20 April 2022
അബുദാബി: ജെറുസലേമിൽ അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ പൊലീസ് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധമറിയിച്ച് യുഎഇ. ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ നടത്താനിരുന്ന വിമാന ഷോയിൽ നിന്ന് യുഎഇയുടെ വിസ് എയർ അബുദാബി, എത്തിഹാഡ് എന്നീ വിമാനക്കമ്പനികൾ പിൻമാറി.
സ്വാതന്ത്ര്യ ദിനത്തിലെ ഇസ്രായേലിന്റെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് രാജ്യത്തെ എല്ലാ പൗരൻമാരെയും അഭിവാദ്യം ചെയ്യുന്ന ഫ്ളൈ ഓവർ. യുഎഇ-ഇസ്രായേൽ ബന്ധത്തിന്റെ വളർച്ചയുടെ സൂചനയായിട്ടായിരുന്നു ഈ പരിപാടിയിൽ യുഎഇയും പങ്കെടുക്കാനിരുന്നത്. റമദാൻ മാസത്തിൽ ജെറുസലേമിൽ നടന്നു കൊണ്ടാരിക്കുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് യുഎഇ വിമാനകമ്പനികൾ പരിപാടിയിൽ നിന്ന് പിൻമാറിയതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം അൽ അഖ്സ പള്ളിയിൽ പാലസ്തീനികൾക്ക് നേരെ ഇസ്രായേൽ സുരക്ഷാ സേന നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധമറിയിച്ച് യുഎഇ തങ്ങളുടെ ഇസ്രായേൽ അംബാസിഡറെ വിളിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കവും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിയമിതിനായ യുഎഇയുടെ ഇസ്രായേല്‍ അംബാസഡറെ ആദ്യമായാണ് വിളിച്ചു വരുത്തുന്നത്. വിഷയം യുഎഇ ഗൗരവമായെടുത്തിട്ടുണ്ടെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
വിളിച്ചു വരുത്തിയ ഇസ്രായേല്‍ പ്രതിനിധിയോട് ജെറുസലേമിലെ സംഘര്‍ഷങ്ങളില്‍ യുഎഇ വിദേശ സഹകരണ മന്ത്രി ആശങ്കയറിയിച്ചിരുന്നു. അല്‍ അഖ്സ പള്ളിയുടെ വിശുദ്ധത കാത്തു സൂക്ഷിക്കാനും പാലസ്തീനികളുടെ ആരാധനാ സാതന്ത്ര്യം തടയരുതെന്നും യുഎഇ മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2020 ലാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും യുഎഇയും സമാധാന കരാറിൽ ഒപ്പു വെച്ചത്.
Post a Comment