പ്രധാന വാർത്തകൾ

2022 | ഏപ്രിൽ 9 | ശനി | 

◼️പതിനെട്ടു വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മൂന്നാം ഡോസ് വാക്സീന്‍. നാളെ മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷന്‍ കേന്ദ്രങ്ങളിലൂടേയും മൂന്നാം ഡോസ് വാക്സീന്‍ സ്വീകരിക്കാം. സൗജന്യമായല്ല, പണം നല്‍കേണ്ടിവരും. രണ്ടാം ഡോസ് വാക്സീനെടുത്ത് ഒന്‍പത് മാസം പൂര്‍ത്തിയായശേഷമേ ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ സ്വീകരിക്കാവൂ.

◼️വീണ്ടും ഭാഷാ ഭീഷണി. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തേണ്ടത് ഇംഗ്ലീഷിലല്ല, ഹിന്ദിയിലാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. 'ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാക്കുകയാണ്. ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയിലായിരിക്കണം.'' അമിത് ഷാ പറഞ്ഞു.

◼️സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് സാമ്പത്തിക അനുമതിയും സര്‍വേ നടത്താനുള്ള അനുമതിയും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സര്‍വേയുടെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വേ നടക്കുന്ന ഭൂമിയ്ക്കു വായ്പ കിട്ടാന്‍ തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.

◼️മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് വിപുലമായ അധികാരം നല്‍കി സുപ്രീംകോടതി വിധി. ഡാം സുരക്ഷ അതോറിറ്റി പ്രവര്‍ത്തനസജ്ജമാകുന്നതുവരെ എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്കാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗ്ധര്‍ സമിതിയില്‍ ഉണ്ടാകും. ഡാം സുരക്ഷാ അതോറിറ്റി എത്രയും വേഗം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

◼️കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ രാഷ്ട്രീയ സഖ്യമില്ലെന്ന് സിപിഎം രാഷ്ട്രീയ പ്രമേയം. എന്നാല്‍ ബിജെപി വിരുദ്ധ സമരങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കും. ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങള്‍ അതാത് സമയത്ത് തീരുമാനിക്കാമെന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന ബംഗാള്‍ ഘടകത്തിന്റെ നിലപാടിനെ കേരളത്തിലെ അംഗങ്ങള്‍ എതിര്‍ത്തു.

◼️ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാത 544 ലുള്ള പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ടിഎന്‍ പ്രതാപന്‍ എംപി. അറുപതു കിലോമീറ്ററിനിടയില്‍ ഒന്നിലേറെ ടോള്‍ ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. പാലിയേക്കര ടോള്‍ പ്ലാസയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ പന്നിയങ്കരയില്‍ പുതിയ ടോള്‍ തുറന്നിരിക്കേ, പാലിയേക്കരയിലെ ടോള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു പ്രതാപന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കു നിവേദനം നല്‍കി. പാലിയേക്കരയിലെ ടോള്‍ നിര്‍ത്തുമെന്ന് മന്ത്രി ഉറപ്പുതന്നെന്ന് പ്രതാപന്‍ അറിയിച്ചു.

◼️നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും കാവ്യക്ക് ബന്ധമുണ്ടെന്നു സംശയിക്കാവുന്ന ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ നല്‍കി.

◼️നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെതിരായ ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണിത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്കു കൊടുക്കാന്‍ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തതാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.  

◼️നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞിട്ടാണ് ഫോണിലെ രേഖകള്‍ നീക്കം ചെയ്തതെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സായ് ശങ്കര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ സാക്ഷിയാക്കാനാണ് നീക്കം.

◼️ഇനി അഞ്ചു ദിവസം കേരളത്തില്‍ മഴ. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്കു സാധ്യത. പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്. ഇന്നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. 10, 11, 12 തീയതികളില്‍ തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലയിലും മഴക്ക് സാധ്യതയുണ്ട്.

◼️കനത്തമഴയിലും കാറ്റിലും വന്‍ നാശനഷ്ടം. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരിയില്‍ ഇടിമിന്നലേറ്റ് കൈതേരിയിടം സ്വദേശി ജോയി (50) മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് തൊഴിലുറപ്പ് ജോലിക്കിടെ ഒന്‍പത് പേര്‍ക്ക് മിന്നലേറ്റു. മലപ്പുറത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരംവീണു. കോഴിക്കോട് കൊടുവള്ളിയില്‍ തെങ്ങുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഒല്ലൂരില്‍ മരംവീണ് ഏറെനേരം ഗതാഗതം തടസപ്പെട്ടു. മലപ്പുറം ജില്ലയില്‍ മഞ്ചേരി, വേങ്ങര, പാണക്കാട്, കാരക്കുന്ന് മേഖലകളിലാണ് കനത്ത മഴയും കാറ്റുമുണ്ടായത്. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.

◼️ബൈക്ക് മോഷ്ടിച്ചയാളെ തല്ലിക്കൊന്ന സംഭവത്തില്‍ പാലക്കാട് മൂന്നു പേര്‍ പിടിയില്‍. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീക് എന്ന 27 കാരനാണു കൊല്ലപ്പെട്ടത്. കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍ (25), ആലത്തൂര്‍ സ്വദേശി മനീഷ് (23), പല്ലശന സൂര്യ (20) എന്നിവരാണ് അറസ്റ്റിലായത്. ബാറില്‍ മദ്യപിച്ചിരുന്ന ഇവരുടെ മോഷണം പോയ ബൈക്ക് ഒലവക്കോട് ജംഗ്ഷനില്‍ കണ്ടെത്തി. ബാറില്‍നിന്ന് ബൈക്കുമായി കടന്നുകളഞ്ഞ റഫീകിനെ മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

◼️മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി തോമസ്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാലാണ്. ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്. ജനകീയ പ്രശ്നങ്ങളില്‍ പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. ഇന്നു നടക്കുന്ന സെമിനാറില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് താന്‍ പ്രസംഗം തുടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

◼️പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎമ്മിന്റെ വന്‍ സ്വീകരണം. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും നിരവധി പ്രവര്‍ത്തകരും സ്വീകരിക്കാനെത്തി. എം.വി ജയരാജന്‍ ചുവന്ന ഷാള്‍ അണിയിച്ചാണ് കെ വി തോമസിനെ സ്വീകരിച്ചത്.

◼️കണ്ണൂരില്‍ നടക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസല്ല, കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. കേരളത്തിലെ സി.പി.എം ഒരു കാരണവശാലും കോണ്‍ഗ്രസുമായി സന്ധി ചെയ്യില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കില്ലെന്നു കരുതിയാണ് കോണ്‍ഗ്രസ് വിരുദ്ധ നിലപാടെന്നും വിഡി സതീശന്‍ പറഞ്ഞു.

◼️കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജാസ്മിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി. അഞ്ചു ദിവസത്തിനകം തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്. അനുമതി ഇല്ലാതെ അവധിയെടുത്തെന്ന ആരോപണം ശരിയല്ലെന്നു കോടതി നിരീക്ഷിച്ചു.

◼️കൊയിലാണ്ടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. മുച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ചത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. യുവതിയുടെ തല അറ്റ നിലയിലായിരുന്നു.

◼️കൂടത്തായി കൊലപാതക പരമ്പര കേസില്‍ നാലു പേരുടെ ശരീരാവശിഷ്ടങ്ങള്‍കൂടി ഫോറന്‍സിക് ലാബിലേക്കയച്ചു. കൊല്ലപ്പെട്ട ടോം തോമസ്, അന്നമ്മ തോമസ്, അല്‍ഫൈന്‍, മാത്യു മഞ്ചാടി എന്നിവരുടെ ശരീരാവശിഷ്ടങ്ങളാണ് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. റോയി തോമസ്, സിലി എന്നിവരുടെ ശരീരാവശിഷ്ടങ്ങള്‍ കോടതി ഉത്തരവനുസരിച്ച് നേരത്തെ അയച്ചിരുന്നു. റോയി തോമസിന്റെ ഭാര്യ ജോളിയാണ് കേസിലെ പ്രധാന പ്രതി.

◼️പീഡനക്കേസ് പ്രതി മകളെ ഭീഷണിപ്പെടുത്തിയെന്ന് പിതാവിന്റെ പരാതി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പോക്സോ കേസ് പ്രതി ഓട്ടോറിക്ഷ ഡ്രൈവറായ ഫിറോസിനെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണു പരാതി നല്‍കിയത്. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റു ചെയ്തതായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി കോടതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

◼️മൂന്നാം ക്ലാസുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും സുഹ്യത്തുക്കളും അറസ്റ്റില്‍. സുഗതകുറുപ്പ്, ജയന്‍, ഷിജു എന്നിവരെ പള്ളിക്കല്‍ പൊലീസാണ് അറസ്റ്റ ചെയ്തത്. വര്‍ക്കല ഡിവൈഎസ്പിക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

◼️കായംകുളത്ത് വര്‍ക്ക് ഷോപ്പില്‍നിന്നു വാഹനങ്ങളുടെ ഗിയര്‍ ബോക്സും പാര്‍ട്സുകളും മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. കായംകുളം എം എസ് എം കോളേജിന് സമീപത്തെ ഷിജു ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ഒന്നര ലക്ഷം രൂപ വിലയുള്ള ഗിയര്‍ ബോക്സും പാര്‍ട്സുകളും മോഷ്ടിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ്, കുന്നില്‍വീട്ടില്‍ അഖില്‍ (31), ചിറയിന്‍കീഴ് അക്കരവിളവീട്ടില്‍ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.

◼️കോവിഡ് വ്യാപനത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയ കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്. ജാഗ്രതാ മുന്നറിയിപ്പുമായാണ് കത്ത് അയച്ചത്. കൊവിഡ് വ്യാപന തോത് സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനുമാണ് നിര്‍ദ്ദേശം.

◼️എറണാകുളം - അങ്കമാലി അതിരൂപതയില്‍ നാളെ മുതല്‍ ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പാക്കണമെന്ന സിനഡ് നിര്‍ദേശം വൈദികര്‍ തള്ളി. ജനാഭിമുഖ കുര്‍ബാന തുടരും. ബിഷപ്പ് ആന്റണി കരിയിലിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് സിനഡ് തീരുമാനത്തില്‍ ഒപ്പുവപ്പിച്ചതെന്ന് വൈദികര്‍ ആരോപിച്ചു. ഏകീകൃത ബലിയര്‍പ്പണ രീതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ അതിരൂപത ആസ്ഥാനത്തിനു മുന്നില്‍ അടിപിടിയും ഉണ്ടായി. വിമത വൈദികരുടെ യോഗ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിനു കാരണം.

◼️റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷംമൂലം ആഗോള അസംസ്‌കൃത എണ്ണയുടെയും ഭക്ഷ്യ എണ്ണയുടെയും വില വര്‍ധിക്കുന്നതിനാല്‍ നാണ്യപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്. ഉയരുന്ന എണ്ണവില രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു ദോഷമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.  

◼️കര്‍ണാടക വിജയനഗരയില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ഒരുകുടംബത്തിലെ നാലുപേര്‍ മരിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്. എ സി വെന്റിലേറ്ററില്‍നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടുമുഴുവന്‍ കത്തിനശിച്ച നിലയിലാണ്.

◼️ഇംഗ്ലീഷിനു പകരം ഹിന്ദി സംസാരിക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും രാജ്യത്തിന്റെ വൈവിദ്ധ്യത്തെ തകര്‍ക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല. അദ്ദേഹം പറഞ്ഞു.

◼️ശ്രീരാമനവമി ദിനത്തില്‍ ബെംഗളൂരുവില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ചു. ബെംഗളൂരു ബൃഹത് നഗരെ പാലികെയുടേതാണ് തീരുമാനം. ബിബിഎംപി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീരാമനവമി ദിനത്തില്‍ അറവുശാലകള്‍ തുറക്കരുതെന്നും കന്നുകാലി കശാപ്പ്, മാംസ വില്‍പന എന്നിവ നടത്തരുതെന്നും മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവിട്ടു. ഞായറാഴ്ചയാണ് ശ്രീരാമ നവമി. ഗാന്ധിജയന്തി, സര്‍വോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വില്‍പനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

◼️വിദ്യാര്‍ത്ഥിനിയോട് വീട്ടിലേക്കു വരാന്‍ നിര്‍ദേശിക്കുകയും ഫോണ്‍ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തതിന് തമിഴ്നാട്ടില്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. തിരുവള്ളൂര്‍ ജില്ലയിലെ ഉലകനാഥന്‍ നാരായണ സ്വാമി സര്‍ക്കാര്‍ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മഹേന്ദ്രനാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പിടിയിലായത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.

◼️വിവാദ സന്ന്യാസി ആസാറാം ബാപ്പുവിന്റെ ആശ്രമ പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍നിന്ന് 13 കാരിയുടെ മൃതദേഹം. ഏപ്രില്‍ അഞ്ചിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണിത്. പെണ്‍കുട്ടിയെ കാണാതായെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയ കാര്‍ കഴിഞ്ഞ കുറച്ച് ദിവസമായി ആശ്രമ വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

◼️മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി 31 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ സ്ഥാപകനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദിനെ രണ്ട് കേസുകളിലായാണ് പാക് കോടതി ശിക്ഷിച്ചത്. ഇയാളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും 3,40,000 രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. ഹാഫിസ് സയീദ് നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്റസും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◼️റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്റെ രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ കുടുംബത്തിനും പ്രമുഖ യുഎസ് ബാങ്കുകള്‍ അടക്കം ഉപരോധം ഏര്‍പ്പെടുത്തി.

◼️ഓസ്‌കര്‍ വേദിയില്‍ അവതാരകനെ അടിച്ച മികച്ച നടന്‍ വില്‍ സ്മിത്തിന് ഓസ്‌കര്‍ വേദികളില്‍ 10 വര്‍ഷത്തെ വിലക്ക്. അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ അക്കാദമിയുടെ ഒരു പരിപാടികളിലും പങ്കെടുക്കാന്‍ സ്മിത്തിനെ അനുവദിക്കില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു.

◼️പാക്കിസ്ഥാനില്‍ ഇന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരേ അവിശ്വാസ വോട്ടെടുപ്പ്. സുപീം കോടതിയുടെ നിര്‍ദേശമനുസരിച്ച് ദേശീയ അസംബ്ളിയെ പുനസ്ഥാപിച്ചാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വോട്ടിനിടുന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ട ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനു രാജിവയ്ക്കേണ്ടിവരും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിച്ചെന്ന് ആരോപിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു.

◼️ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 70 വയസുകാരിയില്‍ നിന്ന് എട്ടു കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്ക്കിടെ ട്രാന്‍സിറ്റിനായാണ് ഇവര്‍ ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. കസ്റ്റംസ് പരിശോധനയില്‍ വയോധിക പിടിയിലാവുകയായിരുന്നു. സ്യൂട്ട് കെയ്സില്‍നിന്ന് 8.3 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താണ് പിടിച്ചെടുത്തത്.

◼️ഐപിഎല്ലില്‍ രാഹുല്‍ തെവാട്ടിയ മാജിക്കില്‍ അവസാന പന്തില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് അവസാന രണ്ടു പന്തുകളും സിക്‌സറിന് പറത്തിയ തെവാട്ടിയയുടെ മികവില്‍ വിജയത്തിലെത്തുകയായിരുന്നു. 59 പന്തില്‍ 96 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനവും ടൈറ്റന്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

◼️കേരളത്തില്‍ ഇന്നലെ 16,614 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,351 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,059 കോവിഡ് രോഗികള്‍. നിലവില്‍ 27,434 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.81 കോടി കോവിഡ് രോഗികളുണ്ട്.

◼️ടാറ്റയുടെ സൂപ്പര്‍ ആപ്പ് ന്യൂ പുറത്തിറങ്ങി. വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നവയാണ് സൂപ്പര്‍ ആപ്പുകള്‍. ഇന്ത്യയില്‍ ഒരു ആപ്ലിക്കേഷന്‍, സൂപ്പര്‍ ആപ്പ് ആയി തന്നെ പുറത്തിറക്കുന്നത് ഇത് ആദ്യമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ആദ്യ സൂപ്പര്‍ ആപ്പ് എന്ന്, ടാറ്റ ന്യൂവിനെ വിശേഷിപ്പിക്കാം. ടാറ്റ ഗ്രൂപ്പിന് കീഴില്‍ വിവിധ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായിരുന്ന സേവനങ്ങള്‍ ഒരൊറ്റ മൊബൈല്‍ ആപ്പിലേക്ക് കൊണ്ടുവരുകയാണ് ടാറ്റ ന്യൂ. ബിഗ് ബാസ്‌കറ്റ്, ടാറ്റ ക്ലിക്ക്, ടാറ്റ 1എംജി, ടാറ്റ പ്ലെ, ക്രോമ, ഐഎച്ച്സിഎല്‍ തുടങ്ങിയ ആപ്പുകളെല്ലാം ടാറ്റ ന്യൂവില്‍ ലഭ്യമാണ്. ക്രെഡിറ്റ് സ്‌കോര്‍ അറിയല്‍, ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപം എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ആപ്പില്‍ വൈകാതെ എത്തും.

◼️എജ്യൂക്കേഷണല്‍ ടെക്നോളജി രംഗത്തെ യുണീകോണ്‍ കമ്പനിയായ അണ്‍അക്കാദമി പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. കോണ്‍ട്രാക്ടില്‍ ജോലി ചെയ്തിരുന്നവരും കമ്പനി സ്ഥിരം ജീവനക്കാരും അധ്യാപകരും ഉള്‍പ്പടെ 600 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 6,000 ജീവനക്കാരാണ് അണ്‍അക്കാദമിക്ക് ഉണ്ടായിരുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് കമ്പനി ജീവനക്കാരുടെ എണ്ണം കുറച്ചത്. അതേ സമയം ആയിരത്തോളം ജീവനക്കാരെയാണ് അണ്‍അക്കാദമി പിരിച്ചുവിട്ടത്. രാജ്യത്തെ ഏറ്റവും വലിയ എഡ്യുടെക്ക് കമ്പനികളില്‍ ഒന്നായ അണ്‍അക്കാദമിയുടെ മൂല്യം 3.4 ബില്യണ്‍ ഡോളറാണ്. അടുത്തിടെ അണ്‍അക്കാദമി ഏറ്റെടുത്ത പ്രിപ്ലാഡറിലെ 100 ജീവനക്കാരെ മാര്‍ച്ചില്‍ കമ്പനി പിരിച്ചുവിട്ടിരുന്നു.

◼️വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം ബീസ്റ്റിന്റെ പുതിയ ലിറിക് വീഡിയോ പുറത്ത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനമാണ് ബീസ്റ്റ് മോഡ്. വിവേകിന്റെ വരികള്‍ക്ക് സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. പാട്ട് ഇതിനോടകം തരംഗമായി കഴിഞ്ഞു. ചിത്രം ഏപ്രില്‍ 13നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. മാസ്സും ഫൈറ്റും ഒത്തുചേര്‍ന്ന ട്രെയിലര്‍ ഇതിനോടകം തരംഗം തീര്‍ത്തു കഴിഞ്ഞു. വീരരാഘവന്‍ എന്ന സ്പൈ ഏജന്റ് ആണ് വിജയിയുടെ കഥാപാത്രം.

◼️'സൂരറൈ പോട്ര്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറിയും മറ്റൊരു ബയോപിക്കിനായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുധ കൊങ്കര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരെക്കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക എന്ന് സുധ കൊങ്കര വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സൂര്യ കരാര്‍ ഒപ്പിട്ടിരിക്കുന്ന സിനിമകള്‍ക്ക് ശേഷമായിരിക്കും ചിത്രം ആരംഭിക്കുക. സുധ കൊങ്കര ഇപ്പോള്‍ 'സുരറൈ പോട്ര്' ന്റെ ഹിന്ദി പതിപ്പിന്റെ അണിയറയിലാണ്.

◼️ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൗണ്‍സ് ഇ1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാദേശിക ഉത്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ പ്ലാന്റില്‍ ആണ് വാഹനത്തിന്റെ നിര്‍മ്മാണം തുടങ്ങിയത് എന്നും പ്രതിവര്‍ഷം രണ്ടു ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയാണ് പ്ലാന്റിനുള്ളത് എന്നും സ്‌കൂട്ടറിനുള്ള ഡെലിവറികള്‍ ഏപ്രില്‍ 18ന് ആരംഭിക്കും എന്നും ബൗണ്‍സ് അറിയിച്ചു. ബാറ്ററിയും ചാര്‍ജറും ഉള്ള സ്‌കൂട്ടറിന് 68,999 രൂപയും (ദില്ലി എക്‌സ്-ഷോറൂം), കൂടാതെ ബാറ്ററി-ആസ്-എ-സര്‍വീസ് ഉള്ള സ്‌കൂട്ടറുകള്‍ക്ക് 36,000 രൂപയും (ദില്ലി എക്‌സ്-ഷോറൂം) എന്നാണ് റിപ്പോര്‍ട്ടുകള്‍.

◼️കഥാപരതയാല്‍ ഇത്രമേല്‍ നിബിഡമായ കഥകള്‍ മലയാളത്തില്‍ അധികം വായിച്ചിട്ടില്ല. അതിവൈകാരികതയോ നാടകീയതയോ പ്രതിഫലിപ്പിക്കാത്തെ ഒരുതരം ഗൃഹാതുരത അവയെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. കടലോടികള്‍, സസ്യങ്ങളുടെ സാമൂഹ്യശാസ്ത്രം, പൂഴിക്രിക്കറ്റ്, കുറ്റവും ശിക്ഷയും, നീല വാവ്, തോതോ മേരീസ് നാടന്‍ അടുക്കള, ചിരികളി പാതിരി... തുടങ്ങി പത്തുകഥകള്‍. ബിജു സി.പി. യുടെ ഏറ്റവും പുതിയ കഥാസമാഹാരം. 'കുത്തിക്കൊലയുടെ കലാരഹസ്യങ്ങള്‍'. മാതൃഭൂമി. വില 152 രൂപ.

◼️ആദ്യഘട്ടങ്ങളിലെല്ലാം ഒരു ശ്വസകോശരോഗമെന്ന നിലയില്‍ മാത്രമായിരുന്നു നാം കൊവിഡിനെ സമീപിച്ചിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് കൊവിഡ് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടു. വൈറസ് ശരീരത്തില്‍ പ്രവേശിച്ച ശേഷം തൊണ്ടയിലും മൂക്കിനകത്തും ശ്വാസകോശത്തിലുമെല്ലാം വച്ച് പെരുകുന്നതിനാല്‍ തന്നെ പ്രധാനമായും അതിനോട് ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് രോഗിയില്‍ പ്രകടമാകാറ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം, തലവേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഇത്തരത്തില്‍ പ്രാഥമികമായി വരുന്നതാണ്. ഇതിന് പുറമെ വൈറസ് അണുബാധയില്‍ വ്യാപകമായി ഉണ്ടാകുന്ന ശരീരവേദന. പനി, കടുത്ത ക്ഷീണം എന്നിവയും കൊവിഡില്‍ കാണപ്പെടുന്നു. ചിലരില്‍ ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ, ചര്‍മ്മത്തില്‍ പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളും കൊവിഡിന്റെ ഭാഗമായി വരാറുണ്ട്. ഇതിനൊപ്പം തന്നെ കണ്ണിലും കൊവിഡിന്റെ സൂചനയായി ചില വ്യത്യാസങ്ങള്‍ കാണാം. പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നതാണ് കണ്ണുമായി ബന്ധപ്പെട്ട് വരുന്ന ഈ ലക്ഷണം. കണ്ണുകള്‍ അസാധാരണമായി 'ഡ്രൈ' ആകുന്ന (വരണ്ട ) അവസ്ഥയാണ് ഈ ലക്ഷണം. കൊവിഡ് രോഗികളില്‍ ഇരുപത് ശതമാനം പേരിലെങ്കിലും ഈ ലക്ഷണം കാണാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരുപക്ഷേ കണ്‍പോളകളിലോ മറ്റോ ഉള്ള കോശങ്ങളിലേക്ക് വൈറസ് വന്ന് കയറുന്നതിന്റെ ഭാഗമായാകാം ഇത് സംഭവിക്കുന്നതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്ന ഒരു വാദം. കാഴ്ച മങ്ങിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം പുറത്തുവന്നുകൊണ്ടിരിക്കുക, കണ്ണില്‍ നീറ്റല്‍, വേദന എന്നിവയെല്ലാം 'ഡ്രൈ ഐ'യുടെ ഭാഗമായി വരാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഫിമി ഒത്ത്‌ഡോല ആഫ്രിക്കയിലെ കോടീശ്വരനാണ്. ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹത്തിനോട് ഒരു ചോദ്യം ഒരാള്‍ ചോദിച്ചു: ഇതുവരെ ജീവിച്ചുതീര്‍ത്ത ആയുസ്സിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ നിമിഷം ഏതാണ്? അപ്പോള്‍ അദ്ദേഹം ഒരു സംഭവം പറഞ്ഞു: ' ഈയടുത്ത് എന്റെ സുഹൃത്ത് ഒരു സഹായം ചോദിച്ചു. നടക്കാന്‍ കഴിയാത്ത കുറച്ച് കുട്ടികള്‍ താമസിക്കുന്ന ഒരു സ്ഥാപനമുണ്ട്. അവര്‍ക്ക് കുറച്ച് വീല്‍ചെയറുകള്‍ കിട്ടിയാല്‍ വളരെ ഉപകാരമായിരിക്കും. എന്റെ കമ്പനി അതേറ്റെടുത്തു. വീല്‍ ചെയര്‍ കൈമാറുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാകണമെന്ന് സുഹൃത്ത് നിര്‍ബന്ധിച്ചു. അങ്ങനെ ഞാന്‍ അവിടെ പോയി. വേദിയിലേക്ക് ഇഴഞ്ഞുവരുന്ന കുഞ്ഞുമക്കള്‍ വീല്‍ചെയറില്‍ തിരിച്ചുപോകുന്നത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അവിടെയുള്ള മുഴുവന്‍ കുട്ടികളും വീല്‍ചെയറില്‍ ഇരുന്ന് പുഞ്ചിരിച്ചപ്പോള്‍ എന്ന മനസ്സ് നിറഞ്ഞതുപോലെ തോന്നി. പക്ഷേ, എന്റെ ആയുസ്സിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ നിമിഷം സംഭവിച്ചത് പിന്നീടാണ്. ആ സ്ഥാപനത്തില്‍ നിന്നും തിരികെ പോരാന്‍ ഒരുങ്ങുമ്പോള്‍ ഒരു കുഞ്ഞ് എന്റെ കാലില്‍ ചുറ്റിപ്പിടിച്ചു മുഖത്തേക്ക് നോക്കുന്നു. ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് എന്തേ എന്ന ഇങ്ങനെ നോക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അവളൊരു മറുപടി പറഞ്ഞു: പ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്കീ മുഖം ഓര്‍മ്മിക്കാനാണ്. എന്ന് ! ... ജീവിതത്തിലെ ചില നിമിഷങ്ങള്‍ അങ്ങനെയാണ് മനസ്സും കണ്ണും ഒരുമിച്ച് നിറച്ച്കളയും. നമുക്കും നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ശ്രമിക്കാം - ശുഭദിനം.

Post a Comment

Previous Post Next Post