പ്രധാന വാർത്തകൾ

*2022 ഏപ്രിൽ 12
*1443 റമളാൻ 10
*1197 മീനം 29
*ചൊവ്വ | ആയില്യം
◼️പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്. ഇമ്രാന്‍ ഖാന്റെ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ദൈവം പാകിസ്ഥാനെ രക്ഷിച്ചുവെന്നും പാകിസ്ഥാന്‍ ജനത ഈ ദിവസം ആഘോഷിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.

◼️ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്തണം എന്നാണ് ആഗ്രഹമെന്ന് നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഷെഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ സുസ്ഥിര സമാധാനം ഉറപ്പാക്കാന്‍ കശ്മീര്‍ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

◼️നിയുക്ത പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് മോദി വ്യക്തമാക്കി.

◼️ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നല്‍കുന്ന ശുപാര്‍ശകളില്‍ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പാ നിയമ പ്രകാരം ഗുണ്ടകളെ കരുതല്‍ തടുങ്കലില്‍ എടുക്കുന്നതിനും നടുകടത്തുന്നതിനുമുള്ള ശുപാര്‍ശകളില്‍ കളക്ടര്‍മാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതല തലയോഗത്തിലായിരുന്നു തീരുമാനം.

◼️വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനോട് പ്രതികരിച്ച് കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം നോട്ടീസിന് ഉടന്‍ മറുപടി നല്‍കുമെന്നും പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും ആവര്‍ത്തിച്ചു.

◼️കെഎസിഇബി തര്‍ക്കത്തില്‍ ചെയര്‍മാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. തൊഴിലാളി സംഘടനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും കത്തില്‍ പറയുന്നു.

◼️സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്‍ത്തനോദ്ഘാടനവും ഫ്‌ളാഗോഫും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് നിര്‍വഹിക്കും. ഈ ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍ കൂടി സജ്ജമായതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും.

◼️ദീര്‍ഘദൂര ബസ്സുകള്‍ക്കായുള്ള പുതിയ സംരഭമായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ സര്‍വ്വീസുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ഉദ്ഘാടന ചടങ്ങ് ഭരണാനുകൂല സംഘടനയടക്കം ബഹിഷ്‌കരിച്ചു. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണിത്. ജീവനക്കാരുടെ പ്രതികരണം സ്വാഭാവികമാണെന്നും, ധനവകുപ്പിനോട് അധിക സഹായം തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

◼️പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തു വിടുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കോവിഡ് അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല എന്നാണ് ഇന്നലെ വൈകിട്ടോടെ ആരോഗ്യവകുപ്പ് അറിയിച്ചത്.

◼️സിറോ മലബാര്‍ സഭാ ഇടപാട് കേസില്‍ പ്രതിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകില്ല. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, തല്‍ക്കാലം ഹാജരാകേണ്ടതില്ലെന്നാണ് കര്‍ദിനാളിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി തീരുമാനമാകുംവരെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടും.

◼️നടിയെ ആക്രമിച്ച കേസില്‍ വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്ന നടി കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തളളി. ആലുവയിലെ പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം കാവ്യാ മാധവനെ അറിയിച്ചു. എന്നാല്‍ സാക്ഷി എന്ന നിലയിവാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താന്‍ ആവില്ലെന്നുമാണ് കാവ്യയുടെ നിലപാട്.

◼️ഹര്‍ത്താലുകളെ വിമര്‍ശിച്ച് വീണ്ടും ശശി തരൂര്‍ എം പി. ഐഎന്‍ടിയുസി പരിപാടിയിലാണ് ഹര്‍ത്താലിനെയും വഴി തടയലുകളെയും തരൂര്‍ വിമര്‍ശിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമര രീതിയെയാണ് തരൂര്‍ വിമര്‍ശിച്ചത്.

◼️നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ലയില്‍വെച്ചാണ് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

◼️കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ ഓവര്‍ ടേക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. കൂട്ടത്തല്ലില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും യാത്ര ചെയ്ത കാര്‍ ഒരു ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

◼️സഹോദരിയുടെ വീട്ടില്‍നിന്ന് ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെത്തുടര്‍ന്ന് യുവാവ് വീടിനു തീയിട്ടു. മക്കളുടെ പുസ്തകങ്ങളും
പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിയമര്‍ന്നു. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷിനെ (46) പോലിസ് അറസ്റ്റു ചെയ്തു.

◼️കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പതിനഞ്ചാം തിയതി വെള്ളിയാഴ്ച വരെയാണ് മഴ തുടരാന്‍ സാധ്യത. ഈ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

◼️ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദിയോഘര്‍ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുത് ഹില്‍സിലാണ് അപകടമുണ്ടായത്.

◼️കേന്ദ്രസര്‍ക്കാരിന്റെ നെല്ല് സംഭരണ നയത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിലെ കര്‍ഷകരുടെ അരി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ദില്ലി തെലങ്കാന ഭവനില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികരിക്കണമെന്നും മറുപടി നല്‍കിയില്ലെങ്കില്‍ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് റാവു മുന്നറിയിപ്പ് നല്‍കി.

◼️സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ ഒരു രാത്രി വീട്ടിലേക്ക് അയക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് ഉത്തര്‍പ്രദേശ് വൈദ്യുതി വകുപ്പിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ലഖിംപൂരിലെ ജൂനിയര്‍ എന്‍ജിനീയറുടെ ഓഫിസിന് പുറത്ത് ഗോകുല്‍ പ്രസാദ് (45) എന്ന ഉദ്യോഗസ്ഥനാണ് ഡീസല്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ജൂനിയര്‍ എന്‍ജിനീയര്‍ നാഗേന്ദ്ര കുമാറിനെയും മറ്റൊരു ക്ലര്‍ക്കിനെയും സസ്‌പെന്‍ഡ് ചെയ്തു.

◼️ജനങ്ങള്‍ക്ക് തന്നെ ആവശ്യമാണെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. രാഷ്ട്രീയം ജവസേവനത്തിന് ഉചിതമായ മാര്‍ഗമാണെന്നും തനിക്ക് രാഷ്ട്രീയം വഴങ്ങുമെന്നും വാദ്ര പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പ്രിയങ്കയ്ക്ക് 10ല്‍ 10മാര്‍ക്കും നല്‍കുമെന്നും പ്രിയങ്ക തെരഞ്ഞെടുപ്പ് വിജയത്തിനായി രാവും പകലും പ്രവര്‍ത്തിച്ചുവെന്നും വാദ്ര വ്യക്തമാക്കി.

◼️യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യുക്രെയ്ന്‍ - റഷ്യ ചര്‍ച്ചകളില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള വിര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.

◼️അഫ്ഗാനിസ്താനില്‍ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാക്സ്ഥാനെ പുതിയ താവളമാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐ എസ് ഭീകരരാണ് പാക്കിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

◼️കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷാങ്ഹായിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത ജനം ഭക്ഷണത്തിനായി ജനലിനരികില്‍ നിന്ന് അലറിവിളിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. 2.6 കോടിയോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഷാങ്ഹായ് നഗരത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണം കടുപ്പിച്ചത് വിമര്‍ശന വിധേയമായിരുന്നു.

◼️ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലേക്കും വ്യാപിക്കുന്നു. പി സി ബി ചെയര്‍മാന്‍ റമീസ് രാജ ഉടന്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരുടെ എതിര്‍പ്പിനെ മറികടന്ന് ഇമ്രാന്‍ ഖാനാണ് റമീസ് രാജയെ പി സി ബി ചെയര്‍മാനായി നിയമിച്ചത്.

◼️ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ചു പന്തു ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അഭിഷേക് ശര്‍മ, കെയ്ന്‍ വില്ല്യംസണ്‍, നിക്കോളാസ് പുരന്‍ എന്നിവരുടെ ബാറ്റിങ്ങാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്.

◼️ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.35 ശതമാനമായി ഉയര്‍ന്നേക്കാമെന്ന് റോയിട്ടേഴ്സ് പോള്‍ ഫലം. ഭക്ഷ്യവിലയിലെ തുടര്‍ച്ചയായ വര്‍ധനവാണിതിന് കാരണം. ഇത് തുടര്‍ച്ചയായ മൂന്നാം മാസത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷിത നിരക്കിനേക്കാള്‍ ഉയരത്തിലാകാന്‍ കാരണമാകും. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.07 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.35 ശതമാനമായി ഉയര്‍ന്നതായി റോയിട്ടേഴ്സ് പോള്‍ ഫലം പറയുന്നു. ഏപ്രില്‍ 4-8 വരെ 48 സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെട്ട പോള്‍ ഫലമാണിത്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

◼️എന്‍ബിഎഫ്സി വായ്പ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ഗോദ്റെജ് ഗ്രൂപ്പ്. 1998ല്‍ തന്നെ ഗോദ്റെജിന് എന്‍ബിഎഫ്സി ലൈസന്‍സ് ലഭിച്ചതാണ്. ഗോദ്റെജ് ഫിനാന്‍സ് ലിമിറ്റഡിന് (ജിഎഫ്എല്‍) കീഴിലാവും വായ്പ സേവനങ്ങള്‍ അവതരിപ്പിക്കുക. ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഈടില്ലാത്ത വായ്പകളും വസ്തുവിന്മേലുള്ള വായ്പകളുമായിരിക്കും ആദ്യം നല്‍കുക. ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് ആധിപത്യമുള്ള ഉപഭോക്തൃ വായ്പ രംഗത്തേക്കും ഗോദ്റെജ് പ്രവേശിക്കും. നിലവില്‍ ഹൗസിംഗ് ഫിനാന്‍സിന് കീഴില്‍ ഭവന വായ്പ ഉള്‍പ്പടെയുള്ളവ ഗോദ്റെജ് നല്‍കുന്നുണ്ട്.

◼️ജൂനിയര്‍ എന്‍ടിആറും രാം ചരണും തകര്‍ത്താടിയ ആര്‍ആര്‍ആറിലെ ''നാട്ട് കൂത്ത്' വീഡിയോ ഗാനം റിലീസ് ചെയ്തു. ഗാനം പാടിയിരിക്കുന്നത് കെ എസ് ശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മാങ്കൊമ്പു ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ച ''നാട്ട് കൂത്ത്'' ഗാനത്തിന്റെ നിര്‍ത്തച്ചുവടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രേം രക്ഷിത് ആണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയ ബോളിവുഡ് താരം ആമിര്‍ഖാനും വേദിയില്‍ ഈ ഗാനത്തിന്റെ ചുവടു വച്ചിരുന്നു.

◼️അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പത്മയിലെ രണ്ടാമത്തെ ഗാനം എത്തി. കനല്‍ക്കാറ്റില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അനൂപ് മേനോന്റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്മിയാണ് നായിക. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◼️ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിന് ഇനി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒരു പ്രധാന മോഡലിനെ നഷ്ടപ്പെടാന്‍ പോകുകയാണ്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗന്റെ ജനപ്രിയ മോഡലായ പോളോ ആണിത്. 12 വര്‍ഷത്തെ സേവനത്തിന് ശേഷം ആണ് ഫോക്‌സ്വാഗണ്‍ പോളോ ഹാച്ച്ബാക്ക് ഇന്ത്യയോട് വിട പറയുന്നത്. ഫോക്‌സ്വാഗണ്‍ പോളോയുടെ ലെജന്‍ഡ് പതിപ്പ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പോളോ ലെജന്‍ഡ് എഡിഷന്റെ വില 10.25 ലക്ഷം രൂപ ആണ്. ഇത് 700 യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.

◼️മുഖച്ചമയങ്ങളില്ലാതെ മൂടുപടമില്ലാതെ മലയാളത്തിന്റെ പ്രിയനടി ജീവിതം തുറന്നു പറയുന്നു. സിനിമയും നാടകവും രാഷ്ട്രീയവും കടന്നു വരുന്ന ഈ ആത്മകഥ ഒരു കാലത്തിന്റെ ചരിത്രം കൂടിയായി മാറുന്നു. 'കഥതുടരും കെ പി എസി ലളിത'. മാതൃഭൂമി. വില 299 രൂപ.

◼️ലഘുവായ തോതില്‍ കോവിഡ് വന്നവര്‍ പോലും പലപ്പോഴും പരാതിപ്പെടുന്ന ഒരു സംഗതിയുണ്ട്. കോവിഡ് സമയത്തും കോവിഡിനു ശേഷവും പിടികൂടിയ വിട്ടുമാറാത്ത ക്ഷീണം. എത്രയുറങ്ങിയാലും എത്ര വിശ്രമിച്ചാലും മാറാത്ത ഈ ക്ഷീണം വൈറസിനോടുള്ള ശരീരത്തിന്റെ ശക്തമായ പ്രതിരോധ പ്രതികരണത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. കോവിഡിനു ശേഷം സാധാരണ ജീവിത്തിലേക്ക് മടങ്ങുന്നത് നിങ്ങളുടെ ഒരു വേഗതയ്ക്കും ഊര്‍ജ്ജസ്വലതയുടെ തോതിനനുസരിച്ചും മതി. നിങ്ങളുടെ ജീവിതത്തിലെ മുന്‍ഗണനകള്‍ നിശ്ചയിച്ച് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ആലോചിച്ച് വേവലാതി വേണ്ട. കോവിഡ് കഴിഞ്ഞ് തിടുക്കത്തില്‍ പഴയ മട്ടില്‍ ശരീരത്തിന് അമിത സമ്മര്‍ദം കൊടുത്ത് കൊണ്ടുള്ള വ്യായാമത്തിലേക്ക് മടങ്ങേണ്ട. ഇതിന് ഒക്ക്യുപ്പേഷണല്‍ തെറാപിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, എക്സര്‍സൈസ് ഫിസിയോളജിസ്റ്റുകള്‍ തുടങ്ങിയവയവരുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടാം. ക്ഷീണം കാരണം ധാരാളം സമയം ഉറങ്ങി പോകുന്നു എന്നതിനെ കുറിച്ച് കുറ്റബോധം ആവശ്യമില്ല. ഉറക്കം ഇടയ്ക്കിടെ തടസ്സപ്പെടുന്നതും ക്രമമില്ലാത്ത ഉറക്കവും അതിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു. ഇതിനാല്‍ കൃത്യമായ ഒരു സമയക്രമം പാലിച്ച് കൊണ്ട് ഉറങ്ങാന്‍ ശ്രദ്ധിക്കണം. ക്ഷീണം തോന്നുമ്പോഴും ഉറങ്ങാന്‍ സമയം കണ്ടെത്തുക. മണവും രുചിയുമെല്ലാം നഷ്ടമാകുന്നതിനാല്‍ കോവിഡ് കാലത്ത് ഭക്ഷണം ശരിക്ക് കഴിക്കാന്‍ പറ്റിയെന്ന് വരില്ല. ഇത് പരിഹരിക്കാന്‍ പല നിറത്തിലും തരത്തിലുമുള്ള പഴങ്ങളും പച്ചക്കറികളും നട്സും അടക്കമുള്ള പോഷകാഹാരങ്ങള്‍ ധാരാളം കഴിക്കണം. ക്ഷീണം തോന്നുന്ന സമയവും സന്ദര്‍ഭവും ഇതിന്റെ ദൈര്‍ഘ്യവുമൊക്കെ ഒരു ഡയറില്‍ കുറിച്ച് വയ്ക്കുക. ഇതില്‍ വരുന്ന പുരോഗതിയും ഈ ഡയറിയില്‍ ക്രമമായി രേഖപ്പെടുത്തേണ്ടതാണ്. ക്ഷീണാവസ്ഥ കുറയുകയാണോ കൂടുകയാണോ എന്നെല്ലാം നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും.

Post a Comment

Previous Post Next Post