സായാഹ്‌ന വാർത്തകൾ

2022 | ഏപ്രിൽ 10 | ഞായർ
1197 | മീനം 27 | പൂയം

◼️ശ്രീലങ്കയില്‍നിന്ന് വീണ്ടും അഭയാര്‍ത്ഥി സംഘം. 21 പേരടങ്ങിയ സംഘമാണ് രാമേശ്വരത്ത് എത്തിയത്. രണ്ടു സംഘങ്ങളായാണ് ഇവര്‍ വന്നത്. അഞ്ചു പേരടങ്ങിയ ആദ്യ സംഘത്തെ പുലര്‍ച്ചെ പിടികൂടി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ കണ്ടെത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം പോലീസ് ഇവരെ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിച്ചു.

◼️സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ മൂന്നാം തവണയും തെരഞ്ഞെടുത്തു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പൊളിറ്റ്ബ്യൂറോയിലേക്ക്. 85 അംഗ കേന്ദ്ര കമ്മിറ്റിയിലെ 84 പ്രതിനിധികളെയും പ്രഖ്യാപിച്ചു. കേരളത്തില്‍നിന്നു പി രാജീവ്, കെ എന്‍ ബാലഗോപാല്‍, സി എസ് സുജാത, പി സതീദേവി എന്നിവര്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നു സമാപിക്കും.

◼️സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്‍ അന്തരിച്ചു. 74 വയസായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദ്രോഗംമൂലം എകെജി സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു.

◼️രണ്ടു എഡിജിപിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളി. എഡിജിപി മാരായ ആര്‍. ആനന്ദകൃഷ്ണന്‍, കെ. പത്മകുമാര്‍ എന്നിവര്‍ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കണമെന്ന ശുപാര്‍ശയാണ് തള്ളിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ സേവനകാലാവധി സംസ്ഥാന സര്‍ക്കാര്‍ നീട്ടിയതോടെയാണ് സ്ഥാനക്കയറ്റത്തില്‍ പ്രതിസന്ധിയുണ്ടായത്.

◼️തൃശൂരിലെ ഇഞ്ചക്കുണ്ടില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു. കുട്ടന്‍ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകന്‍ അനീഷ് എന്ന മുപ്പതുകാരനെ പോലീസ് തെരയുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

◼️പെരുമ്പാവൂരില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പെരുമ്പാവൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ എസ്ഐ മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മലയാറ്റൂര്‍ കിഴക്കേ ഐമുറിയില്‍ തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ബൈക്ക് കനാലിലേക്ക് മറിയുകയായിരുന്നു.

◼️ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

◼️ദിലീപിനെതിരായ വധ ഗൂഢാലോചന കേസില്‍ തെളിവു നശിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്യും. അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് നാളെ നോട്ടീസ് നല്‍കും. ദിലീപിന്റെ ഫോണിലെ തെളിവു നശിപ്പിച്ചത് ഫിലിപ്പ് ടി വര്‍ഗീസിന്റെ നിര്‍ദേശം അനുസരിച്ചാണെന്ന് കൂട്ടുപ്രതിയായ സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ നടി മഞ്ജുവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ ഹോട്ടലില്‍ വച്ചാണ് മൊഴിയെടുത്തത്.

◼️മുഖ്യമന്ത്രി പിണറായി വിജയന്റെ തിരക്കഥയാണ് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് നടപ്പാക്കിയതെന്ന് രമേശ് ചെന്നിത്തല. കെ.വി തോമസിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം കോണ്‍ഗ്രസുകാര്‍ക്ക് നാണക്കേടുണ്ടാക്കി. തോമസിനെതിരെ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

◼️നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി. പാലക്കാട് സ്വദേശി റഹ്ലത്ത്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സൗദി അറേബ്യയില്‍നിന്ന് വന്ന ഇവര്‍ നാലു ക്യാപ്സൂളുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

◼️കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി കടകള്‍ ഒഴിപ്പിക്കാനെത്തിയ പൊലീസും കടയുടമകളും തമ്മില്‍ സംഘര്‍ഷം. സ്വകാര്യ വ്യക്തികള്‍ വാടകയ്‌ക്കെടുത്ത കടകള്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഒഴിപ്പിക്കുന്നത്. കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

◼️പ്രഫ. കെ വി തോമസിനെതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍. സമിതി നാളെ യോഗം ചേരും.

◼️വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. ഒറീസയില്‍ നിന്നെത്തിയ ബസില്‍ 83 പായ്ക്കറ്റ് കഞ്ചാവ് പിടികൂടി. മലയാളികളായ ബസ് ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

◼️വര്‍ക്കല ചാവടിമുക്കിലെ ഒരു വീട്ടില്‍നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി. പ്രതി ജിബിന്‍ ഓടി രക്ഷപെട്ടു. കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ട പ്രദേശവാസിയായ അനു എന്ന യുവാവിനെ ഒരു സംഘം ആക്രമിച്ചിരുന്നു. ഇതേത്തുര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

◼️സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസിലിക്കയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് കുര്‍ബാന അര്‍പ്പിച്ചത്. ആര്‍ച്ച് ബിഷപ് ആന്റണി കരിയില്‍ കുര്‍ബാനയില്‍നിന്ന് വിട്ടുനിന്നു.

◼️പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളമില്ല. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉദ്ഘാടന ദിവസദമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ അറിയിച്ചു.

◼️പതിനെട്ടു വയസിന് മുകളിലുള്ളര്‍ക്കു കൊവിഡ് വാക്സിന്റെ കരുതല്‍ ഡോസ് വിതരണം ആരംഭിച്ചു. സ്വകാര്യ ആശുപത്രികള്‍ വഴിയാണ് കരുതല്‍ ഡോസ് വിതരണം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം തികഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് സ്വീകരിക്കാം. നേരത്തെ സ്വീകരിച്ച അതേ വാക്സീന്‍ തന്നെ കരുതല്‍ ഡോസായി എടുക്കണം. കരുതല്‍ ഡോസിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

◼️ഇരുമ്പുപാലം മോഷണം പോയി. 60 അടി നീളവും 500 ടണ്‍ ഭാരവുമുള്ള പാലമാണ് മോഷ്ടിക്കപ്പെട്ടത്. ബിഹാറിലെ റോഹ്താസ് ജില്ലയില അമിയാവര്‍ ഗ്രാമത്തില്‍ അറ-സോണെ കനാലിനു മുകളിലൂടെയുള്ള പാലമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ മോഷ്ടാക്കള്‍ അറുത്തെടുത്തു കടത്തിയത്. പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രവുമെല്ലാം ഉപയോഗിച്ച് മൂന്നു ദിവസംകൊണ്ടാണ് പാലം പൊളിച്ചുകടത്തിയത്. 1972 ല്‍ നിര്‍മിച്ച പാലമാണിത്. പാലം ദ്രവിച്ച് അപകടാവസ്ഥയിലായതിനാല്‍ പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചതോടെ ഈ ഇരുമ്പുപാലം ആരും ഉപയോഗിക്കാതായി. ജലവിഭവ വകുപ്പ് പരാതിപ്പെട്ടതോടെ പോലീസ് കേസെടുത്തു.  

◼️കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ യുജിസിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കര്‍മാര്‍ കൈക്കലാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു. ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

◼️ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ 22 കിലോമീറ്ററോളം പിന്തുടര്‍ന്ന് പശുക്കടത്ത് സംഘത്തെ പിടികൂടി. പിന്തുടരുന്നതിനിടെ പ്രതികള്‍ സഞ്ചരിച്ച ലോറിയുടെ ടയര്‍ പശുസംരക്ഷകര്‍ വെടിയുതിര്‍ത്ത് പഞ്ചറാക്കി. ഓടുന്ന വാഹനത്തില്‍ നിന്ന് മൃഗങ്ങള്‍ പുറത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. പശുക്കടത്തുകാരില്‍ നിന്ന് തോക്കും തിരയും പിടികൂടിയെന്നും പൊലീസ് പറഞ്ഞു.

◼️ഐപിഎല്ലില്‍ ഇന്ന് ഇരട്ട പോരാട്ടം. ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് മൂന്നരയ്ക്കാണ് മത്സരം. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

◼️സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു. തുടര്‍ച്ചയായ വര്‍ധനവ് ആണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4860 രൂപയാണ് വില. ഇന്നലെ 35 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38880 രൂപയാണ്.

◼️നിക്ഷേപത്തില്‍ വന്‍ കുതിച്ചുച്ചാട്ടവുമായി ഡയറക്ട്-ടു-കണ്‍സ്യൂമര്‍ (ഡി2സി) കമ്പനികള്‍. പുതുതായി പ്രവേശിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടും, ഡയറക്ട്-ടു-കണ്‍സ്യൂമര്‍ കമ്പനികള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി ഓരോ ആഴ്ചയും ഫണ്ട് സ്വരൂപിച്ചു. സ്വകാര്യ കമ്പനിയായ ട്രാക്‌സന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഡി2സി സ്ഥാപനങ്ങള്‍ 543 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. ഇത് മുന്‍പത്തെ രണ്ട് സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഉപഭോക്താക്കളുടെ ഷോപ്പിംഗ് രീതി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്ന സാഹചര്യത്തില്‍ ഡി2സി കമ്പനികളും ഓണ്‍ലൈന്‍ രീതികള്‍ അവലംബിച്ച് ന്യായമായ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.

◼️ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ദി നെയിം ചാലക്കുടിയില്‍ ആരംഭിച്ചു. കുഞ്ചാക്കോ ബോബന്‍ ചിത്രം ഭീമന്റെ വഴിയിലൂടെ ശ്രദ്ധേയയായ മേഘതോമസും ടി സുനാമി എന്ന ചിത്രത്തിലൂടെ എത്തിയ ആരാധ്യ ആനുമാണ് നായികമാര്‍. സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, പാഷാണം ഷാജി , മഞ്ജു പിള്ള, ദിവ്യ എം. നായര്‍, മീര നായര്‍, അനു നായര്‍, സരിത കുക്കു, ജോളി ചിറയത്ത്, ലാലി പി.എം, അനഘ വി.വി. തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബെസ്റ്റ് വേ എന്റര്‍ടെയ്ടന്‍മെന്റിന്റെ ബാനറില്‍ അനൂപ് ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.

◼️ചട്ടമ്പിനാട്' എന്ന സിനിമയിലെ ശ്രദ്ധേയമായ കോമഡി കഥാപാത്രമായിരുന്നു സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ഇപ്പോഴിതാ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് പുതിയ ചിത്രം വരുന്നു എന്ന വാര്‍ത്ത കൂടി പുറത്തു വരുകയാണ്. സൂരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ദശമൂലം ദാമു സംവിധാനം ചെയ്യുന്നതെന്നും താരം പറഞ്ഞു.

◼️ഔഡിയുടെ ആഡംബര എസ്യുവി ഗാരിജിലെത്തിച്ച് മിനി സ്‌ക്രീന്‍ സൂപ്പര്‍ താരം തേജസ്വി പ്രകാശ്. ബിഗ്ബോസ് ഹിന്ദിയും പതിനഞ്ചാം സീസണ്‍ വിജയിയും സീരിയല്‍ താരവുമായ തേജസ്വി മുംബൈയിലെ ഔഡി വിതരണക്കാരില്‍ നിന്നാണ് ആഡംബര എസ്യുവി സ്വന്തമാക്കിയത്. ഔഡിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ക്യൂ 7 ആണ് താരം വാങ്ങിയത്. രണ്ടു വകഭേദങ്ങളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ പ്രീമിയം പ്ലസ് മോഡലിന് 79.99 ലക്ഷം രൂപയും ടെക്നോളജി മോഡലിന് 88.33 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

Post a Comment

Previous Post Next Post