2022 | ഏപ്രിൽ 14 | വ്യാഴം
1197 | മേടം 01 | പൂരം
◼️കോവിഡ് അടച്ചുപൂട്ടലുകള്മൂലം ഭവനവായ്പാ തിരിച്ചടവു മുടങ്ങിയതിനാല്‍ സംസ്ഥാനത്തു ഭവനവായ്പയെടുത്ത എണ്ണായിരത്തോളം കുടുംബങ്ങളുടെ വീടുകള്‍ ജപ്തിയിലേക്ക്. വിവിധ ബാങ്കുകളിലായി 7,901 ഭവനവായ്പ അക്കൗണ്ടുകളിലായി 3,020 കോടി രൂപ കുടിശ്ശികയുണ്ട്. തിരിച്ചടവു മുടങ്ങിയതിനാല്‍ ഈ ഭവന വായ്പകള്‍ എന്‍പിഎകളായി മാറിയെന്ന് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ തിരിച്ചടവു മുടങ്ങിയവരുടെ കണക്കാണിത്. മൂന്നു മാസത്തെ തിരിച്ചടവു മുടങ്ങിയവരുടെ വിവരം ഡിസംബറിലാണു ബാങ്കുകള്‍ തയാറാക്കിത്. ഇപ്പോള്‍ മൂന്നു മാസംകൂടി പിന്നിട്ടപ്പോഴേക്കും തുക വീണ്ടെടുക്കാന്‍ ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
◼️റഷ്യയുടെ യുദ്ധക്കപ്പല്‍ യുക്രെയിന് തകര്‍ത്തു. കരിങ്കടലില്‍ വിന്യസിച്ച് യുക്രെയിനിലേക്കു മിസൈല്‍ ആക്രമണം നടത്തിയിരുന്ന കൂറ്റന്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ സ്ഫോടനത്തില്‍ തകരുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന സൈനികര്‍ അടക്കം 510 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നു റഷ്യ പറയുന്നു. മിസൈലുകളും പോര്‍വിമാനങ്ങളും വഹിക്കാവുന്ന 611 അടി നീളമുള്ള മോസ്ക്വ എന്ന കപ്പലാണ് തകര്‍ന്നത്.
◼️വധശിക്ഷ വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിച്ച് മാപ്പു ചോദിക്കാനും അമ്മയും മകളും. യമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടു വയസുള്ള മകളുമാണ് യമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാലുപേരും അപേക്ഷ നല്‍കിയിട്ടുണ്ട്.
◼️പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി പതിനെട്ടുകാരന് മരിച്ചു. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടന്‍ ഷമീറിന്റെ മകന് മുഹമ്മദ് ഷാമിലാണ് സോപ്പ് പൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി മരിച്ചത്.
◼️ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു മുന്നില്‍ 19 ന് അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹ സമരം നടത്തുമെന്ന് സിഐടിയു. 28 ന് സൂചനാ പണിമുടക്കു നടത്തും. പ്രാപ്തിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. സിഎംഡി എന്ന മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരെന്നും വിമര്‍ശിച്ചു.
◼️മുതലമടയില്‍ ആദിവാസി വനിതകള്‍ക്കുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തിലെ തട്ടിപ്പില്‍ പൊലീസ് നടപടി. അപ്സര ട്രയിനിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് എം ഡി വിഷ്ണുപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്നാണ് ആരോപണം.
◼️ടെമ്പോ വാനും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് മരിച്ചത്. കുന്നംകുളത്ത് ഇന്നു രാവിലെ അഞ്ചരയോടെയാണ് അപകടം. ഇടിച്ച വാനും ബസും നിര്‍ത്താതെ പോയി. ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗതയില്‍ എത്തിയ വാന്‍ പരസ്വാമിയെ ഇടിക്കുകയായിരുന്നു.
◼️ക്രൈസ്തവര്‍ പെസഹാ വ്യാഴം ആചരിച്ചു. അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റേയും ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് ലോകമെങ്ങും പെസഹാ വ്യാഴം വിശ്വാസികള്‍ ആചരിച്ചത്. നാളെ ദുഖവെള്ളി.
◼️വിഷു എത്തി. നാടുതോറും പടക്കം പൊട്ടിത്തുടങ്ങി. പടക്കവിപണിയില്‍ വന്‍ തിരക്കാണ്. കണിയൊരുക്കാനും സദ്യയ്ക്കുമുള്ള പച്ചക്കറി വാങ്ങാനും തുണിത്തരങ്ങള്‍ വാങ്ങാനും തിരക്കാണ്.
◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കേ അന്വേഷണ കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയില്‍ ക്രൈംബ്രാഞ്ച്. മൂന്നു മാസം കൂടി സമയം ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി അടുത്തയാഴ്ച പരിഗണിച്ചേക്കും. കാവ്യാ മാധവന് അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നിരവധി സാക്ഷികളുടെ മൊഴി എടുക്കാനുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.
◼️തിരുവനന്തപുരം കണ്ണമ്മൂലയില്‍ ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം കൈക്കലാക്കിയാണ് ഡിജിപി ബി. സന്ധ്യ വീടുവച്ചിരിക്കുന്നതെന്ന് സ്വാമി ഗംഗേശാനന്ദ. സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ബി. സന്ധ്യയുടെ സ്വാധീനം കൊണ്ട് ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. സ്മാരക നിര്‍മ്മാണത്തിനായി സമരം ആരംഭിക്കുമെന്നും ഗംഗേശാനന്ദ പറഞ്ഞു. തന്റെ ജനനേന്ദ്രിയം മുറിച്ച കേസിന്റെ ഗൂഡാലോചനയില്‍ ബി. സന്ധ്യക്ക് പങ്കില്ലെന്നും ഗംഗേശാനന്ദ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതില്‍ ഡിജിപി ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
◼️ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മനോദൗര്‍ബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോള്‍ തിരഞ്ഞിറങ്ങിയ മുസ്തഫ തൊണ്ടയാട് ബൈപ്പാസിന് സമീപമാണ് ചൊവ്വാഴ്ച സ്വന്തം ജീപ്പില്‍ കുഴഞ്ഞു വീണത്. നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളും പോലീസിനെ വരുത്തിച്ചാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്.
◼️കെഎസ്ഇബി സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേയുള്ളുവെന്ന് ചെയര്മാന് ബി. അശോക്. കെഎസ്ഇബിയില്‍ പ്രശ്നങ്ങളൊന്നുമില്ല. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്റെ
ഭാഷയാണ് മാനേജ്മെന്റിനെന്നും കെഎസ്ഇബി ചെയര്മാന് പറഞ്ഞു.
◼️തൃപ്പൂണിത്തറ ബൈപ്പാസിനുവേണ്ടി സ്ഥാപിച്ച സര്വേക്കല്ലിനു മുന്നില്‍ പ്രതിഷേധ വിഷുക്കണിയൊരുക്കി നാട്ടുകാര്‍. 33 വര്‍ഷം മുന്‍പ് തൃപ്പൂണിത്തറ ബൈപ്പാസിനു വേണ്ടി സ്ഥാപിച്ച സര്വേക്കല്ലിനു മുന്നില്‍ പ്രതിഷേധ വിഷുക്കണിയിട്ടാണു നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഭൂമി വില്ക്കാന് കഴിയുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
◼️പുനര്‍നിര്‍മാണം കഴിഞ്ഞ് നാലുമാസമായപ്പോഴേക്കും പാലക്കാട് മലമ്പുഴ വാരണിപാലം വീണ്ടും തകര്‍ന്നു. പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു താഴ്ന്നുപോയത്. ഭാരം കൂടിയ വാഹനങ്ങള്‍ക്കു നിയന്ത്രണം എര്‍പ്പെടുത്തും. 2018 ലെ പ്രളയത്തില്‍ മലമ്പുഴ അണക്കെട്ട് തുറന്നതോടെയാണ് വാരണി പാലം ആദ്യം തകര്‍ന്നത്.
◼️കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനില്‍നിന്ന് 800 ഗ്രാം കഞ്ചാവ് പിടികൂടി. ബംഗാള്‍ സ്വദേശി അനോവര്‍ എന്നയാളെ അറസ്റ്റ് ചെയ്തു.
◼️അട്ടപ്പാടിയിലെ 20 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നടന് മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന് ഏറ്റെടുത്തു. 'വിന്റേജ്' എന്നാണ് പദ്ധതിയുടെ പേര്. കുട്ടികളുടെ 15 വര്‍ഷത്തെ പഠനച്ചെലവുകള്‍ ഫൗണ്ടേഷന് ഏറ്റെടുക്കുമെന്ന് മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി.
◼️ആന്ധ്രയില്‍ പോറസ് ലബോറട്ടറീസിന്റെ പോളിമര്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും ആറു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇന്നലെ രാത്രി 11.30 നാണ് എലുരു ജില്ലയിലെ പ്ലാന്റില്‍ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്.
◼️കര്‍ണാടക മന്ത്രി ഈശ്വരപ്പയുടെ രാജിക്കായി കോണ്‍ഗ്രസ് സമരം. ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ നേരില്‍ കണ്ട് ഈശ്വരപ്പക്കെതിരെ പരാതി നല്കാന് കരാറുകാരന് സന്തോഷ് വിമാന ടിക്കറ്റ് എടുത്തിരുന്നു. കൂടിക്കാഴ്ചക്ക് സമയം തേടിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കുടുംബം വെളിപ്പെടുത്തി. രാജി വയ്ക്കില്ലെന്ന തീരുമാനത്തിലാണ് മന്ത്രി ഈശ്വരപ്പ. ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റോഡ് നിര്‍മ്മാണ കരാറുകാരന് സന്തോഷിനെ അറിയില്ലെന്നും മന്ത്രി പറയുന്നു.
◼️മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബജ്റംഗ് മുനിദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗ സീതാപൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
◼️ഗുജറാത്ത് കോണ്‍ഗ്രസിലേ നേതാക്കള്‍ തന്നോടു പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. സുപ്രധാന തീരുമാനങ്ങളെടുക്കുന്ന യോഗങ്ങളിലേക്കു തന്നെ വിളിക്കുന്നില്ല. പാട്ടിദാര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസില്‍ ഹാര്‍ദിക് പട്ടേലിന്റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള ആഗ്രഹം ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു.
◼️ഭീകര സംഘടനയായ അല്‍ ഉമര്‍ മുജാഹിദ്ദീന്‍ സ്ഥാപകനും ചീഫ് കമാന്ററുമായ മുഷ്താഖ് അഹമ്മദ് സര്ഗാരിനെ കേന്ദ്രസര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ നിയമ പ്രകാരമാണ് നടപടി. 1999 ല്‍ ഐസി-814 വിമാനം റാഞ്ചിയ സംഭവത്തില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തടവില്‍നിന്നും മോചിപ്പിച്ച മൂന്ന് ഭീകരരില്‍ ഒരാളാണ് ഇയാള്‍.
◼️യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഉപയോക്തൃ പരിധി 100 ദശലക്ഷമായി ഉയര്‍ത്താന്‍ വാട്ട്സ്ആപ്പിന് അനുമതി. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍, എന്‍പിസിഐ വാട്ട്സ്ആപ്പ് പേയ്ക്ക് അതിന്റെ ഉപയോക്തൃ അടിത്തറ മുമ്പത്തെ പരിധിയായ 20 ദശലക്ഷത്തില്‍ നിന്ന് ഇരട്ടിയാക്കാന്‍ അനുവദിച്ചിരുന്നു. വാട്ട്സ്ആപ്പ് പേയുടെ ഉപയോക്തൃ അടിത്തറയിലെ വര്‍ദ്ധനവ് ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ മുന്‍നിര യുപിഐ ആപ്പുകളുടെ നിലവിലെ വിപണി നേതൃത്വത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. ടാറ്റ ഡിജിറ്റലും യുപിഐയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്താണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം.
◼️സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം. 160 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 39,640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. മൂന്നുദിവസത്തിനിടെ 760 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 4955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന അഞ്ചാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളില്‍ പവന് കൂടിയത് 1400 രൂപയാണ്.
◼️ഓസ്കര് ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി സംവിധാന രംഗത്തേക്ക്. റസൂലിന്റെ നിര്‍മാണ സംരംഭമായ റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് 'ഒറ്റ' എന്നാണ്. ആസിഫ് അലിയും അര്ജുന് അശോകനും തമിഴ്നടന്‍ സത്യരാജുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സിനിമയുടെയും നിര്‍മാണ കമ്പനിയുടെയും ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. രണ്‍ജി പണിക്കര്‍, ലെന, ശ്യാമപ്രസാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എം. ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
◼️ഇന്നലെ റിലീസിന് എത്തിയ വിജയ് ചിത്രം ബീസ്റ്റ് ആദ്യ ദിനം നേടിയത് റെക്കോഡ് കളക്ഷനെന്ന് റിപ്പോര്‍ട്ട്. അജിത്തിന്റെ 'വലിമൈ'യെ ബീസ്റ്റ് കടത്തിവെട്ടിയതായാണ് വിവരം. നിലവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 'ബീസ്റ്റ്' തമിഴ്നാട്ടില്‍ മാത്രം 30 മുതല്‍ 35 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷന്‍ കുതിക്കുമെന്നും പറയപ്പെടുന്നുണ്ട്. വലിമൈ ആദ്യദിനത്തില്‍ 30 കോടി രൂപയാണ് കളക്ട് ചെയ്തിരുന്നത്. രജനികാന്തിന്റെ അണ്ണാത്തെ, വിജയ് ചിത്രം മാസ്റ്റര്‍ എന്‍ സിനിമകളുടെ റെക്കോര്‍ഡും വലിമൈ തകര്‍ത്തിരുന്നു. ഇതാണ് ബീസ്റ്റിന്റെ വരവിലൂടെ തകരുന്നത്.
◼️ജനപ്രിയ ഹ്യൂണ്ടായ് ക്രെറ്റ എസ്യുവിയും ഐ20 ഹാച്ച്ബാക്കും അടുത്തിടെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തി. രണ്ട് മോഡലുകളും മൂന്ന് സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടി. ക്രെറ്റയുടെയും ഐ20യുടെയും എന്‍ട്രി ലെവല്‍ വേരിയന്റുകളാണ് ജിഎന്‍സിഎപി പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഈ മോഡലുകളില്‍ ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, മുന്‍ സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, പിന് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ടല്‍ ഓഫ്സെറ്റ് ക്രാഷ് ടെസ്റ്റില്‍ 65 കിലോമീറ്റര്‍ വേഗതയില്‍, ഹ്യുണ്ടായ് ക്രെറ്റ എസ്യുവി മുതിര്‍ന്നവരുടെ സംരക്ഷണത്തിനായി മൂന്ന് സ്റ്റാര്‍ റേറ്റിംഗ് നേടി.
Post a Comment