വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവം: മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ രാജിവെച്ചു

മൂവാറ്റുപുഴ: മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവത്തില്‍ മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ രാജിവെച്ചു.കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തത് വലിയ വിവാദത്തിനും വിമര്‍ശനത്തിനും വഴിവെച്ച സാഹചര്യത്തിലാണ് സി.ഇ.ഒ ജോസ് കെ. പീറ്റര്‍ രാജിവെച്ചത്. ജോസ് കെ. പീറ്ററിന്‍റെ രാജി സ്വീകരിച്ചതായി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഒരു വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെയാണ് സി.ഇ.ഒയുടെ രാജി. ഉത്തരവാദിയല്ലാതിരുന്നിട്ടും ബലിയാടാക്കിയെന്ന് ജോസ് കെ. പീറ്റര്‍ പറഞ്ഞു.

രണ്ടു ദിവസം മുന്‍പായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടക്കാന്‍ സാവകാശം നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നു.

മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലെ പായിപ്ര എസ്.സി കോളനിയിലെ അജേഷിന്‍റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് ലോണ്‍ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ഹൃദ്രോഹത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്ബോള്‍ വലിയപറമ്ബില്‍ അജേഷിന്‍റെയും മഞ്ജുവിന്‍റെയും മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലുകുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികള്‍ വിഷമിച്ചു നിന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടനെ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും, എം.എല്‍.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച്‌ കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൂടാതെ, ദലിത് കുടുംബത്തി​ന്റെ കടബാധ്യത മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഏറ്റെടുക്കുകയും ചെയ്തു.

ഇതിന് പിന്നാലെ കുടിശ്ശിക തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) അംഗങ്ങളായ അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ അടച്ചു തീര്‍ത്തതായി ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇത് ഗൃഹനാഥന്‍ അജേഷ് നിരസിച്ചു. ബാങ്കിന്റെ സഹായം വേണ്ടെന്നും എം.എല്‍.എ നല്‍കുന്ന സഹായം സ്വീകരിക്കുമെന്നും അജേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ബാങ്കിന്‍റെ ജപ്തി നടപടികള്‍ വിവാദമായതോടെ വിഷയത്തില്‍ രാഷ്ട്രീയപ്പോരും മുറുകിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ദലിത് വിഭാഗത്തിന് നേരെ കടുത്ത അതിക്രമങ്ങള്‍ നടക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ട്വന്‍റി- ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിന്‍റെ മരണമടക്കം സംസ്ഥാനത്തു ദലിതര്‍ നേരിടുന്ന പല പ്രശ്നങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനവും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഉയര്‍ത്തിയിരുന്നു.

Post a Comment

Previous Post Next Post