പ്രധാന വാർത്തകൾ

_15- ഏപ്രിൽ-2022_ 
____________________
◼️മലയാളികള്‍ക്ക് ഇന്നു വിഷു. കണി കണ്ടും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും വിഷു ആഘോഷം. എല്ലാവര്‍ക്കും ഏറനാടൻ നാട്ടുവാർത്തയുടെ വിഷു ആശംസകള്‍. 

◼️കരാറുകാരന്റെ മരണം വിവാദമായിരിക്കേ, കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ രാജിവച്ചു. നാലു കോടി രൂപ മുടക്കി നിര്‍മിച്ച റോഡിന്റെ ബില്ലുകള്‍ പാസാക്കികിട്ടാന്‍ മന്ത്രി 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റ ദുരൂഹമരണത്തിനു പിറകില്‍ മന്ത്രിയാണെന്നാണ് ആരോപണം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് രാജി. രാജിക്കത്ത് ഇന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കു കൈമാറും. മന്ത്രി പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട ഏതാനും തെളിവുകള്‍ കരാറുകാരനും ബിജെപി പ്രവര്‍ത്തകനുമായ സന്തോഷ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു.  

◼️സിപിഎം യൂണിയനുകളുടെ സമര പരമ്പരകളില്‍ എല്‍ഡിഎഫിലെ ഘടകക്ഷികള്‍ക്കു പ്രതിഷേധം. സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിലെ സ്ഥലംമാറ്റത്തിനെതിരേ എന്‍ജിഒ യൂണിയന്‍ സമരം നടത്തി. അഞ്ചു നേതാക്കളെ മാറ്റിയതിന് ദിവസങ്ങളോളം റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചു. അവധിയെടുക്കാതെ മുങ്ങിയവര്‍ക്കെതിരേ നടപടിയെടുത്തതിനാണു കെഎസ്ഇബിയിലെ സമരം. ജനതാദള്‍ സെക്കുലര്‍ മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണിത്. ശമ്പളം കിട്ടാതെ കെഎസ്ആര്‍ടിസിയിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഭരിക്കുന്ന ഗതാഗത വകുപ്പിനു കീഴിലാണ് കെഎസ്ആര്‍ടിസി. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന ജല അതോറിറ്റിയിലും സമര ഭീഷണി മുഴക്കിയിട്ടുണ്ട്.  

◼️കെ.കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടറായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയില്‍ നിയമനം. ഡല്‍ഹിയില്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസറായാണ് നിയമനം. ശനിയാഴ്ച ചുമതലയേല്‍ക്കും. ഡബ്ള്യുഎച്ച്ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്. വീണാ ജോര്‍ജ് ആരോഗ്യമന്ത്രി ആയപ്പോള്‍ അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത് വിവാദമായിരുന്നു.

◼️ഞായറാഴ്ചവരെ വേനല്‍മഴ തുടരും. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്നും ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നാളേയും, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഞായറാഴ്ചയും യെല്ലോ അലേര്‍ട്ട്.

◼️വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേല്‍ക്കുന്ന വിഷു ആഘോഷം നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്താകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

◼️വാഗമണ്‍ പാലൊഴുകും പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

◼️കര്‍ഷക നിയമം പിന്‍വലിച്ചതിനെതിരേ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ കര്‍ഷകരുടെ പ്രതിഷേധ പ്രകടനം. സിപിഎമ്മിന്റെ കര്‍ഷകസംഘം പ്രവര്‍ത്തകരാണ് കര്‍ഷകരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സുരേഷ് ഗോപിക്കെതിരേ പ്രകടനം നടത്തിയത്. കര്‍ഷക നിയമം പിന്‍വലിച്ചതു തെറ്റായിപ്പോയെന്നു കഴിഞ്ഞ ദിവസം പ്രസംഗിച്ച സുരേഷ് ഗോപി സമരം ചെയ്ത കര്‍ഷകരെ പരിഹസിക്കുകയും ചെയ്തിരുന്നു.

◼️കര്‍ഷകരുടെ പേരില്‍ കള്ളക്കണ്ണീര്‍ ഒഴുക്കുന്ന ഇടതു കര്‍ഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുന്‍ ബിജപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവല്ലയില്‍ കട ബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. എടത്വായില്‍ മറ്റൊരു കര്‍ഷകന്‍ ആത്മഹത്യാശ്രമം നടത്തി. ഇങ്ങനെ കേരളത്തിലെ ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടച്ചാണ് സിപിഎമ്മിന്റെ കര്‍ഷക സംഘം ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ ഊറ്റം കൊള്ളുന്നതെന്നു കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

◼️കോടഞ്ചേരിയില്‍ ലൗ ജിഹാദ് ആരോപണം ഉയര്‍ന്ന സംഭവത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന വീട്ടുകാരുടെ ആവശ്യത്തിനു പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പെണ്‍കുട്ടിയെ എസ്ഡിപിഐ കേന്ദ്രങ്ങളിലാണു പാര്‍പ്പിക്കുന്നതെന്നു സംശയിക്കുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. ജോയ്സനയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായി സുരേന്ദ്രന്‍ സംസാരിച്ചു. തെയ്യപ്പാറ സെന്റ് തോമസ് പള്ളി വികാരി, താമരശേരി ബിഷപ്പ് റെമജീയോസ് ഇഞ്ചനാനിയില്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

◼️ക്രൈസ്തവര്‍ക്ക് ഇന്നു ദുഖവെള്ളി. യേശുവിനെ ക്രൂശിതനാക്കിയതിന്റെ ഓര്‍മദിനം. ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്നലെ പെസഹാ ആചരണമായിരുന്നു. പെസഹാദിനത്തില്‍ വത്തിക്കാനില്‍ മാര്‍പാപ്പ ജയില്‍പുള്ളികളുടെ കാല്‍കഴുകി ചുംബിച്ചു. ഞായറാഴ്ച ഈസ്റ്റര്‍. അമ്പതു ദിവസത്തെ നോമ്പിനു സമാപനം.

◼️ചികിത്സയിലായിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. അമിത രക്തസമ്മര്‍ദം മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

◼️ജയരാജിന്റെ ഒറ്റാല്‍ സിനിമയിലൂടെ പ്രശസ്തനായ കുമരകം വാസുദേവന്‍ എന്ന ഒറ്റാല്‍ വാസവന്‍ അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കുമരകം സ്വദേശിയാണ്.

◼️വയനാട് ബ്രഹ്‌മഗിരി എസ്റ്റേറ്റിലെ കുളത്തില്‍ വീണ പിടിയാനയെ രക്ഷിച്ചു. കുളത്തില്‍നിന്ന് ചാലുകീറിയാണ് ആനയെ രക്ഷിച്ചത്. ആനയെ കാട്ടിലേക്കുതന്നെ തിരിച്ചയച്ചു. ശബ്ദം കേട്ടെത്തിയ വനപാലകരാണ് കാട്ടാനയെ കുളത്തില്‍ വീണ നിലയില്‍ കണ്ടത്.

◼️നഷ്ടത്തില്‍നിന്നു കരകയറാനാകാതെ കേരള കെഎസ്ആര്‍ടിസി വട്ടംകറങ്ങുമ്പോള്‍ കര്‍ണാടക ആര്‍ടിസി കേരളത്തിലേക്ക് നടത്തുന്നത് 103 സ്പെഷല്‍ സര്‍വീസുകള്‍. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കാണ് സ്പെഷല്‍ സര്‍വീസുകള്‍. വിഷു, ഈസ്റ്റര്‍ അവധിനാളുകളിലേക്കാണ് ഇത്രയും സ്പെഷല്‍ സര്‍വീസുകള്‍ നടത്തുന്നത്. കേരളം 40 സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്.

◼️ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള രേഖകള്‍ സെബിക്കു പുതുക്കി സമര്‍പ്പിക്കുന്നു. അടുത്ത ആഴ്ച പുതുക്കിയ പബ്ലിക് ഓഫര്‍ വിശദാംശങ്ങള്‍ ഫയല്‍ ചെയ്യും. മെയ് 12 ഓടെ ഓഹരി ലിസ്റ്റിംഗ് നടക്കും. 5.4 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ മൂല്യം. 60,000 മുതല്‍ 70,000 കോടി രൂപ വരെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കും.

◼️രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ഡല്‍ഹി തീന്‍ മൂര്‍ത്തി ഭവനിലാണ് മ്യൂസിയം. ടിക്കറ്റ് എടുത്താണ് പ്രധാനമന്ത്രി മ്യൂസിയത്തിലേക്കു പ്രവേശിച്ചത്. ജവഹര്‍ലാല്‍ നെഹ്റു മുതലുള്ള പ്രധാനമന്ത്രിമാരുടെ ജീവചരിത്രം, സംഭാവനകള്‍, ലഭിച്ച ഉപഹാരങ്ങള്‍, പ്രധാന സംഭവങ്ങളുടെ വീഡിയോ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങിയവ മ്യൂസിയത്തിലുണ്ട്. 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 271 കോടി രൂപ ചെലവിട്ടാണ് 43 ഗാലറികളുള്ള മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

◼️ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ രാത്രിയിലും തുടര്‍ന്നു.

◼️ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മില്‍ വിവാഹിതരായി. അഞ്ചു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. ബാന്ദ്രയിലെ രണ്‍ബീറിന്റെ വീട്ടിലെ ബാല്‍ക്കണിയില്‍ വച്ചാണ് വിവാഹിതരായതെന്ന് ആലിയ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചുകൊണ്ട് അറിയിച്ചു.

◼️യുക്രെയിനില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഒരു കോടി ഡോളറിന്റെ സഹായം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. യുക്രെയിനില്‍നിന്ന് പോളണ്ടില്‍ അഭയം പ്രാപിച്ചവര്‍ക്ക് കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം വഴി വൈദ്യ സഹായം ഉള്‍പ്പെടെയുള്ളവയ്ക്കാണ് ഇത്രയും സംഖ്യ നല്‍കുന്നത്.

◼️ലൈംഗിക പീഡനംമൂലം പൊറുതിമുട്ടി അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള വനിതാ ജയില്‍ അടച്ചുപൂട്ടുന്നു. ജയിലിലെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ടു വനിതാ തടവുകാര്‍ ഗര്‍ഭിണികളായി. പരസ്പര സമ്മതത്തോടുള്ള ലൈംഗിക ബന്ധമാണെന്നാണ് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട്. എഡ്‌നമന്‍ വനിതാ ജയിലിലാണ് സംഭവം. ഇവിടെ എണ്ണൂറിലധികം വനിതാ തടവുകാരികളും 27 ട്രാന്‍സ്ജെന്‍ഡര്‍ തടവുകാരുമുണ്ട്.

◼️റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വലം കൈയായ യുക്രെയിന്‍ നേതാവിനെ പിടികൂടിയതായി യുക്രൈന്‍ രഹസ്യപൊലീസ്. യുക്രൈനിലെ റഷ്യന്‍ അനുകൂല രാഷ്ട്രീയ കക്ഷിയുടെ നേതാവായ വിക്തോര്‍ മെദ്വേദ്ചുക്കിനെയാണ് യുക്രെയ്നില്‍ അറസ്റ്റ് ചെയ്തത്.

◼️പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കേസുകള്‍കൂടി ചുമത്തിയേക്കും. ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചതിനാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് വിവിധ കോടതികളില്‍ എത്തിയിരിക്കുന്നത്.

◼️ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 37 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ടൈറ്റന്‍സിനെ സാധിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 52 പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താവാതെ നേടിയ 87 റണ്‍സാണ് ടൈറ്റന്‍സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

◼️സാമൂഹിക മാധ്യമമായ ട്വിറ്ററിന് വില പറഞ്ഞ് പ്രമുഖ വ്യവസായിയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. 4100 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്ന ഓഫറാണ് ഇലോണ്‍ മസ്‌ക് മുന്നോട്ടുവച്ചിരിക്കുന്നത്. ട്വിറ്റര്‍ ചെയര്‍മാന് ഇലോണ്‍ മസ്‌ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ച നടന്ന റെഗുലേറ്ററി ഫയലിങ്ങിലൂടെ ഇലോണ്‍ മസ്‌കിന്റെ ഓഫര്‍ പ്രൈസ് പുറത്തുവന്നു. ഒരു ഓഹരിക്ക് 54.20 ഡോളറാണ് മസ്‌ക് വിലയിട്ടിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഓഹരി വിപണി അവസാനിച്ചപ്പോള്‍ ഉള്ള വിലയുടെ 38 ശതമാനം അധികമാണിത്. നിലവില്‍ ട്വിറ്ററില്‍ ടെസ്ലയ്ക്ക് ഓഹരിപങ്കാളിത്തമുണ്ട്.

◼️ഇന്ത്യ-ചൈന വ്യാപാര ഇടപാടില്‍ 15.3 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്നുമാസം കൊണ്ട് 3196 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 28.3 ശതമാനം കൂടി 2710 കോടി ഡോളറിന്റേതായി. അതേസമയം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 26.1 ശതമാനം ഇടിഞ്ഞ് 487 കോടി ഡോളറായി. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ചൈന വ്യാപാര ഇടപാട് റെക്കോര്‍ഡ് നിലയായ 12500 കോടി ഡോളറിന് മുകളില്‍ എത്തിയിരുന്നു. ചൈനയുടെ കയറ്റുമതി 46.2 ശതമാനം വര്‍ധിച്ച് 9752 കോടി ഡോളറായിരുന്നു. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 34.2 ശതമാനം വര്‍ധിച്ച് 2814 കോടി ഡോളറായി.

◼️ജയറാമിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന 'മകള്‍' സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മനോഹരമായ കുടുംബചിത്രമായിരിക്കും 'മകള്‍' എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജയറാമും മീര ജാസ്മിനും ഭാര്യഭര്‍ത്താക്കന്മാരായി എത്തുന്ന ചിത്രത്തില്‍ ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് മകളുടെ വേഷം ചെയ്യുന്നു. നസ്ലിനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നസെന്റ്, ശ്രീനിവാസന്‍, ശ്രീലത, സിദ്ദിഖ്, അല്‍ത്താഫ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

◼️ട്രിവാന്‍ഡ്രം ലോഡ്ജിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ച് അനൂപ് മേനോന്‍. കഥ എഴുതി തുടങ്ങിയെന്നും ഈ വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും അനൂപ് മേനോന്‍ പറഞ്ഞു. അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ പ്രകാശ് സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. വേറിട്ട ഒരു പ്രമേയത്തെ ഒരുങ്ങിയ ചിത്രത്തില്‍ ജയസൂര്യ, ഹണി റോസ്, അനൂപ് മേനോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

◼️വാഹനങ്ങളുടെ വിലയില്‍ 2.5 ശതമാനം വരെ വര്‍ധനവുമായി ഇന്ത്യന്‍ ഓട്ടോമോട്ടീവ് കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്. വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. കമ്പനിയുടെ ഈ വില വര്‍ധന തങ്ങളുടെ ശ്രേണികളിലുടനീളം 10,000 - 63,000 രൂപ വരെ വില ഉയരാന്‍ കാരണമാകും. സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണം. കമ്മോഡിറ്റി വിലയിലെ അഭൂതപൂര്‍വമായ വര്‍ധനവ് ഭാഗികമായി നികത്താന്‍ കമ്പനി ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ട്.

◼️ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിക്കുമ്പോള്‍ തെളിയുന്ന നര്‍മ്മമാണ് ഇക്കഥാസമാഹാരത്തിന്റെ കാതല്‍. കഥാകാരന്റെ ചുറ്റുപാടുമുള്ള കഥാപാത്രങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കുമ്പോള്‍ കാര്യവും കാരണവും ചോദ്യവും ഉത്തരവും കഥാഗതിയെ ഹാസ്യോല്‍പ്പത്തിയുടെ വിജയഗാഥയാക്കിത്തീര്‍ക്കുന്നു. ഊറിയൂറി ചിരിക്കാവുന്ന കഥകള്‍. 'പബ്ജിയും ബജിയും'. ബൈജു ജോര്‍ജ്. ഗ്രീന്‍ ബുക്സ്. വില 109 രൂപ.

◼️മാമ്പഴത്തില്‍ ധാരാളം പ്രധാന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വാസ്തവത്തില്‍, മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്തമായ പഞ്ചസാരയാണ്. മാത്രമല്ല ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. പ്രമേഹരോഗികള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് 'ഗ്ലൈസെമിക് സൂചിക' (ജിഐ). പ്രമേഹമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതവും അനുയോജ്യവുമായ പഴങ്ങളും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനുള്ള ഒരു മാര്‍ഗം ഗ്ലൈസെമിക് സൂചിക(ജിഐ) പരിശോധിക്കുക എന്നതാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കോപ്പര്‍, ഫോളേറ്റ് എന്നിവ അടങ്ങിയ മാമ്പഴങ്ങള്‍ക്ക് പോഷകഗുണമുണ്ട്. അതില്‍ ഒരു ശതമാനം കൊഴുപ്പ് മാത്രമേയുള്ളൂ. ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മാമ്പഴത്തിലെ ഡയറ്ററി ഫൈബര്‍ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. മാമ്പഴം വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ബി 6, ഫോളിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണെന്നും പൂജ മല്‍ഹോത്ര പറയുന്നു. ബീറ്റാ കരോട്ടിന്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും രൂപവും നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സൂര്യനില്‍ നിന്നുള്ള ഹാനികരമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും മാമ്പഴത്തിന് കഴിയും. ദഹനത്തിനും ഹൃദയാരോഗ്യം നിലനിര്‍ത്താനും മാമ്പഴം സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

*ശുഭദിനം*


ഉത്തര്‍പ്രദേശിലെ കാണ്‍പൂരുള്ള ഒരു കുഗ്രാമത്തിലെ ദലിത് കുടുംബത്തിലാണ് റാം ജനിച്ചത്. നെയ്ത്തുകാരനും വൈദ്യനുമായ മൈക്കുലാലിന്റെയും ഫുല്‍മതിയുടേയും ഒന്‍പതുമക്കളില്‍ ഏറ്റവും ഇളയവന്‍. റാമിന് അഞ്ച് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അടുപ്പില്‍ നിന്നും തീ പിടിച്ചായിരുന്നു അമ്മ മരിച്ചത്. അമ്മയില്ലാത്ത ആ ഒന്‍പതുമക്കളേയും വളര്‍ത്താന്‍ മൈക്കുലാല്‍ ഒരുപാട് കഷ്ടപ്പെട്ടു. അമ്മപോയപ്പോള്‍ തന്നേക്കാള്‍ 14 വയസ്സിന് മുന്നിലുള്ള ചേച്ചി പാര്‍വ്വതി അമ്മയുടെ സ്ഥാനം ഏറ്റെടുത്തു. അവരുടെ കുലത്തൊഴില്‍ നെയ്ത്തായിരുന്നു. പക്ഷേ, റാം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി. ഗ്രാമത്തില്‍ നിന്നും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കാണ്‍പൂരിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് ബി.കോമും നിയമബിരുദവും നേടിയത്. അതിന് ശേഷം ഐഎഎസ് എന്ന ലക്ഷ്യത്തോടെ സിവില്‍ സര്‍വ്വീസ് പാസ്സായി. പക്ഷേ, ഐഎഎസിന് പകരം മറ്റുസര്‍വ്വീസ് ലഭിച്ചപ്പോള്‍ ആ മോഹം വേണ്ടെന്നുവെച്ച് അഭിഭാഷകനായി തുടര്‍ന്നു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി. അങ്ങനെയിരിക്കെ 1977 ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി. പിന്നീട് രണ്ടുവട്ടം അദ്ദേഹം രാജ്യസഭാ എം പിയായി. ബീഹാര്‍ ഗവര്‍ണ്ണറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹത്തേടി ഒരു അവസരം എത്തുകയായിരുന്നു. അങ്ങനെ രാജ്യം ഇന്നുവരെ കേള്‍ക്കാത്ത ഒരു പേര് പ്രഥമപൗരന്റെ പേരായി മാറി. റാം നാഥ് കോവിന്ദ്.. എന്നും അദ്ദേഹം തന്റെ വന്ന വഴികളെ മറക്കാതെ കാത്ത് സൂക്ഷിച്ചു. തന്നെ വളര്‍ത്തിയ ചേച്ചിയേയും സ്‌കൂള്‍മുറ്റത്ത് ഒരുമിച്ചിരുന്ന പഠിച്ച കൂട്ടുകാരേയും എല്ലാം അദ്ദേഹം പലപ്പോഴും തേടിയെത്തി. അതെ, ഒരു ചൊല്ലുണ്ട്... ' വിഹായസ്സും കാല്‍ക്കീഴിലമരുമ്പോഴും ശിരസ്സ് വസുധയ്ക്ക് കീഴിലായിരിക്കണം' ഉയരുന്തോറും എളിമയും വിനയവും നമുക്ക് കൈവിടാതിരിക്കാം. വന്ന വഴികളെ , ആ വഴികളില്‍ താങ്ങും തണലുമായവരെ നമുക്ക് ഓര്‍മ്മിക്കാം... ഈ വിഷുദിനം ആ ഓര്‍മ്മകളെ നമുക്ക് പൊടിതട്ടിയെടുക്കാം.. - എല്ലാവര്‍ക്കും *ശുഭദിനം* ആശംസിക്കുന്നു.

Post a Comment

Previous Post Next Post