കുടിവെള്ള ബില്ലിൽ വെള്ളത്തിൻ്റെ അളവ് വേണം: മനുഷ്യാവകാശ കമ്മിഷൻ

 അതോറിറ്റി എസ് എം എസ് വഴി നൽകുന്ന ബില്ലിൽ, ഉപയോഗിച്ച വെള്ളത്തിൻ്റെ അളവും മുൻ മാസത്തെ മീറ്റർ റീഡിംഗും ഇപ്പോഴത്തെ മീറ്റർ റീഡിംഗും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഇല്ലെങ്കിൽ പഴയതുപോലെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്പോട്ട് ബിൽ നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.


ജല അതോറിറ്റിയുടെ ഓൺലൈൻ സംവിധാനം നല്ലതാണെങ്കിലും ഇത്തരം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കഴിയാത്തവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.

താൻ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. അത് സംബന്ധിക്കുന്ന വിശദ വിവരങ്ങൾ അറിയിക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.

ജല അതോറിറ്റിയുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ് എസ് എം എസ് ബില്ലിംഗ് നിലവിൽ വന്നതെന്ന് ജല അതോറിറ്റി മാനേജിംഗ്‌ ഡയറക്ടർ കമ്മിഷനെ അറിയിച്ചു. ക്വിക്ക് പേ വഴി പണം അടച്ചാൽ 100 രൂപ കുറയും. ഓൺലൈൻ വഴി പണം അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കളക്ഷൻ സെന്റർ വഴി അടയ്ക്കാമെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.


Post a Comment

Previous Post Next Post