പ്രധാന വാർത്ത


◼️സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ടതുണ്ടോ? സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ സര്‍വ്വേ നടത്താനും കല്ലിടാനും നോട്ടീസ് നല്‍കേണ്ടതല്ലേ? ആയിരം കോടിയിലേറെ ചെലവു വരുന്ന ഇത്തരം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടോ?. ഭൂമിയില്‍ സര്‍വ്വേ കല്ലുകള്‍ കണ്ടാല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലേ? സില്‍വര്‍ ലൈന്‍ സര്‍വേ കല്ലു സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

◼️സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. സാമൂഹിക അകലം പാലിക്കല്‍ അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കി. അതേസമയം മാസ്‌കും വ്യക്തിശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ് നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല.

◼️എല്ലാ സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും രണ്ടര ലക്ഷത്തിലേറെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പ്രസംഗിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും അച്ചടക്ക സമിതി സെക്രട്ടറിയുമായ താരീഖ് അന്‍വര്‍. കെപിസിസിയുടെ നിര്‍ദ്ദേശമനുസരിച്ചാവും ഹൈക്കമാന്‍ഡ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കളെ വിലക്കിയതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍' എന്ന സെമിനാറിലായിരുന്നു ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്നത്. പ്രതിപക്ഷ ഐക്യവേദിക്കു കോണ്‍ഗ്രസ്തന്നെ തടസമുണ്ടാക്കുകയാണെന്ന് കാരാട്ട് പറഞ്ഞു.  

◼️നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഏപ്രില്‍ 15 നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്. സൂരജിന്റെ മൊബൈല്‍ ഫോണില്‍നിന്ന് പുതിയ വിവരങ്ങള്‍ ലഭിച്ചെന്നും ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണത്തിനു സാവകാശം വേണമെന്നുമാണ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത്.

◼️കോട്ടയത്തുനിന്ന് കര്‍ണാടകയിലേക്കു വിനോദയാത്രപോയ മൂന്നു കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. ഉടുപ്പിയിലെ സെന്റ് മേരീസ് ഐലന്റില്‍ കടല്‍ത്തിട്ടയില്‍ ഇരിക്കുമ്പോള്‍ കല്ലിളകി മൂവരും കടലില്‍ പതിക്കുകയായിരുന്നു. കോട്ടയം മംഗളം കോളജിലെ അവസാന വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥികളായ കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.

◼️കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരഷ് കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘടന നേതാക്കള്‍. വൈദ്യുതി ബോര്‍ഡില്‍ ചട്ടപ്പടി സമരം വേണ്ടിവന്നേക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി. കെഎസ്ഇബി ആസ്ഥാനത്ത് ഇന്നു കരിദിനം ആചരിക്കും. തിങ്കളാഴ്ച മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം സംഘടിപ്പിക്കും. ചൊവ്വാഴ്ച മുതല്‍ സംയുക്ത സമര സഹായ സമിതി രൂപീകരിച്ചായിരിക്കും പ്രക്ഷോഭം നടത്തുകയെന്നും യൂണിയന്‍.

◼️കേരളത്തിന് 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചു. മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണമെന്ന സംസ്ഥാന ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വര്‍ തേലി കൂടുതല്‍ മണ്ണെണ്ണ അനുവദിച്ചത്. വില ലിറ്ററിന് 81 രൂപയാണ്.

◼️മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വകുപ്പുതല നടപടി. ആരോപണ വിധേയയായ ജൂനിയര്‍ സുപ്രണ്ട് അജിത കുമാരിയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷ്ണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

◼️ലോക്‌സഭാ സമ്മേളനത്തിനിടെ ബഞ്ചില്‍ താടിവച്ച് സുപ്രിയ സുലെയോട് സംസാരിക്കുന്ന തരൂരിന്റെ വീഡിയോക്കു പ്രതികരണവുമായി ശശി തരൂര്‍. ഫാറൂഖ് അബ്ദുള്ള ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു. അടുത്തതായി സംസാരിക്കേണ്ട സുപ്രിയ സുലെ ചില സംശയം ചോദിച്ചതാണ്. ഫാറുഖിന്റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാനാണ് ബഞ്ചില്‍ താടിവച്ച് ചാഞ്ഞിരുന്ന് സുപ്രിയയുടെ ചോദ്യം കേട്ടതും മറുപടി നല്‍കിയതും. കുശലാന്വേഷണം എന്ന പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ആസ്വദിക്കുന്നതെല്ലാം കൊള്ളാം, പക്ഷേ, അത് ഞങ്ങളുടെ ചെലവില്‍ വേണ്ടെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

◼️എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ഓശാന ഞായറാഴ്ച ആരംഭിക്കുമെന്ന് സീറോ മലബാര്‍ സഭാ സിനഡ്. ഡിസംബര്‍ 25 വരെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അതിരൂപതയിലെ പള്ളികള്‍ക്ക് ഇളവു നല്‍കിക്കൊണ്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഇറക്കിയ സര്‍ക്കുലര്‍ സിനഡ് അസാധുവാക്കി. ഓശാന ഞായറാഴ്ച എറണാകുളം ബസിലിക്ക പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലും സംയുക്തമായി ഏകീകൃത കുര്‍ബാന അര്‍പ്പിക്കും. ഏതെങ്കിലും പള്ളികളില്‍ അസൗകര്യമുണ്ടെങ്കില്‍ ഇളവു തേടാവുന്നതാണ്.

◼️മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ അമ്മാവന്‍ കൊല്ലപ്പെട്ടു. കൊല്ലം മടത്തറ അരിപ്പ ഇടപ്പണയില്‍ ചരുവിളവീട്ടില്‍ വയസ്സുളള കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയും അനന്തരവനുമായ രതീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കരിങ്കല്ലു കൊണ്ട് തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

◼️തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ പരാതി നല്‍കിയതിന് യുവാവിനു മര്‍ദ്ദനം. വര്‍ക്കല സ്വദേശി അനുവിനെയാണ് ചാവടിമുക്ക് ജംഗ്ഷനില്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ലഹരി ഉപയോഗിത്തിനെതിരേ അനുവിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ 40 പേര്‍ ഒപ്പിട്ട പരാതി പൊലീസിനു കൈമാറിയതില്‍ പ്രകോപിതരായാണ് ആക്രമണം.

◼️കണ്ണൂര്‍ കൊളവല്ലൂര്‍ നരിക്കോട് മലയില്‍നിന്ന് സ്ഫോടക വസ്തുകള്‍ പിടികൂടി. നരിക്കോട് മലയില്‍ താമസിക്കുന്ന ജോഷിയുടെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിന്‍ സ്റ്റിക്ക്, 17 ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തിയത്. ജോഷിയെ കൊളവല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

◼️പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയത്. പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികള്‍ മോഷണ കേസിലെ പ്രതി അടിച്ചു തകര്‍ത്തെന്നു പോലീസ് പറയുന്നു.

◼️തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാല്‍ തകര്‍ന്നു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരിമാഫിയയാണ് ആക്രമണത്തിനു പിന്നില്‍.

◼️ഗള്‍ഫില്‍ കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്‍ എടമുള സ്വദേശി റൂബിയുടെ (63) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.

◼️ഒന്‍പത് വയസ്സുകാരിയെ ഓട്ടോയില്‍ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവിതാന്ത്യം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം മണ്ണന്തല ചെഞ്ചേരി ലെയിനില്‍ കുരുന്‍കുളം ത്രിശാലയത്തില്‍ ത്രിലോക് എന്ന അനി (53) യെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

◼️തെക്കന്‍ പാങ്ങില്‍ നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞ് കാല്‍നടയാത്രക്കാരന്‍ ചെട്ടിപ്പടി തെക്കേപ്പാട്ട് ശ്രീധരന്‍ നായര്‍ (64) മരിച്ചു. എടയൂര്‍ റോഡില്‍ ചെട്ടിപ്പടിയിലാണ് അപകടം.

◼️മൂന്നാറില്‍ വന്യമ്യഗശല്യം രൂക്ഷമാകുന്നതിനെതിരെ പ്രതിഷേധം. ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് പ്രതിഷേധ ധര്‍ണ നടത്തി.

◼️പൊലീസ് പട്രോളിംഗ് വാഹനത്തില്‍നിന്നു 13,960 രൂപ കൈക്കൂലി പണം കണ്ടെത്തി. പാറശ്ശാലയിലെ പട്രോളിംഗ് വാഹനത്തില്‍നിന്നാണ് വിജിലന്‍സ് സംഘം പണം പിടികൂടിയത്. ഗ്രേഡ് എസ്ഐയും ഡ്രൈവറും ചേര്‍ന്നാണ് പണം പിരിച്ചതെന്നാണ് വിജിലന്‍സ് പറയുന്നത്.

◼️സഹോദരി മരിച്ചതിനു പിറകേ, സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വകാര്യ ബസും ടിപ്പര്‍ ലോറിയു ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവറായ മടത്തൊടി ബാലകൃഷ്ണനാണു മരിച്ചത്. സഹോദരി രാധ രണ്ടാഴ്ച മുമ്പാണ് മരിച്ചത്.

◼️നൂറ്റമ്പതിലേറെ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ലൈംഗിക ബന്ധം ആവശ്യപ്പെട്ട സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ സച്ചിന്‍ കുമാര്‍ എന്ന മുപ്പതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ യമുനാനഗര്‍ സ്വദേശിയായ സച്ചിന്‍ ഷഹബാദ് ഡയറി പ്രദേശത്തെ തൊഴിലാളിയാണ ഇയാള്‍.

◼️വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ചു പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശ് ജയ്ത്പൂരിലെ ജിയുലി ഗ്രാമത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

◼️ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ മെയ് മാസത്തില്‍ സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് കുറയ്ക്കും. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ക്രൂഡോയില്‍ വാങ്ങാനാണു പരിപാടി. സൗദി ഭരണകൂടം ക്രൂഡോയില്‍ വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.

◼️പാക്കിസ്ഥാനില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. വിശ്വാസവോട്ട് ഒഴിവാക്കിയ ഡെപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കിയ സൂപ്രീം കോടതി പാര്‍ലമെന്റായ ദേശീയ അസംബ്ളിയെ പുനസ്ഥാപിക്കുകയും ചെയ്തു. ദേശീയ അസംബ്ളി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തിരിച്ചടിയായി സുപ്രീംകോടതി വിധി.

◼️ദമ്പതിമാര്‍ ഒന്നിച്ചു കിടന്നുറങ്ങരുത്, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. കൊവിഡ് വ്യാപനം തടയാന്‍ ചൈനയിലെ ഷാങ്ഹായ് നഗരത്തിലാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഷാങ്ഹായ് നഗരത്തില്‍ റോബോട്ടുകള്‍ പട്രോളിങ് നടത്തുന്നുണ്ട്.

◼️പൊതുസ്ഥലത്ത് ഹിജാബ് ധരിക്കുന്ന മുസ്ലീങ്ങള്‍ക്കു പിഴ ചുമത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഫ്രഞ്ച് തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മറൈന്‍ ലെ പെന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എല്‍ടി റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മറൈന്‍ ലെ പെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ പൊതു ഇടങ്ങളിലും ശിരോവസ്ത്രം നിരോധിക്കുമെന്ന് ലെ പെന്‍ പറഞ്ഞു.

◼️ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ ജയന്റ്‌സ് രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 52 പന്തുകള്‍ നേരിട്ട് 80 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് സൂപ്പര്‍ ജയന്റ്സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

◼️കേരളത്തില്‍ ഇന്നലെ 15,531 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 291 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,097 കോവിഡ് രോഗികള്‍. നിലവില്‍ 27,700 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനൊന്ന് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.81 കോടി കോവിഡ് രോഗികളുണ്ട്.

◼️ഫേസ്ബുക്ക് വീണ്ടും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മെറ്റ ജീവനക്കാര്‍ക്കിടയില്‍ സക്ക് ബക്ക്സ് എന്ന് വിളിക്കപ്പെടുന്ന ഒരു ഡിജിറ്റല്‍ മണി കമ്പനി വികസിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി പരിഗണിക്കുന്നുണ്ടെന്നും കമ്പനി വികസിപ്പിക്കുന്ന മെറ്റാവേഴ്സില്‍ സാമ്പത്തിക സേവനങ്ങളും പേയ്മെന്റ് സൗകര്യങ്ങളും ഉണ്ടാകുമെന്നും ആണ് വിഷയത്തില്‍ മെറ്റ വക്താവ് പ്രതികരിച്ചത്. ഒരു പക്ഷെ മെറ്റാവേഴ്സിലെ സാമ്പത്തിക ഇടപാടുകള്‍ക്കായി ആവും സക്കര്‍ബര്‍ഗും സംഘവും പുതിയ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ടോക്കണുകള്‍ ഉള്‍പ്പടെയുള്ളവ അവതരിപ്പിക്കാന്‍ മെറ്റയ്ക്ക് പദ്ധതിയുണ്ട്.

◼️കോവിഡ് കാലത്ത് ഇന്ത്യ നടത്തിയ സൗജന്യ ഭക്ഷണ വിതരണം രാജ്യത്തെ അതിദാരിദ്ര്യം നിയന്ത്രിക്കാന്‍ സഹായിച്ചതായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പേപ്പര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സബ്സിഡി പദ്ധതി കോവിഡ് പ്രതിസന്ധികളുടെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചു. 2004-05 മുതല്‍, കോവിഡ് പിടിപെട്ട 2020-21 വര്‍ഷങ്ങളിലുള്ള ഇന്ത്യയുടെ ദാരിദ്രത്തിന്റെയും അസമത്വത്തിന്റെയും കണക്കുകള്‍ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു. ഈ കണക്കുകളിലെല്ലാം ആദ്യമായാണ് ദാരിദ്ര്യത്തിലും, അസമത്വത്തിലും ഭക്ഷ്യ സബ്സിഡികളുടെ സ്വാധീനം ഉള്‍പ്പെടുന്നത്. 2019 ല്‍ കൊടിയ ദാരിദ്ര്യം 0.8 ശതമാനമായിരുന്നു. കോവിഡ് വര്‍ഷമായ 2020 ല്‍, ഭക്ഷ്യ വിതരണം ദാരിദ്ര്യത്തെ താഴ്ന്ന നിലയിലാക്കാന്‍ സഹായിച്ചു. 2020-21 കാലയളവില്‍ കോവിഡ് 15-25 ദശലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുണ്ട്. 800 ദശലക്ഷം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതിലൂടെ ഇതിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞു.

◼️നവാഗതനായ സാജിര്‍ സദാഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഉണ്ണി മുകുന്ദനാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. യുവനടന്‍ രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലിംകുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, റീന ബഷീര്‍, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

◼️ജൂനിയര്‍ എന്‍ടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആര്‍ആര്‍ആര്‍ ബോക്സ് ഓഫീസില്‍ ഇതുവരെ ആയിരം കോടി കടന്നു. ആയിരം കോടി വിജയത്തിന്റെ ആഘോഷച്ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മുംബൈയില്‍ വച്ച് നടന്ന ആഘോഷത്തില്‍ അതിഥിയായി ബോളിവുഡ് താരം ആമിര്‍ഖാനും എത്തിയിരുന്നു. ചടങ്ങില്‍ ജോണി ലെവെര്‍, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. നായികയായെത്തിയ ആലിയാ ഭട്ട് ചടങ്ങിനെത്തിയില്ല. കഴിഞ്ഞ ദിവസം രാം ചരണ്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു. പത്ത് ഗ്രാമിന്റെ പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ നാണയങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ക്കായി രാംചരണ്‍ നല്‍കിയത്.

◼️പുതുക്കിയ എര്‍ട്ടിഗ എംപിവിയുടെ വരവ് മാരുതി സുസുക്കി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന മാരുതി സുസുക്കി എര്‍ട്ടിഗ ഫെയ്സ്ലിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് കമ്പനി സ്വീകരിച്ചു തുടങ്ങി. 11,000 രൂപയാണ് ബുക്കിംഗ് തുക. അരീന ഷോറൂം സന്ദര്‍ശിച്ചോ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. പുതുക്കിയ മോഡലില്‍ ഡ്യുവല്‍ ജെറ്റ് സജ്ജീകരണവും സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയും ഉള്ള 1.5 എല്‍ പെട്രോള്‍ എഞ്ചിന്റെ പുനര്‍നിര്‍മ്മിച്ച പതിപ്പും അവതരിപ്പിക്കും. കൂടാതെ, എര്‍ട്ടിഗയുടെ ഓട്ടോമാറ്റിക് വകഭേദങ്ങള്‍ ഇപ്പോള്‍ ആറ് സ്പീഡ് എടിയില്‍ വില്‍ക്കും.

◼️കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം. കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി, പഴശ്ശി, പുന്നപ്ര-വയലാര്‍, ഒഞ്ചിയം, ശൂരനാട്, മുനയന്‍കുന്ന്, പാടിക്കുന്ന്... തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍. പതിറ്റാണ്ടുകള്‍കൊണ്ട് രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും നവകേരളത്തെ രൂപപെടുത്തിയെടുത്ത് ലോകത്തിനു മുന്നില്‍ കേരളമാതൃക സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ട വെല്ലുവിളികളെയും സന്ദിഗ്ധഘട്ടങ്ങളെയും സൂഷ്മമായി ആവിഷ്‌കരിക്കുന്ന ചരിത്രപുസ്തകം. 'കമ്യൂണിസ്റ്റ് കേരളം'. കെ.ബാലകൃഷ്ണന്‍. മാതൃഭൂമി. വില 456 രൂപ.

◼️പല ചികിത്സാരീതികളും പയറ്റിയിട്ടും വാതരോഗത്തിന് പരിഹാരം കാണാന്‍ സാധിക്കാത്തവര്‍ ഏറെയാണ്. ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോയിലും എല്ലാം വാതരോഗത്തിന് ചികിത്സയുണ്ട്. എന്നാല്‍ പലര്‍ക്കും വേണ്ടവിധത്തിലുള്ള രോഗശമനം സാധ്യമാകാറില്ല. ജീവിതരീതികളില്‍ കൂടി ചില മാറ്റങ്ങള്‍ വരുത്തുമ്പോള്‍ മാത്രമാണ് പലപ്പോഴും വാതരോഗത്തിനുള്ള ചികിത്സ ഫലപ്രദമാകുന്നത്. അത്തരത്തിലൊരു വിവരം പങ്കുവയ്ക്കുകയാണ് പുതിയൊരു പഠനം. 'അരേിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിന്‍' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ഭക്ഷണത്തിനും വാതരോഗത്തിനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. കൊഴുപ്പ് കുറഞ്ഞ വീഗന്‍ ഡയറ്റ് ( സസ്യാഹാരം ) പിന്തുടരുന്നതിലൂടെ വാതരോഗത്തിന് ശമനം കണ്ടെത്താന്‍ സാധിക്കുമെന്നാണ് അടിസ്ഥാനരപമായി പഠനം അവകാശപ്പെടുന്നത്. കൊഴുപ്പ് കുറഞ്ഞ സസ്യാഹാരമാണ് പ്രധാനമായും ഡയറ്റിലുള്‍പ്പെടുത്തിയതത്രേ. കലോറി കുറയ്ക്കാന്‍ ശ്രമിച്ചില്ല. വാതരോഗത്തിന് ആശ്വാസമുണ്ടായി എന്നത് മാത്രമല്ല, രോഗികളില്‍ അമിതവണ്ണമുണ്ടായിരുന്നവര്‍ക്ക് വണ്ണം കുറയ്ക്കാന്‍ ഈ ഡയറ്റ് സഹായപ്രദമായതായും ഗവേഷകര്‍ പറയുന്നു. ശരീരത്തില്‍ അടിഞ്ഞുകിടന്നിരുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞതോടെ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നവരില്‍ അതിന്റെ ബുദ്ധിമുട്ടുകളും കുറഞ്ഞുവത്രേ.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ മത്സ്യം ഒരു ചില്ലുപാത്രത്തിലാണ് നീന്തിക്കളിച്ചിരുന്നത്. പെട്ടെന്നാണ് ഒരു കല്ല് വന്ന് ആ പാത്രയില്‍ ഒരു തുളയുണ്ടാക്കി കടന്നുപോയത്. അതിലൂടെ വെള്ളം പുറത്തേക്ക് ഒഴുകി. അതിലുള്ള മത്സ്യത്തിന് ആകെ പരിഭ്രാന്തിയായി. മത്സ്യം മരണം മുന്നില്‍ കണ്ടു. പെട്ടന്നാണ് ഒരാള്‍ കടന്നുവന്ന് ആ ദ്വാരത്തില്‍ അമര്‍ത്തിപ്പിടിച്ചത്. പിന്നെ ഒരു തുള്ളിപോലും വെള്ളം പുറത്തേയ്ക്ക് ഒഴുകിയില്ല. തിരിച്ചുകിട്ടിയ പ്രാണനുമായി മത്സ്യം പതിയെ നീന്തുതുടങ്ങി. ഈ ചെറുമത്സ്യത്തിനുമാത്രമല്ല, ഇങ്ങനെ നമ്മുടെ നോവുകള്‍ക്കും സാന്ത്വനമാകാന്‍ ഒരു കൈവന്നിരുന്നെങ്കില്‍.. ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ പറയാനാഗ്രഹിക്കുന്നതിന്റെ പത്ത് ശതമാനം പോലും പറയുന്നില്ല. പറയാത്ത കാര്യങ്ങളിലാണ്, പറയാനൊന്നും കഴിയാത്ത കാര്യങ്ങളിലാണ് ഓരോരുത്തരുടേയും പ്രാണന്‍ പിടയുന്നത്. ' ഞാന്‍ അനുഭവിച്ചതൊന്നും ആര്‍ക്കും മനസ്സിലാവില്ല' എന്ന ഒറ്റവാക്കില്‍ അവര്‍ എല്ലാം ഒളിപ്പിക്കും. കണ്ണ് തുറന്നുനോക്കിയാല്‍ നമുക്ക് ചുറ്റും ഇത്തരമാളുകളെ കാണാം, നമ്മോടൊപ്പം നടക്കുന്ന , നമ്മോട് സംസാരിക്കുന്ന, ഒരേ വീട്ടില്‍ കഴിയുന്ന, ഒരേ ഓഫീസില്‍ ജോലിചെയ്യുന്ന, കൂട്ടുകൂടുന്ന ആളുകള്‍. അവരെ നമ്മള്‍ വളരെ കുറച്ചുമാത്രമേ അറിഞ്ഞിട്ടുള്ളൂ. ബാക്കിയെല്ലാം ആ കണ്ണുകളിലും മുഴുമിക്കാതെ ബാക്കിവെച്ച വാക്കുകളിലുമുണ്ട്. വലിയ വിലപിടിപ്പുള്ളതൊന്നും നാം അവര്‍ക്ക് നല്‍കേണ്ട, ഒരു പുഞ്ചിരി അവര്‍ക്ക് നല്‍കിയാല്‍ മതി... ഒരിറ്റു പേലും പരിഹാസമില്ലാത്ത ഒരു പുഞ്ചിരി.. ഹൃദയത്തില്‍ നിന്നും പുറപ്പെട്ട് കണ്ണില്‍ തെളിയുന്ന തെളിഞ്ഞ ചിരി... - ശുഭദിനം.

Post a Comment

Previous Post Next Post