വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന്‍റെ വീടിനു മുന്നില്‍ സമരവുമായി പെണ്‍കുട്ടി.


മഞ്ചേരി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്‍റെ വീടിനു മുന്നില്‍ സമരം ചെയ്ത് പെണ്‍കുട്ടി. ചെന്നൈയില്‍വച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് ആരോപണം. മലപ്പുറം മഞ്ചേരി കൂമംകുളത്തെ യുവാവിന്‍റെ വീടിനു മുന്നിലാണ് പഴനി സ്വദേശിയായ പെണ്‍കുട്ടി മൂന്നു ദിവസമായി സമരം ചെയ്തത്.

സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ പഠനാവശ്യത്തിനു ചെന്ന യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മാസങ്ങളോളം ഒന്നിച്ചു താമസിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം യുവാവ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. കുടുംബത്തിന്‍റെ സമ്മതം വാങ്ങി വരാമെന്ന് അറിയിച്ചാണ് യുവാവ് മഞ്ചേരിയിലേക്ക് വന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാതായതോടെ മഞ്ചേരിയിലെത്തിയ പെണ്‍കുട്ടി യുവാവിന്‍റെ വീടിനു മുന്നില്‍ സമരം ആരംഭിച്ചു. ഇതോടെ യുവാവിനൊപ്പം കുടുംബവും വീട്ടില്‍ നിന്ന് അപ്രത്യക്ഷരായി.

 
ഒടുവില്‍ പീഡനം നടന്നത് ചെന്നൈയില്‍ ആയതുകൊണ്ട് തമിഴ്നാട് പൊലീസ് കേസെടുക്കണമെന്ന് കേരള പൊലീസ് പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു. രാവും പകലുമില്ലാതെ സമരം നടത്തിയ പെണ്‍കുട്ടിയെ മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

Post a Comment

Previous Post Next Post