ഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമാവുന്നു. ഡൽഹിയിലാണ് ക്ഷാമം രൂക്ഷം. രാജ്യതലസ്ഥാനത്തെ പവർ സ്റ്റേഷനുകളിൽ ഇനി കുറച്ചു ദിവസത്തേക്ക് കൂടിയുള്ള കൽക്കരി മാത്രമേ ഉള്ളൂ എന്നാണ് ആരോഗ്യമന്ത്രി സത്യേന്തർ ജെയ്ൻ അറിയിച്ചത്. ഈ സാഹചര്യത്തിൽ പവർ സ്റ്റേഷനുകളിൽ നിന്നും വൈദ്യുതി വിതരണം മുടങ്ങുമെന്നും മുന്നറിയിപ്പുണ്ട്.
'ഡൽഹിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പവർ പ്ലാന്റുകളിൽ കൽക്കരി ക്ഷാമം കാരണം കുറച്ചു ദിവസത്തേക്ക് കൂടിയുള്ള സ്റ്റോക്ക് മാത്രമേ അവശേഷിക്കുന്നുള്ളൂ. വേനൽക്കാലത്ത് ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ വൈദ്യുതിയുടെ ആവശ്യം അതിന്റെ ഉച്ചസ്ഥായിലായിരിക്കും,' ഡൽഹി ആരോഗ്യമന്ത്രി ജെയ്ൻ ട്വീറ്റ് ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം കൽക്കരി ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൽക്കരി ക്ഷാമം മൂലം പവർ സ്റ്റേഷനുകളിൽ വൈദ്യുതി മുടങ്ങുന്നതിനാൽ മെട്രോ സ്റ്റേഷന്, ആശുപത്രികൾ തുടങ്ങിയിടങ്ങളിൽ പ്രവർത്തനം തടസ്സപ്പെടുമെന്ന് നേരത്തെ ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. ദാദ്രി ll, ഉഞ്ചഹാർ പവർ സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതാണ് ഡൽഹിയിലെ പ്രതിസന്ധിക്ക് കാരണം. ഡൽഹിക്കാവശ്യമായ 25 മുതൽ 30 ശതമാനം വരെ വൈദ്യുതി ഈ പവർ സ്റ്റേഷനുകളിൽ നിന്നാണ് ലഭിക്കുന്നത്
ദാദ്രി ll, ഉച്ചഹർ, കഹൽഗോൺ, ഫരക്ക, ജഹജർ എന്നി പവർ പ്ലാന്റുകളിൽ നിന്നായി 1,751 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം ഡൽഹിയിലെത്തുന്നത്. ഇതിൽ 728 മെഗാവാട്ടും ലഭിക്കുന്നത് ദാദ്രി പവർ സ്റ്റേഷനിൽ നിന്നാണ്. എന്നാൽ നിലവിൽ ഈ പവർ സ്റ്റേഷനുകളിലെല്ലാം കൽക്കരി ക്ഷാമം നേരിടുന്നുണ്ട്. കൽക്കരി ക്ഷാമം കേരളത്തിലെ വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് 15 മിനുട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഇന്നലെ കെഎസ്ഇബി തീരുമാനിക്കുകയും ചെയ്തിരുന്നു
Post a Comment