സായാഹ്‌ന വാർത്തകൾ
◼️പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി രമേശാണെന്ന് പോലീസ്. നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉറ്റസൂഹൃത്താണിയാള്‍. മൂന്നാമത്തെ ശ്രമത്തിലാണ് സുബൈറിനെ കൊലപ്പെടുത്തിയത്. നേരത്തെ ഏപ്രില്‍ ഒന്നാം തീയതിയും എട്ടാം തീയതിയും ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ ശരവണ്‍, ആറുമുഖന്‍, രമേശ് എന്നീ മുന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. മണ്ണുക്കാട് കോരയാറില്‍ നിന്ന് നാലു വടിവാളുകളാണ് കണ്ടെടുത്തത്.

◼️കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലയാളികള്‍ ആദ്യം കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പോസ്റ്റുമോര്‍ട്ടം ആരംഭിച്ചശേഷം പ്രതികള്‍ നേരെ കൊലപാതകത്തിനായാണ് പോയത്. 16 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

◼️പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച കേസില്‍ പ്രതികളായ ഏഴ് ഉദ്യോഗസ്ഥരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി. സിബിഐ പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. പി.പി മത്തായിയെ കസ്റ്റഡിയിലെടുത്തതു മുതല്‍ ക്രമക്കേടുകളായിരുന്നെന്ന് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. ചിറ്റാര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്‍ രാജേഷ്‌കുമാര്‍, ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ്കുമാര്‍, ജോസ് ഡിക്രൂസ്, ടി അനില്‍കുമാര്‍, എന്‍ സന്തോഷ്‌കുമാര്‍, വി.എം ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ ഇ.ബി പ്രദീപ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

◼️സൈനിക ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. വാട്സാപ് ഗ്രൂപ്പുകളിലാണ് സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. കുറ്റക്കാരായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന്റെ ഹര്‍ജി 'ഡിസ്മിസ്ഡ്' എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരന്‍ അനൂപും അടക്കം ആറു പ്രതികളാണ് കേസിലുള്ളത്. ഇതോടെ കേസുമായി കേരള പോലീസിനു മുന്നോട്ടു പോകാം. ദിലീപിന്റെ സഹോദരന്‍ അനൂപിനെ പോലീസ് ക്ലബില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. കാവ്യ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന നടപടികള്‍ ഉടനേ ആരംഭിക്കും.

◼️കൊവിഡ് കണക്ക് നല്‍കുന്നില്ലെന്നതു തെറ്റായ പ്രചാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിനു കണക്കു കൊടുക്കുന്നുണ്ട്. കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിച്ചു. ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ അറിയാന്‍ കൊവിഡ് റിപ്പോര്‍ട്ട് ഉണ്ടാകും. രോഗബാധ കൂടിയാല്‍ ദിവസവും ബുള്ളറ്റിന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

◼️മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയോഗിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കാനും തീരുമാനിച്ചു. നിലവിലുള്ള പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററാക്കും.

◼️പാര്‍ട്ടി കോണ്‍ഗ്രസിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമലംഘനമാണെന്നു മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും കണ്ണൂര്‍ ആര്‍ടിഒ വ്യക്തമാക്കി. സ്വകാര്യ ഫോര്‍ച്ചൂണര്‍ കാറിന്റെ ഉടമയെച്ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. വാടകയ്ക്കെടുത്ത വാഹനമെന്നാണു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചത്.

◼️കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്നു വേട്ട. ഗുജറാത്തി സ്ട്രീറ്റില്‍ എംഡിഎംഎയുമായി കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു.

◼️സില്‍വര്‍ ലൈനില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രിമാര്‍ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. പദ്ധതി പ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കാനുള്ള പൊതുയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളും ഉണ്ടാകും.

◼️നെല്‍ കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. വിള ഇന്‍ഷുറന്‍സും നഷ്ടപരിഹാരവും സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം. വേനല്‍ മഴ നാശംവിതച്ച കുട്ടനാടന്‍ പാടങ്ങളില്‍നിന്ന് പരമാവധി നെല്ല് സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു.

◼️എറണാകുളം - കായംകുളം പാസഞ്ചര്‍ ട്രെയിന്‍ പുനരാരംഭിക്കുന്നു. വൈകുന്നേരം ആറിന് എറണാകുളത്തുനിന്ന് കായംകുളത്തേയ്ക്കും തിരിച്ച് രാവിലെ 8.40 ന് കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ ഈ ആഴ്ച തന്നെ പുനരാരംഭിക്കും.

◼️വലയില്‍ കരുങ്ങിയ ഡോള്‍ഫിനെ മുറിച്ചു വില്‍ക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. തിരുവനന്തപുരം പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തില്‍പ്പെട്ട ഡോള്‍ഫിനെ മുറിച്ചു വില്‍ക്കാന്‍ ശ്രമിച്ചത്. ബെനാന്‍സ് എന്നയാളുടെ ബോട്ടില്‍ കൊണ്ടുവന്ന ഡോള്‍ഫിനാണിത്. പൊലീസെത്തിയപ്പോള്‍ വില്‍പനക്കാര്‍ ഓടിരക്ഷപ്പെട്ടു. പോലിസ് കേസെടുത്തു.

◼️കോടഞ്ചേരിയില്‍ മിശ്രവിവാഹത്തിന്റെ പേരില്‍ വിവാദത്തിലായ ജോയ്സ്നയ്ക്കു ഷിജിനൊപ്പം പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. 26 വയസുള്ള ജോയ്സ്നക്ക് സ്വന്തമായി തീരുമാനമെടുക്കാനാകും. ജോയ്സ്നയുടെ അച്ഛന്‍ ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി.

◼️കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുടെ സമരത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് കേരളാ ഹൈക്കോടതി. വൈദ്യുതി ബോര്‍ഡിന് യുക്തമായ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ട്. സമരം തടയണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ചൊവ്വാഴ്ചത്തേക്കു മാറ്റി. വയനാട് സ്വദേശിയായ അരുണ്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്.

◼️സ്മാര്‍ട്ട് സിറ്റിയിലെ കെട്ടിടത്തിന് രാജ്യാന്തര നിലവാരമില്ലെന്നു നിലവിലെ നിക്ഷേപകര്‍. യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ റേറ്റിംഗ് ഉണ്ടെന്ന പ്രഖ്യാപനത്തിനെതിരെയാണ് ഒരു വിഭാഗം കമ്പനികള്‍ രംഗത്തെത്തിയത്. നിര്‍മ്മാണ ഘട്ടത്തില്‍ റേറ്റിംഗിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ശ്രമങ്ങള്‍ സ്മാര്‍ട്ട് സിറ്റി തുടങ്ങിയെങ്കിലും പിന്നീട് അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് വിവരം.

◼️കോണ്‍ഗ്രസ് അംഗത്വവിതരണം പരാജയമെന്ന് പ്രഫ. കെ.വി തോമസ്. ഗ്രൂപ്പു വേണ്ടെന്നു തീരുമാനമെടുത്ത ആളുകളില്‍ ഒരാളാണ് താന്‍. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു.

◼️മദ്യലഹരിയിലെ തര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. ഇടയാറന്മുള സ്വദേശി സജി ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◼️അങ്കമാലി തുറവൂരില്‍ വീട്ടമ്മയെ പറമ്പില്‍ പോള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍ സിസലിയാണ് മരിച്ചത്. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസലി താമസിച്ചിരുന്നത്. മകനുമായി സ്വത്തുതര്‍ക്കക്കിന്റെ പേരില്‍ വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

◼️പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തിയ ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

◼️സിപിഎം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോള്‍ സിപിഎം ജാതി-മത അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മത സംഘടനകളില്‍ സജീവമായവര്‍ മുഖേനയാണ് സിപിഎം വര്‍ഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

◼️തൃക്കാക്കര നിയമസഭാ സീറ്റിലേക്കു സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടി. ഈ മേഖലയില്‍ സ്വാധീനമുള്ള ട്വന്റി 20യുടെ പിന്തുണയോടെ മത്സരിക്കാനാണ് ആലോചിക്കുന്നത്.

◼️ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കെ റെയിലിനെതിരെ വിമര്‍ശനം. പദ്ധതി ആര്‍ക്കുവേണ്ടിയെന്ന് വിളപ്പിലില്‍നിന്നു പങ്കെടുത്ത പ്രതിനിധി ചോദിച്ചു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പാക്കാവു. നാടിനും നാട്ടുകാര്‍ക്കും വേണ്ടാത്ത വികസനമാണെന്നും വിമര്‍ശനമുയര്‍ന്നു.

◼️കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സിനും പ്രോഗ്രാമുകള്‍ക്കുമുള്ള പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (സിയുഇറ്റി) അപേക്ഷിക്കാനുള്ള ആദ്യ ആഴ്ച പിന്നിട്ടതോടെ മൊത്തം അപേക്ഷകര്‍ 1.27 ലക്ഷം വിദ്യാര്‍ഥികള്‍. യുപിയില്‍നിന്നാണ് ഏറ്റവും അധികം അപേക്ഷകര്‍- 36,611 പേര്‍. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് ആറ്. വെബ് സൈറ്റ്: cuet.samarth.ac.in

◼️ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ ദളിത് വിദ്യാര്‍ത്ഥിയെകൊണ്ട് കാലു നക്കിച്ചു. മര്‍ദ്ദിക്കുന്നതിന്റേയും കാല് നക്കിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയെകൊണ്ടാണ് കാലു നക്കിച്ചത്. സംഭവത്തില്‍ മുന്നാക്ക ജാതിയില്‍ പെട്ട ഏഴു പേര്‍ക്കെതിരെ കേസെടുത്തു.

◼️തീവ്രവാദത്തിനു ധനസഹായം നല്‍കാനും കള്ളപ്പണം വെളുപ്പിക്കാനും ദുരുപയോഗിക്കാമെന്നതാണ് ക്രിപ്റ്റോകറന്‍സിയുടെ ഏറ്റവും വലിയ അപകടമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ യോഗത്തിലാണ് ധനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

◼️ഇന്ത്യയുടെ വിദേശ നാണയശേഖരം തുടര്‍ച്ചയായ അഞ്ചാം ആഴ്ചയിലും ഇടിഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായി റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ഇതിനു കാരണം. ഏപ്രില്‍ എട്ടിന് സമാപിച്ച ആഴ്ചയില്‍ 247.1 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 60,400.4 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2,850 കോടി ഡോളറാണ് അഞ്ചാഴ്ചയ്ക്കിടയിലെ ഇടിവ്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 1,070 കോടി ഡോളര്‍ ഇടിഞ്ഞ് 53,972.7 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, പൗണ്ട്, യെന്‍ എന്നിവയും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിലുണ്ട്. 2021 സെപ്തംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കുറിച്ച 64,245.3 കോടി ഡോളറാണ് ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന വിദേശ നാണയശേഖരം.

◼️ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 2021-22ല്‍ നേടിയത് മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം വളര്‍ച്ചയോടെ 30,000 കോടി രൂപ വിറ്റുവരവ്. കഴിഞ്ഞവര്‍ഷം വിവിധ രാജ്യങ്ങളിലായി 31 പുതിയ ഷോറൂമുകള്‍ തുറന്നു. 2022 ജനുവരിയില്‍ മാത്രം പുതിയ 22 ഷോറൂമുകള്‍ക്ക് തുടക്കമിട്ടു. നിലവില്‍ 10 രാജ്യങ്ങളിലായി കമ്പനിക്ക് 276 ഷോറൂമുകളുണ്ട്. അഞ്ച് രാജ്യങ്ങളിലായി 14 ആഭരണ നിര്‍മ്മാണ ഫാക്ടറികളുമുണ്ട്. 2021-22ല്‍ ഇന്ത്യയില്‍ നികുതിയായി 520 കോടി രൂപയും കമ്പനി അടച്ചു. ഓരോ രാജ്യത്തെയും സംസ്‌കാരവും ഉപഭോക്തൃ താത്പര്യവും മുന്‍നിറുത്തി ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത് മികച്ച നേട്ടം കൊയ്യാന്‍ കമ്പനിയെ സഹായിച്ചു.

◼️ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനിച്ചകള്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ടീസര്‍ റിലീസായി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യ സാഗര്‍ സംഗീതം പകര്‍ന്ന് അഭയ് ജോധ്പുര്‍ക്കര്‍, അന്‍വേഷാ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച 'ആനന്ദമോ, അറിയും സ്വകാര്യമോ..' എന്ന അതിമനോഹരമായ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്തത്. മഴവില്‍ മനോരമയിലെ 'നായിക നായകന്‍' ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സോളമന്റെ തേനീച്ചകള്‍'.

◼️ആറാട്ടിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. മമ്മൂട്ടിയെ നായകനാക്കി മാസ് ത്രില്ലര്‍ ചിത്രമാണ് ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഗൗരവമേറിയ വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് പുറമെ ബിജു മേനോന്‍, മഞ്ജു വാര്യര്‍ സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആറാട്ടിന് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണ തന്നെയാണ് മമ്മൂട്ടി ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.

◼️പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങിയ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചു - സിറ്റി ഹൈബ്രിഡ് ഇ.വി അഥവാ സിറ്റി ഇ:എച്ച്.ഇ.വി. ഹോണ്ടയുടെ ജനപ്രിയ സെഡാനായ സിറ്റിയുടെ പുത്തന്‍ മോഡലെന്നതു മാത്രമല്ല, ഹൈബ്രിഡ് ഇലക്ട്രിക് വാഹന ശ്രേണിയിലേക്കുള്ള ഹോണ്ടയുടെ ചുവടുവയ്പുകൂടിയാണ് ഈ പുത്തന്‍ താരം. സെല്‍ഫ്-ചാര്‍ജിംഗോട് കൂടിയ കരുത്തുറ്റ 2-മോട്ടോര്‍ ഹൈബ്രിഡ് സംവിധാനമാണ് സിറ്റി ഇ:എച്ച്.ഇവിക്കുള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഒപ്പമുള്ളത്; കരുത്ത് 126 പി.എസ്. അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 26.5 കിലോമീറ്റര്‍.

Post a Comment

Previous Post Next Post