കൽപറ്റ: നഗരത്തിൽ എൻ.എസ്.എസ് സ്കൂളിന് സമീപത്തുവെച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റതോടെ കൽപറ്റയും പരിസര പ്രദേശങ്ങളും വീണ്ടും പേപ്പട്ടിഭീതിയിലായി. റാട്ടക്കൊല്ലിയിലേയും പുൽപാറയിലേയും നിരവധി തെരുവുനായ്ക്കൾക്ക് കഴിഞ്ഞ ദിവസം അക്രമകാരിയായ നായുടെ കടിയേറ്റിരുന്നു. ഇതിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്. വാഹനങ്ങൾ കുറവുള്ള എന്നാൽ, നിരവധി ആളുകൾ കാൽനടയായി സഞ്ചരിക്കുന്ന പ്രദേശമാണിത് എന്നത് നാട്ടുകാർക്കും നായുടെ കടിയേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ പ്രദേശങ്ങളിൽ നിരവധി തെരുവുനായ്ക്കളാണ് അലഞ്ഞുനടക്കുന്നത്.
പേവിഷബാധ കൂടി സംശയിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. പിഞ്ചുകുട്ടികളെ മുറ്റത്ത് ഇറക്കാൻപോലും രക്ഷിതാക്കൾ ഭയക്കുകയാണ്. ഒരാഴ്ചമുമ്പ് കൽപറ്റ ടൗണിന് സമീപത്തെ എമിലി, പള്ളിത്താഴെ, അമ്പിലേരി, മെസ് ഹൗസ് റോഡ്, മൈതാനി ഭാഗങ്ങളിലുള്ള കുട്ടികളും വയോധികരുമുൾപ്പെടെയുള്ള 31 പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴില്‍ പൂക്കോടിലുള്ള ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ ഇവരെ കടിച്ച നായ്ക്ക് പേയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
Post a Comment