പ്രധാന വാർത്ത

_17- ഏപ്രിൽ-2022_ 
____________________
◼️ലോകമെങ്ങും ഇന്ന് ഈസ്റ്റര്‍ ആഘോഷം. എല്ലാവര്‍ക്കും ഏറനാടൻ നാട്ടുവാർത്തയുടെ ഈസ്റ്റര്‍ ആശംസകള്‍.

◼️പാലക്കാട് ചോരക്കളമായി. 24 മണിക്കൂറിനിടെ രണ്ടു കൊലപാതകം നടന്ന പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ. വിഷുനാളില്‍ ഉച്ചയ്ക്ക് ഒന്നരയോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിനു പിറകേ മേലേമുറിയില്‍ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയിരിക്കേയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രില്‍ 20 ന് വൈകീട്ട് ആറുവരെയാണ് നിരോധനാജ്ഞ.

◼️പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. ഉത്തര മേഖല ഐജി അശോക് യാദവ് ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്കു നേതൃത്വം നല്‍കും. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട് ക്യാമ്പ് ചെയ്ത് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡിജിപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

◼️പാലക്കാട് കുത്തിയതോട് പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷം മുമ്പ് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിയ കേസിലെ പ്രതികളായ സുദര്‍ശനന്‍, ശ്രീജിത്ത് എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്. ജനീഷ്, ഷൈജു എന്നിവരാണ് പിടിയിലായ മറ്റു രണ്ട് പേര്‍.

◼️പാലക്കാട് മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ആറംഗ സംഘമാണ് എത്തിയതെന്ന് പോലീസ്. മൂന്ന് പേര്‍ ബൈക്കിലിരുന്നുവെന്നും മൂന്നു പേര്‍ ചേര്‍ന്ന് ശ്രീനിവാസനെ വെട്ടിയെന്നുമാണ് പൊലീസ് കരുതുന്നത്. ശരീരത്തില്‍ ആഴത്തിലുള്ള പത്തു മുറിവുകളുണ്ട്. തലയില്‍ മൂന്നു വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

◼️സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് പൊലീസ്. പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് അറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ പിടിയിലാകും.

◼️മേലേമുറിയില്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ്. ഒരു അക്രമത്തിനും സംഘടന കൂട്ടുനില്‍ക്കില്ല. സുബൈര്‍ വധക്കേസില്‍ പൊലീസ് പ്രതികള്‍ക്കൊപ്പം ഒത്തുകളിക്കുകയാണ്. സഞ്ജിത്തിന്റെ വാഹനത്തിലാണ് കൊലയാളികള്‍ എത്തിയത്. സഞ്ജിത്തിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു.

◼️പാലക്കാട്ടെ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പൊലീസിനു വീഴ്ച്ചയുണ്ടായെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു. കൊലപാതക പരമ്പര ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. നിരപരാധിയാണു കൊല്ലപ്പെട്ടത്. സുരേന്ദ്രന്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍.

◼️പാലക്കാട്ടെ ആര്‍എസ്എസ്-എസ്ഡിപിഐ സംഘടനകളുടെ നേതൃത്വത്തിലുള്ള കൊലപാതക പരമ്പര വര്‍ഗ്ഗീയകലാപത്തിനുള്ള ശ്രമമാണെന്ന് ഡിവൈഎഫ്ഐ. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാനുള്ള നീക്കത്തിനെതിരേ ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.

◼️ജപ്തി വിവാദത്തില്‍ കുടുങ്ങിയ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനം മുതിര്‍ന്ന സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലില്‍ രാജിവച്ചു. ബാങ്കിലെ രണ്ടു ജീവനക്കാരെ സസ്പെന്റ് ചെയ്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാന്റി, ബ്രാഞ്ച് മാനേജര്‍ സജീവന്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ജപ്തി വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് രാജി. ജപ്തി നടപടിയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. ബാങ്ക് സിഇഒ നേരത്തെ രാജിവച്ചിരുന്നു.

◼️വീട്ടമ്മയെ കയറിപ്പിടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചിങ്ങോലിയില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പ്രചാരണത്തിനെന്ന പേരില്‍ വീട്ടില്‍ കയറിയ കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യയാണ് പരാതിക്കാരി.

◼️കോട്ടയം പാമ്പാടിയില്‍ മാതാപിതാക്കളോടു പിണങ്ങി സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ പന്ത്രണ്ടുകാരന്‍ മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ് ആണു മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

◼️ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വാഹനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ കാറിന്റെ പിന്നിലെ ടയര്‍ പൊട്ടിത്തെറിച്ച് ഊരിപ്പോയി. തിരുവനന്തപുരം കുറവന്‍കോണത്തിന് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടര്‍ന്നത്.

◼️താമരശ്ശേരി ചുരം ആറാം വളവിനു മുകളില്‍നിന്ന് കല്ല് ഉരുണ്ടുവീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വണ്ടൂര്‍ എളമ്പാറ ബാബുവിന്റെ മകന്‍ അഭിനവ് (20) ആണു മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അനീഷ് ചികിത്സയിലാണ്. അടര്‍ന്നുവീണ മരത്തിനും കല്ലിനുമൊപ്പം ബൈക്കും യാത്രക്കാരും താഴേക്ക് പതിച്ചിരുന്നു.

◼️നാളെ മുതല്‍ മെയ് ഒന്നുവരെ തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും. ചില ട്രെയിനുകളുടെ സമയം മാറ്റി. റദ്ദാക്കിയ ട്രെയിനുകള്‍: 1). എറണാകുളം ജംഗ്ഷന്‍ - ഷൊര്‍ണൂര്‍ ജംഗ്ഷന്‍ ഡെയ്‌ലി മെമു എക്‌സ്പ്രസ് 18, 20, 22, 25 തീയതികളില്‍ പൂര്‍ണമായും റദ്ദാക്കി. 2). എറണാകുളം ജംഗ്ഷന്‍-ഗുരുവായൂര്‍ ഡെയ്‌ലി (06448) അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് 22, 23, 25, 29, മെയ് 01 തീയതികളില്‍ റദ്ദാക്കി. 3). കോട്ടയം-നിലമ്പൂര്‍ ഡെയ്‌ലി (16326) എക്‌സ്പ്രസ് 22, 23, 25, 29, മെയ് 01 തീയതികളില്‍ റദ്ദാക്കി. 4). നിലമ്പൂര്‍-കോട്ടയം ഡെയ്‌ലി (16325) എക്‌സ്പ്രസ് 22, 23, 25, 29, മെയ് 01 തീയതികളില്‍ റദ്ദാക്കി.

◼️പാലക്കാട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ വധത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി. തൃശൂര്‍ പൂച്ചെട്ടി സെന്ററിലാണ് സംഭവം നടന്നത്. ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◼️കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഹരികുമാറിനെ എറണാകുളത്തുനിന്ന് പാലക്കാട്ടേക്കു സ്ഥലം മാറ്റി.

◼️കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കെ സ്വിഫ്റ്റ് ബസ് ലോ ഫ്ളോര്‍ ബസില്‍ ഇടിച്ചു. ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന കെ സ്വിഫ്റ്റ് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നു വന്ന ലോ ഫ്ളോര്‍ ബസിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോ ഫ്ളോര്‍ ബസിന്റെ ചില്ലു തകര്‍ന്നു.

◼️കോടഞ്ചേരിയിലെ വിവാദ വിവാഹത്തിലെ വധു ജോയ്സനയെ ചൊവ്വാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കി. ജോയ്സനയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.

◼️ജൂണ്‍ 26 നു നടത്താനിരുന്ന കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ മൂന്നിനു നടത്തും. ജൂണ്‍ 26 നു ജെഇഇ പരീക്ഷ നടത്തുന്നതിനാലാണ് തീയതി മാറ്റിയത്.

◼️കേരള ഒളിമ്പിക് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ് ഫോട്ടോ വണ്ടി പര്യടനം തുടങ്ങി. കോഴിക്കോട് പയ്യോളി ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മെയ് ഒന്നു മുതല്‍ 10 വരെ പതിനായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്.

◼️ആന്ധ്രയിലെ കൃഷിവകുപ്പു മന്ത്രിക്കെതിരായ അനധികൃത സ്വത്തു സമ്പാദന കേസിലെ സുപ്രധാന രേഖകള്‍ കോടതിയില്‍നിന്ന് മോഷണം പോയി. നെല്ലൂര്‍ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കവര്‍ച്ച നടന്നത്. മുതിര്‍ന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും കൃഷി മന്ത്രിയുമായ കെ ഗോവര്‍ധന്‍ റെഡ്ഢിക്കെതിരായ കേസിലെ രേഖകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

◼️ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം. അതീവ ജാഗ്രത നിര്‍ദ്ദേശം. ദ്രുത കര്‍മ്മ സേന അംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോണ്‍ നീരീക്ഷണം ഏര്‍പ്പെടുത്തി.

◼️മുസ്ലിം പള്ളികളില്‍നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന കത്തയച്ചു. സുപ്രീംകോടതി ഇടപെടണമെന്നും എംഎന്‍എസ് ആവശ്യപ്പെട്ടു. മേയ് മൂന്നിനകം ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ മഹാരാഷ്ട്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു.

◼️പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചെന്ന് പരാതി. ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയാണ് പൊലീസില്‍ പരാതി നല്‍കിയത്.

◼️ബംഗാളില്‍ ഒരു ലോക്സഭാ സീറ്റിലേക്കും നിയമസഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം. അസന്‍സോള്‍ ലോക്സഭ സീറ്റീല്‍ ആദ്യമായി തൃണമൂല്‍ വിജയിച്ചു. കോണ്‍ഗ്രസില്‍നിന്ന് തൃണമൂലിലെത്തിയ ശത്രുഘന്‍ സിന്‍ഹയാണ് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത്.

◼️ബിഹാര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. ബിഹാറിലെ ബൊച്ചഹാന്‍ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ കുമാര്‍ പാസ്വാന്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി ബേബി കുമാരിയെ തോല്‍പ്പിച്ചു. നോട്ടക്കും പിന്നിലാണ് കോണ്‍ഗ്രസിനു കിട്ടിയ വോട്ടുകള്‍.

◼️വിദ്വേഷം, മതഭ്രാന്ത്, അസഹിഷ്ണുത, നുണപ്രചാരണം തുടങ്ങിയ വൈറസുകളുടെ മഹാദുരന്തം രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കപട ദേശീയതയുടെ ബലിപീഠത്തില്‍ സമാധാനവും സാഹോദര്യവും ബഹുസ്വരതയുമെല്ലാം ബലികഴിക്കപ്പെടുമ്പോള്‍ നോക്കിനില്‍ക്കാനാവില്ലെന്നും സോണിയ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഈ പ്രതികരണം.

◼️നാറ്റോക്കെതിരേ യുദ്ധമെന്ന് റഷ്യന്‍ ടീവി ചാനല്‍. നാറ്റോ രാജ്യങ്ങള്‍ യുക്രെയിന് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കിയതിനു നാറ്റോയ്ക്കു തിരിച്ചടി നല്‍കുമെന്നാണ് റഷ്യ വണ്‍ ടെലിവിഷന്‍ ചാനലിന്റെ മുന്നറിയിപ്പ്. റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ യുക്രൈന്‍ മിസൈലാക്രമണത്തില്‍ തകര്‍ത്തതോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചെന്നാണ് റഷ്യയുടെ ഔദ്യോഗിക ടിവി ചാനല്‍ പ്രഖ്യാപിച്ചത്.  

◼️കുവൈറ്റില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒന്‍പതു ദിവസം അവധി. മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് അഞ്ച് വ്യാഴാഴ്ച വരെയാണ് പെരുന്നാള്‍ അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ അവധി ദിനങ്ങള്‍ ഒന്‍പതാകും.

◼️അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വ്യോമാക്രമണം. സംഭവത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. 26 വിമാനങ്ങള്‍ ഉപയോഗിച്ചാണ് മിര്‍പാര്‍, മന്‍ദേഹ്, ഷെയ്ദി പ്രദേശങ്ങളില്‍ ആക്രമണം നടത്തിയത്.

◼️സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ആതിഥേയര്‍ തുടക്കം ഗംഭീരമാക്കി. ഹാട്രിക്ക് നേടിയ ക്യാപ്റ്റന്‍ ജിജോ ജോസഫാണ് കേരളത്തിനായി തിളങ്ങിയത്.

◼️ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 16 റണ്‍സിനാണ് ബാംഗ്ലൂര്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

◼️വെംബ്ലിയില്‍ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ എഫ്.എ കപ്പ് ഫൈനലില്‍. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു യര്‍ഗന്‍ ക്ലോപ്പിന്റെയും സംഘത്തിന്റെയും ജയം.

◼️താജ് ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റല്‍ ഹോട്ടല്‍സ് ലിമിറ്റഡിന്റെ 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ ഏകീകൃത അറ്റാദായം 1.38 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ ആകെ നഷ്ടം 4.66 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇതേ പാദത്തില്‍ 66.08 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 52.76 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ മൊത്തം ചെലവ് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 60.93 കോടി രൂപയില്‍ നിന്ന് 66.40 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി അറിയിച്ചു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഓറിയന്റല്‍ ഹോട്ടല്‍സിന്റെ അറ്റ നഷ്ടം 12.84 കോടി രൂപയായി കുറഞ്ഞിരുന്നു.

◼️മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ നേട്ടവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. 2,989.50 കോടി രൂപ നികുതിയിനത്തില്‍ നല്‍കിയതിന് ശേഷം മാര്‍ച്ച് പാദത്തിലെ അറ്റാദായം 22.8 ശതമാനം വര്‍ധിച്ച് 10,055.20 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 8,187 കോടി രൂപ ലാഭം നേടിയിരുന്നു. അറ്റ പലിശ വരുമാനം, ഒരു ബാങ്ക് അതിന്റെ വായ്പാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേടുന്ന പലിശ വരുമാനവും നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശയും തമ്മിലുള്ള വ്യത്യാസം, മുന്‍വര്‍ഷത്തെ പാദത്തിലെ 17,120.20 കോടി രൂപയില്‍ നിന്ന് 10.2 ശതമാനം ഉയര്‍ന്ന് 18,872.70 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ മൊത്തം ആസ്തിയില്‍ 4 ശതമാനവും പലിശ വരുമാനമുള്ള ആസ്തികളെ അടിസ്ഥാനമാക്കി 4.2 ശതമാനവുമാണ്.

◼️സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്റെ' ട്രെയ്ലര്‍ പുറത്തെത്തി. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ചിത്രമെന്ന് പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്റേതാണ് ചിത്രത്തിന്റെ രചന.

◼️തെന്നിന്ത്യന്‍ സിനിമയിലെ ബിഗ് ബജറ്റ് ചിത്രം പുഷ്പയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. അല്ലു അര്‍ജുന്‍ നാകനായി എത്തിയ ചിത്രം ഏപ്രില്‍ 24ന് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അഞ്ച് മണിക്കാണ് ഷോ ടൈം. അല്ലു അര്‍ജുനൊപ്പം മലയാളത്തിന്റെ ഫഹദ് ഫാസിലും തകര്‍ത്തഭിനയിച്ച ചിത്രമാണ് പുഷ്പ. നിലവില്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

◼️രാജ്യത്ത് ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച് ഒകിനാവ ഓട്ടോടെക്. തങ്ങളുടെ മോഡലയാ പ്രൈസ് പ്രോ സ്‌കൂട്ടറിന്റെ 3,215 യൂണിറ്റുകളാണ് ഒകിനാവ ഓട്ടോടെക് തിരിച്ചുവിളിച്ചത്. ബാറ്ററികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചത്. തിരിച്ചുവിളിച്ച സ്‌കൂട്ടറുകളുടെ കണക്ടറുകള്‍ അയഞ്ഞിട്ടോയെന്നും മറ്റ് കേടുപാടുകള്‍ ഉണ്ടോയെന്നും പരിശോധിക്കുകയും ഇന്ത്യയിലെ ഏതെങ്കിലും ഒകിനാവ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി ഇവ നന്നാക്കുകയും ചെയ്യും. ഒന്നിലധികം ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചതിന് പിന്നാലെയാണ് നിര്‍മാതാക്കളുടെ ഈ നീക്കം.

◼️കാവ്യ നിര്‍മ്മിതിയുടെ പാരമ്പര്യ തീരത്തു നിന്ന് ആധുനിക മനുഷ്യാവസ്ഥകളുടെ നേര്‍കാഴ്ചകളിലേയ്ക്ക് വിരല്‍ചൂണ്ടുന്ന അനുഭവത്തെ സൂക്ഷമമായും തീഷ്ണതയോടെയും വരച്ചുകാട്ടുകയാണ് മോഹന്‍ ദാസ് എവര്‍ ഷൈന്‍ എന്ന കവി. 'മരുഭൂമിയിലെ നിഴലുകള്‍'. പേപ്പര്‍ പബ്ളിക്ക. വില 95 രൂപ.

◼️ഇടയ്ക്ക് പോലും എഴുന്നേല്‍ക്കാതെ മണിക്കൂറോളം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദിവസത്തില്‍ നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്‌ക ക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവന്‍ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസം വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സിരയില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഒരാള്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ കാലുകളിലൂടെയുള്ള സാധാരണ രക്തചംക്രമണം തകരാറിലാകുകയും മന്ദഗതിയിലാകുകയും അത് അടിഞ്ഞുകൂടാനും കട്ടപിടിക്കാനും സാധ്യതയുണ്ട്.
അധിക നേരം ടിവി കാണുക, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കമ്പ്യൂട്ടറിന്റെ മുന്നില്‍ കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ ലഘുവ്യായാമങ്ങള്‍ ചെയ്യാന്‍ ശീലിക്കണം. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടൊരു പ്രശ്‌നമാണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'. വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ഈ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തോള്‍ഭാഗത്ത് കടുത്ത വേദനയും ചലനങ്ങള്‍ക്ക് പരിമിതിയും വരുന്നൊരു അവസ്ഥയാണിത്. ഇതിന്റെ ഫലമായി വേദനയും ചലനങ്ങള്‍ക്ക് പരിമിതിയും അനുഭവപ്പെടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. വയസ്സായ ഒരാള്‍ ആ ബസില്‍ യാത്രചെയ്യുന്നുണ്ട്. അയാള്‍ക്ക് ഇരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ആരും അദ്ദേഹത്തിന് ഒരു സീറ്റ് കൊടുത്തില്ല. ഒരാള്‍ക്ക് ഇറങ്ങേണ്ട സമയമായപ്പോള്‍ ആ സീറ്റിനരികില്‍ നിന്നിരുന്ന ഒരു യുവാവ് ആ വൃദ്ധനെ വിളിച്ച് സീറ്റില്‍ ഇരുത്തി. പിന്നീട് അയാള്‍ തനിക്കരുകിലുളള സീറ്റ് ഒഴിവാകുമ്പോഴെല്ലാം മറ്റുള്ളവരെ വിളിച്ച് ഇരുത്തുന്നത് ആ വൃദ്ധന്‍ ശ്രദ്ധിച്ചിരുന്നു. ഇറങ്ങാറായപ്പോള്‍ വൃദ്ധന്‍ യുവാവിനോട് ചോദിച്ചു: താങ്കള്‍ ക്ഷീണിതനാണെന്ന് താങ്കളെ കണ്ടാല്‍ അറിയാം. പിന്നെന്തിനാണ് താങ്കള്‍ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കുന്നത്. അപ്പോള്‍ അയാല്‍ പറഞ്ഞു: ആരെങ്കിലും എന്നോട് പണം ചോദിച്ചാല്‍ നല്‍കാന്‍ എന്റെ കയ്യിലില്ല. അറിവ് ചോദിച്ചാല്‍ അതും ഇല്ല. പക്ഷേ ഞാന്‍ സീറ്റ് നല്‍കുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന നന്ദിയുടെ തിളക്കമുണ്ട്. അത് മതി എന്റെ ദിവസം ശ്രേഷ്ഠമാകാന്‍. ഇരിപ്പിട സംരക്ഷണം ഈഗോ സംരക്ഷണനാടകങ്ങളിലെ ശക്തമായ ഒരേടാണ്. അതിപ്പോള്‍ സിംഹാസനമായാലും, ചാരുകസേരയായാലും, ആത്മാഭിമാനവും പരസ്പര ബഹുമാനവുമെല്ലാം ഇരിപ്പിടവുമായി ഇഴചേര്‍ന്നിക്കുന്നു. കസേരകള്‍ ആത്മകഥയെഴുതിയാല്‍ അതിന്റെ ഉള്ളടക്കം മാത്സര്യത്തിന്റെയും താന്‍പോരിമയുടേയും കഥകളായിരിക്കും. കിട്ടിയ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ എന്തൊക്കെ വിക്രിയകളില്‍ ആളുകള്‍ ഏര്‍പ്പെടും. ബസിലെ സീറ്റില്‍ തൂവാലയിടുന്നതും അധികാരകസേരയുടെ കാലാവധി ആജീവനാന്തമാക്കാന്‍ പരിശ്രമിക്കുന്നതും ഇരിപ്പിടസുഖത്തിന്റെ ഇരുപുറങ്ങളാണ്. സീറ്റ് നിഷേധിക്കപ്പെടുമ്പോള്‍ ക്ഷതമേല്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് മാത്രമല്ല, ബസ്സില്‍ നില്‍ക്കുന്ന സാധാരണക്കാര്‍ക്കും അങ്ങിനെതന്നെയാണ്. ഈ കസേരകളികള്‍ തുടരുക തന്നെ ചെയ്യും. പക്ഷേ, അവര്‍ക്കിടയില്‍ മറ്റുള്ളവരുടെ കണ്ണിലെ നന്ദികണ്ടെത്താന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.

Post a Comment

Previous Post Next Post