ഗതാഗത പരിഷ്‌കാരത്തിനൊരുങ്ങി കൽപറ്റ നഗരം

കല്‍പറ്റ: നഗരത്തില്‍ ഗതാഗത പരിഷ്‌കാരം മേയ് ഒന്നു മുതല്‍ നടപ്പാക്കാന്‍ നഗരസഭ ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചു. യോഗത്തിൽ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. കല്‍പറ്റയില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൈനാട്ടിയിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സജ്ജമാവുന്നതിന്‍റെ അന്തിമഘട്ടത്തിലാണെന്ന് അറിയിച്ചു.

ട്രാഫിക് ജങ്ഷന്‍, പിണങ്ങോട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഘട്ടംഘട്ടമായി നഗരസഭ ഓട്ടോമാറ്റിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.

.ട്രാഫിക് ജങ്ഷൻ മുതല്‍ കൈനാട്ടി വരെയുള്ള പ്രധാന റോഡിന്‍റെ ഇടതുവശം (പടിഞ്ഞാറ് ഭാഗം) വാഹന പാര്‍ക്കിങ് അനുവദിക്കില്ല. വലത് വശത്ത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാം. നിലവിലുള്ള ഓട്ടോ-ഗുഡ്‌സ്-ടാക്‌സി സ്റ്റാൻഡുകളില്‍ അത്തരം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കും.

.പിണങ്ങോട് ജങ്ഷനില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നതോടെ പള്ളിതാഴെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

.എച്ച്.ഐ.എം.യു.പി സ്‌കൂളിന് മുന്‍വശമുള്ള റോഡ് ഘട്ടംഘട്ടമായി നവീകരിച്ച് വാഹനങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് പ്രവേശനം അനുവദിക്കും. ആനപ്പാലം ജങ്ഷൻ റോഡിലെ വൺവേ ഒഴിവാക്കും.

.നഗരത്തിലെത്തുന്ന മുഴുവന്‍ ബസുകളും പുതിയ ബസ്സ്റ്റാൻഡില്‍ കയറണം. പഴയ ബസ്സ്റ്റാൻഡില്‍ സ്വകാര്യ വാഹന പാര്‍ക്കിങ് നിരോധിച്ചു. ബസ്സ്റ്റാൻഡില്‍നിന്നും നിശ്ചയിക്കപ്പെട്ട ബസ്‌സ്റ്റോപ്പുകളില്‍ നിന്നുമല്ലാതെ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നിയന്ത്രിക്കുന്നതും ലംഘിച്ചാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും.

.ചെറുറോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലെ ഗതാഗത തടസ്സമൊഴിവാക്കാനായി 50 മീറ്റര്‍ ദൂരം പാര്‍ക്കിങ് അനുവദിക്കില്ല. ചരക്ക് വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.

Post a Comment

Previous Post Next Post