പ്രധാന വാർത്തകൾ

*2022 ഏപ്രിൽ 11
*1443 റമളാൻ 09
*1197 മീനം 28
*തിങ്കൾ | പൂയം

◼️പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് ഇദ്ദേഹം. അവിശ്വാസ പ്രമേയം പാസായതോടെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്തായിരിക്കേയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിന്‍സിന്റെ മുഖ്യമന്ത്രിയായിരുന്നു. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അനുജനാണ്. 1951 -ല്‍ ലാഹോറിലാണു ജനനം.

◼️ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് കോണ്‍ഗ്രസിന്റെ സ്ഥാനം എവിടെയാണെന്ന് സ്വയം പരിശോധിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. എന്നാല്‍ ഏകാധിപാത്യ സര്‍ക്കാരിനെതിരായ സെമിനാറില്‍പോലും പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്നു യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️പിപ്പിടി കാട്ടിയാല്‍ ഭയന്നു പോകുന്നവരല്ല സിപിഎമ്മുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിനോടു ധൈര്യമായി മുന്നോട്ടു പോകാനാണ് പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞത്. തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് വിരുദ്ധരുടെ ലക്ഷ്യം. സിപിഎമ്മില്‍ വ്യത്യസ്ത ചേരിയുണ്ടെന്നു പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◼️സാമ്പത്തികത്തട്ടിപ്പു കേസില്‍ അറ്റ്ലസ് ജ്വല്ലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അറ്റ്ലസ് രാമചന്ദ്രന്‍, ഭാര്യ ഇന്ദിര എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സ്വര്‍ണം, വെള്ളി, രത്‌നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് 2013-18 ല്‍ 242 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസിലാണു നടപടി.

◼️നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് കാവ്യാ മാധവന്‍ ഇന്നു ഹാജരാകില്ല. ബുധനാഴ്ച ഉച്ചക്കു രണ്ടിന് ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യാമെന്നാണ് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.

◼️സിപിഎം നേതാവ് എം.സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിയുടെ ഇരുപത്തിമൂന്നാം കോണ്‍ഗ്രസില്‍ പങ്കെടുക്കവേയാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈനെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങിയവരും അനുശോചിച്ചു.

◼️അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്റെ മൃതദേഹം ഇന്നു കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും. ജോസഫൈന്റെ ആഗ്രഹപ്രകാരമാണിത്.

◼️താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അല്ല അവര്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താന്‍ പങ്കെടുത്തത്. കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് വിലക്കു ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

◼️കെ റെയിലില്‍ ജനങ്ങളുടെ ഭൂമി കൈയേറിയുള്ള കല്ലിടലിനെതിരെ എന്താണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരനോട് ഭൂമി നഷ്ടമാകുന്ന ഗൃഹനാഥന്റെ ചോദ്യം. തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തിലെ കെ റെയില്‍ പ്രതിഷേധക്കാരെ കാണാനെത്തിയപ്പോഴാണ് ഇങ്ങനെ ചോദ്യമുന്നയിച്ചത്. കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്നും ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വി മുരളീധരന്‍ മറുപടി നല്‍കി.

◼️കെ റെയിലിനായി ഭൂമി വിട്ടുകൊടുക്കുന്നവരുടെ കൂടെ സര്‍ക്കാരുണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതി സംബന്ധിച്ച തെറ്റിദ്ധാരണ മാറ്റും. സില്‍വര്‍ ലൈനിനെ എതിര്‍ക്കാന്‍ കോ ലി ബി സഖ്യം രംഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◼️ഇടുക്കി തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായി. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു. ഒന്നര വര്‍ഷത്തിനിടെ 15 പേര്‍ പീഡിപ്പിച്ചു. ബേബി എന്ന രഘുവിനു പുറമേ, പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ചി സ്വദേശി തങ്കച്ചന്‍, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍ ,കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണ്.  

◼️കൊട്ടാരക്കര കൊക്കാട് മനോജ് വധക്കേസില്‍ രണ്ടു പ്രതികള്‍ പിടിയിലായി. കൊക്കാട് സ്വദേശികളായ അനിമോന്‍, സജി എന്നിവരാണ് പിടിയിലായത്.

◼️പത്തനംതിട്ട തിരുവല്ലയില്‍ തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയിലെ ഓശാന റാലിക്കുനേരെ ആക്രമണം. റാലിയില്‍ പങ്കെടുത്ത തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് അടക്കം നാലു പേര്‍ക്കുനേരെ അക്രമി സംഘം കുരുമുളക് സ്പ്രേ അടിച്ചു. റാലിയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമം ഉണ്ടായത്.

◼️ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ആക്രമണകാരികളായ മൂന്നു കാട്ടാനകളെ പ്രദേശത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍. വനംവകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. വിഷയം വനംവകുപ്പ് മേധാവിയെ രേഖാമൂലം അറിയിക്കുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം സിങ്കുകണ്ടത്ത് കാട്ടാന അക്രമണത്തില്‍ ബാബു എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു.

◼️കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍നിന്ന് ഒഴിപ്പിച്ച കടകള്‍ പൊളിച്ചുനീക്കി. വന്‍ പൊലീസ് സുരക്ഷയിലാണ് നടപടികള്‍. ഇന്നലെ രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ വന്‍ പോലീസ് സന്നാഹവുമായാണ് കെടിഡിഎഫ്സി അധികൃതര്‍ കടകള്‍ ഒഴിപ്പിക്കാനെത്തിയത്. 

◼️തിരുവനന്തപുരം കാരക്കോണം ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശിവേലി വിഗ്രഹം ഉള്‍പ്പെടെ മോഷണം പോയി. ശ്രീകോവില്‍ കുത്തിതുറന്നായിരുന്നു മോഷണം.

◼️ഇന്ധനവില വര്‍ധനവിനെച്ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മില്‍ വിമാനത്തില്‍ തര്‍ക്കം. ഗോഹട്ടിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. എല്‍പിജി സിലിണ്ടര്‍ വില വര്‍ധന സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നെറ്റാ ഡിസൂസ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ വാക്സീനെക്കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്. ചോദിച്ചതിനു മറുപടി പറയൂവെന്നു പറഞ്ഞു തര്‍ക്കമായി. സ്മൃതി ഇറാനിയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചു.

◼️യാത്രക്കാര്‍ക്കുള്ള ട്രെയിന്‍ കംപാര്‍ട്ടുമെന്റില്‍ കുതിരയേയും കയറ്റി യാത്ര ചെയ്ത കുതിരയുടമ അറസ്റ്റിലായി. ദക്ഷിണ ദുര്‍ഗാപൂരില്‍ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത നാല്‍പതുകാരനായ ഗഫൂര്‍ അലി മൊല്ലയാണ് പിടിയിലായത്. കംപാര്‍ട്ടുമെന്റില്‍ യാത്രക്കാര്‍ക്കിടയില്‍ നില്‍ക്കുന്ന കുതിരയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

◼️സിപിഎം എന്നും അടിസ്ഥാന വര്‍ഗ്ഗത്തിനൊപ്പമാണെന്ന് ദളിത് വിഭാഗത്തില്‍നിന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാമചന്ദ്ര ഡോം. ജാതി വ്യവസ്ഥ യാഥാര്‍ത്ഥ്യമാണെങ്കിലും വര്‍ഗസമരത്തിനു പാര്‍ട്ടി പ്രാധാന്യം നല്കുമെന്നും രാമചന്ദ്ര ഡോം പറഞ്ഞു.

◼️പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്നു ചര്‍ച്ച നടത്തും. റഷ്യ യുക്രെയ്ന്‍ യുദ്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ ചര്‍ച്ച.

◼️ന്യൂഡല്‍ഹി ജെഎന്‍യു ഹോസ്റ്റലില്‍ രാമനവമിയോടനുബന്ധിച്ചു മാംസഹാരം വിളമ്പുന്നതിനെച്ചൊല്ലി സംഘര്‍ഷം. കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. അക്രമത്തിനു പിന്നില്‍ എബിവിപി ആണെന്ന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.

◼️ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് തയ്യാറായില്ലെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നിലനില്‍പിനെക്കുറിച്ചു ചിന്തിക്കുന്നതു നല്ലതാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. സ്വന്തം നിലനില്‍പ്പിനെക്കുറിച്ചാണ് കോണ്‍ഗ്രസ് ചിന്തിക്കേണ്ടത്. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒന്നും ചെയ്യാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മായാവതി കുറ്റപ്പെടുത്തി.

◼️ശ്രീലങ്കയില്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പുതിയ ചൈനീസ് നിക്ഷേപങ്ങളുണ്ടായിട്ടില്ലെന്നും ഇന്ത്യയുടെ പിന്തുണ സഹായകരമായെന്നും ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. സാമ്പത്തിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ കഴിവുകേടാണ് പ്രതിസന്ധിക്കു കാരണം. അദ്ദേഹം ആരോപിച്ചു.

◼️സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് സംരംഭങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന. കഴിഞ്ഞ മാസം 4,844 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 20 സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്.

◼️ദുബൈ പൊലീസ് അറസ്റ്റുചെയ്ത യാചകനില്‍നിന്നു കണ്ടെടുത്തത് 40,000 ദിര്‍ഹം. അതായത് എട്ടു ലക്ഷം രൂപ. ഇതിനു പുറമേ, അറബ്, വിദേശ കറന്‍സികളും. ഭിക്ഷാടനത്തിനെതിരായ ദുബൈ പൊലീസിന്റെ തെരച്ചിലിനിടയിലാണ് ഇയാള്‍ പിടിയിലായത്.

◼️രാജമൗലിയുടെ പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ഈ സ്വപ്നനേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ഇന്ത്യന്‍ സിനിമയാണിത്. ദംഗല്‍, ബാഹുബലി എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു രണ്ടു ചിത്രങ്ങള്‍.

◼️ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 44 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 19.4 ഓവറില്‍ 171 റണ്‍സില്‍ അവസാനിച്ചു.

◼️ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് റണ്‍സിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ആറു പോയിന്റുമായി റോയല്‍സ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

◼️കേരളത്തില്‍ ഇന്നലെ 10,673 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,211 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 799 കോവിഡ് രോഗികള്‍. നിലവില്‍ 27,187 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ ആറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 4.46 കോടി കോവിഡ് രോഗികളുണ്ട്.

◼️സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ 2021-22 സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വിറ്റുവരവ് നേടി. 522 കോടി രൂപയാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ്. 20 കോടി രൂപയുടെ അറ്റാദായവും നേടി. 458 കോടിയായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവ്. ഉപകമ്പനികളായ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡ് (കണ്ണൂര്‍) 78.50 കോടി രൂപയും, കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് (മലപ്പുറം) 13.85 കോടി രൂപയും വിറ്റുവരവുണ്ടാക്കി.

◼️കൊച്ചി തുറമുഖം ചരക്കു കൈകാര്യത്തില്‍ പ്രധാന എതിരാളികളായ തൂത്തുക്കുടിയെ മറികടന്നു; 20 വര്‍ഷത്തിനു ശേഷം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി തുറമുഖം കൈകാര്യം ചെയ്തതു 34.55 ദശലക്ഷം മെട്രിക് ടണ്‍ ചരക്ക്. 34.12 ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണു തൂത്തുക്കുടി വി.ഒ. ചിദംബരനാര്‍ തുറമുഖം കൈകാര്യം ചെയ്തത്. തുറമുഖത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 34.55 ദശലക്ഷം മെട്രിക് ടണ്‍ ചരക്കു കൈകാര്യം ചെയ്യുന്നത്. 2020-21 സാമ്പത്തിക വര്‍ഷം 31.50 ദശലക്ഷം മെട്രിക് ടണ്‍ ചരക്കു കൈകാര്യം ചെയ്ത സ്ഥാനത്താണ് ഈ നേട്ടം; വര്‍ധന 9.67 %.

◼️കന്നട സൂപ്പര്‍താരം രക്ഷിത് ഷെട്ടി നായകനാക്കി മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രം '777 ചാര്‍ളി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 10ന് മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായി പുറത്തിറങും. എപ്പോഴും പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് ചാര്‍ളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഇതിവൃത്തം. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

◼️ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ആര്‍ആര്‍ആര്‍. ഒരു ഇന്ത്യന്‍ സിനിമ മൂന്നാം തവണയാണ് ഈ സ്വപ്നനേട്ടം സ്വന്തമായിരിക്കുന്നത്. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു രണ്ട് ചിത്രങ്ങള്‍. ഇതില്‍ ദംഗലിന്റെ ആഗോള ഗ്രോസ് 2024 കോടിയും ബാഹുബലി 2ന്റേത് 1810 കോടിയും ആയിരുന്നു. ബജ്റംഗി ഭായ്ജാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് തന്നെ 710 കോടി ആയിരുന്നു.

◼️കര്‍വ് എന്ന പേരില്‍ പുതിയ ഇലക്ട്രിക് എസ്യുവിയുടെ കോണ്‍സെപ്റ്റ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഒറ്റ ചാര്‍ജില്‍ 400 - 500 കിലോമീറ്റര്‍ മൈലേജും ഫാസ്റ്റ് ചാര്‍ജിങ്ങും അടക്കമുള്ള സൗകര്യങ്ങളുമായി വാഹനം രണ്ടു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കുമെന്ന് ടാറ്റ അറിയിച്ചു. കൂപ്പെ ശൈലിയിലുള്ള വാഹനത്തിന്റെ ഇലക്ട്രിക് ഇതര വകഭേദവും വിപണിയിലെത്തിക്കും.

◼️വിഷയം കൊണ്ടും അവതരണം കൊണ്ടും പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ഒരു നോവലാണ് ഇത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ നേര്‍ചിത്രമാണ് ഈ നോവല്‍ വരച്ചിടുന്നത്. മഹാമാരിയുടെ കാലത്ത് ഇന്ത്യ എന്തായിരുന്നുവെന്ന് ഭാവിയില്‍ ആരെങ്കിലും പരതുമ്പോള്‍ അതിനെ വ്യക്തമായി പകര്‍ത്തിയ ഒരു നോവല്‍ എന്ന നിലയില്‍ ഇത് ശ്രദ്ധിക്കാതെ കടന്നുപോകാന്‍ ആവില്ല. അതാണ് ഈ നോവലിന്റെ ചരിത്രപരമായ ദൗത്യം. 'ഇഷാംബരം'. അരുണ്‍ ആര്‍. ഗ്രീന്‍ ബുക്സ്. വില 285 രൂപ.

◼️ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. മരുന്നുകള്‍ കഴിച്ച് രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാനാണ് പലരും ശ്രമിക്കുന്നതും. എന്നാല്‍ ഇതോടൊപ്പം ശരിയായ ആഹാരരീതിയും ജീവിതക്രമവും പാലിക്കേണ്ടതും അത്യാവശ്യമാണ്. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കും. ഇതുവഴി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. ഓട്‌സില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ബീറ്റാ-ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും തുടര്‍ന്ന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന നാരുകളും ഇതില്‍ ഉണ്ട്. വെളുത്തുള്ളി ഒരു ആന്റിബയോട്ടിക് അല്ലെങ്കില്‍ ആന്റിഫംഗല്‍ ഭക്ഷണം മാത്രമല്ല. നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുകയും അതുവഴി രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്ന ഒന്നുമാണ്. മാതളനാരങ്ങ ജ്യൂസ് കുടുക്കുന്നത് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കും. അതേസമയം അധികം ഉപ്പിട്ടവ വിപരീതഫലം നല്‍കുമെന്നതിനാല്‍ അത്തരം വിഭവങ്ങള്‍ ഒഴിവാക്കണം. ഫ്രഷ് ആയിട്ടുള്ള പച്ചിലക്കറികള്‍ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് വളരെയധികം ഫലപ്രദമാണ്. ചീര, കടുക്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഉത്തമമാണ്. ദിവസവും ഒരു പഴം വീതം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സോഡിയത്തിന്റെ ഇഫക്ട് കുറയ്ക്കുകയും രക്തക്കുഴലുകളുടെ ഭിത്തികളിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

ശുഭദിനം

കവിത കണ്ണന്‍
ആഫിക്കന്‍ രാജ്യമായ മൗറീഷ്യസില്‍ ഒരു പക്ഷിവംശം ഇല്ലാതായി. ഡ്യോഡു എന്നാണ് ആ പക്ഷിയുടെ പേര്. ഏകദേശം നമ്മുടെ താറാവിനെപോലെയിരിക്കും. ഇതൊടൊപ്പം തന്നെ മറ്റൊരു കാര്യവും അവിടെ നടന്നു. കല്‍വാരിയ എന്ന പേരുള്ള മധുരമുള്ള പഴങ്ങള്‍ ധാരാളം ഉണ്ടാകുന്ന ഒരു മരവും അവിടെ അപ്രത്യക്ഷമായി. ഈ പക്ഷിയും മരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നായി അടുത്ത അന്വേഷണം. അവസാനം അവര്‍ ഉത്തരം കണ്ടെത്തി. കല്‍വാരിയ മരത്തിന്റെ വിത്തുകള്‍ മരച്ചുവട്ടില്‍ നിന്നും പലയിടത്തായി കൊണ്ടുപോയി നിക്ഷേപിച്ചിരുന്നത് ഡ്യോഡു പക്ഷിയായിരുന്നു. ആ പക്ഷിയുടെ ദഹനപ്രക്രിയയില്‍ മാത്രമേ വിത്തിന് പതം വന്ന് പുതിയ നാമ്പുകള്‍ മുളയ്ക്കാന്‍ ആ വിത്ത് പ്രാപ്തമാവുകയുള്ളൂ. ആ പക്ഷിയില്ലാതായപ്പോള്‍ ആ മരവും ഇല്ലാതായി നമ്മുടെ ജീവിത്തിലും അങ്ങിനെ തന്നെയാണ്.. ഒരാള് പോയാല്‍ വേറൊരാളെ കിട്ടൂലെ എന്നെല്ലാം ചോദിക്കാന്‍ എത്ര എളുപ്പമാണ്. പ്രകൃതിയെ മാത്രമല്ല, ചില മനുഷ്യരേയും അങ്ങിനെ തന്നെയാണ് ഈശ്വരന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പലരും പലരുടേയും മുറിവുകളെ ഉണക്കുന്ന പച്ചമരുന്നാണ്. സ്‌നേഹിക്കാന്‍ ഒരു കാരണമെങ്കിലും ബാക്കിയുണ്ടെങ്കില്‍ നമുക്കും മറ്റുള്ളവരെ ചേര്‍ത്തുനിര്‍ത്താം. - ശുഭദിനം.

Post a Comment

Previous Post Next Post