*ായാഹ്ന വാർത്തകൾ 2022 | മെയ് 11 | ബുധൻ |◼️രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീംകോടതി മരവിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ ആണ് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യദ്രോഹ കേസുകളില്‍ 13,000 പേരെയാണു ജയിലുകളിലിട്ടിരിക്കുന്നത്. നിലവിലുള്ള രാജ്യദ്രോഹകേസുകളുടെ നടപടികള്‍ നിര്‍ത്തിവയ്ക്കണം. ജയിലിലുള്ളവര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. സുപ്രീം കോടതി ഉത്തരവിട്ടു.◼️തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രഫ. കെ.വി. തോമസ്. കോണ്‍ഗ്രസുകാരനായിത്തെന്നയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനായി പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് സമ്മേളനത്തില്‍ പങ്കെടക്കും. യുഡിഎഫ് തന്നെ പ്രചാരണത്തിന് വിളിച്ചിട്ടില്ലെന്നും കെ.വി തോമസ്.◼️കൊച്ചി മെട്രോയുടെ സുരക്ഷാ കുടിശകയായ 35.67 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് കൊച്ചി മെട്രോ. സുരക്ഷ സര്‍ക്കാരിന്റെ ചുമതലയാണെന്നു ചൂണ്ടിക്കാട്ടി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സര്‍ക്കാരിന് കത്തു നല്‍കി. എന്നാല്‍ കരാര്‍ പ്രകാരമുള്ള പണം മെട്രോ നല്‍കണമെന്ന് നിലപാടിലാണ് പൊലീസ്. 2017 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കുടിശികത്തുകയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

◼️തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്‍ഥിനികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് രാവിലെ ഏഴരയോടെ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മുപ്പതോളം വിദ്യാര്‍ഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.◼️കെ.വി. തോമസിനെ ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണമൊന്നും നടക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് 'നോ കമന്റ് ' എന്നായിരുന്നു പ്രതികരണം.◼️പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനുള്ളത്രയും പ്രാധാന്യം കെ.വി. തോമസിന് ഇല്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കെ.വി. തോമസിനെതിരായ നടപടി കെപിസിസിക്കു തീരുമാനിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തോമസ് അഭിനവ യൂദാസാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍.◼️മലപ്പുറത്ത് ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ പാരമ്പര്യ വൈദ്യനെ ഒന്നര വര്‍ഷം തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഏതാനും ഫോട്ടോകളും ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. വൈദ്യന്‍ ഷാബ ഷെരീഫിനെ പ്രതി ഷൈബിന്‍ അഷ്‌റഫ് മര്‍ദിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു. ദൃശ്യങ്ങളില്‍ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തികൊണ്ടാണെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശിയാണു പ്രതി.◼️മഴമൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്നു വൈകുന്നേരം ഏഴിന്. ഇന്നു പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മാറ്റിവച്ചത്. പൂരത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള പകല്‍പൂരത്തിന് സ്ത്രീകള്‍ അടക്കം ധാരളം പേര്‍ എത്തി. ഉച്ചയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരംചൊല്ലി പിരിഞ്ഞു.◼️മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ രണ്ട് എപി സുന്നി പ്രവര്‍ത്തകരെ കൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. ശിക്ഷ വെള്ളിയാഴ്ച വിധിക്കുമെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി. 2013ല്‍ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞു ഹംസ, നൂറുദ്ധീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 25 പേരാണ് പ്രതികള്‍. ഇവര്‍ ലീഗ് പ്രവര്‍ത്തകരോ, പാര്‍ട്ടിയുമായി അടുപ്പം ഉള്ളവരോ ആണ്.◼️കോഴിക്കോട് തൊണ്ടയാട് ആളൊഴിഞ്ഞ പറമ്പില്‍ 266 വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം. എആര്‍ ക്യാമ്പിലെ ഫയറിംഗ് ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ പരിശോധിച്ചു. പൂനെ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച വെടിയുണ്ടകളാണിവ. കാലപ്പഴക്കം കണ്ടെത്താന്‍ ബാലിസ്റ്റിക് സംഘം പരിശോധിക്കും.◼️രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. യുഎപിഎ നിയമവും പുനപരിശോധിക്കണം. ഒരു തെറ്റും ചെയ്യാതെ സിദ്ദിഖ് കാപ്പന്‍ ഒന്നരവര്‍ഷമായി ജയിലില്‍ കിടക്കുകയാണ്. റൈഹാനത്ത് പറഞ്ഞു. സുപ്രീംകോടതി വിധിയെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സ്വാഗതം ചെയ്തു.◼️ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ടു മക്കളെയും കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും പൊലീസുകാരനുമായ റനീസിനെതിരെ മരിച്ച നജ്ലയുടെ ബന്ധുക്കള്‍. റനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും മാനസികവും ശാരീരികവുമായ പീഡനമാണ് മൂന്നു പേരുടേയും മരണത്തിനു കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഡയറി അടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചെന്നും അവര്‍ ആരോപിച്ചു.

◼️കനത്ത മഴമൂലം കോട്ടയം ജില്ലയിലെ പുഴയോര മേഖലകളില്‍ വെള്ളപ്പൊക്ക ഭീഷണി. പാലാ, ഈരാറ്റുപേട്ട മേഖലകളില്‍ മീനച്ചിലാര്‍ കരകവിഞ്ഞു.◼️റോഡില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക അധ്യാപകന്‍ മരിച്ചു. കുറ്റിക്കാട്ട് വെളിയില്‍ മണിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (36 )നാണ് മരിച്ചത്.◼️അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ മഴയും കാറ്റും. വിശാഖപട്ടണം, വിജയവാ വിമാനത്താവളങ്ങളിലെ നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വ്വീസുകളും വെട്ടിക്കുറച്ചു. ആന്ധ്ര തീരത്ത് എത്തുന്ന അസാനി ചുഴലിക്കാറ്റ് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും.◼️ചുഴലിക്കാറ്റില്‍ തീരത്തടിഞ്ഞ സ്വര്‍ണരഥം കണ്ട് അമ്പരന്നിരിക്കുകയാണ് ആന്ധ്രാപ്രദേശ് ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരവാസികള്‍. രഥം ഗ്രാമവാസികള്‍ കയര്‍ കെട്ടി കരയ്ക്കെത്തിച്ചു. മ്യാന്‍മര്‍, മലേഷ്യ, തായ്‌ലന്‍ഡ് തുങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ആശ്രമത്തിന്റെ രൂപത്തിലാണ് രഥം നിര്‍മിച്ചിരിക്കുന്നത്. അസാനി ചുഴലിക്കാറ്റിലാണ് രഥം ഇവിടെ എത്തിയത്.◼️കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പണ്ഡിറ്റ് സുഖ്റാം അന്തരിച്ചു. 94 വയസായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.◼️ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 16 ന്. രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 നാണ് ഗ്രഹണം അവസാനിക്കുന്നത്. പകല്‍സമയത്തായതിനനാല്‍ ഇന്ത്യയില്‍ ഗ്രഹണം കാണാനാവില്ല. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലുമാണ് ചന്ദ്രഗ്രഹണം കാണുക.◼️അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ ലോധി കോളനി മേഖലയില്‍ പൊളിക്കല്‍ നടപടികള്‍. തെക്കന്‍ ഡല്‍ഹി കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രദേശമാണിത്. വടക്കന്‍ കോര്‍പ്പറേഷനും ഇന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരും. ഇന്നലെ ആറിടങ്ങളിലാണ് ഒഴിപ്പിക്കല്‍ നടന്നത്. ഇതേസമയം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊളിക്കലെന്നാണ് പ്രതിപക്ഷം ആരോപണം.◼️ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡിയുടെ ബന്ധു പിടിച്ചുപറി കേസില്‍ അറസ്റ്റിലായി. പാര്‍ട്ടിയുടെ പ്രാദേശിക നേതാവുകൂടിയായ വൈഎസ് കൊണ്ടറെഡിയാണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ്. കടപ്പ ജില്ലയിലെ ബിജെപി നേതാവും കോണ്‍ട്രാക്ടറുമായയാളില്‍നിന്ന് റോഡ് നിര്‍മാണ കരാറിനു പണം കൈപ്പറ്റിയതിനാണു നടപടി.◼️രാജിവച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകനും മുന്‍മന്ത്രിയുമായ നമല്‍ രജപക്സെ. ജനരോഷം ഭയന്ന് മഹിന്ദയും കുടുംബവും ഇന്ത്യയിലേക്കു കടന്നെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മകന്‍ നമല്‍ എത്തിയത്.◼️രണ്ട് കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 40 മുതല്‍ 90 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തി എസ്ബിഐ. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയും, അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുമുള്ള നിക്ഷേപങ്ങള്‍ക്കാണ് എസ്ബിഐയുടെ ഉയര്‍ന്ന 90 ബേസിസ് പോയിന്റ് ബാധകമാകുക. ബാങ്കിന്റെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് നിരക്ക് (എംസിഎല്‍ആര്‍) കഴിഞ്ഞ മാസം 10 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. കൂടാതെ ആര്‍ബിഐ പോളിസി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി നാല് ശതമാനത്തില്‍ നിന്ന് 4.40 ശതമാനമാക്കി. ഈ രണ്ട് കാലയളവിലെയും നിക്ഷേപങ്ങള്‍ക്ക് മുന്‍പുള്ള 3.6 ശതമാനത്തില്‍ നിന്ന് 4.5 ശതമാനം പലിശ ലഭിക്കും.◼️അസംസ്‌കൃത വസ്തുക്കളുടേയും മറ്റും ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ടയര്‍ കമ്പനിയായ എംആര്‍എഫ്‌ന്റെ കണ്‍സോളിഡേറ്റഡ് ലാഭം 50.26 ശതമാനം ഇടിഞ്ഞ് 165.21 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 332.15 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 5,304.82 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 4,816.46 കോടി രൂപയായിരുന്നു. അവലോകന കാലയളവിലെ മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 4,425.21 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 5,142.79 കോടി രൂപയിലേക്ക് ഉയര്‍ന്നതായി എംആര്‍എഫ് ലിമിറ്റഡ് അറിയിച്ചു.◼️കെജിഎഫ് 2 ലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നായകനായ റോക്കി ഭായിയുടെ പ്രണയജീവിതം ദൃശ്യവത്കരിക്കുന്ന ഗാനമാണ് ഇത്. മെഹബൂബ എന്ന ഗാനത്തിന്റെ, മലയാളമുള്‍പ്പെടെ അഞ്ച് ഭാഷാപതിപ്പുകള്‍ പുറത്തെത്തിയിട്ടുണ്ട്. സുധാംശുവിന്റെ വരികള്‍ക്ക് രവി ബസ്രൂര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നത് അനന്യ ഭട്ട്. ചിത്രത്തിന്റെ ആഗോള ഗ്രോസ് 1200 കോടിക്ക് മുകളിലാണ്. ഹിന്ദി പതിപ്പും വന്‍ പ്രതികരണമാണ് നേടിയത്.◼️രാജമൗലി സംവിധാനം ചെയ്ത ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ആര്‍ആര്‍ആര്‍' ആണ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുക മഹേഷ് ബാബുവാണ്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം ആരംഭിക്കും. വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറയുന്നു◼️ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡലായ നെക്‌സോണ്‍ ഇലക്ട്രിക് ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പായ നെക്‌സോണ്‍ ഇവി മാക്‌സ് പുറത്തിറക്കി. വാഹനത്തിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 17.74 ലക്ഷം രൂപയാണ് എന്നും ഉയര്‍ന്ന വേരിയന്റിന്റെ വില 19.24 ലക്ഷം (എക്‌സ് ഷോറൂം) വരെ ഉയരുന്നു. പുതിയ നെക്‌സോണ്‍ ഇവി മാക്‌സിന് നിലവിലെ നെക്‌സോണ്‍ ഇവിയില്‍ ഉള്ളതിനേക്കാള്‍ 30 ശതമാനത്തോളം വലിയ ബാറ്ററിയാണ് ലഭിക്കുന്നത്. 40.5 കിലോവാട്ട് യൂണിറ്റാണ് ഇത്.◼️ഊര്‍ജ്ജവുമായി ബന്ധപ്പെട്ട പ്രധാന മേഖലകള്‍ ഊര്‍ജ്ജസംരക്ഷണം ഹരിതോര്‍ജ്ജ സാധ്യത എന്നിവ വ്യക്തമായി പ്രതിപാദിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ഹരിതോര്‍ജ്ജവും ആഗോളതാപവും എന്ന പുസ്തകത്തിലൂടെ ശ്രമിക്കുന്നു. 'ഹരിതോര്‍ജ്ജവും ആഗോളതാപനവും'. ഡോ ടി വി വിമല്‍ കുമാര്‍. തിങ്കള്‍ ബുക്സ്. വില 135 രൂപ.◼️കറുത്ത നിറത്തിലെ ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലതാണ്. കറുത്ത മുന്തിരിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. അയണും വൈറ്റമിന്‍ സിയും ധാരാളം അടങ്ങിയിരിക്കുന്ന കറുത്ത മുന്തിരി ശരീരത്തില്‍ ധാതുക്കളുടെ ആഗീരണം വേഗത്തിലാക്കുന്നു. ഇത് മുടിക്ക് പോഷണം നല്‍കി അകാല നരയും മുടി കൊഴിച്ചിലും ഒഴിവാക്കും. കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കും. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന എല്‍ഡിഎല്‍ കുറയ്ക്കാനും കറുത്ത മുന്തിരി സഹായിക്കും. ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും കാരണമാകും. കറുത്ത മുന്തിരി കഴിക്കുന്നത് ദന്താരോഗ്യത്തിനും ഗുണപ്രദം. വായില്‍ പോടുണ്ടാകാതിരിക്കാനും ഇത് സഹായിക്കും. കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന അഞ്ച് ഫൈറ്റോകെമിക്കലുകളും ഒലേനോളിക് ആസിഡ് അടക്കമുള്ള പ്ലാന്റ് ആന്റിഓക്സിഡന്റുകളും വായ്ക്കുള്ളിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ തടഞ്ഞ് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ മലബന്ധത്തെ അകറ്റി ദഹന സംവിധാനത്തെ മെച്ചപ്പെടുത്തും. ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദന ലഘൂകരിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും ഊര്‍ജ്ജത്തിന്റെ തോത് ഉയര്‍ത്താനും കറുത്ത മുന്തിരി സഹായിക്കും.*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 77.27, പൗണ്ട് - 95.36, യൂറോ - 81.55, സ്വിസ് ഫ്രാങ്ക് - 77.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.94, ബഹറിന്‍ ദിനാര്‍ - 204.96, കുവൈത്ത് ദിനാര്‍ -251.88, ഒമാനി റിയാല്‍ - 200.78, സൗദി റിയാല്‍ - 20.60, യു.എ.ഇ ദിര്‍ഹം - 21.04, ഖത്തര്‍ റിയാല്‍ - 21.22, കനേഡിയന്‍ ഡോളര്‍ - 59.49.🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

Previous Post Next Post