സായാഹ്ന വാർത്തകൾ 2022 | മെയ് 07 | ശനി1197 മേടം 24 |◼️പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞയാഴ്ച കൂട്ടിയിരുന്നു.

◼️കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് രാജിവച്ചു. അമേരിക്കയിലേക്കു തിരിച്ചു പോകേണ്ടതിനാലാണു രാജിയെന്നു ജോണ്‍ എം തോമസ് പറഞ്ഞു. എന്നാല്‍ ടെക്നോ പാര്‍ക്കില്‍ പബ്ബ് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രമുഖ ബാറുടമയുമായി ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് രാജി.

◼️കൊലക്കേസ് പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ ലഭിച്ചതിനു പിറകേ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് വധഭീഷണി. കാരയ്ക്കാമണ്ഡപം റഫീക്ക് കൊലക്കേസ് കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ മുഹമ്മദാണ് അഭിഭാഷകനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയത്. ഇയാളെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിലെടുത്തു. റഫീക് വധ കേസിലെ 11 പ്രതികളെയും കഴിഞ്ഞ ദിവസം ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

◼️നൂറനാട് സിപിഐ - കോണ്‍ഗ്രസ് കൂട്ടത്തല്ലു കേസില്‍ ഒമ്പതു സിപിഐ നേതാക്കളും പ്രവര്‍ത്തകരും കൂടി അറസ്റ്റിലായി. കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമായാണ് അറസ്റ്റ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാന്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ എഐവൈഎഫിന്റെ രണ്ടു മണ്ഡലം സെക്രട്ടറിമാരും പ്രസിഡന്റുമാരും ഉള്‍പ്പെടുന്നു. ഇതോടെ ആകെ അറസ്റ്റിലായ സിപിഐക്കാരുടെ എണ്ണം 11 ആയി.

◼️മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ഫോറന്‍സിക് വിദഗ്ദര്‍, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന സംഘം പാവണ്ടൂര്‍ ജൂമാ മസ്ജിദ് ഖബറിടത്തില്‍ എത്തി മൃതദേഹാവശിഷ്ടങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപതിയിലേക്കു കൊണ്ടുപോയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.  ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കു വിധേയമാക്കും.

◼️ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ കോല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം മൂന്നു ദിവസം പിരിവു നടത്തും. ഇന്നു രാവിലെ ആരംഭിച്ച പിരിവിലൂടെ ഒരു കോടി രൂപ സമാഹരിക്കാനാണു പരിപാടി. കുടുംബത്തെ സഹായിച്ച ശേഷം ബാക്കി വരുന്ന തുകക്ക് കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ധീരജിന്റെ പേരില്‍ സ്മാരകം നിര്‍മിക്കും.

◼️കണ്ണൂര്‍ ചൊക്ലിയില്‍ അമ്മയുടെയും ഏഴു മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി. തീര്‍ത്തിക്കോട്ട് കുനിയില്‍ ജ്യോസ്നയുടെയും ഡാര്‍വിന്റെയും മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെവീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രീഷ്യനായ നിവേദാണ് ഭര്‍ത്താവ്.

◼️പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനക്കാരെ ഓടിച്ചിട്ടു പിടികൂടി. ആന്ധ്രയില്‍ നിന്നെത്തിച്ച 20 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശികളെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭയപ്പാടിലാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സ്ഥാനാര്‍ത്ഥിയെ മതവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതു തെറ്റാണ്. ലിസി ആശുപത്രിയില്‍ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തിയതുകൊണ്ടാണ് മതപുരോഹിതരുടെ സാന്നിധ്യമുണ്ടായത്. അതില്‍ മറ്റൊന്നുമില്ല. മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎമ്മിന് ഒരു ബുദ്ധിമുട്ടുമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥിക്ക് വലിയ സ്വീകാര്യത കിട്ടിയെന്ന് മന്ത്രി പി.രാജീവും അഭിപ്രായപ്പെട്ടു.

◼️തൃക്കാക്കരയിലെ കോണ്‍ഗ്രസ് പ്രചാരണതന്ത്രത്തില്‍ കത്തോലിക്കാ സഭയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല. കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്കു വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ സഭാ ബന്ധം ചര്‍ച്ചയാക്കുന്നത് തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍. ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സഭയെ വലിച്ചഴിക്കേണ്ട കാര്യമില്ല. തൃക്കാക്കരയില്‍ രാഷ്ട്രീയ പ്രചാരണമാണ് വേണ്ടതെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

◼️നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്. തൃശൂര്‍ ആസ്ഥാനമായുള്ള ജനനീതി സംഘടനയാണ് കത്ത് നല്‍കിയത്. സംഘടനയുടെ ചെയര്‍മാന്‍ എന്‍. പദ്മനാഭന്‍, സെക്രട്ടറി ജോര്‍ജ് പുലികുത്തിയില്‍ എന്നിവരാണ് കത്തു നല്‍കിയത്.

◼️ലോണ്‍ ആപ്പുകളുടെ തട്ടിപ്പുകളില്‍ കുടുങ്ങി അനേകം സ്ത്രീകളും കോളജ് വിദ്യാര്‍ഥികളും. അത്യാവശ്യ ഘട്ടത്തില്‍ ആപ്പുകള്‍ വഴി പണം വായ്പയായി സ്വീകരിച്ചവര്‍ തിരിച്ചടവു മുടങ്ങിയതിന്റെ പേരിലാണ് ഭീഷണിക്കും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. അനേകം പേര്‍ പരാതിയുമായി പോലീസ് സ്റ്റേഷനുകളെ സമീപിച്ചിട്ടുണ്ട്.

◼️മേയ് 21 നു നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ ജൂലൈ ഒമ്പതാം തീയതിയിലേക്കു മാറ്റി. പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് പതിനയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചിരുന്നു.

◼️ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാരംഭ പബ്ലിക് ഓഫറിന്റെ നാലാം ദിനത്തില്‍ നിക്ഷേപകരുടെ ബിഡ്ഡിംഗ് 1.28 മടങ്ങ് കടന്നു. ഇതിനകം ഓവര്‍സബ്‌സ്‌ക്രൈബായി ഐപിഒ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902- 949 രൂപയാണ് വില. പോളിസി ഉടമകള്‍ക്ക് 60 രൂപയും ജീവനക്കാര്‍ക്ക് 45 രൂപയും കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

◼️പഞ്ചാബില്‍ വിവിധ വകുപ്പുകളിലെ 26,454 തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്താന്‍ വമ്പന്‍ റിക്രൂട്ട്മെന്റ് ഡ്രൈവ്. മുഖ്യമന്ത്രി ഭഗവന്ത് മന്‍ സര്‍ക്കാര്‍ അമ്പതു ദിവസം പൂര്‍ത്തീകരിച്ച വേളയിലാണ് മെഗാ റിക്രൂട്ട്മെന്റ്. മികവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പെന്നു മുഖ്യമന്ത്രി പറഞ്ഞു.

◼️ബൗദ്ധിക സ്വത്തവകാശത്തിനു കീഴില്‍ നടപ്പാക്കാവുന്ന പേറ്റന്റുകള്‍ക്കു സര്‍വകലാശാലകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഉപരാഷ്ട്രപതി  എം. വെങ്കയ്യ നായിഡു. മികച്ച ഗവേഷണ ഫലങ്ങള്‍ക്കായി വ്യവസായ-ഇന്‍സ്റ്റിറ്റ്യൂട്ട് ബന്ധങ്ങള്‍ ശക്തമാക്കണം. ചണ്ഡീഗഡില്‍ പഞ്ചാബ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◼️ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് തജീന്ദര്‍ പല്‍ സിങ് ബഗ്ഗയെ അറസ്റ്റു ചെയ്തതും മോചിപ്പിച്ചതുമായ സംഭവം കോടതി കയറി. അറസ്റ്റ് നിയമ പ്രകാരമെന്ന് പഞ്ചാബ് പൊലീസ് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ അറിയിച്ചു. ഹാജരാകാന്‍ ആവശ്യപ്പെട്ട് ബഗ്ഗക്ക് പലതവണ നോട്ടീസ് നല്‍കിയിരുന്നു. അറസ്റ്റ് നടപടികള്‍ ചിത്രീകരിച്ചിരുന്നെന്നും കസ്റ്റഡിയില്‍നിന്ന് ഡല്‍ഹി പൊലീസ് മോചിപ്പിച്ചത്  നിയമലംഘനമാണെന്നും കോടതിയെ ബോധിപ്പിച്ചു. ഗുരുഗ്രാം മജിസ്ട്രേറ്റ് കോടതി രാത്രി ജാമ്യം നല്‍കിയ തജീന്ദര്‍ ബഗ്ഗയെ ഡല്‍ഹി പൊലീസ് വീട്ടിലെത്തിച്ചിരുന്നു.

◼️മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിലുണ്ടായിരുന്നവരില്‍ ഏഴു പേര്‍ വെന്തുമരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റസിഡന്‍ഷ്യല്‍ ഏരിയയിലെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്.

◼️കോടതിമുറിക്കു മുന്നില്‍ ഭര്‍ത്താവിന്റെ അഭിഭാഷകന്‍ എതിര്‍കക്ഷിയായ ഭാര്യയെ മര്‍ദിച്ചു. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയിലെ ബിയോഹാരി മേഖലയിലാണ് സംഭവം. 58 കാരനായ അഭിഭാഷകന്‍ ഭഗവാന്‍ സിംഗ് 23 കാരിയായ ഭാരതി പട്ടേലിനെയാണ് ആളുകള്‍ നോക്കി നില്‍ക്കെ മര്‍ദ്ദിച്ചത്. വക്കീലിനെതിരേ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ  സമൂഹമാധ്യമങ്ങളില്‍ വൈറലായി.

◼️കന്നഡ സിനിമാ നടന്‍ മോഹന്‍ ജുനേജ ബംഗളൂരുവില്‍ അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകള്‍ അടക്കം നൂറിലേറെ ചിത്രങ്ങളിലും മോഹന്‍ വേഷമിട്ടിട്ടുണ്ട്.

◼️പിതാവിന്റെ ലൈംഗികാതിക്രമം ഒളിക്യാമറയില്‍ പകര്‍ത്തി മകള്‍. ബിഹാറിലെ സമസ്തിപൂരിലെ റോസെരയില്‍ അമ്പതുകാരനും അധ്യാപകനുമായ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. പതിനെട്ടുകാരിയായ മകളാണ് പിതാവിന്റെ ക്രൂരത ചിത്രീകരിച്ചു പോലീസിനു നല്‍കിയത്.

◼️ഒരേസമയം 200 പേരുമായി ഉയരാന്‍ ശേഷിയുള്ള ഭീമന്‍ ലിഫ്റ്റ്. മുംബൈയിലെ ബാന്ദ്രാ കുര്‍ലാ കോംപ്ലക്സിലെ ജിയോ വേള്‍ഡ് സെന്ററിലാണ് ഭീമന്‍ ലിഫ്റ്റ് സ്ഥാപിച്ചത്. 25.78 സ്‌ക്വയര്‍ മീറ്ററാണ് വലുപ്പം. സെക്കന്‍ഡില്‍ 1 മീറ്ററാണ് വേഗം. 16 ടണ്‍ ഭാരവുമുണ്ട്. മുകളിലേക്കുയര്‍ത്തുന്ന മെഷീന്‍ ഇവിടെ ലിഫ്റ്റിന്റെ അടിഭാഗത്തായാണ് ഘടിപ്പിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ലിഫ്റ്റാണെന്ന് റിലയന്‍സ് ഗ്രൂപ്പ് അവകാശപ്പെട്ടു.

◼️റിഫൈനിംഗ്, ടെലികോം, റീട്ടെയില്‍ ബിസിനസുകള്‍ നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 22.5 ശതമാനം വര്‍ധിച്ച് 16,203 കോടി രൂപയായി. ഇതോടെ പതിനായിരം കോടി ഡോളര്‍ കടന്ന മൊത്ത വരുമാനമുള്ള ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ്. കമ്പനിയുടെ ആകെ വരുമാനം 36.8 ശതമാനം ഉയര്‍ന്ന് 2.11 ലക്ഷം കോടിയുമായി. ഓഹരിക്ക് എട്ടു രൂപ വീതം ലാഭവീതം പ്രഖ്യാപിച്ചിട്ടുണ്ട്.

◼️സൗദി അറേബ്യയില്‍ നാലു തൊഴിലുകള്‍ കൂടി പൂര്‍ണമായും സൗദി പൗരന്മാര്‍ക്ക്. ഓഫീസ് സെക്രട്ടറി, ട്രാന്‍സ്ലേറ്റര്‍, സറ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി എന്നീ ജോലികളാണ് സൗദി അറേബ്യ സ്വദേശവത്കരിച്ചത്.

◼️2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് അറ്റാദായവുമായി സിഎസ്ബി ബാങ്ക്. 458.49 കോടി രൂപയുടെ അറ്റാദായമാണ് തൃശ്ശൂര്‍ ആസ്ഥാനമായുള്ള ബാങ്ക് നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 109.93 ശതമാനം വര്‍ധന. നാലാം പാദത്തിലെ അറ്റാദായം മുന്‍വര്‍ഷത്തെ കാലയളവിലെ 42.89 കോടി രൂപയില്‍ നിന്ന് 204.63 ശതമാനം വര്‍ധനയോടെ 130.67 കോടി രൂപയിലേക്കു കുതിച്ചുയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം മുന്‍വര്‍ഷമിതേ കാലയളവിലെ 515.52 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധനയോടെ 613.72 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 22.51 ശതമാനം വര്‍ധനയോടെ 1153.30 കോടി രൂപയിലെത്തി. വര്‍ധന 211.91 കോടി രൂപയാണ്. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 10.20 ശതമാനം വര്‍ധനയോടെ 303.83 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 4.81 ശതമാനത്തില്‍നിന്ന് 5.27 ശതമാനമായി ഉയര്‍ന്നു.

◼️പലിശ വരുമാനത്തിലെ വര്‍ധനവും കിട്ടാക്കടങ്ങള്‍ക്കായിയുള്ള നീക്കിയിരിപ്പ് കുറഞ്ഞതും കാരണം മാര്‍ച്ച് പാദത്തില്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ അറ്റാദായം 64.90 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അറ്റാദായം 1,666 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 5,678 കോടി രൂപയായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. മാര്‍ച്ച് പാദത്തില്‍ അറ്റ പലിശ വരുമാനം ഏകദേശം 25 ശതമാനം ഉയര്‍ന്ന് 7,005 കോടി രൂപയായി. മൊത്തത്തിലുള്ള പലിശ ഇതര വരുമാനം മാര്‍ച്ച് പാദത്തില്‍ 5.12 ശതമാനം കുറഞ്ഞ് 4,462 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ മൊത്തത്തിലുള്ള നിക്ഷേപങ്ങള്‍ 8 ശതമാനം ഉയര്‍ന്ന് 4,536 കോടി രൂപയായി. എന്നാല്‍ നിഷ്‌ക്രിയ ആസ്തികള്‍ക്കായി നീക്കിവച്ച പണം 52 ശതമാനം കുറഞ്ഞ് 2,130 കോടി രൂപയായി.

◼️ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പന്ത്രണ്ടിന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാലിന്റെയും തെന്നിന്ത്യന്‍ നടി സാമന്തയുടെയും ഫേസ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ചിത്രം ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍  വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◼️സായ് പല്ലവി നായികയാകുന്ന ചിത്രമാണ് വിരാട പര്‍വം. റാണ ദഗുബാട്ടി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സായ് പല്ലവി നായികയാകുന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ജൂലൈ ഒന്നിന് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. വെന്നെല്ല എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനവും തിരക്കഥയും.

◼️സ്‌കോഡയുടെ മുന്‍നിര കോംപാക്ട് എസ്യുവി കുഷാക്കിന്റെ വില വര്‍ധിപ്പിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വില ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് ചില വകഭേദങ്ങള്‍ക്ക് 70,000 രൂപ വരെ വര്‍ദ്ധനവ് കാണിക്കുന്നു. കുഷാക്ക് മോണ്ടെ കാര്‍ലോ പതിപ്പ് മെയ് 9 ന് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് വിലയില്‍ വര്‍ദ്ധനവ്. സ്‌കോഡ പുറത്തിറക്കിയ പുതിയ വില പട്ടിക പ്രകാരം, മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 1.0 ലിറ്റര്‍ ഠടക പെട്രോള്‍ എന്‍ജിന്‍ നല്‍കുന്ന എന്‍ട്രി ലെവല്‍ ആക്റ്റീവ് വേരിയന്റിന് കുഷാക്കിന് 30,000 രൂപ വില കൂടും. ലോഞ്ച് വില 10.49 ലക്ഷം രൂപ (എക്സ്-ഷോറൂം) ആയിരുന്നപ്പോള്‍, വില നേരത്തെ 50,000 രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വര്‍ധിപ്പിച്ചിരുന്നു. മാനുവല്‍ വേരിയന്റുകളില്‍, കുഷാക്കിന്റെ 1.5 ലിറ്റര്‍ സ്റ്റൈല്‍ വേരിയന്റിന് 70,000 രൂപ വര്‍ദ്ധനയോടെ 17.19 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലവരും.
ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

Previous Post Next Post