പ്രധാന വാർത്തകൾ

2022 | ഏപ്രിൽ 21 | വ്യാഴം | 1197 | മേടം 8 | മൂലം
🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

◼️അമേരിക്ക അടക്കമുള്ള നാറ്റോ സഖ്യകക്ഷികള്‍ യുക്രെയിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും. പീരങ്കികള്‍, ടാങ്ക് വിരുദ്ധ, വ്യോമ പ്രതിരോധ സഹായം എന്നിവ അയയ്ക്കാന്‍ 90 മിനിറ്റ് വീഡിയോ കോളിലാണ് ധാരണയായത്. യുക്രെയിന്റെ കിഴക്കന്‍ ഭാഗത്ത് റഷ്യ പുതിയ യുദ്ധമുഖം തുറന്നതിനാലാണ് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.

◼️മേയ് ഒന്നിനു ബസ് ചാര്‍ജ് വര്‍ധന പ്രാബല്യത്തിലാകുന്നതോടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം നിരക്ക് 20 രൂപയില്‍നിന്ന് 22 രൂപയാകും. കിലോമീറ്റര്‍ നിരക്ക് 108 പൈസ. എന്നാല്‍ ലോ ഫ്ളോര്‍ നോണ്‍ എസി ബസിലെ മിനിമം ചാര്‍ജ് 13 രൂപയില്‍നിന്ന് പത്തു രൂപയായി കുറച്ചു. ഓര്‍ഡിനറി ബസില്‍ മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് പത്തു രൂപയാകും. സിറ്റി ഫാസ്റ്റ് സര്‍വീസുകളില്‍ പത്തു രൂപയില്‍നിന്ന് പന്ത്രണ്ടു രൂപയാകും. കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍നിന്ന് ഒരു രൂപയാകും. മിനിമം ചാര്‍ജിന്റെ ദൂരം രണ്ടര കിലോമീറ്ററായി തുടരും. ഓട്ടോറിക്ഷയ്ക്കു മിനിമം ചാര്‍ജ് 25 രൂപയില്‍നിന്ന് 30 രൂപയാക്കി.

◼️സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനു കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ നവംബര്‍ മാസത്തിനകം തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

◼️കാഷ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ എന്‍.ഐ.എയും പ്രതികളും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍. പി. ബുഹാരി തുടങ്ങി ശിക്ഷിക്കപ്പെട്ട 13 പ്രതികളാണ് എന്‍.ഐ.എ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എന്‍.ഐ.എയുടെ അപ്പീല്‍.  

◼️വഖഫ് ബോര്‍ഡ് നിയമനാധികാരം മത സംഘടനാ പ്രതിനിധികളും വഖഫ് ബോര്‍ഡും ചേര്‍ന്ന നിയമന അതോറിറ്റിക്കു നല്‍കണമെന്ന് മുസ്ലീം സംഘടനാ നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്.സിക്ക് വിട്ടതില്‍ നേതാക്കള്‍ എതിര്‍പ്പറിയിച്ചു. ജമാത്തെ ഇസ്ലാമി ഒഴികെ എല്ലാ പ്രമുഖ മുസ്ലീം മതവിഭാഗങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

◼️നടന്‍ ദിലീപിന്റെ അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തതിന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുരാമനാണ് പരാതി നല്‍കിയത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ ആരോപിച്ചു.

◼️നടി പീഡിപ്പിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസില്‍ പോലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പരാതിക്കാരി പൊലീസ് ആസ്ഥാനത്ത്. കേസെടുത്ത് രണ്ടു മാസം കഴിഞ്ഞിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്തിട്ടില്ല. ഇത് ഒത്തുകളിയാണെന്ന് ആരോപിച്ച് ഡിജിപിക്കു പരാതി നല്‍കി.

◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്നു പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.  

◼️പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ ഞായറാഴ്ച വൈകുന്നേരം വരേക്കു നീട്ടി. ജില്ലാ കളക്ടറാണ് ഉത്തരവു പുറപ്പെടുവിച്ചത്.

◼️ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് 14 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയ 67 തടവുകാരെയാണ് മോചിപ്പിക്കുക.

◼️പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പിടിയിലായത്. മൂന്നാര്‍ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

◼️വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറം മഞ്ചേരി കൂമംകുളത്തെ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടില്‍ തമിഴ്‌നാട് സ്വദേശിനിയുടെ സത്യഗ്രഹം. നാലു ദിവസത്തെ സത്യഗ്രഹത്തിനു ശേഷം യുവതി തമിഴ്നാട് പൊലീസിനു പരാതി നല്‍കാന്‍ ചെന്നൈയിലേക്കു മടങ്ങി. പെണ്‍കുട്ടി ജോലിചെയ്യുന്ന ചെന്നൈയിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്.

◼️ആറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 28 വര്‍ഷവും ആറു മാസവും തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശിയായ സെല്‍ജിയെയാണ് തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. കുട്ടിയുടെ ബന്ധുവീട്ടില്‍നിന്നു പഠിക്കുന്നതിനിടെയാണ് പീഡനം നടന്നത്.

◼️കണ്ണൂരില്‍ 16 വയസുകാരി ഗര്‍ഭിണിയായി, ബന്ധുവായ 14 കാരനെതിരെ കേസ്. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഡോക്ടര്‍ പൊലീസിനെ അറിയിച്ചതോടെ കേസായി. പതിനാലുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.

◼️കടല്‍വെള്ളരി വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ കൊച്ചിയില്‍ പിടിയിലായി. ലക്ഷദ്വീപ് സ്വദേശികളായ അബ്ദുല്‍ റെഹിമന്‍, കെ പി നബീല്‍ എന്നിവരാണ് അറസ്റ്റിലായത്. ലക്ഷദ്വീപില്‍ നിന്ന് കൊണ്ടുവന്ന 14 കിലോ കടല്‍വെള്ളരി ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സംരക്ഷിത കടല്‍ ജീവിയായ കടല്‍വെള്ളരി കിലോയ്ക്ക് 20,000 രൂപ നിരക്കില്‍ വില്‍ക്കാനായിരുന്നു ശ്രമം.

◼️പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എതിര്‍ത്ത പി. ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. പി.ശശിക്ക് അയോഗ്യതയില്ലെന്നും ഒരു തെറ്റിന് ആജീവനാന്ത ശിക്ഷയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. മന്ത്രി എംവി ഗോവിന്ദനും പി ശശിയെ പിന്തുണച്ചു. താന്‍ എതിര്‍ത്തില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നുമാണു ജയരാജന്‍ ഇപ്പോള്‍ പറയുന്നത്. പി ശശി ഭരണപരിചയമുള്ളയാളാണെന്നും പി. ജയരാജന്‍ പറഞ്ഞു.

◼️വിവാദമായ ലൗ ജിഹാദ് പ്രസ്താവന നടത്തിയതിന് മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ശാസിച്ചു. ഇത്തരം വിഷയങ്ങളില്‍ ഇനി ജാഗ്രത പാലിക്കണമെന്നും നേതൃത്വം അദ്ദേഹത്തെ താക്കീതു ചെയ്തു.

◼️കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ച് പിണറായി സര്‍ക്കാര്‍ ഒന്നാംവാര്‍ഷികം ആഘോഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുമ്പോള്‍ വലിയ അഴിമതി ലക്ഷ്യംവച്ച് പിണറായി ആഘോഷിക്കുകയാണ്. സുരേന്ദ്രന്‍ പറഞ്ഞു.

◼️അപകടത്തില്‍ പരിക്കേറ്റ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് സ്പീക്കര്‍ എം.ബി രാജേഷ്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ രാത്രി പത്തോടെ ആറ്റിങ്ങല്‍ മംഗലപുരത്തില്‍ ചോരയില്‍ കുളിച്ചുകിടന്ന കുഞ്ഞിനെയാണ് കഴക്കൂട്ടത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പൈലറ്റ് പൊലീസിനു നിര്‍ദേശം നല്‍കി.

◼️മേയറുടെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ താത്കാലിക ഡ്രൈവറെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സമരം. കുടിവെള്ളത്തിനു പകരം ചളിവെള്ളം വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ചതിനിടെയാണ് കൗണ്‍സിലര്‍മാര്‍ക്കിടയിലേക്കു വാഹനം ഓടിച്ചുകയറ്റിയത്. മേയറെകൂടി പ്രതിയാക്കി പരാതി നല്‍കിയ കേസില്‍ പോലീസ് മേയര്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

◼️സിഗററ്റ് വലി ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം പാങ്ങപ്പാറയില്‍ കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. കല്ലുകൊണ്ട് തലക്കടിച്ചുവെന്നാണ് അനില്‍കുമാറിന്റെ പരാതി. പരിക്കേറ്റ അനില്‍കുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

◼️പത്താമുദയം ഇതാ, ഇങ്ങെത്തി. മേടം പത്താം തീയതിയാണ് പത്താം ഉദയം. ഇത്തവണ ഏപ്രില്‍ 23 ന് ശനിയാഴ്ചയാണിത്. അന്ന് സൂര്യന്‍ ഉച്ചത്തിലായിരിക്കും. കൃഷിപ്പണികള്‍ക്ക് സുപ്രധാനമായ ദിവസമെന്നാണു പഴമക്കാര്‍ പറയുക.

◼️ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ചേരികള്‍ ഒഴിപ്പിക്കുന്ന മുനിസിപ്പില്‍ കോര്‍പ്പറേഷന്റെ നടപടികള്‍ നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് ബുള്‍ഡോസര്‍ തടഞ്ഞ് സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ബുള്‍ഡോസറിനു മുന്നില്‍നിന്ന് ബൃന്ദ കാരാട്ട് ഒഴിപ്പിക്കല്‍ തടഞ്ഞു. ഒഴിപ്പിക്കല്‍ നിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പുമായാണ് ബൃന്ദ കാരാട്ട് എത്തിയത്.

◼️ജഹാംഗീര്‍പുരിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.

◼️രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നെത്തും. ആദ്യം ഗുജറാത്തിലാണ് സന്ദര്‍ശനം. ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സര്‍വകലാശാലയും വൈകീട്ട് അക്ഷര്‍ധാം ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിക്കും. നാളെ ഡല്‍ഹിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.

◼️ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രിയേസസിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തി പേര് സമ്മാനിച്ചു. 'തുളസി ഭായ്'. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആഗോള ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ഈ സംഭവം. ഇന്ത്യന്‍ അധ്യാപകരാണ് തന്നെ പഠിപ്പിച്ചതെന്നും തനിക്ക് ഗുജറാത്തി പേരിടണമെന്നും ടെഡ്രോസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പേരിടുന്നതെന്നും മോദി പറഞ്ഞു. തുളസിയുടെ ആയുര്‍വേദ ഗുണങ്ങളെക്കുറിച്ച് മോദി വിശദീകരിക്കുകയും ചെയ്തു.

◼️കപ്പല്‍ തകര്‍ക്കാവുന്ന മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐഎന്‍എസ് ഡല്‍ഹിയിലെ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറില്‍നിന്നാണ് ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.  

◼️യുക്രെയിനിലെ റഷ്യന്‍ യുദ്ധംമൂലം ആഗോള വളര്‍ച്ചാ നിരക്ക് 3.6 ശതമാനമായി കുറഞ്ഞിരിക്കേ, ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനമാകുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. ജനുവരിയിലെ വളര്‍ച്ച അനുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്.

◼️ശ്രീലങ്കയ്ക്ക് ഐഎംഎഫില്‍നിന്ന് അടിയന്തിര വായ്പാ സഹായം കിട്ടാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ഇന്ത്യ. വാഷിംഗ്ടണില്‍ ഐഎംഎഫ് ആസ്ഥാനത്ത് ലങ്കന്‍ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ച നടത്തി. നിബന്ധനകള്‍ കുറഞ്ഞ വായ്പ അതിവേഗം കിട്ടാന്‍ ഇന്ത്യയുടെ പിന്തുണ വേണമെന്ന് ലങ്കന്‍ ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.

◼️വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ അമേരിക്കയ്ക്കു വിട്ടുകൊടുക്കാന്‍ ലണ്ടനിലെ കോടതി ഉത്തരവിട്ടു. ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന് ഉചിതമായ തീരുമാനം എടുക്കാം. വിധിക്കെതിരെ അസാന്‍ജെയ്ക്ക് അപ്പീല്‍ നല്കാനും അവസരമുണ്ട്. അതീവ രഹസ്യ രേഖകള്‍ പരസ്യപ്പെടുത്തിയതിന് അമേരിക്കയില്‍ ഇദ്ദേഹത്തിനെതിരേ 18 ക്രിമിനല്‍ കേസുകളുണ്ട്.

◼️ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാനിക്ക് വധശിക്ഷ. ദുബൈ ക്രിമിനല്‍ കോടതി യാണ് ശിക്ഷ വിധിച്ചത്. ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തിക്കൊന്ന 26 കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിയ്ക്കാണ് വധശിക്ഷ.

◼️സന്തോഷ് ട്രോഫി ഫുട്ബോളില്‍ മേഘാലയക്കെതിരേ സമനിലയില്‍ കുടുങ്ങി കേരളം. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ക്യാപ്റ്റന്‍ ജിജോ ജോസഫ് പെനാല്‍റ്റി പാഴാക്കിയതും മേഘാലയ ഗോള്‍കീപ്പര്‍ ഫ്രോളിക്സണ്‍ ഡഖാറിന്റെ മികവും കേരളത്തിന്റെ ജയം തടഞ്ഞു.

◼️ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 30 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

◼️വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ കീ്റോണ്‍ പൊള്ളാര്‍ഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഏകദിന, ടി20 ടീം നായകന്‍ കൂടിയാണ് നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന 34കാരനായ പൊള്ളാര്‍ഡ്.

◼️പോസ്റ്റ്പെയ്ഡ് ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കുള്ള എന്‍ട്രി ഫീയും ഇന്‍സ്റ്റാളേഷന്‍ ചാര്‍ജുകളും ഒഴിവാക്കി ടെലികോം ഓപ്പറേറ്റര്‍ ജിയോ. ആറ് വിനോദ ആപ്പുകളിലേക്കുള്ള ആക്സസ് ലഭിക്കുന്നതിന് കുറഞ്ഞ മൂല്യമുള്ള പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 രൂപ നല്‍കാനുള്ള ഓപ്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ജിയോഫൈബര്‍ പോസ്റ്റ്പെയ്ഡ് കണക്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 10,000 രൂപ വിലയുള്ള ഇന്റര്‍നെറ്റ് ബോക്സ്, സെറ്റ്-ടോപ്പ് ബോക്സ്, ഇന്‍സ്റ്റാലേഷന്‍ എന്നിവ സൗജന്യമായി ലഭിക്കും. പുതിയ പ്ലാനുകള്‍ക്ക് കീഴില്‍, പ്രതിമാസം 399 രൂപയും 699 രൂപയും വിലയുള്ള ഇന്റര്‍നെറ്റ് പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 രൂപ അധികമായി നല്‍കി ആറ് വിനോദ ആപ്പുകളിലേക്കും 200 രൂപ അധികമായി നല്‍കി 14 ആപ്പുകളിലേക്കും പ്രവേശനം നേടാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ത്രൈമാസ അടിസ്ഥാനത്തില്‍ പണമടയ്ക്കാനുള്ള ഓപ്ഷന്‍ നല്‍കിക്കൊണ്ട് കമ്പനി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ ഇളവും വരുത്തി.

◼️പ്രഥമ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി മികച്ച വാര്‍ഷിക വളര്‍ച്ചയുമായി വിപണിയില്‍ മുന്നേറ്റം തുടരുന്നു. 2021-22 സാമ്പത്തിക വര്‍ഷം മൊത്തം ഗ്രൂപ്പ് പോളിസികളില്‍ (ജിആര്‍പി) 12.66 ശതമാനം വര്‍ധന നേടി. മുന്‍ വര്‍ഷത്തെ 1.28 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 1.44 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് പോളിസികളാണ് എല്‍ഐസി വിറ്റത്. 2021-22 വര്‍ഷം മൊത്തം 2.17 കോടി ഇന്‍ഷുറന്‍സ് പോളിസികളാണ് വില്‍പ്പന നടത്തിയത്. മുന്‍ വര്‍ഷം ഇത് 2.10 കോടി ആയിരുന്നു. ഓരോ മിനിറ്റിലും 41 പോളിസികള്‍ എന്ന തോതിലായിരുന്നു സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ വിവിധ പോളിസികളുടെ വില്‍പ്പന. ഇന്‍ഷുറന്‍സ് പോളിസി വില്‍പ്പനയില്‍ 3.54 ശതമാനം വളര്‍ച്ചയോടെ വിപണി വിഹിതം 74.51 ശതമാനത്തില്‍ നിന്നും 74.60 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.

◼️ബോളിവുഡിലെ ഇക്കൊല്ലത്തെ വന്‍ ഹിറ്റായ ചിത്രങ്ങളില്‍ ഒന്നാണ് സഞ്ജയ് ലീല ബന്‍സാലിയുടെ 'ഗംഗുഭായ് കത്തിയവാഡി'. തിയേറ്ററുകളില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം, ആലിയ ഭട്ടിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായാണ് കണക്കാക്കുന്നത്. ഫെബ്രുവരി 25ന് റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ ഒടിടിയിലും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ 26ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന മറ്റൊരു ചിത്രത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണ് 'ഗംഗുഭായ് കത്തിയവാഡി'യ്ക്ക് സാധിച്ചത്. ഹുസൈന്‍ സെയ്ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തില്‍ നിന്നാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

◼️2019ല്‍ കോളിവുഡിലിറങ്ങിയ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 'കൈതി' എന്ന ലോകേഷ് കനകരാജ് ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രം അതില്‍ നായകനെ അവതരിപ്പിച്ച കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി. ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അജയ് ദേവ്ഗണ്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2023 മാര്‍ച്ച് 30ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.അജയ് ദേവ്ഗണിനൊപ്പം തബുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

◼️റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകള്‍ വിദേശികള്‍ക്കിടയിലും താരമാകുന്നു. 250-750 സി.സി അഥവാ ഇടത്തരം മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ബ്രിട്ടന്‍, യൂറോപ്പ്, തെക്ക് കിഴക്കന്‍ ഏഷ്യ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തെ തന്നെ വന്‍ ശ്രദ്ധ നേടിയ റോയല്‍ എന്‍ഫീല്‍ഡ്,പുത്തന്‍ മോഡലുകളുടെ അവതരണത്തിലൂടെ കയറ്റുമതിയില്‍ മികച്ച നേട്ടമാണ് കുറിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കയറ്റുമതി നേട്ടം ഇരട്ടിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ മൊത്തം ഉത്പാദനത്തില്‍ 15 ശതമാനവും ഇപ്പോള്‍ വിദേശ വിപണിയിലേക്കുള്ളതാണ്. 60 രാജ്യങ്ങളിലായി 150 എക്‌സ്‌ക്ളുസീവ് ഷോറൂമുകളും 660 മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളും കമ്പനിക്കുണ്ട്.

◼️നഷ്ടങ്ങളുടെ ഓര്‍മകളില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെട്ട് സ്വന്തം നാടിന്റെ വേരുകളിലേക്ക് ഓര്‍മകളിലൂടെ തിരിച്ചെത്തുകയും ചെയ്യുന്ന ഒരാളുടെ സ്മൃതിസഞ്ചാരമാണ് ഈ നോവല്‍. മനുഷ്യനും മനുഷ്യനും പരസ്പരം സ്‌നേഹിക്കുകയും കലഹിക്കുകയും കബളിപ്പിക്കുകയും അതിലൂടെ സ്വയം കണ്ടെത്തുകയും ചെയ്യുന്ന മറയില്ലാത്ത ഗ്രാമജീവിതത്തിന്റെ വാങ്മയ ചിത്രങ്ങളിലൂടെ വേണം വായനക്കാരന് ഇതിലെ കഥാപാത്രങ്ങളുടെ മനസ്സിലേക്കു സഞ്ചരിക്കാന്‍. 'വര്‍ത്തമാന പുസ്തകം'. പ്രശാന്ത് ചിന്മയന്‍. രണ്ടാം പതിപ്പ്. ഡിസി ബുക്സ്. വില 332 രൂപ.

◼️കൊവിഡ് ഭേദമായ രോഗികളില്‍ കണ്ടുവരുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. കൊവിഡ് വന്ന് ഭേദമായശേഷം ആറ് മാസം വരെ മുടികൊഴിച്ചില്‍ ഉണ്ടാകാം. കൊവിഡില്‍ നിന്ന് മുക്തിനേടി ശരീരം പൂര്‍വ ആരോഗ്യസ്ഥിതി നേടിക്കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ മുടികൊഴിച്ചില്‍ പൂര്‍ണമായും നില്‍ക്കുകയും പുതിയ മുടികള്‍ വളരുകയും ചെയ്യും. മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റ് രോഗങ്ങളോ, പോഷകക്കുറവോ, തൈറോയ്ഡ്, ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ഇല്ല എന്ന് ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക. പോഷകാഹാരത്തിലൂടെയും, ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളിലൂടെയും മുടികൊഴിച്ചില്‍ അകറ്റാം. വൈറ്റമിന്‍ ഡി, വൈറ്റമിന്‍ സി, അയേണ്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങളിലൂടെയും , ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും നമുക്ക് ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിച്ചേക്കും. മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി അവശ്യ പോഷകങ്ങള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലെ വിറ്റാമിന്‍ സി മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നു. ആന്റിഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. മാത്രമല്ല നെല്ലിക്ക താരനും മറ്റ് ഫംഗസ് ബാധകളും തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെല്ലിക്കയിലെ വൈറ്റമിന്‍ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നു. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇവയില്‍ ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും ധാരാളമുണ്ട്. ഈ ആന്റിഓക്‌സിഡന്റുകള്‍ മുടിയുടെ ആരോഗ്യവും കരുത്തും നിലനിര്‍ത്തുകയും ചെയ്യുന്നു.

*ശുഭദിനം*

അത് അമ്മയുടെയും കുഞ്ഞിന്റെയും ആദ്യ വിമാനയാത്രയായിരുന്നു. പത്തുമണിക്കൂറോളം ദൈര്‍ഘ്യമുള്ളതാണ് ആ യാത്ര. കുട്ടി ഇടയ്ക്കിടെ കരഞ്ഞ് ആളുകളെ അലോസരപ്പെടുത്തുന്നുണ്ട്. കുറച്ചുകഴിഞ്ഞപ്പോള്‍ അമ്മ എല്ലാവര്‍ക്കും ഓരോ പൊതിവീതം നല്‍കി. അതില്‍ കുറച്ചു മിഠായികളും ഒരു കുറിപ്പുമുണ്ടായിരുന്നു. ആ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. എന്റെ പേര് വിയാന്‍. എനിക്ക് ആറുമാസമേയുള്ളൂ. ഇതെന്റെ ആദ്യവിമാനയാത്രയാണ്. എനിക്ക് നല്ല പേടിയുണ്ട്. അതുകൊണ്ട് ഞാന്‍ ചിലപ്പോള്‍ കരഞ്ഞ് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ശാന്തനായിരിക്കാന്‍ ഞാന്‍ ശ്രമിക്കാം, പക്ഷേ, എനിക്കതിനുകഴിയുമോ എന്നറിയില്ല. ഈ കുറിപ്പ് വായിച്ച് കഴിഞ്ഞ് പിന്നീട് വിയാന്‍ കരയുമ്പോഴെല്ലാം അവനെ ചിരിപ്പിക്കാന്‍ ഏതെങ്കിലുമൊരു യാത്രക്കാരന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മറ്റുള്ളവരെ ആദിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നതാണ്. സമൂഹം അനുവദിക്കുന്ന സ്വാതന്ത്ര്യം ഒരേ അളവിലാണെങ്കിലും എല്ലാവരുടേയും വൈകാരിക സ്വാതന്ത്ര്യത്തിന് വ്യത്യസമുണ്ടാകും. ചിലര്‍ പെട്ടെന്ന് കരയും, ചിലര്‍ ഉറക്കെ കരയും, കുറച്ചുപേര്‍ നിശബ്ദത ഇഷ്ടപ്പെടുന്നവരായിരിക്കും, ചിലര്‍ക്ക് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കണം, ആഗ്രഹമുണ്ടെങ്കിലും നിയന്ത്രിക്കാന്‍ കഴിയാത്ത ചിലതുണ്ടാകും. സഹചാരിയെ അസ്വസ്ഥരാക്കുന്നവര്‍ തങ്ങളുടെ നിസ്സഹായത മുന്‍കൂട്ടിയറിയിച്ചാല്‍ അത് മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന ആദരം എത്ര വലുതായിരിക്കും. ഈ ലോകം നമ്മുടെ മാത്രല്ല, മററുള്ളവരുടേത് കൂടിയാണെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ നമുക്ക് അവരേയും സ്വീകരിക്കാനും ആദരിക്കാനും കഴിയുന്നൊരു മനസ്സ്‌ സ്വന്തമാക്കാനാകും - *ശുഭദിനം.* 

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

Previous Post Next Post