സായാഹ്‌ന വാർത്തകൾ

2022 | ഏപ്രിൽ 12 | ചൊവ്വ

◼️സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.ആര്‍. ജ്യോതിലാലിനെ പൊതുഭരണവകുപ്പില്‍ വീണ്ടും നിയമനം. ഗവര്‍ണറുമായുള്ള നീരസത്തെത്തുടര്‍ന്ന് മാറ്റിയ ജ്യോതിലാലിനെ ഇന്നത്തെ മന്ത്രിസഭാ യോഗമാണ് പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചത്. ഗതാഗത വകുപ്പിന്റെ ചുമതലയും ജ്യോതിലാലിനാണ്. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനരേഖയില്‍ ജ്യോതിലാല്‍ കുറിച്ച വരികള്‍ ഗവര്‍ണറെ പ്രകോപിതനാക്കിയിരുന്നു. ജ്യോതിലാലിനെ മാറ്റിയ ശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായത്.

◼️സ്വര്‍ണക്കടത്തു കേസില്‍ കുടുങ്ങിയ എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍. മൃഗസംരക്ഷണം, ക്ഷീരവികസനം, സാംസ്‌കാരികം എന്നിവയുടെ ചുമതലകൂടി നല്‍കി. ബിശ്വനാഥ് സിന്‍ഹയ്ക്ക് ആസൂത്രണവകുപ്പിന്റെ അധിക ചുമതല. ശാരദ മുരളീധരന് നഗരമാലിന്യനിര്‍മാര്‍ജനം, ഊര്‍ജ്ജപദ്ധതികള്‍ എന്നിവയുടെ അധിക ചുമതല. കെ.എസ്.ശ്രീനിവാസനാണ് പുതിയ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി. ടിങ്കു ബിശ്വാസിനെ ഭക്ഷ്യ-പൊതുവിതരണ വകുപ്പില്‍ നിയമിച്ചു. തുറമുഖ വകുപ്പിന്റെ ചുതലയുമുണ്ട്. അജിത്ത് കുമാറിനെ പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ജി. പ്രിയങ്കയെ വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടറായി നിയമിച്ചു.

◼️മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും പൊലീസ് സുരക്ഷയ്ക്കു ഫീസ് ഈടാക്കണമെന്ന് നിര്‍ദേശം. കഴിഞ്ഞ ദിവസം നടന്ന എഡിജിപി തല യോഗത്തിലാണ് ഇക്കാര്യത്തില്‍ ശുപാര്‍ശയ്ക്ക് ധാരണയായത്.

◼️കെഎസ്ഇബി ചെയര്‍മാനെതിരേ സമരം ചെയ്യുന്ന ഭരണാനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ടത് ബോര്‍ഡാണ്. അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകുമായി വൈദ്യുതി മന്ത്രി കെ ക്യഷ്ണന്‍കുട്ടി ചര്‍ച്ച നടത്തി.

◼️തങ്ങളുമായി ചര്‍ച്ച നടത്തി ചെയര്‍മാനെ നിലയ്ക്കു നിര്‍ത്താന്‍ തയാറാകാത്തതിനു മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരേ സിഐടിയുവിന്റെ കുതിരകയറ്റം. വൈദ്യുതി വകുപ്പിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ ഇട്ടേച്ചു പോകണമെന്ന് വൈദ്യുതി ഭവനു മുന്നിലെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍. കൊതുമ്പിനു മുകളിലാണ് പാലക്കാട് കൊച്ചങ്ങ വളരുന്നതെന്നു സംശയമുണ്ടെന്നും അധിക്ഷേപിച്ചു. പിന്നീട് ഇങ്ങനെ പറഞ്ഞില്ലെന്ന വിശദീകരണവുമുണ്ടായി.

◼️സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ പക്കല്‍നിന്ന് വാങ്ങിവച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ അടക്കമുളളവ ഉടന്‍ ഹാജരാക്കണമെന്ന് വധഗൂഢാലോചനാക്കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. രാമന്‍പിളള അസോസിയേറ്റ്സിനാണ് നോട്ടീസ് നല്‍കിയത്. ലാപ് ടോപ് അടക്കം അഞ്ചു വസ്തുക്കള്‍ ദിലീപിന്റെ അഭിഭാഷകര്‍ തന്റെ പക്കല്‍നിന്ന് വാങ്ങിയെന്നാണ് സായി ശങ്കറിന്റെ മൊഴി. ഇവയെല്ലാം അടിയന്തരമായി ഹാജരാക്കാനാണ് നിര്‍ദേശം.

◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. തെളിവുകള്‍ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്നാണ് ആരോപണം. കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് 2017 ല്‍ ഹൈക്കോടതി ജാമ്യം നല്‍കിയത്. ഈ വ്യവസ്ഥ ലംഘിച്ചെന്നാണ് ആരോപണം.

◼️നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപിയോട് വിചാരണക്കോടതി റിപോര്‍ട്ട് തേടി. തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നെന്ന പ്രതിഭാഗം പരാതിയിലാണ് നടപടി. 18 ന് റിപ്പോര്‍ട് നല്‍കണമെന്ന് നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഇന്നു കോടതിയില്‍ നല്‍കിയ വിശദീകരണം ത്യപ്തികരമല്ലെന്ന നിലപാടിലാണ് കോടതി. അതേസമയം, വധ ഗൂഢാലോചനക്കേസിലെ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഹൈക്കോടതിയെ സമീപിച്ചു.  

◼️കോവളത്ത് 17 വര്‍ഷം മുമ്പ് എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി മുഹമ്മദലി കുറ്റക്കാരനെന്ന് തിരുവനന്തപുരം സിബിഐ കോടതി. ശിക്ഷ നാളെ വിധിക്കും. പണത്തിനുവേണ്ടി വിദ്യാര്‍ത്ഥിയായ ആന്തമാന്‍ സ്വദേശി ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഒക്ടോബര്‍ 17നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയത്. കൂട്ടുപ്രതിയായ ദുര്‍ഹ ബഹദബൂറിനെ അറസ്റ്റു ചെയ്യാനായിട്ടില്ല.

◼️മാനന്തവാടി സബ് ആര്‍.ടി ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ഓഫീസ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റണമെന്ന് ശുപാര്‍ശ. 11 പേരെ ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറി. സഹപ്രവര്‍ത്തകരുടെ മാനസിക പീഡനമുണ്ടായിരുന്നെന്നു വ്യക്തമാക്കുന്ന സിന്ധുവിന്റെ ഡയറികുറിപ്പുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.

◼️പന്നിയങ്കരയില്‍ അമിത ടോള്‍ ഈടാക്കുന്നുവെന്നാരോപിച്ച് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കില്‍. തൃശ്ശൂരില്‍ നിന്നും പാലക്കാട്-ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, വണ്ടിത്താവളം, -മംഗലംഡാം റൂട്ടുകളിലെ 150 സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവച്ചത്.

◼️മുക്കം കെഎംസിടി പോളി ടെക്നിക് കോളജില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു. അധ്യാപക സമരംമൂലം പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട 600 വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ തോറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അധ്യാപകരെ പൂട്ടിയിട്ടത്. ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അധ്യാപകര്‍ സമരം നടത്തിയത്.

◼️പാലക്കാട് അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊഴിലാളികളെ മര്‍ദ്ദിച്ചതിന് കോഴിക്കോട് നല്ലളം സിഐ കൃഷ്ണനെതിരെ അഗളി പൊലീസ് കേസെടുത്തു. മര്‍ദനമേറ്റ തൊടുപുഴ സ്വദേശിയായ അലക്സ്, കൃഷ്ണഗിരി സ്വദേശിയായ മരതകം എന്നിവരുടെ പരാതിയിലാണ് നടപടി. ശനിയാഴ്ച രാത്രി 11 ന് റോഡില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ സിഐ അകാരണമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

◼️കോടഞ്ചേരിയില്‍ സിപിഎം പ്രാദേശിക നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിക്കൊപ്പം പോയതിനെച്ചൊല്ലി വിവാദം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എംഎസാണ് വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്കൊപ്പം പോയത്. പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.

◼️സിപിഎം ഭീഷണി കാരണം മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ ജീവനൊടുക്കിയെന്നു പരാതി. തൃശൂര്‍ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാമര്‍ശം ഉണ്ട്.

◼️ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ആരംഭിച്ചെങ്കിലും സംസ്ഥാനത്ത് തണുത്ത പ്രതികരണം. കൊവിഡ് ഭീതി മാറിയതോടെ സ്വകാര്യ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനുള്ള തിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണവും കുറവാണ്.

◼️കൃഷി മന്ത്രി പി പ്രസാദ് കുളിമുറിയില്‍ വീണു. എല്ലിനു പൊട്ടലുണ്ട്. മൂന്നാഴ്ച്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി.

◼️യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകളിലും നേരിട്ട് പങ്കെടുക്കാനാവില്ല. എന്നാല്‍ യെമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ഡല്‍ഹി ഹൈക്കോടതി കേസ് തള്ളി.

◼️യുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ഇന്ത്യയിലെ സര്‍വ്വകലാശാലകളിലെ ഒഴിവുള്ള സീറ്റുകളിലേക്കു പരിഗണിക്കണമെന്ന് എഐസിടിഇ നിര്‍ദ്ദേശം. സാങ്കേതിക സര്‍വ്വകലാശാല വിസിമാര്‍ക്കും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലെ തലവന്‍മാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.

◼️രാസവളം നിരോധിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയിട്ടില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ. ജൈവകൃഷിക്കായി തീരുമാനം എടുത്ത ശേഷം ചില വിദഗ്ധര്‍ തന്നോട് സഹകരണം തേടുകയാണ് ചെയ്തത്. കടമെടുപ്പും കൊവിഡുമാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാസവള കമ്പനികള്‍ ആണെന്നും വന്ദന ശിവ പറഞ്ഞു.

◼️ആന്ധ്രാപ്രദേശില്‍ ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തില്‍ ട്രെയിന്‍ പാഞ്ഞ് കയറി ഏഴ് മരണം. ഗോഹട്ടിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ട്രാക്കിലിറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത്. സെക്കന്തരാബാദ് ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് മരിച്ചവര്‍.

◼️ബലാത്സംഗ കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥി നേതാവിന്റെ ജാമ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് 'ഭയ്യ ഈസ് ബാക്ക്' എന്നെഴുതിയ പോസ്റ്ററുകളും ഹോര്‍ഡിംഗുകളും പ്രദര്‍ശിപ്പിച്ചതിനെതിരേ സുപ്രീം കോടതി. എബിവിപി നേതാവായ ശുഭാങ് ഗോണ്ടിയക്കാണ് സ്വീകരണം നല്‍കിയത്. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരിയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നീരസം അറിയിച്ചത്.

◼️ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടറില്‍നിന്ന് പിടിവിട്ടാണ് മൂന്നാമത്തെയാള്‍ മരിച്ചത്. കയറില്‍ തൂങ്ങി സാഹസികമായി ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീഴുകയായിരുന്നു. 27 പേരെ ഇതുവരെ രക്ഷിക്കാനായി. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.

◼️പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കര്‍ പിടിയില്‍. ഈജിപ്തിലെ കെയ്റോയില്‍നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്‌സിയും.

◼️കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാരയ ജീവനക്കാര്‍ക്കു 10 കോടി രൂപ മുടക്കി 100 കാറുകള്‍ സമ്മാനിച്ച് ഐടി കമ്പനി. ചെന്നൈയിലെ 'ഐഡിയാസ് 2 ഐടി' എന്ന കമ്പനിയാണ് ലാഭവീതം ജീവനക്കാരുമായി പങ്കുവച്ചത്. സ്ഥാപക ചെയര്‍മാന്‍ മുരളി വിവേകാനന്ദന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രി വിവേകാനന്ദനാണു കാറുകള്‍ ജീവനക്കാര്‍ക്ക് കൈമാറിയത്.

◼️ഭരണമാറ്റത്തിനു പിന്നാലെ പാകിസ്ഥാനില്‍ ഭീകരാക്രമണം. ഖൈബര്‍ പ്രവിശ്യയില്‍ റോക്കറ്റ് ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. ബിലാവല്‍ ഭൂട്ടോയുടെ പാര്‍ട്ടിക്ക് ഏഴു മന്ത്രി സ്ഥാനം ലഭിക്കും.

◼️പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ആരിഫ് ആല്‍വി അവധിയെടുത്ത് ചടങ്ങില്‍ പങ്കെടുക്കാതെ മാറിനിന്നു. ഇതോടെ സെനറ്റ് ചെയര്‍മാന്‍ സാദ്ദിഖ് സഞ്ജറാണിക്കു മുന്നിലാണ് ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തത്.

◼️ഈ വര്‍ഷത്തെ ഹജിന് വിദേശങ്ങളില്‍നിന്ന് എട്ടര ലക്ഷം പേര്‍ക്കും സൗദി അറേബ്യക്കകത്തുനിന്ന് സ്വദേശികളും വിദേശികളും അടക്കം ഒന്നര ലക്ഷം പേര്‍ക്കും അനുമതി നല്‍കും. ഇത്തവണ ഹജ് അനുമതി നല്‍കുന്നവരില്‍ 15 ശതമാനം സൗദി അറേബ്യക്കകത്തു നിന്നും 85 ശതമാനം വിദേശങ്ങളില്‍ നിന്നുമാകും.

◼️സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4900 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39200 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 35 രൂപ വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 4050 രൂപയായി ഉയര്‍ന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. എന്നാല്‍ വെള്ളിക്ക് ഇന്ന് വിപണിയില്‍ ഒരു രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ വെള്ളിയുടെ വില 73 രൂപയായി ഉയര്‍ന്നു.

◼️റഷ്യന്‍, യുക്രെയ്ന്‍ സമ്പദ്വ്യവസ്ഥകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക്. റഷ്യന്‍ അധിനിവേശം മൂലം യുക്രെയ്ന്‍ സമ്പദ്വ്യവസ്ഥയില്‍ 45.1 ശതമാനം ഇടിവുണ്ടാവുമെന്നാണ് ലോകബാങ്ക് പ്രവചനം. യുദ്ധം റഷ്യന്‍ സമ്പദ്വ്യവസ്ഥക്കും തിരിച്ചടിയുണ്ടാക്കും. അതേസമയം റഷ്യന്‍ സമ്പദ്വ്യവസ്ഥയില്‍ 11.2 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. യൂറോപ്പിലേയും മധ്യ ഏഷ്യയുടേയും പല രാജ്യങ്ങളുടേയും വ്യാവസായിക ഉല്‍പാദനത്തിലും ഇടിവുണ്ടാകും. യൂറോപ്പിലേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടേയും ജിഡിപിയില്‍ 4.1 ശതമാനത്തിന്റെ വരെ കുറവുണ്ടാകാമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.

◼️സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ അണിയറയിലൊരുങ്ങുന്നു. തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാകും. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടാകും. സുരേഷ് ഗോപിയുടെ 253-ാം സിനിമയായാകും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഔദ്യോഗികമായി ഉടന്‍ പുറത്തുവിടും.

◼️ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി വന്‍തുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. വളരെ കുറച്ച് ദിവസം മാത്രമേ ഉള്ളുവെങ്കിലും ഭീമമായ തുക തന്നെ നടി വാങ്ങുമെന്നാണ് വിവരം. ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി ഇരുപത് ദിവസമാണ് നയന്‍താര നല്‍കിയിരിക്കുന്നത്. ഇത്രയും ദിവസത്തിനായി നടിയ്ക്ക് പത്ത് കോടിയോളം രൂപ പ്രതിഫലമായി ലഭിക്കുമെന്നാണ് അറിയുന്നത്. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും. 2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന സിനിമയ്ക്ക് ശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്.

◼️ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ ( പുതുക്കിയ 2022 യമഹ എംടി 15 പതിപ്പ് 2.0) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ പുതിയ പതിപ്പിന് 1.6 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) വില. പുതിയ ഫീച്ചറുകള്‍, ചില ഹാര്‍ഡ്വെയര്‍ മാറ്റങ്ങള്‍, പുതിയ കളര്‍ ഓപ്ഷനുകള്‍ എന്നിവയുമായാണ് ഇത് വരുന്നത്. 2022 യമഹ എംടി15 വി2.0 4 കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. സിയാന്‍ സ്റ്റോം (പുതിയത്), റേസിംഗ് ബ്ലൂ (പുതിയത്), ഐസ് ഫ്ലൂ-വെര്‍മില്യണ്‍, മെറ്റാലിക് ബ്ലാക്ക് എന്നിവയാണവ.

Post a Comment

Previous Post Next Post