പ്രഭാത വാർത്തകൾ 2022 | മെയ് 11 | ബുധൻ◼️രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കുന്നതു സംബന്ധിച്ച നിലപാട് ഇന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. പുനപരിശോധനവരെ പുതിയ കേസുകള്‍ ഒഴിവാക്കാനാകുമോയെന്നു കോടതി ചോദിച്ചു. നിലവില്‍ കേസ് നേരിടുന്നവര്‍ക്ക് സംരക്ഷണം നല്കുന്നതും ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും വളരെ പ്രധാനമായതിനാല്‍ ആലോചിച്ചു തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

◼️കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു. രാജ്യത്തെ ചില്ലറ വ്യാപാര രംഗത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഎ വര്‍ധിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും.

◼️ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധി. അവ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാണ്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലെ മണി ലെന്‍ഡേഴ്സ് ആക്ട് ബാധകമാകില്ല. സംസ്ഥാന നിയമം ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരേ മണപ്പുറം ഫിനാന്‍സ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാന്‍സ് എന്നിവയടക്കം 17 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

◼️കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ്. കിടപ്പുരോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതി. കിടപ്പു രോഗികള്‍ക്കരികിലേക്കു മെഷീന്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കും. ഇതിനായി കൂടുതല്‍ മെഷീനുകള്‍ ലഭ്യമാക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

◼️തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കനത്ത മഴമൂലമാണ് വെടിക്കെട്ട്  മാറ്റിയത്. കുടമാറ്റത്തിന്റെ സമയത്തും തൃശ്ശൂര്‍ നഗരത്തില്‍ മഴ പെയ്തെങ്കിലും ആവേശം ചോരാതെ ആഘോഷമാക്കി. വെടിക്കെട്ട് നടത്താനാകാത്ത വിധം മഴ പെയ്തതോടെ വെടിക്കെട്ടിനായി കാത്തിരുന്ന ജനസഹസ്രങ്ങള്‍ നിരാശരായി മടങ്ങി. മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു യോഗം. ഡിജിപി അനില്‍ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരെയാണ് വിളിച്ചുവരുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഡിജിപി അനില്‍ കാന്ത് വെള്ളിയാഴ്ച വിളിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റശേഷം ആദ്യമായാണ് പോലീസ് മേധാവികളുടെ യോഗം വിളിച്ചത്.

◼️പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ബി. ജിഷാദിനെയാണ് അറസ്റ്റു ചെയ്തത്. പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരില്‍ ഒരാളാണ് ജിഷാദ്.  ആര്‍എസ്എസുകാരുടെ വിവരങ്ങള്‍ ശേഖരിച്ചു കൈമാറുന്ന ചുമതലയാണ് ഇയാള്‍ നിര്‍വഹിച്ചതെന്നു പോലീസ്. കൊല്ലപ്പെട്ട ശ്രീനിവാസന്‍, സഞ്ജിത് എന്നിവര്‍ എപ്പോഴെല്ലാം എങ്ങോട്ടെല്ലാം പോകുന്നുവെന്ന വിവരം ശേഖരിച്ചു കൈമാറിയത് ഇയാളാണെന്നാണ് ആരോപണം.

◼️തിരുവനന്തപുരം അമ്പലമുക്കില്‍ ലിഫ്റ്റില്‍ തലകുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. നേമം സ്വദേശി സതീഷ് ആണ് മരിച്ചത്. സാനിറ്ററി കടയിലെ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. കാര്‍ഗോ ലിഫ്റ്റിലെ ഫ്രയിമുകള്‍ക്ക് ഇടയില്‍പെട്ടാണ് അപകടം ഉണ്ടായത്.

◼️മൂലക്കുരു ചികില്‍സയുടെ ഒറ്റമൂലി കൈക്കലാക്കാന്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയാളെ ഒന്നര വര്‍ഷത്തിനുശേഷം പിടികൂടി. മൈസൂര്‍ സ്വദേശിയായ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫിനെയാണു പൊലീസ് പിടികൂടിയത്. പ്രതി ഷൈബിന്‍ അഷറഫ് ഈയിടെ പരാതി നല്‍കിയ കവര്‍ച്ചാ കേസിലെ പ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാകേസിലെ പരാതിക്കാരന്‍ കൊലക്കേസിലെ പ്രതിയാണെന്ന വിവരം ലഭിച്ചത്. ഒറ്റമൂലി രഹസ്യം കിട്ടാന്‍ ഒന്നര വര്‍ഷം ഷാബാ ഷെരീഫിനെ തടവിലിട്ട് മര്‍ദ്ദിച്ചു. ഇയാള്‍ മരിച്ചതോടെ മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളിയെന്നാണ് കേസ്.

◼️നൂറനാട് സിപിഐ കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാനവാസ് ഖാനെ ഡിവൈഎസ്പി ലാത്തിയുടെ കൈപിടിക്കുന്ന ഭാഗം ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. ആലപ്പുഴ  ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

◼️ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ടാഴ്ചക്കകം മാനേജ്മെന്റ് നടപടി എടുക്കണം. പിടിഎ യോഗത്തില്‍ നഴ്സിംഗ് കൗണ്‍സിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം 21 ന് വീണ്ടും പിടിഎ യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തും.

◼️തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ സര്‍ക്കാര്‍ സ്പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വിനീത് കുമാറിനെ നിയമിച്ചു. വധശ്രമക്കേസ് പ്രതിയായ സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറിഞ്ഞ കേസില്‍ പൊലീസ് 11 പ്രതികള്‍ക്കെതിരെ രണ്ടു മാസം മുമ്പ് കുറ്റപത്രം നല്‍കിയിരുന്നു. പ്രതികള്‍ റിമാന്‍ഡില്‍ തുടരുകയാണ്.

◼️മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യം ലഭിച്ച ശേഷവും കുറ്റം ആവര്‍ത്തിച്ചെന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കേ, പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. മതവിദ്വേഷ പ്രസംഗമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ കേസുകൊണ്ട് തടയാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ മുഖ്യചര്‍ച്ചാ വിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ കല്ലിടല്‍ നിര്‍ത്തിവച്ചു. കലാപമുണ്ടാക്കുന്നത് ഒഴിവാക്കാനാണു കല്ലിടല്‍ നിര്‍ത്തിയതെന്നു മന്ത്രി പി. രാജീവ്.  തെരഞ്ഞെടുപ്പുകാലത്ത് പെട്രോള്‍ വില കൂട്ടാത്ത മോദിയെ പോലെയാണ് മഞ്ഞക്കുറ്റി മാറ്റിവച്ച പിണറായിയെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പരിഹാസം.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ അതേ പേരുള്ള അപരനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഒരാളെ വയാനാട്ടില്‍നിന്നു കണ്ടുകിട്ടിയെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

◼️രാജ്യത്തെ വനിതാ നിയമ നിര്‍മാതാക്കളുടെ സമ്മേളനമായ വനിതാ പാര്‍ലമെന്റ് ഈ മാസം 26 നു കേരള നിയമസഭാ സമുച്ചയത്തില്‍ നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.

◼️ലോക കേരള സഭയുടെ മൂന്നാം സമ്മേളനം അടുത്ത മാസം 17, 18 തീയതികളില്‍ നടത്തും. ഇതിനായി മൂന്നു കോടി രൂപ നീക്കിവച്ചു. നിലവിലുള്ള ലോക കേരള സഭയിലെ മൂന്നിലൊന്ന് അംഗങ്ങളെ ഒഴിവാക്കിയാവും സമ്മേളനം നടത്തുക. ഇതിനായി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നോര്‍ക്കാ റൂട്സ് വൈസ് ചെയര്‍മാന്‍ അധ്യക്ഷനായി സമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

◼️സ്വര്‍ണ്ണക്കടത്ത് -ക്വട്ടേഷന്‍ വിവാദങ്ങളിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. നാളെ കണ്ണൂരിലെ വധു ഗൃഹത്തിലാണ് വിവാഹം. പ്രണയ വിവാഹമാണ്. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

◼️ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്നു ചിലര്‍ പ്രചരണം നടത്തുന്നതിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ദേവസ്വം ബോര്‍ഡിന്റെ സ്വത്തുക്കള്‍ സര്‍ക്കാരെടുക്കുന്നുവെന്ന് നുണപ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◼️നീറ്റ് പിജി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. മെയ് 21 നുള്ള പരീക്ഷയുടെ അടുത്ത ദിവസങ്ങളില്‍ കൗണ്‍സിലിംഗ് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

◼️കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കുത്തബ് മിനാറില്‍ കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് എത്തി. കുത്തബ് മിനാറിനു മുന്നില്‍ പ്രതിഷേധക്കാര്‍ ഹനുമാന്‍ ചാലിസയും ചൊല്ലി. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

◼️ബിഹാറിലെ സുല്‍ത്താന്‍ഗഞ്ചില്‍  1710 കോടി രൂപ ചെലവിട്ട് 2014 മുതല്‍ നിര്‍മിക്കുന്ന പാലം തകര്‍ന്നു വീണു. പാലം തകരാന്‍ കാരണം കാറ്റാണെന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗംഗാ നദിക്കു കുറുകെ പണിയുന്ന പാലം ഏപ്രില്‍ 29 നാണ് തകര്‍ന്നത്.

◼️അധോലോക രാജാവ് ദാവൂദ് ഇബ്രാമിന്റെ വലംകൈയായ എന്‍ഐഎ കസ്റ്റഡിയിലെടുത്ത സലീം ഫ്രൂട്ട് എന്നറിയപ്പെടുന്ന സലീം ഖുറേഷിക്കെതിരേ കൂടുതല്‍ അന്വേഷണം. ദാവൂദുമായി ബന്ധമുള്ള 25 കേന്ദ്രങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തി വന്‍ തോതില്‍ പണവും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ദാവൂദിന്റെ അധോലോക സാമ്രാജ്യത്തിലെ പോരാളി ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് സലീം ഖുറേഷി. പഴങ്ങളുടെ മൊത്തവ്യാപാരിയായിരുന്നതിനാലാണ് ഫ്രൂട്ട് എന്ന വാക്ക് പേരിനൊപ്പം വന്നത്. 22 വര്‍ഷം മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ ദാവൂദിനും ഛോട്ടാ ഷക്കീലിനുമൊപ്പം ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന മാഫിയാ സംഘത്തില്‍ സലീം ഖുറേഷിയും ഉണ്ടായിരുന്നു.

◼️ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തോട് ആജ്ഞാപിച്ച് പ്രസിഡന്റ് ഗോത്തബയ രജപക്സെ. രാജിവച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റു ചെയ്യണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. മഹീന്ദയെ രഹസ്യ താവളത്തിലേക്കു മാറി. അക്രമങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എംപി അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത്.

◼️ജയിലില്‍ കഴിയുന്ന കൊലപ്പുള്ളിക്കൊപ്പം ഒളിച്ചോടിയ ജയില്‍ ഉദ്യോഗസ്ഥ പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വയം വെടിവച്ചു മരിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ലോഡര്‍ഡെയില്‍ ജയിലില്‍ കഴിയുകയായിരുന്ന കെയ്സി വൈറ്റ് എന്ന മുപ്പത്തെട്ടുകാരനായ കൊടുംകുറ്റവാളിക്കൊപ്പമാണ് ജയിലിലെ ഉന്നത ഉദ്യോഗസ്ഥയായ അമ്പത്തെട്ടുകാരി വിക്കി വൈറ്റ് മുങ്ങിയത്. പോലീസിന്റെ വലയിലായെന്നു ബോധ്യമാതോടെയാണ് ജീവനൊടുക്കിയത്. കുറ്റവാളിയായ കെയ്സിയെ പോലീസ് പിടികൂടി.

◼️തൊഴിലുടമയുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ അഞ്ചു പ്രവാസികള്‍ക്കു ശിക്ഷ. വനിതാ സ്പോണ്‍സറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം ദിര്‍ഹവും 30 ലക്ഷം ദിര്‍ഹത്തിന്റെ ആഭരണങ്ങളുമായിരുന്നു പ്രതികള്‍ മോഷ്ടിച്ചത്. രാജ്യം വിടാന്‍ തയ്യാറെടുക്കുന്നതിനിടെ എല്ലാ പ്രതികളെയും ദുബൈ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

◼️അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിനെതിരേ സാമൂഹ്യ മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. ട്വിറ്ററിനെ വിലയ്ക്കു വാങ്ങിയ ഇലോണ്‍ മസ്‌കാണ് തീരുമാനമെടുത്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനു പിറകേ, ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തോടെയാണ് ഡൊണാള്‍ഡ് ട്രംപിനെ സാമൂഹ്യ മാധ്യമങ്ങള്‍ വിലക്കിയത്.

◼️ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് സെറിബ്രല്‍ അന്യൂറിസം എന്ന രോഗം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സതേടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്തക്കുഴലുകളെ മൃദുവാക്കുകയും ചുരുക്കുകയും ചെയ്യുന്ന രോഗമാണ് സെറിബ്രല്‍ അന്യൂറിസം. ശസ്ത്രക്രിയയ്ക്കു വിധേയമാകാതെ പരമ്പരാഗത ചൈനീസ് ചികിത്സയാണ് ഷി ജിന്‍പിങ് തേടിയത്.

◼️ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 62 റണ്‍സിന് തോല്‍പിച്ചാണ് ഹര്‍ദിക് പാണ്ഡ്യയുടേയും സംഘത്തിന്റെയും കുതിപ്പ്. ഗുജറാത്തിന്റെ 144 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ 13.5 ഓവറില്‍ 82 റണ്‍സില്‍ ഓള്‍റൗട്ടായി. 12 വീതം മത്സരങ്ങളില്‍ ഗുജറാത്ത് 18 ഉം ലഖ്‌നൗ 16 ഉം പോയിന്റ് വീതമായി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ആദ്യ ഐ.പി.എല്‍. കളിക്കുന്ന നവാഗതരായ ഗുജറാത്തിനിത് അഭിമാനനേട്ടം.

◼️കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ മള്‍ട്ടിപ്ലക്സ് കമ്പനിയായ പിവിആറിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 105.49 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ 289.21 കോടി രൂപയായിരുന്നു നഷ്ടം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 181.46 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഏകദേശം മൂന്നിരട്ടി വര്‍ധിച്ച് 537.14 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് നാലാം പാദത്തില്‍ 43.91 ശതമാനം വര്‍ധിച്ച് 731.17 കോടി രൂപയായിരുന്നു. തൊട്ട് മുന്‍ വര്‍ഷം ഇത് 508.07 കോടി രൂപയായിരുന്നു.

◼️ഇവി രംഗത്ത് വന്‍ നിക്ഷേപത്തിനൊരുങ്ങി അശോക് ലെയ്ലാന്‍ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി. ദക്ഷിണേന്ത്യയിലെ ഒരു ഇവി പ്ലാന്റില്‍ 1,000 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു. ഇതിലൂടെ 30,000 യൂണിറ്റ് ഇലക്ട്രിക് ചെറു കൊമേഷ്യല്‍ വാഹനങ്ങളും 10,000 യൂണിറ്റ് ഇലക്ട്രിക് ബസുകളും നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. ഒരു വര്‍ഷത്തിനകം സ്വിച്ച് ഇതിനകം 600 ഇലക്ട്രിക് ബസുകള്‍ക്കായി ഓര്‍ഡര്‍ നേടിയിട്ടുണ്ട്. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 5,000 ബസുകളോ 15,000 ചെറുകിട വാണിജ്യ വാഹനങ്ങളോ നിര്‍മിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

◼️വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന 'മേജറി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏവരുടെയും മനസ്സില്‍ നോവുണര്‍ത്തുകയും അഭിമാനം തോന്നിപ്പിക്കുകയും ചെയ്യുന്ന വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. അദിവ് ശേഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുക. നടന്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടത്.  ജൂണ്‍ 3ന് ചിത്രം റിലീസ് ചെയ്യും. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്ന് സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്.

◼️സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് 'പത്താം വളവ്'. 'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന  'പത്താം വളവി'ന്റെ തിരക്കഥ എഴുതുന്നത് അഭിലാഷ് പിള്ളയാണ്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ആയിട്ടാണ് 'പത്താം വളവ്' എത്തുക. 'പത്താം വളവ്' എന്ന ചിത്രത്തിന്റെ മനോഹരമായ ഒരു കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സുരാജ് വെഞ്ഞാറമൂടും മുക്തയുടെ മകള്‍ കണ്‍മണിയുമാണ് മെയ് 13ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള 'പത്താം വളവി'ല്‍ അദിതി രവിയും പ്രധാന കഥാപാത്രമായി എത്തുന്നു.

◼️മെഴ്‌സിഡസ്-ബെന്‍സ് അഞ്ചാം തലമുറ സി-ക്ലാസ് രാജ്യത്ത് അവതരിപ്പിച്ചു. വാഹനത്തിന്റെ വില 55 ലക്ഷം രൂപയില്‍ (എക്സ്-ഷോറൂം) ആരംഭിക്കുന്നു. സെലനൈറ്റ് ഗ്രേ, മൊജാവെ സില്‍വര്‍, ഹൈടെക് സില്‍വര്‍, മാനുഫാക്തൂര്‍ ഒപാലൈറ്റ് വൈറ്റ്, കവന്‍സൈറ്റ് ബ്ലൂ, ഒബ്സിഡിയന്‍ ബ്ലാക്ക് എന്നിങ്ങനെ ആറ് നിറങ്ങളില്‍ മോഡല്‍ ലഭ്യമാണ്. സി200, സി220ഡി, സി300ഡി എന്നിവയുള്‍പ്പെടെ മൂന്ന് വേരിയന്റുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

◼️സുഭാഷ് ചന്ദ്രന് അന്‍പതു വയസ്സു തികയുന്നതോടനുബന്ധിച്ച്, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍, പാഠപുസ്തകം, കഥയാക്കാനാവാതെ എന്നീ ഓര്‍മ്മപ്പുസ്തകങ്ങളില്‍നിന്നും തിരഞ്ഞെടുത്ത അന്‍പതു രചനകള്‍. എഴുത്തും വായനയും സൗഹൃദങ്ങളും സംഗീതവും രാഷ്ട്രീയവുമെല്ലാമായി പല കാലങ്ങളെ സ്പര്‍ശിക്കുന്നു, ആത്മാംശമുള്ള അനുഭവകഥനങ്ങള്‍. '50 ആത്മകഥകള്‍'. മാതൃഭൂമി. വില 296 രൂപ.

◼️പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലാണ് ഗൗരവകരമായ ജാഗ്രത പുലര്‍ത്തേണ്ടത്. കാരണം പ്രായം ഏറുന്നതിന് അനുസരിച്ച് ഹൃദയാഘാതം- ഹൃദയസ്തംഭനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതകളറെയാണ്. അമ്പത് കടന്നവരാണെങ്കില്‍ നിര്‍ബന്ധമായും ജീവിതരീതികളില്‍ പലതും കരുതേണ്ടതുണ്ട്.  അമ്പത് കടന്നവര്‍ കൃത്യമായ ഇടവേളകളില്‍ ഇതിന് മെഡിക്കല്‍ പരിശോധന നടത്തുന്നതാണ് ഉചിതം. ആരോഗ്യകരമായ ഭക്ഷണം 'ബാലന്‍സ്ഡ്' ആയി കഴിക്കണം. പ്രോസസ്ഡ് ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നിത്യേന കഴിക്കുക. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഡയറ്റിലുള്‍പ്പെടുത്തുക. ചിക്കന്‍, സീഫുഡ്, സോയബീന്‍സ്, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. എല്ലാം മിതമായ അളവില്‍ മാത്രം കഴിക്കുക. ബട്ടര്‍- ക്രീം പോലുള്ളവ ഒഴിവാക്കുക. ഓട്ട്‌സ്, ബ്രൗണ്‍ റൗസ് എന്നിങ്ങനെയുള്ളവ ഡയറ്റിലുള്‍പ്പെടുത്താം. ഷുഗര്‍, ബിപി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നിയന്ത്രണത്തിലാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ വീട്ടില്‍ തന്നെ സജ്ജീകരിക്കാന്‍ ശ്രമിക്കുക. വ്യായാമം ജീവിതരീതിയുടെ ഭാഗമാക്കുക. അമ്പത് കടന്നവര്‍ ഹൃദയാരോഗ്യം കൂടി മുന്‍നിര്‍ത്തിയുള്ള വ്യായാമത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അമ്പതിന് ശേഷം പുകവലിയുടെയോ മദ്യപാനത്തിന്റെയോ ദൂഷ്യഫലങ്ങളെ നേരിടാന്‍ ശരീരത്തിന് ശേഷി കുറയും. ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്.

*ശുഭദിനം*

വളരെ പ്രശസ്തനും പ്രഗത്ഭനുമായ ഗുരുവില്‍ നിന്നാണ് രാജാവ് യുദ്ധതന്ത്രങ്ങള്‍ എല്ലാം പഠിച്ചത്.  പഠനശേഷം ആരെയും തോല്‍പ്പിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് അദ്ദേഹത്തിന് സ്വയം തോന്നിതുടങ്ങി.  അങ്ങനെ അടുത്തുള്ള ഏറ്റവും വലിയ രാജ്യത്തെ ആക്രമിച്ചു.  പക്ഷേ ആദ്യദിനം തന്നെ അദ്ദേഹം തോറ്റോടി. വിശന്നുവലഞ്ഞ് ഒരു കാടിനരികില്‍ അഭയം പ്രാപിച്ചു.  അപ്പോഴാണ് അടുത്തുള്ള ഒരു വീട്ടില്‍ ഒരമ്മ കുഞ്ഞിനെ വഴക്ക് പറയുന്നത് അദ്ദേഹം കേട്ടത്. 'എന്ത് വിഡ്ഢിത്തമാണ് നീ കാണിച്ചത്.   നീ രാജാവിനെ പോലെയാകാന്‍ നോക്കുകയാണോ..' ഇത് കേട്ടപ്പോള്‍ രാജാവിന് ഉത്കണ്ഠയായി.  വേഷം മാറിചെന്ന്  എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ അമ്മ ഇങ്ങനെ പറഞ്ഞു: ഇവന്‍ ചൂടുകഞ്ഞിയുടെ നടുവില്‍ വിരല്‍വെച്ചു.  കൈ പൊള്ളി.  വശങ്ങളില്‍ നിന്നും കുറെശ്ശേഎടുത്തു കഴിച്ചിരുന്നുവെങ്കില്‍ വിരല്‍ പൊള്ളില്ലായിരുന്നു.  ഞങ്ങളുടെ രാജാവും ഇങ്ങനെയാണ്.  ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഏറ്റവും ശക്തമായ രാജ്യത്തെ ആക്രമിച്ചു.  ഇപ്പോള്‍ എവിടെയോ ഒളിവില്‍ പോയിരിക്കുകയാണ്.ചെറിയ രാജ്യങ്ങളെ ആക്രമിച്ചശേഷം വലുതിലേക്ക് പോയാല്‍ പോരായിരുന്നോ..'  വലുതായിരുന്നവയെല്ലാം ഒരിക്കല്‍ ചെറുതു തന്നെയായിരുന്നു.  ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചതും പടിപടിയായി കയറിയതുമാണ് അവരുടെ വലുപ്പത്തിന്റെ ആധികാരികതയ്ക്ക് അടിസ്ഥാനം.  ഇന്നലത്തേതിനേക്കാള്‍ വളര്‍ച്ച ഇന്നെനിക്കുണ്ടാകണമെന്ന ചിന്ത, വളര്‍ച്ചോന്മുഖമാണ്.  എന്നാല്‍ മറ്റുള്ളവരേക്കാള്‍ വളര്‍ച്ച ഇന്നെനിക്കുണ്ടാകണമെന്ന ചിന്ത അനാരോഗ്യകരവുമാണ്.  ഓരോന്നിനും വലുതാകുന്നതിന് അതിന്റേതായ സമയം അനുവദിക്കണം... അല്ലെങ്കില്‍ ഒന്നുകില്‍ അപകര്‍ഷതാ ബോധത്തില്‍ ചെന്ന് വീഴും, അല്ലെങ്കില്‍ ശത്രുക്കളുടെ കെണിയിലും.  ചെറിയ ചെറിയ ചുവടുകളിലൂടെ പടിപിടിയായി നമുക്ക് വളരാന്‍ ശ്രമിക്കാം.. - *ശുഭദിനം* .

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

Previous Post Next Post