കക്കാടംപൊയിൽ കാട്ടാന ശല്യം: 1500 വാഴകൾ നശിപ്പിച്ചു,കർഷകർ ഭീതിയിൽകോഴിക്കോട്: കുലച്ച വാഴകൾ നശിപ്പിച്ച് കാട്ടാനകൾ ഭീതിയിൽ കർഷകർ. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഏക്കറുകണക്കിന് വാഴയാണ് കാട്ടാന നശിപ്പിച്ചത്. രണ്ട് മാസത്തിനുള്ളിൽ വിളവെടുക്കേണ്ട വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. മയോരമേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് കരിമ്പ് പ്രദേശം. സമീപപ്രദേശങ്ങളായ വാളം തോട്,നായാടം പൊയിൽ പ്രദേശങ്ങളിൽ കാട്ടാനശല്യം ഉണ്ടെങ്കിലും കരിമ്പു ഭാഗത്ത് അടുത്ത കാലത്തൊന്നും കാട്ടാനശല്യം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികളായ കൊല്ലിയിൽ ബിജു, പൂവത്തിനാൽ അലക്‌സ് എന്നിവരുടെ 1500 വാഴകളാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മലപ്പുറം വനത്തിൽ നിന്നുള്ള കാട്ടാനകൂട്ടം നാട്ടിലിറങ്ങി വിളയാടുകയാണ്. വൈകുന്നേരമാകുമ്പോഴേക്കും മേഖലയിൽ മഞ്ഞിറങ്ങുന്നതിനാൽ കാട്ടാന വരുന്നത് അറിയാൻ കഴിയില്ലെന്നും കർഷകർ പറയുന്നു. അതുകൊണ്ട് ലൈറ്റ് തെളിയിക്കാനോ ശബ്ദമുണ്ടാക്കി ഓടിക്കാനോ കഴിയില്ല. കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചതിനാൽ ഏറെ ദുരിതമാണ് കർഷകർ നേരിടുന്നത്. ആന ശല്യത്തിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താമരശേരി റേഞ്ച് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. ബണ്ട്, സോളാർ ഫെൻസിംഗ് എന്നിവ സ്ഥാപിക്കണമെന്നും കൃഷിനാശം നേരിട്ട മേഖലയിൽ നഷ്ടപരിഹാരം അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു


Post a Comment

Previous Post Next Post