കിരൺ കുമാറിന് 10 വർഷം കഠിന തടവും പിഴയുംകൊല്ലം: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവു ശിക്ഷ. ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം 10 വർഷം തടവ്, 306 വകുപ്പ് പ്രകാരം 6 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വർഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 3, 6 വർഷം വീതം തടവും 50,000 രൂപ പിഴയുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് വിധി പറഞ്ഞത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജും പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ളയും തമ്മിൽ ശിക്ഷ സംബന്ധിച്ച വാദത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. വിസ്മയയുടേത് ആത്മഹത്യയാണ്. അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓർമക്കുറവുണ്ട്. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയിൽ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നൽകണം. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രതി സർക്കാർ ഉദ്യോഗസ്ഥനാണ്. നിയമം പാലിക്കാനുള്ള ബാധ്യത പ്രതിക്കുണ്ട്. പ്രതി വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃതമായാണ് ഭാര്യയോട് പെരുമാറിയത്. മുഖത്ത് ചവിട്ടിയ പ്രതി എന്ത് സന്ദേശമാണ് നൽകുന്നത്? രാജ്യം ഉറ്റുനോക്കുന്ന വിധിയില്‍ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പരിഷ്കൃത സമൂഹത്തിൽ ലോകത്തെവിടെയും ആത്മഹത്യാ പ്രേരണയിൽ ജീവപര്യന്തം നൽകിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള വാദിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പോലും സുപ്രിംകോടതി മൂന്നംഗ ബഞ്ച് ജീവപര്യന്തം ശിക്ഷിച്ചില്ല. 10 വർഷം തടവുശിക്ഷയാണ് നല്‍കിയത്. കിരണിന് സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു. അതിനാല്‍ പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇരു ഭാഗത്തിന്‍റെയും ശിക്ഷ സംബന്ധിച്ച വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.


Post a Comment

Previous Post Next Post