പ്രഭാത വാർത്തകൾ

 
◼️റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂട്ടി. ലിറ്ററിന് 22 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് 81 രൂപയാകും വില. 

◼️കോടതിയുടെ പരിഗണനയിലുള്ള എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ വിഷയത്തില്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍. പരീക്ഷയുമായി മുന്നോട്ടുപോകാന്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചൂകൂട്ടി തീരുമാനിച്ചത് വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കാനാണ്. കോവിഡ് മൂലം സിലബസും ക്ലിനിക്കല്‍ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടില്ല. പൂര്‍ത്തിയാക്കാന്‍ പരീക്ഷ നീട്ടിവക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

◼️കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസിപ്പിക്കാന്‍ സ്ഥലമേറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി. മേല്‍നോട്ടത്തിന് മന്ത്രി വി.അബ്ദുറഹ്‌മാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മന്ത്രി അബ്ദുറഹ്‌മാന്‍ ഇന്ന് മലപ്പുറത്ത് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്തവാളത്തിലെ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ അറിയിച്ചിരുന്നു.


◼️സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തിയ ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. മാര്‍ച്ച് 27 ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തെന്നാണ് ആക്ഷേപം. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അന്വേഷണം തുടങ്ങി. സഹകരണ വകുപ്പിലെ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് 93 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. അറുപതിനായിരത്തിലേറെ പേര്‍ പരീക്ഷയെഴുതി.

◼️സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി. 10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവര്‍ക്ക് പാര്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാമെന്നു വ്യവസായ മന്ത്രി പി രാജീവ്. സ്വകാര്യ കമ്പനികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവക്ക് വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാം. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മൂന്നു കോടി രൂപ വരെ അനുവദിക്കും. പാര്‍ക്കിനായി 20 അപേക്ഷകള്‍ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

◼️സംസ്ഥാനത്ത് റംസാന്‍ വ്രതം ഇന്നാരംഭിച്ചു. ഇനി ഒരു മാസം ത്യാഗപൂര്‍ണമായ നോമ്പും പ്രാര്‍ത്ഥനയും.


◼️പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോളിന് 87 പൈസയുമാണു വര്‍ധിപ്പിച്ചത്.

◼️ഫോറന്‍സിക് ലാബുകളെ പോലീസിന്റെ പിടിയില്‍നിന്നു സ്വതന്ത്രമാക്കണമെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. വ്യാജ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി കേസ് അട്ടിമറിക്കാന്‍ വളരെ എളുപ്പമാണ്. സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് പ്രവര്‍ത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറന്‍സിക് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് സിബിഐയുടെയും കീഴിലാണ്. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ചമയ്ക്കാറുണ്ട്. ശ്രീലേഖ ചൂണ്ടിക്കാട്ടി.

◼️രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഇന്നു കണ്ണൂരില്‍ തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ പൊലീസ് മൈതാനത്ത് നടക്കും. ആഘോഷ പരിപാടികളുടെയും പ്രദര്‍ശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും.◼️എണ്ണക്കമ്പനികള്‍ക്കു ലാഭമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാ ദിവസവും ഇന്ധന വില വര്‍ധിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എണ്ണക്കമ്പനികളുടെ ലാഭത്തിന്റെ ഒരു വിഹിതം ബിജെപിയുടെ അക്കൗണ്ടില്‍ എത്തുന്നുണ്ടെന്നും ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

◼️കന്യാസ്ത്രീ മഠത്തില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കോതമംഗലം എസ് എച്ച് കോണ്‍വെന്റില്‍ തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അന്നു അലക്സ് ആണ് മരിച്ചത്. അന്നുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

◼️കണ്ണൂരില്‍ നടക്കുന്ന 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സുധാകരന്‍ കത്ത് നല്‍കിയത്. സുധാകരനു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ സമ്മേളന പ്രതിനിധിയാക്കി.

◼️മുട്ടില്‍ മരംമുറിയില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ കണ്ണൂര്‍ സിസിഎഫ് കെ വിനോദ് കുമാറിനെ സ്ഥലം മാറ്റി. കൊല്ലം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്ററാക്കിയാണു മാറ്റിയത്. പ്രതികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപണം ഉയര്‍ന്ന എന്‍.ടി സാജനെ സ്ഥാനക്കയറ്റം നല്‍കി ദക്ഷിണ മേഖല വനം സര്‍ക്കിള്‍ മേധാവിയായി നിയമിച്ചു.

◼️തൃശൂര്‍ ചെമ്പൂച്ചിറ സ്‌കൂളിന്റെ ബലക്ഷയത്തിനു പിറകിലെ അഴിമതിക്കു കേസെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്‌കൂളിന്റെ നിര്‍മ്മാണത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. സിപിഎം നേതാക്കള്‍ക്കും പങ്കുണ്ട്. അതിനാലാണ് അന്വേഷണത്തിനു തയാറാകാത്തത്. ക്ലാസ് നടന്നിരുന്നുവെങ്കില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപകടത്തിലാകുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

◼️ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നിഖില്‍ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ എട്ടു പ്രതികളാണുള്ളത്. 160 സാക്ഷികളുമുണ്ട്. ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു.

◼️ലോറിയില്‍നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് നരിക്കുത്തി സ്വദേശി മൊയ്തീന്‍കുട്ടിയാണ് മരിച്ചത്. വലിയ ചില്ലു പാളി ഇറക്കുന്നതിനിടെ ചെരിഞ്ഞ് വീഴുകയായിരുന്നു. ചില്ലിനിടയില്‍ കുടുങ്ങിയാണ് മൊയ്തീന്‍കുട്ടി മരിച്ചത്.

◼️പാറശ്ശാല പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ മുകളില്‍നിന്നു വീണ് ഒരാള്‍ മരിച്ചു. പാറശ്ശാല സ്വദേശി നിധിന്‍ രാജ് (22) ആണ് മരിച്ചത്.

◼️ഏറ്റുമാനൂര്‍ കുറുപ്പന്തറയില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുറുപ്പന്തറ കൊല്ലമലയില്‍ ജെയിംസ് ജോസഫ് (51) ആണ് മരിച്ചത്.

◼️ശബരിമല പാതയില്‍ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംപാറയില്‍ കൊക്കയിലേക്കു മറിഞ്ഞ നിലയില്‍ ലോറിയും ഡ്രൈവറുടെ മൃതദേഹവശിഷ്ടങ്ങളും കണ്ടെത്തി. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന അപകടം വനംവകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമന്റുമായി പോയതാണെന്നാണ് നിഗമനം.

◼️മലപ്പുറം കാവനൂരില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തു വര്‍ഷം തടവു ശിക്ഷ. പ്രതി ശിഹാബുദ്ദീനെയാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷിച്ചത്. 75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

◼️നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിച്ചിരുന്ന യുവാവ് കൊച്ചി പൊലീസിന്റെ പിടിയിലായി. കോട്ടയം കുറവിലങ്ങാട് സ്വദേശി ഇമ്മാനുവല്‍ കുര്യനെയാണ് തേവര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നഗരത്തില്‍ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തെന്ന് നിരവധി പരാതികളുണ്ട്.

◼️വയനാട് വന്യജീവി സങ്കേതത്തില്‍ പത്തു വയസുള്ള പെണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളെ കൊണ്ടുപോയ ഡ്രൈവര്‍മാരാണ് വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. വയനാട് തോല്‍പ്പെട്ടി ഒന്നാം പാലത്തിനു സമീപത്താണ് കടുവയെ കണ്ടെത്തിയത്. കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചത്തതാകാമെന്നാണ് നിഗമനം.

◼️ഐ ടി പാര്‍ക്കുകളില്‍ അടക്കം മദ്യം ഒഴുക്കി കേരളത്തെ നശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അത്യന്തം അപകടകരമാണെന്നു കോഴിക്കോട്ട് ചേര്‍ന്ന കെഎന്‍എം സംസ്ഥാന ഉന്നതാധികാരസമിതി. അബദ്ധത്തിലാണ് സര്‍ക്കാര്‍ ചെന്നുവീഴുന്നതെന്നും സമിതി വിമര്‍ശിച്ചു.

◼️സര്‍ക്കാര്‍ വാഹനവും സൗകര്യങ്ങളും ഉപയോഗിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ സര്‍ക്കാരിനെതിരേ സമരം ചെയ്യുന്നത് മോശമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കെ റെയില്‍ വിരുദ്ധ സമരത്തിന് മുരളീധരന്‍ പോകുമ്പോള്‍ ഔദ്യോഗിക സൗകര്യങ്ങള്‍ ഉപേക്ഷിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

◼️വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 3,884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. 2020 - 21 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വര്‍ധന. സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 384.60 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ പ്രവര്‍ത്തനലാഭം 273.38 കോടി രൂപ വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 245.62 ശതമാനത്തിന്റെ വര്‍ധനവാണിത്. വ്യവസായ മന്ത്രി പി.രാജീവ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. 11 കമ്പനികള്‍ 10 വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കെല്‍ട്രോണ്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കെല്‍ട്രോണ്‍ കംപോണന്റ് എന്നിവയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മലപ്പുറം സ്പിന്നിംഗ് മില്‍, സ്റ്റീല്‍ ഇഡസ്ട്രീസ് കേരള, കാഡ്കോ, പ്രിയദര്‍ശിനി സ്പിന്നിംഗ് മില്‍, കേരളാ സിറാമിക്സ്, ക്ലേയ്സ് ആന്റ് സിറാമിക്സ്, കെ കരുണാകരന്‍ സ്മാരക സ്പിന്നിംഗ് മില്‍, മലബാര്‍ ടെക്സ്റ്റൈല്‍സ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ 10 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം കാഴ്ചവച്ചു.

◼️കേരളത്തില്‍ അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത.

◼️സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തില്‍ സമാഹരിച്ചത് 7,253.65 കോടി രൂപ. ആറായിരം കോടി രൂപയായിരുന്നു ലക്ഷ്യം. 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങള്‍ നേടി.

◼️കടം വാങ്ങി വികസന പദ്ധതി നടപ്പാക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് എളമരം കരീം എംപി. കടം വാങ്ങി പുട്ടും കടലയും അടിക്കാതിരുന്നാല്‍ മതി. കെ റെയിലിനെതിരെ സമരംനടത്തുന്നത് യുഡിഎഫും ബിജെപിയും ഒറ്റകെട്ടായാണ്. രണ്ടു മൂന്നു മാധ്യമങ്ങളും ഒപ്പമുണ്ട്. ഒരാളെ മുപ്പതാളായി കാണിക്കുന്ന ടെക്‌നിക് മാധ്യമങ്ങളുടെ കയ്യിലുണ്ടെന്നും എളമരം കരീം പറഞ്ഞു.

◼️കോഴിക്കോട് 61 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍. നല്ലൂര്‍ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് പിടിയിലായത്.

◼️കായംകുളത്ത് ജോലിക്കിടെ റെയില്‍വേ ഗേറ്റ് കീപ്പറുടെ മാല കവര്‍ന്നു. ശാസ്താംകോട്ട സ്വദേശി അശ്വതിയുടെ അഞ്ചുഗ്രാം വരുന്ന മാലയാണ് കവര്‍ന്നത്. ഗാര്‍ഡ് റൂമില്‍ അതിക്രമിച്ചു കയറി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.

◼️പാലക്കാട് അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിശുക്ഷേമസമിതി സെക്രട്ടറിയായിരുന്ന കെ വിജയകുമാറിനെതിരെ കേസെടുത്തു. പരാതിക്കാരിയായ ആയയുടെ മൊഴി രേഖപ്പെടുത്തി. സിപിഎം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടി ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തി

◼️പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവ് (20) ആണ് പിടിയിലായത്. ഐടിഐ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ എറണാകുളം തോപ്പുംപടിയില്‍ പ്രണവ് ബസില്‍ നിന്നു വലിച്ചിറക്കി മര്‍ദ്ദിച്ചു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു.

◼️പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് ഗൗരവതരമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി താലോലിക്കുന്ന സമീപനമാണ് സി പി എം സ്വീകരിക്കുന്നത്. പിണറായി വിജയന്‍ നടത്തുന്നത് മത പ്രീണനമാണെന്നും സതീശന്‍ ആരോപിച്ചു.

◼️മൂവാറ്റുപുഴയില്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ താഴ് പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ആശുപത്രിയില്‍ ചികില്‍സയിലുള്ള അജേഷ് ഇല്ലാത്ത സമയത്ത് എത്തി മക്കളെ വീട്ടില്‍നിന്ന് ഇറക്കിവിട്ടാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് വീട് ജപ്തി ചെയ്തത്.

◼️ജര്‍മനിക്കു പിന്നാലെ യുകെയിലേക്കും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. വിശദാംശങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ടോള്‍ ഫ്രീ നമ്പര്‍- 1800 425 3939. മെയില്‍ വിലാസം: [email protected]

◼️അന്റാര്‍ട്ടിക്ക് ഉടമ്പടിയില്‍ ഒപ്പുവച്ച് 40 വര്‍ഷങ്ങള്‍ക്കുശേഷം കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അന്റാര്‍ട്ടിക് ബില്‍ അവതരിപ്പിച്ചു. ജനവാസമില്ലാത്ത അന്റാര്‍ട്ടിക്കയില്‍ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. ബില്ലിലെ വ്യവസ്ഥകള്‍ എങ്ങനെ വിദേശ പൗരന്മാര്‍ക്കു ബാധകമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.

◼️റോഡില്‍ ഓടുന്ന കാറിന്റെ മുകളില്‍ കയറി ലഹരിനൃത്തമാടി യുവാക്കള്‍. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കാറുടമയ്ക്ക് പൊലീസ് 20,000 രൂപ പിഴ ചുമത്തി. ഗാസിയാബാദിലാണ് സംഭവം. യുവാക്കള്‍ മദ്യപിച്ച് ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ്‌വേയിലാണ് കാറിന്റെ മുകളില്‍ കയറി നിന്ന് നൃത്തം ചെയ്തത്.

◼️ഡല്‍ഹി മാതൃകയില്‍ തമിഴ്നാട്ടിലും മോഡല്‍ സ്‌കൂളുകള്‍ സജ്ജമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അദ്ദേഹം ചെന്നൈയിലേക്കു ക്ഷണിക്കുകയും ചെയ്തു. ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സ്റ്റാലിനോട് വിശദീകരിച്ചു. ഏഴു വര്‍ഷമായി വിദ്യാഭ്യാസത്തിനായി ബജറ്റിന്റെ 25 ശതമാനം ചെലവഴിക്കുന്നുണ്ടെന്ന് ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ സ്റ്റാലിനെ അറിയിച്ചു.

◼️തമിഴ്നാട് തിരുപ്പത്തൂര്‍ ജാവദുമലൈയില്‍ വാന്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒമ്പത് യാത്രക്കാര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം. 26 പേരാണ് വാനില്‍ ഉണ്ടായിരുന്നത്.

◼️മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ രണ്ടു കുട്ടികളില്‍ കൂടുതലുള്ള സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്. മൂന്നാമത്തെ കുഞ്ഞു ജനിച്ചാല്‍ ഉദ്യോഗം നഷ്ടപ്പെടുമെന്ന് 2000-ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2001 ജനുവരി 26 ന് ശേഷം മൂന്നാമത്തെ കുഞ്ഞു ജനിച്ചാല്‍ ജോലി നഷ്ടപ്പെടുമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്.

◼️ഇന്ത്യയും ഓസ്‌ട്രേലിയയും വ്യാപാര കരാറില്‍ ഒപ്പുവച്ചു. വെര്‍ച്ച്വല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയന്‍ വ്യാപാരകാര്യ മന്ത്രി ഡാന്‍ ടെഹാനുമാണ് കരാറുകളില്‍ ഒപ്പിട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണും സന്നിഹിതരായിരുന്നു.

◼️യുക്രെയിന്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലേക്കുള്ള സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി മാര്‍പാപ്പയെ കീവിലേക്ക് ക്ഷണിച്ചതു മധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇക്കാര്യം തന്റെ പരിഗണനയിലാണെന്ന് മാര്‍പാപ്പ വ്യക്തമാക്കിയത്.

◼️ശ്രീലങ്കയിലേക്ക് ഇന്ത്യ 40,000 ടണ്‍ അരി നല്‍കുന്നു. നേരത്തെ 100 കോടി ഡോളറിന്റെ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപുറമെ, 100 കോടി ഡോളര്‍ കൂടി ശ്രീലങ്ക ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു.

◼️അല്‍ ഹദീത തുറമുഖം വഴി സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ട്രക്കുകളില്‍ ഒളിപ്പിച്ച പതിനഞ്ചു ലക്ഷത്തിലേറെ ക്യാപ്റ്റഗണ്‍ ലഹരിമരുന്ന് ഗുളികകളാണ് സൗദി ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.

◼️ചൈനയിലെ വാണിജ്യനഗരമായ ഷാങ്ഹായിയില്‍ ലോക് ഡൗണ്‍ മൂലം ഇരുപതിനായിരത്തിലേറെ ബാങ്കര്‍മാരും വ്യാപാരികളും ജീവനക്കാരും അന്തിയുറങ്ങുന്നത് ഓഫീസുകളില്‍. ബിസിനസ് മുടങ്ങാതിരിക്കാനാണ് സ്ലീപ്പിംഗ് ബാഗും പുതപ്പുമായി ഇവര്‍ ഓഫീസില്‍ തന്നെ താമസമുറപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.

◼️ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കരുത്താരായ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ ജോസ് ബട്‌ലറും മികച്ച ബൗളിങ് കാഴ്ചവെച്ച യൂസ്വേന്ദ്ര ചാഹലുമാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

◼️ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തകര്‍ത്ത നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം. ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

◼️ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനും മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്കും വിജയം. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ്ബ് ലോകകപ്പും നേടിയ ചെല്‍സി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ലിവര്‍പൂള്‍ വിജയമാഘോഷിച്ചത്. നിലവിലെ ചാമ്പ്യന്മാരായ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബേണ്‍ലിയെ കീഴടക്കിയത്. അതേസമയം ചെല്‍സിയെ താരതമ്യേന ദുര്‍ബലരായ ബ്രെന്റ്‌ഫോര്‍ഡാണ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അട്ടിമറിച്ചത്.

◼️കേരളത്തില്‍ ഇന്നലെ 15,230 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,836 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1027 കോവിഡ് രോഗികള്‍. നിലവില്‍ 29,093 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.90 കോടി കോവിഡ് രോഗികളുണ്ട്.

◼️ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പന ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 71 ശതമാനം വര്‍ധിച്ച് 99,550 യൂണിറ്റിലെത്തി. ഭവനവായ്പയുടെ കുറഞ്ഞ പലിശ നിരക്കിന്റെയും സ്വന്താമെയാരു വീടെന്ന സങ്കല്‍പ്പം വര്‍ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ വില്‍പ്പന വര്‍ധന. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ വില്‍പ്പനയാണിതെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനറോക്ക് അഭിപ്രായപ്പെട്ടു. ഡല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ബെംഗളൂരു, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ഭവന ഭൂമി വില്‍പ്പന മുന്‍ പാദത്തില്‍ 90,860 യൂണിറ്റുകളും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 58,290 യൂണിറ്റുകളുമാണ്. പ്രൊപ് ടൈഗറിന്റെ റിപ്പോര്‍ട്ട് പ്രകാരം എട്ട് പ്രധാന നഗരങ്ങളിലായി ജനുവരി-മാര്‍ച്ച് കാലയളവില്‍ ഭവന വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 70,623 യൂണിറ്റിലെത്തി.

◼️പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് (എസ്ഇസിഎല്‍) അറിയിച്ചു. കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എസ്ഇസിഎല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2021-22) 142.51 ദശലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായതായി കമ്പനി വ്യക്തമാക്കി. പോയ സാമ്പത്തിക വര്‍ഷത്തില്‍ 622 മില്യണ്‍ ടണ്‍ ഉത്പാദനമാണ് കമ്പനി കൈവരിച്ചത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം 700 മില്ല്യണ്‍ ടണ്‍ ഉത്പാദിപ്പിക്കാനാണ് കോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

◼️ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ടീസര്‍ പുറത്തിറക്കിയത്. നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് നാദിര്‍ഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര.

◼️രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന കീടത്തിന്റെ ടീസര്‍ പുറത്തെത്തി. രജിഷ തന്നെ നായികയായ ഖോ ഖോയ്ക്കു ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനിവാസനും വിജയ് ബാബുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മഥന്‍, മഹേഷ് എം നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

◼️2022 മാര്‍ച്ചില്‍ ഹ്യുണ്ടായ് ഇന്ത്യ 55,287 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ 44,600 വാഹനങ്ങള്‍ ചില്ലറ വില്‍പ്പന നടത്തി. 10,687 വാഹനങ്ങള്‍ അന്താരാഷ്ട്ര വിപണികളിലേക്ക് അയച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 6,10,760 കാറുകള്‍ വിറ്റഴിച്ച് 6.1 ശതമാനം വളര്‍ച്ചയാണ് ഹ്യൂണ്ടായ് ഇന്ത്യ രേഖപ്പെടുത്തിയത്. മുന്‍ മാസങ്ങളില്‍ നടത്തിയ ബിസിനസിനെ അപേക്ഷിച്ച്, മൊത്തം വില്‍പ്പനയില്‍ ഹ്യുണ്ടായ് ഇന്ത്യ സ്ഥിരമായ വളര്‍ച്ച കൈവരിക്കുകയാണ്.

◼️പ്രകൃതി അനുഗ്രഹിച്ച് നല്‍കിയ ഒരുപാട് അത്ഭുതങ്ങളെ കണ്ടെത്തുവാനുള്ള യാത്രയാണ് ക്ലാസ്മുറിയിലെ പാഠ പുസ്തകങ്ങളില്‍ നിന്ന് പ്രകൃതിയുടെ പാഠപുസ്തകത്തിലേയ്ക്ക് നമ്മള്‍ പ്രവേശിക്കാന്‍ പോകുന്നത്. 'പാഠം ഒന്ന് പരിസ്ഥിതി'. ദിനേശന്‍ കണ്ണപുരം. ന്യൂ ബുക്സ്. വില 114 രൂപ.

◼️ഭാവിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകള്‍ പ്രധാനമായും മൂന്ന് തരത്തിലാണെന്ന് ലോകാരോഗ്യ സംഘടന. വൈറസിന് മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കുമെങ്കിലും രോഗതീവ്രത കുറവായിരിക്കും. ആദ്യത്തെ സാധ്യത അനുസരിച്ച് കുറഞ്ഞ തീവ്രതയുള്ള തരംഗങ്ങള്‍ കോവിഡിനെതിരെയുള്ള മനുഷ്യരുടെ പ്രതിരോധ ശക്തി കുറയുന്നതിന് അനുസരിച്ച് അവിടിവിടങ്ങളില്‍ പൊട്ടിപ്പുറപ്പെടാം. ഈ സാധ്യതയെ നേരിടാന്‍ ഉയര്‍ന്ന റിസ്‌കുള്ള ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണം. ഈ സാധ്യത അനുസരിച്ച് കോവിഡ് ഇന്‍ഫ്ളുവന്‍സ പനി പോലെ മഞ്ഞുകാലത്തൊക്കെ തല പൊക്കുന്ന ഒരു സീസണല്‍ രോഗമായി മാറാം. രണ്ടാമത്തെ സാധ്യത അനുസരിച്ച് കോവിഡിന്റെ ഭാവി വകഭേദങ്ങള്‍ ഇപ്പോഴത്തേതിനേക്കാള്‍ തീവ്രത കുറഞ്ഞതും കുറഞ്ഞ നിരക്കിലുള്ള അണുബാധയും ആശുപത്രിവാസവും ഉണ്ടാക്കുന്നതുമായിരിക്കും. ബൂസ്റ്റര്‍ ഡോസുകളില്ലാതെതന്നെ ജനങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് കോവിഡിനെതിരെ സംരക്ഷണം ലഭിക്കാം. നിലവിലെ വാക്സീനുകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യവും ഈ സാധ്യതയിലില്ല. മൂന്നാമത്തെ സാധ്യത വിരല്‍ചൂണ്ടുന്നത് കൂടുതല്‍ മാരകവും വ്യാപനശേഷി കൂടിയതും തീവ്രവുമായ വകഭേദം ഉണ്ടാകുന്നതിനെ കുറിച്ചാണ്. ഈ സാഹചര്യം വന്നാല്‍ നിലവില്‍ ഉപയോഗിക്കുന്ന വാക്സീനുകളൊന്നും ഫലപ്രദമായെന്ന് വരില്ല. ഇത്തരമൊരു ഘട്ടം വന്നാല്‍ കോവിഡ് വാക്സീനുകളുടെ ഒരു പുതുക്കിയ വേര്‍ഷന്‍ അവതരിപ്പിക്കേണ്ടി വരുമെന്നും വ്യാപകമായ തോതില്‍ ബൂസ്റ്റര്‍ വാക്സീനുകള്‍ എടുക്കേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടന. കൃത്യമായ ആസൂത്രണത്തോടെ രാജ്യങ്ങള്‍ മുന്നോട്ട് നീങ്ങിയാല്‍ ഇതില്‍ ഏതു തരത്തില്‍ വൈറസിന് പരിവര്‍ത്തനം സംഭവിച്ചാലും കോവിഡിനെ നിയന്ത്രിച്ച് നിര്‍ത്താനാകുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post