സായാഹ്ന വാർത്തകൾ 2022 | മെയ് 10 | ചൊവ്വ1197 | മേടം 27 |

◼️ഹിന്ദുക്കള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കുന്നതിനു സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാരിന് മൂന്നു മാസം അനുവദിച്ച് സുപ്രീംകോടതി. അഭിഭാഷകനായ അശ്വിനി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാമെന്നാണു കേന്ദ്രം നേരത്തെ നിലപാടെടുത്തിരുന്നത്. എന്നാല്‍ ന്യൂനപക്ഷപദവി വിജ്ഞാപനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നത്.  ◼️നല്ലളം പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ പോക്സോ കേസ് പ്രതി ജിഷ്ണു മരിച്ചത് ഉയരത്തില്‍നിന്നു വീണുണ്ടായ പരിക്കുമൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചെന്നുമാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. വീടിനു സമീപമുളള മതിലില്‍ നിന്ന് പൊലീസിനെകണ്ട് ചാടിയപ്പോള്‍ വീണതാകം മരണകാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. പോലീസുകാരെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണെന്നും സിബിഐ അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.◼️ഭക്ഷണത്തിന്റെ ഗുണനിലവാരവും സൗകര്യങ്ങളും അനുസരിച്ച് ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും തരംതിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഹോട്ടലുകളുടെ നിലവാര പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷണശാലകളില്‍ നടത്തുന്ന പരിശോധനയും ഓപ്പറേഷന്‍ മത്സ്യയും തുടരുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.◼️തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കില്ലെന്നും വേറെയൊരു പാര്‍ട്ടിയിലും ചേരില്ല. വികസനത്തിനായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും തോമസ് പറഞ്ഞു.◼️തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കൊപ്പം കളക്ടറേറ്റിലേക്ക് പ്രകടനമായി എത്തിയാണ് പത്രിക നല്‍കിയത്.◼️നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വീണ്ടും ഫോറന്‍സിക് പരിശോധനക്കു വിധേയമാക്കണമെന്ന് പ്രോസിക്യൂഷന്‍. ഒരുതവണ പരിശോധിച്ച കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ട സാഹചര്യം വ്യക്തമാക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യങ്ങളടക്കം കേസ് വ്യാഴാഴ്ച പരിഗണിക്കും.◼️നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചാനാക്കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. ഇന്നലെ കാവ്യാ മാധവന്‍ നല്‍കിയ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചശേഷം പഴുതുകള്‍ കണ്ടെത്തി വീണ്ടും ചോദ്യം ചെയ്യാനാണ് പരിപാടി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യക്കും മുന്‍ വൈരാഗ്യമുണ്ടായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി അടക്കമുളളവരുടെ അനുമതിയോടെയാകും തുടര്‍ നടപടികള്‍.◼️അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഡിജിപി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്.◼️തൃശൂര്‍ പൂരലഹരിയില്‍. നനുത്ത പൂമഴയുടെ കുളിര്‍മയില്‍ രാവിലെ മുതല്‍ പൂരം നിരന്നു. രാവിലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തിനരികില്‍ ആനയിടഞ്ഞു. എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ഇടഞ്ഞത്. വളരെ പെട്ടന്നുതന്നെ ആനയെ തളച്ചു. ഇടഞ്ഞ ആനയുടെ പുറകെ മൊബൈല്‍ ക്യാമറകളുമായി ജനങ്ങള്‍ ഓടിയത് ആനയെ കൂടുതല്‍ പ്രകോപിതനാക്കി. പോലീസ് ജനക്കൂട്ടത്തെ തടഞ്ഞതോടെയാണ് ആനയെ നിയന്ത്രിക്കാനായത്.◼️പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളമില്ല. പത്താം തീയതി ശമ്പളം നല്‍കുമെന്നായിരുന്നു മന്ത്രിയുടേയും മാനേജ്മെന്റിന്റേയും വാഗ്ദാനം. സര്‍ക്കാര്‍ പതിവായി നല്‍കുന്ന മുപ്പതു കോടി രൂപ ഇന്നലെ നല്‍കിയെങ്കിലും ശമ്പളം നല്‍കാന്‍ 55 ലക്ഷം രൂപ ബാങ്ക് വായ്പ ലഭിക്കണം. ഇതിനുള്ള ശ്രമത്തിലാണ് മാനേജുമെന്റ്. ഇന്നു രാത്രിക്കു മുമ്പേ, ശമ്പളം ലഭിച്ചില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമരം തുടങ്ങുമെന്ന് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍.◼️കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ടത് സര്‍ക്കാരല്ല, കെഎസ്ആര്‍ടിസി മാനേജുമെന്റാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം നടത്തിയതോടെ പത്താം തീയതി ശമ്പളം നല്‍കാമെന്ന ഉറപ്പിനു പ്രസക്തി ഇല്ലാതായെന്നും മന്ത്രി പറഞ്ഞു.◼️കെ.എസ്.ആര്‍.ടി.സി ജിവനക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് ജീവനക്കാരനെ സമരാനുകൂലികള്‍ മര്‍ദിച്ചു. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ കല്ലോടി മാങ്കുഴിക്കാട്ടില്‍ ഷാജിക്കാണു മര്‍ദനമേറ്റത്. മാനന്തവാടി പൊലീസ് കേസെടുത്തിട്ടുണ്ട്.◼️പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയല്‍ അദാലത്തിനു തുടക്കം. കെട്ടിക്കിടന്ന 23,000 ഫയലുകള്‍ ഇതിനകം തീര്‍പ്പാക്കി. തിരുവനന്തപുരം പരീക്ഷാഭവനില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങളിലേക്കെത്തിക്കണം. ഫയലുകള്‍ കടലാസുകെട്ടുകളല്ല, മനുഷ്യരുടെ ജീവിതം തന്നെയാണെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രി പറഞ്ഞു.◼️മുന്‍മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബവീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. പാലക്കാട് ജയിലില്‍നിന്ന് ഈയിടെ പുറത്തിറങ്ങിയ മോഷ്ടാവ് കന്യാകുമാരി സ്വദേശി രമേശ് എന്ന നാല്‍പത്തെട്ടുകാരനാണ് പിടിയിലായത്. മോഷണമുതലായ 53 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.◼️ചിന്നക്കനാലില്‍ സ്വകാര്യ വ്യക്തികള്‍ കൈവശം വച്ച ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ പന്ത്രണ്ട് കുടുംബങ്ങള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ആദിവാസി പുനരധിവാസ പദ്ധതിക്കുള്ളതാണെന്ന് കണ്ടെത്തുകയും പരാതിക്കാരുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കു പോകാന്‍ മറ്റിടമില്ലെന്ന് മുപ്പത് വര്‍ഷമായി ഇവിടെ സ്ഥിരതാമസക്കാരായ പന്ത്രണ്ട് കുടുംബങ്ങള്‍ പറഞ്ഞു.◼️ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ടു കുഞ്ഞുമക്കളെ കൊന്ന് പോലീസുകാരന്റെ ഭാര്യ ആത്മഹത്യ ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ റെനിസിന്റെ ഭാര്യ നജ്ല, മകന്‍ ടിപ്പു സുല്‍ത്താന്‍ (5), മകള്‍ മലാല എന്നിവരാണ് മരിച്ചത്. ഒന്നര വയസുകാരിയായ മകളെ വെള്ളത്തില്‍ മുക്കിയാണ് കൊലപ്പെടുത്തിയത്. അഞ്ചു വയസുകാരന്‍ മകനെ മുഖത്ത് തലയിണ അമര്‍ത്തിയും കൊലപ്പെടുത്തി. നജ്ല തൂങ്ങി മരിക്കുകയായിരുന്നു. റെനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നു മേലുദ്യോഗസ്ഥര്‍ ഇടപെട്ട് ഒത്തുതീര്‍ത്തിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.◼️മതവിദ്വേഷ പ്രസംഗത്തിന് പി.സി ജോര്‍ജിനെതിരെ വീണ്ടും കേസ്. തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം കിഴക്കോക്കട്ടയിലെ വിദ്വേഷ പ്രസംഗകേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവം.◼️വീട്ടമ്മയ്ക്കു നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന മുപ്പത്തൊന്നുകാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിഷയില്‍ ചെരിപ്പു കച്ചവടം നടത്തുന്നയാളാണ് ഇയാള്‍.◼️വാഗമണ്ണില്‍ നടന്‍ ജോജു ജോര്‍ജ്ജ് പങ്കെടുത്ത ഓഫ് റോഡ് റൈഡിനെതിരെ പൊലീസ് കേസ്. അനുമതി ഇല്ലാതെ അപകടകരമായ രീതിയില്‍ ഓഫ് റോഡ് റൈഡ് നടത്തിയതിനാണ് കേസെടുത്തത്. സംഘടകര്‍ക്കെതിരെയും സ്ഥലം ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.◼️അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സര്‍. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകര്‍ത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അര്‍ഹനാക്കിയത്. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്സര്‍ പ്രൈസ് ലഭിച്ചത്. ഇന്ത്യക്കാരായ അദ്നാന്‍ അബീദി, സന ഇര്‍ഷാദ്, അമിത് ദവെ എന്നിവരും പുലിറ്റ്സര്‍ പുരസ്‌കാരം നേടി. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫറായ ഡാനിഷ് സിദ്ദിഖി എന്ന മുപ്പത്തെട്ടുകാരന്‍ അഫ്ഗാന്‍ യുദ്ധം പകര്‍ത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതമായിരുന്നു 2018 ല്‍ സിദ്ധിഖിക്ക് ആദ്യ പുലിറ്റ്സര്‍ പുരസ്‌കാരം നേടിക്കൊടുത്തത്.◼️പഞ്ചാബിലെ മൊഹാലിയില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓഫീസില്‍ ഗ്രനേഡ് ആക്രമണമുണ്ടായത് എന്‍ഐഎ അന്വേഷിക്കും. ഇന്നലെ രാത്രിയാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഗ്രനേഡ് ആക്രമണമുണ്ടായത്. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രനേഡ് ആക്രമണമാണുണ്ടായതെന്നാണ് വിലയിരുത്തല്‍.◼️ഇതിഹാസ സംഗീതജ്ഞനും സന്തൂര്‍ വാദകനുമായ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ അന്തരിച്ചു. 84 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖംമൂലം ആറുമാസമായി ചികിത്സയിലായിരുന്നു.◼️വിവാഹം ക്ഷണിക്കാന്‍ പോയ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. ക്ഷണിക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. പ്രതികള്‍ തന്നെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുത്തേക്ക് കൊണ്ടുപോയി. പിന്നീട് മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ഒരു ഗ്രാമത്തില്‍ മറ്റൊരാളോടൊപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു.◼️ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചങ്കിലും കലാപം ആളിക്കത്തുകയാണ്. രാജിവച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. മഹീന്ദയുടെ വീടിനുനേരെ പെട്രോള്‍ ബോംബാക്രണമുണ്ടായി. ഇതോടെ മഹീന്ദ രഹസ്യ താവളത്തിലേക്കു മാറി. അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. കോടികളുടെ പൊതുമുതലാണ് ചാരമായത്. മഹിന്ദയുടെ കൊട്ടാരം സൈന്യം വളഞ്ഞിരിക്കുകയാണ്. വസതിക്കുള്ളില്‍നിന്ന് സമരക്കാര്‍ക്കു നേരെ വെടിവയ്പുണ്ടായി.◼️ഇക്വഡോറിലെ ജയിലില്‍ വീണ്ടും കലാപം. 23 തടവുകാര്‍ കൊല്ലപ്പെട്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. കലാപങ്ങള്‍ക്കും രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ക്കും കുപ്രസിദ്ധമാണ് ഇക്വഡോര്‍ ജയിലുകള്‍. ജയിലിലെ തടവുകാര്‍ രണ്ടു ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലാണ് ഏറ്റുമുട്ടിയത്. തലസ്ഥാനമായ ക്വിറ്റോയില്‍ നിന്ന് 80 കിലോമീറ്റര്‍ കിഴക്കുള്ള സാന്റോ ഡൊമിംഗോയിലെ ഒരു ജയിലിലാണ് കൂട്ടത്തല്ലും കൂട്ടക്കൊലയും നടന്നത്.◼️സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനം, അതിര്‍ത്തി സുരക്ഷാചട്ട ലംഘനം എന്നിവ നടത്തി അനധികൃതമായി കഴിഞ്ഞിരുന്ന 10,842 വിദേശികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് ഇത്രയും പേരെ പിടികൂടിയത്.◼️ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുമെന്ന് റോയിട്ടേഴ്സ് പോള്‍. ഇന്ധന വിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ധിക്കുകയും തുടര്‍ച്ചയായി നാലാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടോളറന്‍സ് പരിധിക്ക് മുകളില്‍ തുടരുകയും ചെയ്തതാണ് ഇതിന് കാരണം. ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പകുതിയോളം വരുന്ന ഭക്ഷ്യ പണപ്പെരുപ്പം മാര്‍ച്ചില്‍ ഒന്നിലധികം മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോളതലത്തില്‍ പച്ചക്കറി, പാചക എണ്ണ വിലകള്‍ ഉയര്‍ന്നതിനാല്‍ ഇനിയും ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഘടകങ്ങള്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ പണപ്പെരുപ്പം മാര്‍ച്ചിലെ 6.95 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.5 ശതമാനമായി ഉയര്‍ത്തിയേക്കാമെന്ന് മെയ് 5-9 തീയതികളില്‍ 45 സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്ത റോയിട്ടേഴ്സ് പോള്‍ പറയുന്നു.◼️നടപ്പു സാമ്പത്തിക വര്‍ഷം ഗോതമ്പിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വരും മാസത്തില്‍ ബ്രെഡ്, ചപ്പാത്തി, ബിസ്‌ക്കറ്റ് എന്നിവയ്ക്ക് വില കൂടാന്‍ സാധ്യത. ഗോതമ്പ് വിതരണം വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ, പ്രത്യേകിച്ച് ഗോതമ്പിന്റെ സമൃദ്ധി ഉറപ്പാക്കുന്നതിനുമാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീമിന് കീഴില്‍ ഗോതമ്പിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോതമ്പ് കുറവാകുന്ന സീസണില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വില നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ജൂണ്‍ മുതല്‍ വിലയുടെ ആഘാതം അനുഭവപ്പെടും.◼️മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായ ജയറാമിന്റെ മകള്‍ മാളവികയും സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. 'മായം സെയ്തായ് പൂവെ' എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് 'മായം സെയ്തായ് പൂവെ' പാട്ടിന്റെ സംഗീത സംവിധായകന്‍. ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അമിത് കൃഷ്ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.◼️ഓരോ ദിവസം ചെല്ലുന്തോറും 'കെജിഎഫ് 2'വിന്റെ ബോക്സ് ഓഫീസ് പ്രകടനം ഒന്നിനൊന്ന് മെച്ചപ്പെടുകയാണ്. കോടികള്‍ മുടക്കി ചിത്രീകരിച്ച സിനിമകളെയും പിന്നിലാക്കിയാണ് യാഷ് ചിത്രത്തിന്റെ തേരോട്ടം. റെക്കോര്‍ഡുകള്‍ മറികടന്ന ചിത്രം ഇപ്പോള്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 1200 കോടിയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1154 കോടിയിലധികം കളക്ഷന്‍ നേടി കഴിഞ്ഞു. ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.◼️സ്‌കോഡ ഓട്ടോ ഇന്ത്യ ഇന്ന് കുഷാക്കിന്റെ മോണ്ടെ കാര്‍ലോ എഡിഷന്‍ രാജ്യത്ത് അവതരിപ്പിച്ചു. പുതിയ സ്‌കോഡ കുഷാക്ക് മോണ്ടെ കാര്‍ലോ എഡിഷന്റെ എക്‌സ്‌ഷോറൂം വില 15.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. എസ്യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളെ അപേക്ഷിച്ച് ഇതിന് കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ചില പുതിയ സവിശേഷതകളും ലഭിക്കുന്നു. രണ്ട് പെട്രോള്‍ ടിഎസ്ഐ എഞ്ചിന്‍ ഓപ്ഷനുകളാണ് കുഷാക്ക് വാഗ്ദാനം ചെയ്യുന്നത്.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

Previous Post Next Post