സായാഹ്ന വാർത്തകൾ 2022 | മെയ് 03 | ചൊവ്വ◼️സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ്  ഹൗസില്‍. പരാതിക്കാരിക്കൊപ്പമാണ് സിബിഐ സംഘത്തിന്റെ തെളിവെടുപ്പ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2012 ലാണ് കേസിനാസ്പദമായ സംഭവം.

◼️ബിജെപി നാഷണല്‍ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കെതിരായ പീഡന കേസിലും സിബിഐ സംഘം തെളിവെടുപ്പ് നടത്തി. സോളാര്‍ കേസ് പ്രതിയായ പരാതിക്കാരിയുമൊത്ത് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് തെളിവെടുപ്പു നടന്നത്.

◼️കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വയനാട്ടില്‍. ജില്ലയിലെ ബിജെപി നേതാക്കള്‍ സ്മൃതി ഇറാനിയെ സ്വീകരിച്ചു. കളക്ടറേറ്റിലെ ജില്ലാ വികസന സമിതി യോഗത്തില്‍ കേന്ദ്ര മന്ത്രി പങ്കെടുത്തു. മരവയല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെ മന്ത്രി സന്ദര്‍ശിച്ച് വൈകുന്നേരം ഡല്‍ഹിക്കു മടങ്ങും. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായിരുന്ന അമേഠിയില്‍ അട്ടിമറി വിജയം നേടിയ സ്മൃതി ഇറാനി രാഹുലിന്റെ ഇപ്പോഴത്തെ മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കൈയിലെടുക്കാനുള്ള ശ്രമത്തിലാണ്.

◼️ചെറിയ പെരുന്നാള്‍ ആഘോഷിച്ച് കേരളം. കോവിഡ്മൂലം രണ്ടു വര്‍ഷമായി ഇല്ലാതിരുന്ന ഒത്തുചേരലുകള്‍ വീണ്ടെടുത്തുകൊണ്ടാണ് ആഘോഷം. രാവിലെ നിസ്‌കാരത്തിനു നല്ല തിരക്കായിരുന്നു. പുത്തന്‍ ഉടുപ്പണിഞ്ഞും കൈയില്‍ മൈലാഞ്ചിയിട്ടും ഉറ്റവര്‍ക്കൊപ്പം വിരുന്നുണ്ടും സാഹോദര്യം പങ്കുവെക്കുന്ന പെരുന്നാളിന്റെ ആഹ്ളാദത്തിലാണ് എല്ലാവരും.

◼️സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ചെയര്‍പേഴ്സണ്‍ നടി ശ്വേത മേനോനും അംഗം കുക്കു പരമേശ്വരനും രാജിവച്ചു. പീഡിപ്പിച്ചതിനു പുറമേ, ഇരയുടെ പേരു വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവില്‍നിന്നു പുറത്താക്കണമെന്നായിരുന്നു ശ്വേത മേനോന്‍ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ ചെയ്തത്. അതുചെയ്യാതെ 'അമ്മ' എക്സിക്യൂട്ടീവ് കൗണ്‍സിലില്‍നിന്നു മാറിനില്‍ക്കുന്നുവെന്ന് വിജയ് ബാബുവിനെക്കൊണ്ടു കത്തെഴുതി വാങ്ങിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. നടി മാല പാര്‍വതിയും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.

◼️വീണ്ടും ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്തുനിന്ന് വയനാട്ടിലെ കമ്പളക്കാട് എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 15 പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഒരുക്കവുമായി എല്‍ഡിഎഫും യുഡിഎഫും. പി.ടി തോമസിന്റെ മരണത്തോടെ ഒഴിവുവന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. സിപിഎം സ്ഥാനാര്‍ഥിക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഒരു വനിതയെ മല്‍സരിപ്പിക്കാനും സാധ്യതയുണ്ട്.

◼️തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് നൂറ്ുസീറ്റ് തികയ്ക്കുമെന്ന് മന്ത്രി പി രാജീവ്. വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് പറഞ്ഞു.

◼️തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റെന്ന പി രാജീവിന്റെ അവകാശവാദം സ്വപ്നം മാത്രമാണ്. കെ വി തോമസിന് മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

◼️കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയന്റ് മാനേജരായ പടന്ന സ്വദേശി അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സ്ഥാപന ഉടമ കുഞ്ഞഹമ്മദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണു പോലീസ്.

◼️കോഴിക്കോട് പെരുവണ്ണാമുഴിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. മുതുകാട്ടെ ഖനനം ഒഴിവാക്കണം, കെ റെയില്‍ അരുത് എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണു പ്രത്യക്ഷപ്പെട്ടത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

◼️പെരിങ്ങല്‍കുത്ത് ഡാമില്‍ വൈദ്യുതി ഉല്‍പാദന നിയന്ത്രണം. അതിരപ്പിള്ളി വെള്ളച്ചാട്ടം ശുഷ്‌കമായതോടെ വെള്ളം ഇല്ലാത്തതാണ് ഉല്‍പാദനം കുറയ്ക്കാന്‍ കാരണം. ദിവസേന 36 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.

◼️കെ റെയില്‍ വിരുദ്ധ ജനകീയ സമര സമിതി നാളെ നടത്തുന്ന ബദല്‍ സംവാദത്തില്‍ കെ റെയില്‍ അധികൃതര്‍ പങ്കെടുക്കില്ല. എന്നാല്‍ തുടര്‍ സംവാദങ്ങളാണു വേണ്ടതെന്ന് കെ റെയില്‍ പറയുന്നു.

◼️തിരുവല്ല കുന്നന്താനത്ത് വീട്ടമ്മയെ കുത്തിക്കൊന്നു. പാമല സ്വദേശിനി വിജയമ്മ (62) ആണ് കൊല്ലപ്പെട്ടത്. പൊട്ടിച്ച ബിയര്‍ കുപ്പി കൊണ്ട് ഇവരെ കുത്തിയ അയല്‍വാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◼️രണ്ടു കിലോ കഞ്ചാവുമായി ആസാം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയിലായി. അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്.

◼️വയനാട് തലപ്പുഴയില്‍ എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു പേര്‍ പിടിയില്‍. പേര്യ സ്വദേശികളായ ഇ.കെ അസീബ് അലി, എം. മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്.

◼️വാഹന അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ തലസ്ഥാനത്ത് മാത്രം മുന്നൂറിലധികം വ്യാജ കേസുകളുണ്ടാക്കിയെന്ന് കണ്ടെത്തല്‍. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഒരു ജില്ലയിലെ മാത്രം പരിശോധനാഫലമാണിത്. ഇന്‍ഷുറന്‍സ്  തട്ടിപ്പുകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

◼️എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന നാളെ ആരംഭിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ച 5,600 കോടി രൂപ മൂല്യമുള്ള 5.92 കോടി ഓഹരികള്‍ ഇന്നലെ തന്നെ പൂര്‍ണമായി വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ട്.

◼️രാജസ്ഥാനിലെ ജോഥ്പൂരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷമുണ്ടാക്കിയവരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി പിരിച്ച് വിട്ടു. പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്.

◼️കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നൈറ്റ് ക്ലബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെച്ചൊല്ലി വിവാദം. നേപ്പാളിലെ നൈറ്റ് ക്ലബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ബിജെപി നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

◼️മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ ഹനുമാന്‍ കീര്‍ത്തനങ്ങള്‍ ചൊല്ലി പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച് അറസ്റ്റിലായ അമരാവതി എംപി നവനീത് റാണെയ്ക്കും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയ്ക്കുമെതിരെ മുംബൈ കോര്‍പറേഷന്‍. റാണെ ദമ്പതിമാരുടെ മുംബൈയിലെ വസതിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ നാളെ പൊളിച്ചുനീക്കും. അനധികൃത നിര്‍മാണമുണ്ടെന്ന പരാതിയിലാണ് കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. റാണെ ദമ്പതിമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

◼️ചെറിയ പെരുന്നാളിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പെരുന്നാള്‍ സന്ദേശമറിയിച്ചത്. 'സമൂഹത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വര്‍ധിപ്പിക്കാന്‍ ഈ സുവര്‍ണാവസരത്തിന് സാധിക്കട്ടെ.' പ്രധാമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

◼️രാജ്യത്തെ ചരക്കു സേവന നികുതി റിക്കാര്‍ഡിട്ടു. ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയാണു വരുമാനമെന്ന് കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തി.

◼️കൊല്ലപ്പെട്ടെന്നു കരുതിയ ഭാര്യ കാമുകനൊപ്പം പ്രത്യക്ഷപ്പെട്ടു. കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ജയിലിലായ ഭര്‍ത്താവിനെ എങ്ങനെ പുറത്തിറക്കുമെന്നു തലപുകയ്ക്കുകയാണ് ബന്ധുക്കള്‍. ബിഹാറിലെ മോത്തിഹാരി ജില്ലയിലെ ലക്ഷ്മിപൂരില്‍ കൊല്ലപ്പെട്ടെന്നു കരുതിയിരുന്ന ശാന്തി ദേവിയെയാണ് കാമുകനൊപ്പം കണ്ടെത്തിയത്. 2016 ലാണ് ദിനേശ് റാമുമായി  വിവാഹിതരായത്. പത്തു മാസം കഴിഞ്ഞപ്പോഴേക്കും ശാന്തിയെ കാണാതായി. ഇതോടെ ഭര്‍ത്താവ് കൊലക്കേസില്‍ ജയിലിലായി. എന്നാല്‍ ശാന്തി പഞ്ചാബില്‍ കാമുകനൊപ്പം ജീവിക്കുകയായിരുന്നെന്ന് ഈയിടെയാണ് ബന്ധുക്കള്‍ അറിഞ്ഞത്.

◼️റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ ക്യാന്‍സര്‍ രോഗത്തിനു ചികിത്സയില്‍. അദ്ദേഹത്തിന് അടുത്ത ദിവസംതന്നെ ശസ്ത്രക്രിയ നടത്തേണ്ടി വരുന്നതിനാല്‍ അധികാരം വിശ്വസ്തനു കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

◼️സന്തോഷ് ട്രോഫി കിരീടം ആരാധകര്‍ക്കുളള പെരുന്നാള്‍ സമ്മാനമായി. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ പകരക്കാരനായി എത്തിയ സഫ്‌നാദ്, വലതു വിങ്ങില്‍നിന്ന് നൗഫല്‍ നല്‍കിയ ക്രോസ,് ഉഗ്രന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റിയാണ് കേരളത്തെ സമനിലയില്‍ എത്തിച്ചത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് പിഴച്ചു. സജലിന്റെ കിക്ക് പുറത്തേക്കു പോയപ്പോള്‍ കേരളത്തിന്റെ കിക്കുകളെല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്‌കോര്‍ ചെയ്തത്. കേരള നായകന്‍ ജിജോ ജോസഫ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. വിജയത്തില്‍ കാണികളോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നു  കേരള ടീം പരിശീലകന്‍ ബിനോ ജോര്‍ജ്.

◼️സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയിരിക്കേ കേരളത്തിന്റെ താരങ്ങളിലൊരാളായ മുഹമ്മദ് റാഷിദിന് സ്ഥലം വാങ്ങി വീട് വച്ചുനല്‍കുമെന്ന് കല്‍പറ്റ എംഎല്‍എയായ ടി സിദ്ധിഖ് പ്രഖ്യാപിച്ചു.

◼️സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ കേരള ടീമിനു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തില്‍ കുറിച്ചു.

◼️വിമാന ഇന്ധനവില 3.22 ശതമാനം ഉയര്‍ത്തി എണ്ണക്കമ്പനികള്‍. ഇതോടെ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ഫ്യൂവലിന്റെ വില റെക്കാഡ് ഉയരത്തില്‍ എത്തി. വിമാന ഇന്ധനത്തിന്റെ കിലോ ലിറ്ററിന് 1.15 ലക്ഷം രൂപ പിന്നിട്ടു. കിലോ ലിറ്ററിന് രൂപയുടെ വര്‍ദ്ധനയാണ് വിമാന ഇന്ധനത്തിന് വരുത്തിയത്.  ഈ വര്‍ഷം ഒമ്പതാം തവണയാണ് എ.ടി.എഫ് വില വര്‍ദ്ധിപ്പിക്കുന്നത്. വിമാന ഇന്ധനവില ഉയര്‍ന്നതോടെ വിമാനയാത്രാനിരക്കും ഉയരും. എയര്‍ലൈന്‍ ചെലവുകളുടെ 40 ശതമാനത്തിലേറെയും ഇന്ധനച്ചെലവാണ്. ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുന്നതോടെ എയര്‍ലൈനുകളുടെ ആകെച്ചെലവ് 7-8 ശതമാനം വര്‍ദ്ധിക്കും.

◼️ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്. ഏപ്രില്‍ 22 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 3.27 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 600.42 ബില്യണ്‍ ഡോളറിലെത്തി. ഏപ്രില്‍ 15 ന് അവസാനിച്ച ആഴ്ചയില്‍ ഫോറെക്സ് കരുതല്‍ ശേഖരം 311 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 603.694 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇതു തുടര്‍ച്ചയായി ഏഴാം തവണയാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഇടിയുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം രണ്ടു മാസത്തിനുള്ളില്‍ 30 ബില്യണ്‍ ഡോളറിലധിമാണ് ശേഖരത്തില്‍ നിന്നു തുടച്ചുനീക്കപ്പെട്ടത്. സ്വര്‍ണ ശേഖരം 377 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 42.768 ബില്യണ്‍ ഡോളറായി.

◼️മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് മഞ്ജു വാരിയരും സൗബിന്‍ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആട്ടിന്‍ക്കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് മഞ്ജു പ്രത്യക്ഷപ്പെടുമ്പോള്‍ മുണ്ടിലും ഷര്‍ട്ടിലുമായി നാട്ടിന്‍ പുറത്തുകാരനെ ഓര്‍മിപ്പിക്കുന്ന മട്ടിലാണ് സൗബിന്‍ ഫസ്റ്റ് ലുക്കില്‍ നിറയുന്നത്.  'വെള്ളരിപട്ടണ'ത്തിന്റെ രചന നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.

◼️ഷാരൂഖ് ചിത്രം 'പത്താന്റെ' ഡിജിറ്റല്‍ അവകാശം വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2023 ജനുവരി 25 നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുന്നത്.  ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് പത്താന്‍.

◼️അടുത്തിടെ പുതിയ എന്‍ടോര്‍ഖ് 125 എക്സ്ടിയുടെ  പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.03 ലക്ഷം രൂപയില്‍ ഈ സ്‌കൂട്ടറിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നു. വാഹനത്തില്‍ ഒരു കൂട്ടം അധിക ഫീച്ചറുകള്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.  വിഷ്വല്‍ അപ്‌ഡേറ്റുകളില്‍ തുടങ്ങി, പുതിയ എക്സ്ടി ട്രിമ്മില്‍ ഒരു പുതിയ നിയോണ്‍ ഗ്രീന്‍ പെയിന്റ് സ്‌കീം നല്‍കിയിരിക്കുന്നു.  മാത്രമല്ല, അലോയി വീലുകള്‍ മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമാണ്. 7,000 ആര്‍പിഎമ്മില്‍ 9.25 ബിഎച്ച്പിയും 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എമ്മും പുറപ്പെടുവിക്കുന്ന 124.8 സിസി, ത്രീ-വാല്‍വ്, എയര്‍ കൂള്‍ഡ് എഞ്ചിനില്‍ തന്നെ സ്‌കൂട്ടറിന്റെ ഹൃദയം തുടരുന്നു.

Post a Comment

Previous Post Next Post