കണിയാമ്പറ്റയിൽ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾക്ക് തുടക്കമായി


     
കണിയാമ്പറ്റ : മഴക്കാലവുമായി ബന്ധപ്പെട്ട് പിടിപെടാൻ സാധ്യതയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ പഞ്ചായത്തിൽ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് ഭവനസന്ദർശന - ബോധവൽക്കരണം, കൂത്താടി ഉറവിടനശീകരണം, കുടിവെള്ള ശുദ്ധീകരണം എന്നിവ സംഘടിപ്പിക്കുന്നുണ്ട്.  

ജനപ്രതിനിധികൾ, വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ മുഴുവൻ പൊതുജനരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, ആരോഗ്യശുചിത്വ സമിതി അംഗങ്ങൾ, ആർ.ആർ.ടി അംഗങ്ങൾ,  കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ സംഘടനാ പ്രതിനിധികളും അടങ്ങുന്ന ടീം അംഗങ്ങൾ ഒരു ദിവസം ഒരു വാർഡ്‌ എന്ന രീതിയിൽ പഞ്ചായത്തിലെ 18 വാർഡുകളിലെയും മുഴുവൻ വീടുകളും സന്ദർശിച്ചു പ്രവർത്തനം നടത്തും.

പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊഴിഞ്ഞാങ്ങാട് ഹെൽത്ത് സെന്ററിൽ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കമലരാമൻ നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷ പി.എൻ സുമ അധ്യക്ഷത വഹിച്ചു. വരദൂർ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഇ.രേഷ്മ. പദ്ധതിവിശദീകരണം നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ.കെ. മനോജ്‌, പബ്ലിക് ഹെൽത്ത്‌ നേഴ്സ് കെ.കെ സൗമിനി, വാർഡംഗങ്ങളായ ലത്തീഫ് മേമാടൻ, സലിജ ഉണ്ണി എന്നിവർ സംസാരിച്ചു.

മാലിന്യസംസ്ക്കരണമുൾപ്പെടെ ശരിയാം വണ്ണം നടത്താതെ, പകച്ചവ്യാധി നിയന്ത്രണത്തിനു തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കേരള പൊതുജനാരോഗ്യനിയമം, പഞ്ചായത്ത് രാജ് നിയമം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മുഖംനോക്കാതെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഓർമപ്പെടുത്തി.


Post a Comment

Previous Post Next Post