പ്രധാന വാർത്തകൾ

2022 | ഏപ്രിൽ 6 | ബുധൻ | 1197 | മീനം 23 | രോഹിണി


◼️ശ്രീലങ്കയില്‍ രജപക്സെ സര്‍ക്കാര്‍ വീഴുന്നു. ഘടകകക്ഷികള്‍ കൂട്ടത്തോടെ മുന്നണി വിട്ടു. ഭൂരിപക്ഷം നഷ്ടമായി. 225 അംഗങ്ങളുള്ള ലങ്കന്‍ പാര്‍ലമെന്റില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്സെ സര്‍ക്കാരിന് ഉണ്ടായിരുന്നത്. നാല്പതിലേറെ എം.പിമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂറിനകം രാജിവച്ചു. പ്രസിഡന്റ് ഗോട്ടബയയുടെ സഹോദരനാണ് ഇദ്ദേഹം. ഇതേസമയം, ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയാണ് ഉത്തരവിറക്കിയത്.

◼️സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടും പാര്‍ട്ടി തളര്‍ന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടു മുന്നോട്ടു പോകാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. ബിജെപിക്കൊപ്പമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും. നാട്ടില്‍ വികസനം വേണ്ടെന്നാണ് എംപിമാര്‍ പറയുന്നത്. നാടിന്റെ വികസനത്തിനു തടസം നില്‍ക്കുന്നവര്‍ ശോഷിച്ച് ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️വ്യാജ അബ്കാരി കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച രണ്ടു പേര്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
എക്സൈസ് ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാമെന്ന അവസ്ഥയാണുള്ളത്.

◼️കെഎസ്ആര്‍ടിസി പ്രതിസന്ധി തുടര്‍ന്നാല്‍ ഏതാനും ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റു മാര്‍ഗമില്ല. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

◼️പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.

◼️ഇന്ധന വിലയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ വര്‍ധിച്ച വിലയുടെ പത്തിലൊന്നു മാത്രമാണ് ഇന്ത്യയില്‍ വര്‍ധിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി എച്ച്എസ് പുരി ലോക്സഭയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനും ഈ വര്‍ഷം മാര്‍ച്ച് 22 നും ഇടയില്‍ ഇന്ധന വില താരതമ്യം ചെയ്താണ് വിശദീകരണം. യുഎസില്‍ 51 %, കാനഡ 52 %, ജര്‍മ്മനി 55 %, യുകെ 55 %, ഫ്രാന്‍സ് 50 %, സ്പെയിന്‍ 58 % എന്നിങ്ങനെയാണ് വര്‍ധന. അതേ സമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. മന്ത്രി പറഞ്ഞു.

◼️കാസര്‍കോട് അഡൂര്‍ പാണ്ടിയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണ നായിക്കാണ് (56) മരിച്ചത്. മകന്‍ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

◼️വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിന്‍കീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭര്‍ത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിയപ്പെട്ടത്.

◼️പാര്‍ട്ടി അംഗത്വത്തില്‍ ഇടിവുണ്ടായെന്ന് സിപിഎം സംഘടന റിപ്പോര്‍ട്ട്. സിപിഎം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്. ഇതില്‍ 5,27,174 പേര്‍ കേരളത്തില്‍ നിന്നാണ്. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു. 31 വയസിനു താഴെയുള്ളവരുടെ എണ്ണത്തില്‍ കേരളത്തില്‍ നേരിയ വര്‍ദ്ധനയുണ്ട്. ആര്‍എസ്എസ് സ്വാധീനം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.

◼️കണ്ണൂരിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി തോമസ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേത്യത്വം കൊടുക്കുന്ന സഖ്യത്തില്‍ വരേണ്ട പാര്‍ട്ടിയാണു സിപിഎം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം സംബന്ധിച്ച സെമിനാറില്‍ സംസാരിക്കാനാണു തന്നെ വിളിച്ചത്. അദ്ദേഹം പറഞ്ഞു. കെപിസിസി ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കമാന്‍ഡ് അംഗീകരിച്ചിരിക്കേയാണ് തീരുമാനിച്ചില്ലെന്ന് തോമസ് പ്രതികരിച്ചത്.

◼️സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിപ്രായം രേഖപ്പെടുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക് അതോറിറ്റി ആയ എസ് സി ഇ ആര്‍ ടി നടത്തുന്ന എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തും. വിദ്യാഭ്യാസ ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍ ഇവിടങ്ങളിലൊക്കെ കുട്ടികള്‍ക്ക് സ്ഥാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

◼️കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു മരണം. ചക്കരക്കല്‍ ആറ്റടപ്പയിലാണ് ദാരുണ സംഭവം്. വീടിന്റെ ഉടമസ്ഥനായ ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, നിര്‍മ്മാണ തൊഴിലാളിയായ പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. രണ്ടാംനിലയുടെ നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്.

◼️യുഎഇയില്‍ കുടുംബ വഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു.

◼️കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ച് പ്രതിഷേധിച്ച തൃശ്ശൂര്‍ കോര്‍പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ മേയറുടെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമമെന്ന് ആരോപണം. മേയറുടെ കാറില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ചെളിവെള്ളം ഒഴിച്ചു. പ്രതിഷേധവുമായി കോര്‍പറേഷനില്‍ രാത്രിയിലും കുത്തിയിരിപ്പു സമരം നടത്തി.

◼️പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന കൊല്ലം തൊടിയൂര്‍ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി ഷാജുദ്ദീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◼️മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിനു കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണം. ബസിനു നേരെ വന്ന പടയപ്പ കൊമ്പു കൂത്തി ബസിന്റെ ചില്ലു തകര്‍ത്തു. മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിനു സമീപത്തായി വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

◼️പാലക്കാട് ആലത്തൂരില്‍ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമ്പലപ്പറമ്പ് സ്വദേശി സാദിഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

◼️എംജി സര്‍വ്വകലാശാല കലോത്സവത്തില്‍ എറണാകുളം തേവര എസ് എച് കോളേജിന് ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്. കലോല്‍സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ട്രാന്‍സ്ജന്‍ഡര്‍ പ്രതിഭ പുരസ്‌കാരം തൃപ്പുണിത്തുറ ആര്‍ എല്‍ വി കോളജിലെ തന്‍വി രാകേഷ് നേടി. മുന്നൂറ് കോളേജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. എരുമേലി ചെറുവേലി വില്ലേജിലെ 53 കാരന്‍ സോമനെയാണ് ചങ്ങനാശ്ശേരി ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2016-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പ്രസവിക്കുകയും ചെയ്ത കേസിലാണ് വിധി.

◼️കോഴിക്കോട് കൊടുവള്ളി മാനിപുരം എയുപി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും സാമൂഹ്യ വിരുദ്ധര്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തി. പാഠപുസ്തകങ്ങളും പഠനോപകരങ്ങളും മറ്റു വിലപ്പെട്ട വസ്തുക്കളും നശിപ്പിച്ചു. ചുമരിലും ബോര്‍ഡിലും അശ്ലീല സന്ദേശങ്ങളും എഴുതിവച്ചു. സ്‌കൂള്‍ പൂന്തോട്ടവും നശിപ്പിച്ചു.

◼️കൊല്ലം മദ്യപിച്ചെത്തി സ്വന്തം വീടിനു തീവച്ച് യുവാവ്. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഒളിവില്‍ പോയ ഇയാളെ പോലീസ് തെരയുന്നു.

◼️വേനല്‍മഴയില്‍ എറണാകുളം - അങ്കമാലി ദേശിയ പാതയില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ മരങ്ങളും പരസ്യഹോര്‍ഡിംഗുകളും തകര്‍ന്നുവീണു. ദേശിയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാര്‍ഷികമേഖലയിലും വ്യാപക നാഷനഷ്ടമുണ്ടായി. ടെല്‍ക് മുതല്‍ ടൗണ്‍ വരെ രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗതക്കുരുക്ക്.

◼️ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ ഇന്നും നാളേയും ഇന്റര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ എക്സിബിഷന്‍ മല്‍സരം. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രദര്‍ശനം. സെമിനാറുകളും ഒരുക്കിയിട്ടുണ്ടെന്ന് അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അറിയിച്ചു.

◼️പാചകവാതക-ഇന്ധന വിലവര്‍ധനവിനെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണ്ണയും. ധര്‍ണ്ണയ്ക്ക് മുന്‍പായി രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് രാജ്ഭവനിലേക്ക് സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കും. കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്രനടത്തിയും പ്രതിഷേധമുണ്ടാകും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

◼️ടി.എന്‍. പ്രതാപന്‍ എംപിക്കെതിരെ ഓണ്‍ലൈനിലൂടെ അപവാദപ്രചരണം നടത്തിയ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ യു ടൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.  

◼️സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് സതീശന്‍ ആരോപിച്ചു.

◼️മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ആരംഭിക്കുന്നത്തിന് ജൂലൈ ഒന്നുവരെ താത്കാലിക വിലക്ക്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് വിലക്കിയത്. പൂള്‍ അക്കൗണ്ടുകളുടെ ഉപയോഗം നിര്‍ത്തുന്നതുവരെ പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ വിലക്കുകയാണെന്ന് സെബി വ്യക്തമാക്കി.

◼️ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളേയും ലയിപ്പിച്ച് ഒറ്റ കോര്‍പ്പറേഷനാക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി. ഡല്‍ഹി ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളാണ് ഏകീകരിക്കുന്നത്. കോര്‍പറേഷന്‍ ഭരണം പിടിച്ചടക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് ലയനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

◼️ഇറാഖ് കര്‍ബല റിഫൈനറിയിലെ തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി അധികൃതര്‍ ക്യാമ്പില്‍ എത്തി തൊഴിലാളികളെ കണ്ടു. ഇവര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ പാസ്പോര്‍ട്ടില്‍ നാടുകടത്തല്‍ സ്റ്റാംപ് പതിക്കാതെയിരിക്കാന്‍ ഇറാഖ് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. വിസ പുതുക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇവര്‍ ഉറപ്പ് നല്‍കി.

◼️പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇന്നു തീര്‍പ്പു കല്‍പിച്ചേക്കും. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നല്‍കാതിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി തീരുമാനിക്കുക. ഇരു ഭാഗവും ഇന്നലെ വാദം പൂര്‍ത്തിയാക്കി.

◼️പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന രീതി യുഎഇ നിര്‍ത്തുന്നു. താമസവിസക്കു പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കും. ഏപ്രില്‍ 11 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

◼️തലസ്ഥാന നഗരമായ കീവിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ പൂര്‍ണ ആധിപത്യം തിരിച്ചു പിടിച്ചെന്ന് യുക്രെയ്ന്‍. 41 ദിവസം പിന്നിട്ട റഷ്യന്‍ അധിനിവേശത്തില്‍ 15,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് നാറ്റോ വ്യക്തമാക്കി. കീവ് പിടിച്ചെടുക്കുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചത്. എന്നാല്‍ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ മാത്രമാണ് റഷ്യക്കു സാധിച്ചത്.

◼️അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. 540 കോടി ഡോളറാണ് ആസ്തി. ആഗോള തലത്തില്‍ 490-ാം സ്ഥാനം. ടെസ്ല കമ്പനി മേധാവി ഇലോണ്‍ മസ്‌കാണ് ഫോബ്‌സ് പട്ടികയിലെ ഒന്നാമന്‍. 21,900 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി. 17,100 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാമതെത്തി. 410 കോടി ഡോളറുള്ള ഇന്‍ഫോസിസിന്റെ എസ് ഗോപാലകൃഷ്ണനാണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. 360 കോടി ഡോളര്‍ ആസ്തിയുള്ള ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. 9070 കോടി ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ആഗോള തലത്തില്‍ ആദ്യ പത്തിലുള്ള ഇന്ത്യക്കാരന്‍. പതിനൊന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയാണ്. 90 ബില്യന്‍ ഡോളറാണ് അദാനിയുടെ ആസ്തി.

◼️ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 4 വിക്കറ്റിന് തോല്‍പ്പിച്ച് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഒരു ഘട്ടത്തില്‍ 87 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായ ബാംഗ്ലൂര്‍ ടീം ആറാം വിക്കറ്റില്‍ ഒന്നിച്ച ഷഹബാസ് അഹമ്മദ് - ദിനേഷ് കാര്‍ത്തിക്ക് കൂട്ടുകെട്ടിന്റെ മികവില്‍ ആവേശ ജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ശേഷിക്കേ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു.

◼️കേരളത്തില്‍ ഇന്നലെ 17,360 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,507 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 928 കോവിഡ് രോഗികള്‍. നിലവില്‍ 27,961 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.83 കോടി കോവിഡ് രോഗികളുണ്ട്.

◼️ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതി വരുമാനം ചരിത്രത്തില്‍ ആദ്യമായി 100 കോടി ഡോളര്‍ കടന്നു. 2021-22ല്‍ 42 ശതമാനം വളര്‍ച്ചയുമായി 104.2 കോടി ഡോളറാണ് ലഭച്ചതെന്ന് കോഫീ ബോര്‍ഡ് വ്യക്തമാക്കി. 73.49 കോടി ഡോളറായിരുന്നു 2020-21ല്‍ കയറ്റുമതി. കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ ലഭിച്ച മികച്ച ഡിമാന്‍ഡും ഉയര്‍ന്നവിലയുമാണ് റെക്കാഡ് വരുമാനത്തിന് വഴിതെളിച്ചത്. 2020-21ല്‍ ടണ്ണിന് 1.75 ലക്ഷം രൂപയായിരുന്നു ഇന്ത്യന്‍ കാപ്പിക്ക് കയറ്റുമതി വില. കഴിഞ്ഞ സാമ്പത്തികവര്‍ഷം വില 5.4 ശതമാനം ഉയര്‍ന്ന് 1.84 ലക്ഷം രൂപയായി. പ്രമുഖ ഉത്പാദക രാഷ്ട്രങ്ങളായ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് ആഗോളതലത്തില്‍ കാപ്പിവില കൂടാന്‍ കളമൊരുക്കിയത്.

◼️രാജ്യത്ത് പ്രതിമാസ യു.പി.ഐ ഇടപാടുകള്‍ ചരിത്രത്തില്‍ ആദ്യമായി 500 കോടി കടന്നു. കഴിഞ്ഞമാസം 540.56 കോടി ഇടപാടുകളാണ് നടന്നത്; 9.60 ലക്ഷം കോടി രൂപയാണ് ഇടപാട് മൂല്യം. ഫെബ്രുവരിയില്‍ നടന്നത് 8.26 ലക്ഷം കോടി രൂപയുടെ 452.74 കോടി ഇടപാടുകളായിരുന്നുവെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. 2021-22ല്‍ ആകെ യു.പി.ഐ ഇടപാടുമൂല്യം 84.17 ലക്ഷം കോടി രൂപയാണ്; ഡോളര്‍ നിരക്കില്‍ മൂല്യം ഒരുലക്ഷം കോടി കടന്നു. 2019 ഒക്ടോബറിലാണ് പ്രതിമാസ ഇടപാട് ആദ്യമായി 100 കോടി കടന്നത്.

◼️സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന 'ത്രയം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് നിയോ നോയര്‍ ജോണറിലെ ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ ഗോപിനാഥ് ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ വര്‍മ(തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രാവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഒറ്റ ദിവസം നടക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ത്രയം എന്ന സിനിമ പറയുന്നത്.

◼️ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന അവതരിപ്പിക്കുന്ന 'അഫ്രീന്‍' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മൃണാല്‍ താക്കൂര്‍ ആണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെ ആകും മൃണാല്‍ അവതരിപ്പിക്കുക. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

◼️ഹോണ്ട ടൂ-വീലേഴ്‌സ് ഇന്ത്യ അതിന്റെ മുന്‍നിര മോട്ടോര്‍സൈക്കിളായ സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡിന്റെ വില ഗണ്യമായി വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. പുതിയ ഹോണ്ട സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് 2020 മധ്യത്തില്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പിന്നാലെ, മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ വര്‍ഷം 32.68 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയില്‍ ഔദ്യോഗികമായി പുറത്തിറക്കി. ഇപ്പോള്‍ വാഹനത്തിന് ഏകദേശം 10 ലക്ഷം രൂപയുടെ വന്‍ വിലക്കുറവ് ലഭിക്കുന്നു. നിലവില്‍ 23.11 ലക്ഷം രൂപ വിലയില്‍ (എക്സ്-ഷോറൂം ഗുരുഗ്രാം - ഹരിയാന) ഈ ബൈക്ക് ലഭ്യമാകും.

Post a Comment

Previous Post Next Post