍ കോവിലിനു സമീപം ഡോ. ജലജയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയ്ക്കു പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

◼️കൊല്‍ക്കത്തയില്‍ ഐഎഎസ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. യുപിഎസ്സി കോച്ചിംഗ് സെന്ററിലെ ജ്യോഗ്രഫി അധ്യാപകനായ പ്രിയേഷ് സിംഗ് സെന്‍ഗറിനെയാണ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത ഹൗറയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയാണു പരാതിക്കാരി.

◼️ഡല്‍ഹിയില്‍ മദ്യത്തിനു വില കുറയും. സ്വകാര്യ മദ്യ വില്‍പന ശാലകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാന്‍ എക്സൈസ് വകുപ്പ് അനുമതി നല്‍കി. ഇതോടെ മദ്യത്തിന് 25 ശതമാനം വരെ വില കുറയും.

◼️തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ ഡല്‍ഹിയില്‍ പുതിയ ഓഫീസ് തുറന്നു. എഐസിസി അധ്യക്ഷ സോണിയാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎകെ നേതാക്കള്‍ പങ്കെടുത്തു.  

◼️കാഷ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളെ ആരും തടയില്ല. അതിനായുള്ള അന്തരീക്ഷം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീരി പണ്ഡിറ്റുകളോട് വെര്‍ച്വലായി സംവദിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

◼️ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി വിരുന്നിനിടെ പോലീസ് റെയ്ഡ്. തെലുങ്കു നടിയും വിഐപികളുടെ മക്കളും അടക്കം 142 പേരെ പോലീസ് പിടികൂടി. മയക്കുമരുന്നായ കൊക്കെയിന്‍ ഉപയോഗിച്ചതായി കണ്ടെത്തി. നടന്‍ നാഗബാബുവിന്റെ മകന്‍, ഉന്നത പോലീസ് ഓഫീസറുടെ മകള്‍, എംപിയുടെ മകന്‍ തുടങ്ങിയവരാണ് പിടിയിലായത്.

◼️തുറമുഖവും കെട്ടിടങ്ങളുമൊക്കെ നിര്‍മ്മിച്ചു നല്‍കി ശ്രീലങ്കയെ ചൈന അവരുടെ കോളനിയാക്കി മാറ്റിയെന്ന് ശ്രീലങ്കന്‍ ഗാന്ധി എ ടി ആര്യരത്നെ. അടിസ്ഥാന ആവശ്യങ്ങള്‍ മറന്ന്, കൂറ്റന്‍ വികസന പദ്ധതികള്‍ക്കു പിറകേ പോയി തകര്‍ന്ന ശ്രീലങ്ക കേരളത്തിന് പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

◼️ജോര്‍ദാന്‍ രാജാവിന്റെ അര്‍ധ സഹോദരന്‍ പ്രിന്‍സ് ഹംസ ബിന്‍ അല്‍ ഹുസൈന്‍ തന്റെ രാജകീയ പദവി ഉപേക്ഷിച്ചു. രാജകുടുംബത്തിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ കക്ഷികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടിയതിനാണ് വീട്ടുതടങ്കലിലാക്കിയതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

◼️സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 3,719 യാചകരെ പിടികൂടി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പിടിയിലായത്. യാചകരില്‍നിന്ന് പിടികൂടിയ പണം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

◼️ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി. ഇത്തവണ പഞ്ചാബ് കിങ്‌സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 18 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടായി.

◼️കേരളത്തില്‍ ഇന്നലെ 13,100 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,680 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 732 കോവിഡ് രോഗികള്‍. നിലവില്‍ 28,980 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ എട്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.89 കോടി കോവിഡ് രോഗികളുണ്ട്.

◼️നൊവാര്‍ട്ടിസിന്റെ കാര്‍ഡിയോവാസ്‌കുലര്‍ ബ്രാന്‍ഡായ സിഡ്മസിനെ ഏറ്റെടുക്കാനൊരുങ്ങി ഡോ. റെഡ്ഡീസ്. ഇതിന്റെ ഭാഗമായി നൊവാര്‍ട്ടിസുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഡോ. റെഡ്ഡീസ് അറിയിച്ചു. 456 കോടി രൂപയ്ക്കാണ് (61 മില്യണ്‍ ഡോളര്‍) ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് സിഡ്മസിനെ ഏറ്റെടുക്കുന്നത്. കരാര്‍ അനുസരിച്ച്, നൊവാര്‍ട്ടിസ് ഇന്ത്യയിലെ ഡിസ്മസിന്റെ ട്രേഡ്മാര്‍ക്ക് ഡോ. റെഡ്ഡീസിന് കൈമാറും.

◼️നിക്ഷേപകരില്‍ നിന്നും 5.7 കോടി ഓഹരികള്‍ തിരികെ വാങ്ങാന്‍ ഗെയില്‍ ഇന്ത്യാ ലിമിറ്റഡ്. 1083 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഓരോ ഓഹരിയും 190 രൂപ നിരക്കില്‍ തിരികെ വാങ്ങാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന് ഗെയില്‍ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. 190 രൂപ നിരക്കില്‍ 10 രൂപ മുഖവിലയുള്ള 5,69,85,463 ഇക്വിറ്റി ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഇത്തരത്തില്‍ ഓഹരികള്‍ തിരികെ നല്‍കുമ്പോള്‍ നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യവും ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരികള്‍ തിരിച്ച് വാങ്ങിയത് വഴി 747 കോടി രൂപയാണ് സര്‍ക്കാരിലേക്ക് എത്തിയത്.

◼️നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, കലാഭവന്‍ പ്രജോദ് തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

◼️മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് 'മിന്നല്‍ മുരളി'. ടൊവിനൊ തോമസ് നായകനായ ചിത്രം വിദേശങ്ങളിലുംപ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കി. 'മിന്നല്‍' മുരളി ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍. ഏഷ്യാനെറ്റില്‍ ആണ് ചിത്രം സംപ്രേഷണം ചെയ്യുക. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സുഷിന്‍ ശ്യാമാണ്. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

◼️2022 മാര്‍ച്ചില്‍ കാര്‍ നിര്‍മ്മാതാവ് 3,007 യൂണിറ്റുകളുടെ സഞ്ചിത വില്‍പ്പന രേഖപ്പെടുത്തിയതായി നിസാന്‍ ഇന്ത്യ അറിയിച്ചു. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ നിസാന്‍ ആഭ്യന്തര വിപണിയില്‍ 37,678 യൂണിറ്റുകള്‍ വിറ്റു. അതുവഴി വില്‍പ്പനയില്‍ 100 ശതമാനം വളര്‍ച്ച കൈവരിച്ചു. 2020 ഡിസംബറില്‍ ലോഞ്ച് ചെയ്തതു മുതല്‍ നിസാന്‍ മാഗ്‌നൈറ്റിന് ഒരുലക്ഷത്തിലധികം ബുക്കിംഗുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. 32 ശതമാനം ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് ലഭിച്ചത്.

Post a Comment

Previous Post Next Post