രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു; തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളില്‍ കേസുകള്‍

ഡൽഹി : രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 2380 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1,009 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പോസിറ്റീവ് നിരക്ക് 5.7 ശതമാനമായി ഉയർന്നു. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


Post a Comment

Previous Post Next Post