സായാഹ്‌ന വാർത്തകൾ

2022 | ഏപ്രിൽ 16 | ശനി | 1197 | മേടം 3 | അത്തം
➖➖➖➖➖➖➖

◼️പാലക്കാട് വീണ്ടും കുടിപ്പക കൊലപാതകം. ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ എസ്‌കെഎസ് ഓട്ടോസ് എന്ന സ്വന്തം സ്ഥാപനത്തിലേക്ക് അഞ്ചംഗ സംഘം ഉച്ചയോടെ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലുകയായിരുന്നു. രണ്ടു ബൈക്കുകളിലായാണ് അക്രമിസംഘം എത്തിയത്. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊന്ന് ചോരക്കറ ഉണങ്ങുംമുമ്പേ എസ്ഡിപിഐ തിരിച്ചടിക്കുകയായിരുന്നു.

◼️പാലക്കാട് എലപ്പുള്ളി പാറയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ ശരീരത്തില്‍ അമ്പതിലേറെ വെട്ടുകള്‍. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളില്‍നിന്നു രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ നാലു മണിക്കൂറെടുത്താണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

◼️സുബൈറിന് വധഭീഷണി ഉണ്ടെന്ന് പാലക്കാട് എസ്പിക്കു പരാതി നല്‍കിയിരുന്നതായി പോപ്പുലര്‍ ഫ്രണ്ട്. പക്ഷേ, പോലീസ് ഗൗനിച്ചില്ല. സുബൈറിനെ സഞ്ജിത് വധക്കേസില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രതിചേര്‍ത്തിട്ടില്ല. പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ആര്‍എസ്എസിന്റെ കേരളത്തിലെ ലബോറട്ടറിയാണ് പാലക്കാടെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

◼️പാലക്കാട് സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ആള്‍ട്ടോ കാര്‍ സുബൈറിന്റെ അയല്‍വാസിയായ ബിജെപി പ്രവര്‍ത്തകന്‍ രമേശാണു വാടകയ്ക്കെടുത്തതെന്ന് പോലീസ്. കാര്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചിക്കോടുനിന്ന് കണ്ടെത്തിയിരുന്നു. കൃപേഷ് എന്നയാളുടെ കാറാണു വാടകയ്ക്കു നല്‍കിയത്. അമ്പലത്തില്‍ പോകാനെന്ന പേരിലാണ് വാടകയ്ക്കെടുത്തതെന്ന് റെന്റ് എ കാര്‍ ഇടപാടു നടത്തുന്ന അലിയാര്‍ പറഞ്ഞു.

◼️സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കും. ഒരു വര്‍ഷം മുമ്പ് സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ എരട്ടക്കുളത്തു വെട്ടിയ കേസിലെ പ്രതികളായ സുദര്‍ശനന്‍, ശ്രീജിത്ത്, ഷൈജു എന്നിവര്‍ ഉള്‍പ്പടെ അഞ്ചു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവര്‍ ജാമ്യത്തിലിറങ്ങിയിരുന്നു.

◼️എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളജെങ്കിലും സ്ഥാപിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 10 വര്‍ഷത്തിനകം രാജ്യത്ത് അനവധി ഡോക്ടര്‍മാരെ ലഭിക്കും. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജില്‍ 200 കിടക്കകളുള്ള കെ.കെ പട്ടേല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


◼️കെ റെയില്‍ വിരുദ്ധ നീക്കങ്ങളെ നേരിടാന്‍ സിപിഎം ഭവന സന്ദര്‍ശനങ്ങള്‍ അടക്കമുള്ള പ്രചാരണ പരിപാടികള്‍ ആരംഭിക്കും. സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന മേഖലകളിലാണ് പരിപാടികള്‍ ഒരുക്കുന്നത്. അടുത്തയാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തേക്കും.

◼️എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി. ജയരാജനേയോ എ.കെ. ബാലനേയോ തെരഞ്ഞെടുത്തേക്കാം. എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തെരഞ്ഞെടുക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചേക്കും. പുത്തലത്ത് ദിനേശനെ പ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേക്കാണു സാധ്യത.

◼️കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോകിനെതിരേ ഭീഷണിയുമായി സിഐടിയു. നാട്ടിലിറങ്ങിയാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ വീട്ടില്‍ ചെന്നു മറുപടി പറയുമെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഭീഷണി മുഴക്കി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 19 ന് വൈദ്യുതി ഭവന്‍ ഉപരോധിക്കും. തിങ്കളാഴ്ചത്തെ ചര്‍ച്ചയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍ ബാബു പറഞ്ഞു.

◼️കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനും സിഐടിയു ഭീഷണി. 'ആനപ്പുറത്ത് കയറിയാല്‍ പട്ടിയെ പേടിക്കണ്ട' എന്ന നിലയിലാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്നാണ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശാന്തകുമാര്‍ പറഞ്ഞത്. ശമ്പളം നല്‍കാന്‍ പണമില്ലാതെ കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ ഖജനാവില്‍നിന്നു പണം അനുവദിച്ചിരിക്കേയാണ് മന്ത്രിക്കെതിരേ വിമര്‍ശനം.

◼️നടിയെ അക്രമിച്ച കേസില്‍ അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. കോടതി ശിരസ്‌തേദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.

◼️ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെ ബലാത്സംഗ കേസില്‍ അറസ്റ്റു ചെയ്യാത്തതിനെ ചോദ്യം ചെയ്ത് പരാതിക്കാരി. പോലീസും ബലാല്‍സംഗക്കേസ് പ്രതിയും ഒത്തുകളിക്കുകയാണ്. കേസെടുത്ത് രണ്ടു മാസം കഴിഞ്ഞിട്ടും അറസ്റ്റു ചെയ്തിട്ടില്ല. തിങ്കളാഴ്ച്ച മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കും. പരാതിക്കാരി പറഞ്ഞു.

◼️ക്രഷര്‍ തട്ടിപ്പു കേസില്‍ പി.വി അന്‍വര്‍ എംഎല്‍എക്ക് അനുകൂലമായി വീണ്ടും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ബെല്‍ത്തങ്ങാടി ക്രഷര്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി സിജെഎം കോടതിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമനാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് സിവിലാണെന്നും ക്രിമിനല്‍ കേസായി പരിഗണിക്കേണ്ടെന്നും കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് കോടതി മടക്കിയിരുന്നു. മംഗലാപുരം ബെല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീര്‍പന്ത പഞ്ചായത്തിലെ ക്രഷറും 26 ഏക്കര്‍ ഭൂമിയും മലപ്പുറം പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍നിന്നു കൈക്കലാക്കിയെന്ന കേസിലാണ് ഈ റിപ്പോര്‍ട്ട്.

◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്നു യാത്രക്കാരില്‍നിന്നായി രണ്ടു കിലോ എഴുനൂറ് ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. ഒന്നര കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചത്. മൂന്നു യാത്രക്കാരടക്കം 10 പേര്‍ പൊലീസിന്റെ പിടിയിലായി. ദുബായില്‍ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പൊലീസിന്റെ പിടിയിലായത്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

◼️വയനാട് സുല്‍ത്താന്‍ ബത്തേരി മുക്കുത്തികുന്നില്‍ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മഞ്ജൂര്‍ സ്വദേശി ഡേവിഡാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് ഭാര്യ തമിഴ്‌നാട് പൊലീസിന് പരാതി നല്‍കിയിരുന്നു.

◼️കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കൂവ്വത്തോട്ട് പേപ്പച്ചന്‍ മെര്‍ലിന്‍ മകന്‍ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകള്‍ ഹാഷ്മി (14) എന്നിവരാണ് മരിച്ചത്. മരിച്ച ഹൃദ്വിന്റെ സഹോദരി ഹൃദ്യയും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്താനായി.

◼️തൃശൂര്‍ മണ്ണുത്തി ചെമ്പുത്രയില്‍ നിര്‍ത്തിയിട്ട ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. രാമവര്‍മപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടില്‍ എം.എ.മനു (26) ആണ് മരിച്ചത്.

◼️മൂവാറ്റുപുഴ തൃക്കളത്തൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മൂവാറ്റുപുഴയില്‍നിന്ന് പെരുമ്പാവൂരിലേക്കു പോവുകയായിരുന്ന ബസും മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന ഏറ്റുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.

◼️തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ ബൂത്തില്‍ ദേശീയപാത കുതിരാന്‍ തുരങ്കത്തിനുള്ള ടോള്‍കൂടി പിരിക്കുന്നുണ്ടെന്ന് വിവരാവകാശരേഖ. കാറുകള്‍ക്കു തുരങ്കത്തിന് 65 രൂപയും റോഡിന് 35 രൂപയുമാണ് നിരക്ക്. മൊത്തം നൂറു രൂപ. മടക്കയാത്രയ്ക്ക് തുരങ്കത്തിന് നൂറു രൂപയും റോഡിന് അമ്പതു രൂപയും. മൊത്തം 150 രൂപ. തുരങ്കത്തില്‍ മിനി ബസിന് നൂറു രൂപയും ബസിനും ട്രക്കിനും 200 രൂപയും ഭാരവാഹനങ്ങള്‍ക്ക് 295 രൂപയുമാണ് ഒറ്റത്തവണത്തെ ടോള്‍ നിരക്ക്. 24 മണിക്കൂറിനകമുള്ള മടക്കയാത്രയ്ക്ക് യഥാക്രമം 150, 300, 450 എന്നിങ്ങനെയാണു നിരക്ക്. റോഡിനുള്ള ടോള്‍ നിരക്ക് മിനി ബസുകള്‍ക്ക് 55, ബസ്, ട്രക്ക് എന്നിവയ്ക്ക് 115, ഭാരവവാഹനങ്ങള്‍ക്ക് 185 എന്നിങ്ങനെയാണ്. മടക്കയാത്രയുണ്ടെങ്കില്‍ യഥാക്രമം 85, 175, 275 എന്നിങ്ങനെയാണു നിരക്ക്. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു ലഭിച്ച വിവരാവകാശ രേഖയിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

◼️തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തിലെ പണികള്‍ പൂര്‍ത്തിയാക്കാതെയാണ് ടോള്‍പിരിക്കുന്നതെന്ന് വിവരാവകാശ രേഖ. കോണ്‍ക്രീറ്റ് ലൈനിംഗ്, തുരങ്കത്തിനു മുകളിലെ സ്ലാബുകളിലെ ചില പണികള്‍, ഇടമുറിച്ചു കടക്കാനുള്ള സംവിധാനം എന്നീ പണികളാണു ശേഷിക്കുന്നത്. തുരങ്ക നിര്‍മാണത്തിന് 230.77 കോടി രൂപയാണു ചെലവാക്കിയത്. എന്നാല്‍ ആറുവരിപ്പാതയ്ക്ക് 1553.61 കോടി രൂപ ചെലവായി. സര്‍ക്കാര്‍ ഗ്രാന്റായി 243.90 കോടി രൂപ നല്‍കി. 2032 സെപ്റ്റംബര്‍ 14 വരെ ടോള്‍ പിരിക്കാനുള്ള അനുമതിയാണു നല്‍കിയതെന്ന് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്നു തിങ്കളാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയോഗം ചര്‍ച്ച ചെയ്യും. പി.ടി തോമസിന്റെ ഭാര്യയെ പരിഗണിക്കണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടിയിലെ നേതാക്കളെ തന്നെ മല്‍സരിപ്പിക്കണെമെന്ന ആവശ്യവുമായി എറണാകുളത്തെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

◼️സിഎന്‍ജി വിലവര്‍ധനയ്‌ക്കെതിരെ ഡല്‍ഹിയില്‍ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. തിങ്കളാഴ്ച്ച മുതല്‍ നഗരത്തിലെ സര്‍വീസ് നിര്‍ത്തി വയ്ക്കുമെന്നാണ് പ്രഖ്യാപനം. സിഎന്‍ജി വിലയ്ക്കു മുപ്പത്തഞ്ച് രൂപ സബ്‌സിഡി നല്‍കുകയോ യാത്രനിരക്ക് വര്‍ധിപ്പിക്കുകയോ വേണമെന്നാണ് ആവശ്യം.

◼️തമിഴ്‌നാട്ടിലെ ആദിവാസി വിഭാഗമായ നരിക്കുറുവരുടെ കുടിലിലെത്തി അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തിരുവള്ളൂര്‍ ജില്ലയിലെ ആവടി നരിക്കുറുവ കോളനിയിലാണ് മുഖ്യമന്ത്രി എത്തിയത്. കുടിവെള്ളവും പഠിക്കാനുള്ള സൗകര്യവുമില്ലെന്നു പരാതിപ്പെട്ട നരിക്കുറുവ പെണ്‍കുട്ടി ദിവ്യയുടെ ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രി ആദിവാസി കോളനിയിലെത്തിയത്.

◼️നഗ്നനൃത്തം സംഘടിപ്പിച്ചതിന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ പത്തു പേരെ അറസ്റ്റ് ചെയ്തു. ഉപ്പംഗല ഗ്രാമത്തിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിനു പിറകേയാണ് അറസ്റ്റ്.

◼️പഞ്ചാബിലെ എല്ലാ വീടുകളിലും മുന്നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ജൂലൈ ഒന്നു മുതല്‍ എല്ലാ മാസവും ഈ ആനുകൂല്യം ലഭ്യമാകും.

◼️തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതു സംബന്ധിച്ച് നിര്‍ണായക ചര്‍ച്ച. പ്രശാന്ത് കിഷോറുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ച നടത്തി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഹാര്‍ദിക് പട്ടേലിനൊപ്പം, പട്ടേല്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നരേഷ് പട്ടേലിനെ കൂടി കോണ്‍ഗ്രസിലെത്തിക്കാനാണ് നീക്കം.

◼️യുക്രെയ്ന്‍ തലസ്ഥാനമായ കീവിന്റെ സമീപപ്രദേശങ്ങള്‍ ശവപ്പറമ്പാക്കി റഷ്യന്‍ സേന പിന്മാറി. 900 സാധാരണക്കാരുടെ മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്നു കിട്ടിയതെന്ന് യുക്രെയ്ന്‍ പൊലീസ് അറിയിച്ചു. ബുച്ചയില്‍നിന്ന് മാത്രം 350 ലേറെ മൃതദേഹങ്ങള്‍ കിട്ടി.

◼️എഴുപത്തിയഞ്ചാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് മലപ്പുറത്ത് ആവേശത്തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗാള്‍ കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും.

◼️രാജ്യത്തെ കയറ്റുമതി മാര്‍ച്ചില്‍ 19.76ശതമാനം വര്‍ദ്ധിച്ച് 4222 കോടി ഡോളറിലെത്തി. ആദ്യമായാണ് ഇന്ത്യയുടെ കയറ്റുമതി ഒരു മാസത്തില്‍ 4000 കോടി ഡോളര്‍ കടക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍, എന്‍ജിനീയറിംഗ്, തുകല്‍ എന്നീ മേഖലകളുടെ മികച്ച പ്രകടനമാണ് കാരണം. അതേസമയം, ഇറക്കുമതി 24.21ശതമാനം വര്‍ദ്ധിച്ച് 6074 കോടി ഡോളറിലെത്തി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി 1851 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വ്യാപാരക്കമ്മി 1364 കോടി ഡോളറായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി റെക്കോഡ് നിലവാരമായ 41965 കോടി ഡോളറിലെത്തി. ഇറക്കുമതിയിലും കുതിപ്പുണ്ടായി; 61189 കോടി ഡോളര്‍. വ്യാപാരക്കമ്മി 19224 കോടി ഡോളര്‍. മുന്‍ വര്‍ഷം ഇത് 10263 കോടി ഡോളര്‍ മാത്രമായിരുന്നു.

◼️നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മഹാവീര്യര്‍ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. 'രാധേ രാധേ വസന്തരാധേ' എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഇഷാന്‍ ചബ്രയാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിദ്യാധരന്‍ മാസ്റ്ററും ജീവന്‍ പത്മകുമാറുമാണ് ഗാനം പാടിയിരിക്കുന്നത്. എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് മഹാവീര്യര്‍. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവരുന്നുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്.

◼️കെജിഎഫ് 2വിന്റെ റിലീസിന് പിന്നാലെ ബീസ്റ്റിന്റെ കളക്ഷനില്‍ വലിയ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒരു ദിവസത്തെ ഇടവേളയിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്. ഏപ്രില്‍ 13 ന് വിജയ് ചിത്രം റിലീസ് ചെയ്തപ്പോള്‍ പിറ്റേ ദിവസം 14 ന് യഷ് ചിത്രവും തിയേറ്ററുകളിലെത്തി. വിജയ് ചിത്രത്തിന് സമ്മിശ്ര പ്രതികരണവും കെജിഎഫ് 2വിന് മികച്ച പ്രതികരണം കൂടി ലഭിച്ചതോടെ ബീസ്റ്റ് പിന്നിലായിരിക്കുകയാണ്. ആദ്യദിനത്തില്‍ 65 കോടിയോളം രൂപ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് നേടിയ ബീസ്റ്റ് രണ്ടാം ദിനത്തില്‍ 32 കോടി മാത്രമാണ് കളക്ട് ചെയ്തത്. ബീസ്റ്റിന്റെ ഹിന്ദി പതിപ്പ് 15 ലക്ഷം രൂപ മാത്രമാണ് നേടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും സീറ്റുകള്‍ ഒഴിവാണ്. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 134.5 കോടി രൂപയാണ് കെജിഎഫ് 2 വാരിയത്. ഹിന്ദിയില്‍ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഇത് 100 കോടി കടന്നതായാണ് സൂചന.

◼️ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ബിഎംഡബ്ല്യു എഫ് 850 ജിഎസ്, എഫ് 850 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുടെ ബിഎസ് 6 പതിപ്പുകള്‍ രാജ്യത്ത് അവതരിപ്പിച്ചു. ഈ മോഡലുകള്‍ക്ക് യഥാക്രമം 12.50 ലക്ഷം രൂപയും 13.25 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. 2022 ജൂണില്‍ ഡെലിവറികള്‍ ആരംഭിക്കുന്നതിനാല്‍ ഇതിനുള്ള ബുക്കിംഗ് ഇപ്പോള്‍ തുറന്നിരിക്കുന്നു. ഈ രണ്ട് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും കരുത്തേകുന്നത് ഒരേ ബിഎസ് 6 കംപ്ലയിന്റ് 853 സിസി, ലിക്വിഡ് കൂള്‍ഡ് ഫോര്‍-വാല്‍വ്, ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ മോട്ടോര്‍ 8,250 ആര്‍പിഎമ്മില്‍ 95 എച്ച്പി പരമാവധി കരുത്തും 6,250 ആര്‍പിഎമ്മില്‍ 92 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു.

◼️തമിഴ് ചെറുകഥാമേഖലയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച പഴയ തലമുറയില്‍പ്പെട്ട പ്രതിഭാധനരായ എഴുത്തുകാരികളുടെ ഇരുപത്തിയൊന്നു കഥകള്‍. ഒപ്പം തമിഴ് ചെറുകഥയുടെ ദിശാമാറ്റത്തിനു കരുത്തേകിയ വാസന്തി, ശിവശങ്കരി, പുതിയ തലമുറയില്‍പ്പെട്ട തമിഴച്ചി തങ്കപാണ്ഡ്യന്‍, അ. വെണ്ണില, ദമയന്തി, താമര, കവിതാ സ്വര്‍ണ്ണവല്ലി എന്നീ എഴുത്തുകാരികളുടെ ആറു കഥകളും. പല കാലങ്ങളായി തമിഴ് ചെറുകഥാസാഹിത്യത്തിന് ശക്തിയും സൗന്ദര്യവും പകര്‍ന്ന ഇരുപത്തിയെട്ട് എഴുത്തുകാരികളുടെ കഥകള്‍. 'തമിഴ് പെണ്‍ കഥകള്‍'. എഡിറ്റര്‍: അ. വെണ്ണില. പരിഭാഷ: കെ.എസ്. വെങ്കിടാചലം. മാതൃഭൂമി. വില 520 രൂപ.

◼️ജീവിതത്തിന് എന്തെങ്കിലും ഒരര്‍ഥമോ ഉദ്ദേശ്യമോ ഉണ്ടാകുന്നത് മറവിരോഗമുണ്ടാകുന്നതിനുള്ള സാധ്യതകള്‍ ഗണ്യമായി കുറയ്ക്കുമെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മൂന്ന് ഭൂഖണ്ഡങ്ങളിലെ 62,250 മുതിര്‍ന്നവരില്‍ നടത്തിയ എട്ടോളം ഗവേഷണങ്ങളുടെ ഡേറ്റ വിലയിരുത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ജീവിതത്തില്‍ പൂര്‍ത്തീകരിക്കേണ്ട ഒരു ഉദ്ദേശ്യമുണ്ടാകുന്നത് ധാരണാശേഷിയില്‍ കുറവുണ്ടാകാനുള്ള സാധ്യത 19 ശതമാനം കുറയ്ക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഓര്‍മയിലും ചിന്താശേഷിയിലും ഭാഷാശേഷിയിലും കുറവുണ്ടാകാനുള്ള സാധ്യത അഞ്ചിലൊന്നായി കുറയുന്നതായും ഗവേഷകര്‍ പറയുന്നു. ജീവിതത്തിന് ഒരര്‍ഥമുണ്ടാകുന്നത് സമ്മര്‍ദത്തില്‍ നിന്ന് കരകയറാനും തലച്ചോറിലെ നീര്‍ക്കെട്ട് കുറയ്ക്കാനും സഹായകമാണെന്ന് മുന്‍പ് നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതും മറവിരോഗം വര്‍ധിക്കുന്നത് തടയുന്നു. ഇത്തരം ആളുകള്‍ വ്യായാമം ചെയ്യാനും സാമൂഹികമായ കാര്യങ്ങളില്‍ സജീവമായി ഇടപെടാനമുള്ള സാധ്യതയും കൂടുതലാണ്. ഇതും അവരെ മറവിരോഗത്തില്‍ നിന്നു രക്ഷിക്കുന്നു. അതേ സമയം പോസിറ്റീവായ മൂഡ് മറവിരോഗ്യ സാധ്യതയില്‍ യാതൊരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് ഏജിങ് റിസര്‍ച്ച് റിവ്യൂസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. മറവിരോഗം തടയുന്നതിനുള്ള പ്രോഗ്രാമുകള്‍ പ്രായമായവരുടെ പോസിറ്റീവ് മൂഡ് മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതിന് പകരം അവരുടെ ജീവിത്തിന് ഒരര്‍ഥമോ എന്തെങ്കിലും ഉദ്ദേശ്യമോ ഉണ്ടാക്കാന്‍ ശ്രമിക്കണം. ഉദാഹരണത്തിന് ഒരാള്‍ പരിസ്ഥിതി പ്രേമിയാണെങ്കില്‍ കമ്മ്യൂണിറ്റി ഗാര്‍ഡന്‍ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നത് അവരുടെ മറവിരോഗ സാധ്യത കുറയ്ക്കും. സമൂഹത്തില്‍ പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കാനുള്ള പരിപാടികളില്‍ മുതിര്‍ന്നവരെ പങ്കാളിയാക്കുന്നതും മറവിരോഗം മൂര്‍ച്ഛിക്കുന്നത് തടയുമെന്നും ഗവേഷണറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 76.33, പൗണ്ട് - 99.69, യൂറോ - 82.53, സ്വിസ് ഫ്രാങ്ക് - 80.94, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.44, ബഹറിന്‍ ദിനാര്‍ - 202.10, കുവൈത്ത് ദിനാര്‍ -249.78, ഒമാനി റിയാല്‍ - 197.90, സൗദി റിയാല്‍ - 20.36, യു.എ.ഇ ദിര്‍ഹം - 20.78, ഖത്തര്‍ റിയാല്‍ - 20.96, കനേഡിയന്‍ ഡോളര്‍ - 60.52.

Post a Comment

Previous Post Next Post