പ്രഭാത വാർത്തകൾ 2022 | മെയ് 13 | വെള്ളി | 1197 | മേടം 30 | അത്തം 1443 ശവ്വാൽ 11


◼️ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ആറാം തവണയാണ് റെനില്‍ ലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്. ലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്സെക്കെതിരായ അവിശ്വാസ പ്രമേയം ചൊവ്വാഴ്ച്ച ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു. മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യംവിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി തടഞ്ഞു. മഹിന്ദ രജപക്സെ ഉള്‍പ്പടെ 13 പേര്‍ക്ക് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തി.

◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തിനു പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജോ ജോസഫ് സഭാസ്ഥാനാര്‍ത്ഥി ആണ്, ഞാനും അതേ. പക്ഷേ, നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്നാണ് അര്‍ത്ഥം. മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള നേതാവാണെന്ന് എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.വി തോമസ്. കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. പ്രതിസന്ധികള്‍ മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ട്. ഉമ്മന്‍ ചാണ്ടി വൈറ്റിലയിലും കുണ്ടന്നൂരിലും കല്ലിട്ടു, പക്ഷെ പിണറായി രണ്ടിടത്തും മേല്‍പ്പാലം പണിതു. തോമസ് പറഞ്ഞു.

◼️മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിച്ചതിനു പിറകേയാണ് നടപടി. കെ.വി തോമസിന് തൃക്കാക്കരയില്‍ ഒരു ചുക്കും ചെയ്യാനാകില്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

◼️സാമ്പത്തിക പ്രതിസന്ധിമൂലം അടുത്ത മാസംമുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും കിട്ടില്ലെന്ന പ്രചാരണത്തെ തള്ളി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തൃക്കാക്കര തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണമാണിത്. നാലായിരം കോടി രൂപ വായ്പയെടുക്കാനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

◼️കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരില്‍ ഇന്നു തുടക്കം. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് നാനൂറു നേതാക്കള്‍ പങ്കെടുക്കുന്ന യോഗം. രാഹുല്‍ഗാന്ധിയെ എഐസിസി അധ്യക്ഷനായി തിരിച്ചുകൊണ്ടുവരാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നുണ്ട്.  

◼️വിദേശ ജോലിക്ക് ഇനി പോലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സംസ്ഥാനത്തിനകത്തെ ജോലിക്കു മാത്രമേ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിട്ടില്ലെന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്ന് ഡിജിപി ഉത്തരവിട്ടു. വിദേശ ജോലിക്കു കേന്ദ്ര ഏജന്‍സിയാണു സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഉത്തരവിറക്കിയത്.

◼️സംസ്ഥാനത്ത് നാലു ദിവസംകൂടി മഴ തുടരും. കാലവര്‍ഷം ഇത്തവണ നേരത്തെയെത്താന്‍ സാധ്യത. ജൂണ്‍ ഒന്നിനു തുടങ്ങാറുള്ള കാലവര്‍ഷം ഇത്തവണ ഒരാഴ്ച മുമ്പേ തുടങ്ങും. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.  അസാനി ചുഴലിയുടെ വിടവാങ്ങലോടെ കാറ്റ് സജീവമാകുന്നതിനാലാണ് കാലവര്‍ഷം നേരത്തെ തുടങ്ങുന്നത്.

◼️മഴമൂലം മാറ്റിവച്ച തൃശൂര്‍പൂരം വെടിക്കെട്ട് കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ വൈകുന്നേരം നടത്തും. ഞായറാഴ്ച വൈകുന്നേരം നടത്താനായിരുന്നു നേരത്തെ ധാരണയായിരുന്നത്.

◼️കെഎസ്ഇബിയുടെ സേവനങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ സര്‍വ്വേ. വെബ്സൈറ്റിലൂടെയാണ് സര്‍വ്വേ. 15 ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന ഉപഭോക്താക്കളില്‍നിന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നറുക്കെടുപ്പില്‍ ജേതാവാകുന്നയാള്‍ക്ക് 50,000 രൂപ സമ്മാനം. രണ്ടു രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതം സമ്മാനിക്കും. ഓരോ ഡിവിഷനിലുംനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനിക്കും.

https://chat.whatsapp.com/CjdgcQgwiRnGUTplgV1mO6
◼️കാരയ്ക്കാമണ്ഡപം റഫീക്ക് വധകേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വധഭീഷണി കത്ത്. വിധി പ്രഖ്യാപിച്ച ജഡ്ജി എസ് സുഭാഷിനും പ്രോസിക്യൂട്ടര്‍ സലാവുദ്ദീനുമാണ് ഭീഷണി കത്ത് ലഭിച്ചത്. കാരയ്ക്കാമണ്ഡപം സ്വദേശി റഫീക്കിനെ മര്‍ദ്ദിച്ച് റോഡിലിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികളെ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

◼️തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തു വിവരങ്ങള്‍ പുറത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയും 1.30 കോടി രൂപയുടെ ബാധ്യതയുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് 70 ലക്ഷം രൂപയുടേയും മരിച്ച ഭര്‍ത്താവ് പി.ടി. തോമസിന് 97 ലക്ഷത്തിന്റേയും ആസ്തിയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ ആസ്തി 95 ലക്ഷം രൂപയാണ്. 178 കേസുണ്ടെന്നും രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

◼️മദ്രസയിലെ പുരസ്‌കാര വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനു കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ സമസ്ത സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. പോലീസിനോടും  റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

◼️പൊതുവേദിയില്‍ പെണ്‍കുട്ടികളെ വിലക്കിയ സമസ്ത നേതാവ് എം ടി അബ്ദുല്ല മുസ്ലിയാരുടെ നിലപാടിനെതിരെ ഡിവൈഎഫ്ഐ. സ്ത്രീകള്‍ ബഹിരാകാശം വരെ കീഴടക്കുന്ന ഇക്കാലത്ത് അവരെ മറയ്ക്കുള്ളില്‍ ഇരുത്താനുള്ള ആഹ്വാനം പരിഹാസ്യവും അപരിഷ്‌കൃതവുമാണ്. പിന്തിരിപ്പന്‍ നിലപാട് സമസ്ത നേതൃത്വം തിരുത്തണമെന്നും ഡിവൈഎഫ്ഐ  ആവശ്യപ്പെട്ടു.

◼️മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച 'ഥാര്‍' ജീപ്പ് പുനര്‍ലേലം ചെയ്യും. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഡിസംബറില്‍ നടന്ന ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. 18 ലക്ഷം രൂപയുടെ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ 15.10 രൂപയ്ക്ക് അമല്‍ എന്നയാള്‍ക്കു ലേലം ഉറപ്പിച്ചത് വിവാദമായിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുനര്‍ലേലത്തിനു തീരുമാനിച്ചത്.

◼️തൊടുപുഴയില്‍ മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വര്‍ഷം തടവ്. തിരുവനന്തപുരം കവടിയാര്‍ കാസ്റ്റില്‍ വീട്ടില്‍ അരുണ്‍ ആനന്ദിനെ തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 3,81,000 രൂപ പിഴയും വിധിച്ചു. മൂന്നര വയസുകാരന്റെ സഹോദരനായ ഏഴു വയസുകാരനെ മര്‍ദ്ധിച്ചുകൊന്ന കേസിലും ഇയാള്‍ പ്രതിയാണ്.

◼️പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഹോം സ്റ്റേയ്ക്കു ലൈസന്‍സ് നല്‍കിയ തരിയോട് പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ തിരുവാതിരയില്‍ ഡിജീഷ് (32) നെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.

◼️കൊട്ടിയം തഴുത്തലയില്‍ കിണറില്‍ റിംഗ് ഇറക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുടുങ്ങിയ മുട്ടക്കാവ് സ്വദേശി സുധീര്‍ മരിച്ചു.  മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് സുധീറിന്റെ മൃതദേഹം പുറത്തെടുക്കാനായത്. പുഞ്ചിരിച്ചിറ വയലിന് സമീപം  ബെന്‍സിലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിലാണ് അപകടമുണ്ടായത്. അറുപത് അടി താഴ്ചയുള്ള കിണറിലാണു പണി നടന്നിരുന്നത്.

◼️തിരുവനന്തപുരം ആനാട് സുഹൃത്തുക്കള്‍ ഫ്ളാറ്റിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍. അഭിലാഷ്,  ബിന്ദു എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് പ്രവാസിയായ അഭിലാഷ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. തീ കത്തുന്നതു കണ്ട് ബിന്ദുവിന്റെ ആദ്യ വിവാഹത്തിലെ ആറര വയസുള്ള മകള്‍ ഇറങ്ങിയോടി.

◼️കടബാധ്യത മൂലം വയനാട് പുല്‍പ്പള്ളിയില്‍ അഭിഭാഷകന്‍ ജീവനൊടുക്കി.  മുന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമിയാണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്. പുല്‍പ്പള്ളിയില്‍ സ്വകാര്യ ബാങ്കില്‍നിന്ന് 10 വര്‍ഷം മുമ്പ് 12 ലക്ഷം രൂപ ടോമി വായ്പ എടുത്തിരുന്നു. പണം തിരിച്ചടക്കാതെ പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപ ബാധ്യതയായി. കോടതി ഉത്തരവനുസരിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ വീടും പുരയിടവും ജപ്തി ചെയ്യാന്‍ വീട്ടില്‍ എത്തിയിരുന്നു.

◼️കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയുണ്ടായ വഴക്കിനിടയില്‍ കസേര എറിഞ്ഞു പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചേര്‍ത്തല വട്ടക്കര തുണ്ടിയില്‍ നിവര്‍ത്ത് കുമാരി(53) ആണ് മരിച്ചത്.

◼️കോട്ടയം അയര്‍ക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. അമയന്നൂര്‍ സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്.

◼️ഇടുക്കി ചെറുതോണിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഗാന്ധിനഗറില്‍ താമസിക്കുന്ന മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ് കൊല്ലപ്പെട്ടത്. മുനിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുനിസ്വാമിയും രഞ്ജിനിയും ഒറ്റക്കായിരുന്നു താമസം.

◼️പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി ജൂനിയര്‍ വിദ്യാര്‍ഥിയെ കഴുത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു. മൂന്നാര്‍ ടൗണ്‍ സ്വദേശിയായ വിദ്യാര്‍ത്ഥി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് കുത്തിയത്. പെണ്‍കുട്ടിയെ കോയമ്പത്തൂര്‍ ആശുപത്രിയിലും ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിയെ കോലഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

◼️കണ്ണൂര്‍ സര്‍വകലാശാലയില്‍ സിലബസ് കോപ്പിയടി വിവാദം. ബംഗളൂരു സര്‍വ്വകലാശാലയുടെ ബികോം സിലബസ് അതേപടി കോപ്പിയടിച്ചാണ് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബിബിഎ ആറാം സെമസ്റ്റര്‍ സിലബസ് തയ്യാറാക്കിയതെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം അദ്ധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

◼️കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. വര്‍ത്തമാനം പത്രത്തിന്റെ പത്രാധിപര്‍ അസഫലിയെയാണ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പൊലീസുകാര്‍ ഉപദ്രവിച്ചത്. നടപടിയാവശ്യപ്പെട്ട് അസഫലി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും  പരാതിനല്‍കി.

◼️മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായി രാജീവ്കുമാറിനെ നിയമിച്ചു. കമ്മീഷണര്‍ സുശീല്‍ ചന്ദ്ര വിരമിക്കുന്ന ഒഴിവിലാണു നിയമനം. രണ്ടു വര്‍ഷമായി തെരഞ്ഞെടപ്പു കമ്മീഷണര്‍മാരില്‍ ഒരാളായി പ്രവര്‍ത്തിക്കുകയായിരുന്നു രാജീവ്കുമാര്‍.

◼️ഛത്തീസ്ഗഡിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു. പരിശീലന പറക്കലിനിടെ ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റന്‍ എ പി ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്റര്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു.

◼️താജ്മഹലിന്റെ പൂട്ടിയിട്ട 22 മുറികള്‍ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് തള്ളി. പൊതുതാല്‍പര്യ ഹര്‍ജി സംവിധാനത്തെ പരിഹസിക്കരുതെന്ന് കോടതി ഓര്‍മിപ്പിച്ചു. ബിജെപി അയോധ്യ മാധ്യമ വിഭാഗം തലവന്‍ രജനീഷ് സിങ്ങാണ് ഹര്‍ജി നല്‍കിയത്.

◼️വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് കാമ്പസില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനയ്ക്കു കോടതി അനുമതി നല്‍കി. സര്‍വ്വേ നടത്തുന്ന അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ തള്ളിയ വാരാണസി കോടതി രണ്ട് കമ്മീഷണര്‍മാരെ കൂടി നിയമിച്ചു. സര്‍വ്വേയ്ക്ക് സംരക്ഷണം നല്‍കാന്‍ യുപി പൊലീസിനു നിര്‍ദ്ദേശം നല്‍കി. കാശി വിശ്വനാഥ ക്ഷേത്രത്തിനരികിലുള്ള മസ്ജിദിന്റെ പടിഞ്ഞാറേ മതിലിനോടുചേര്‍ന്നുള്ള വിഗ്രഹങ്ങളുണ്ടെന്നും അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുമതി ആവശ്യപ്പെട്ടും അഞ്ചു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്.

◼️ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ബംഗാള്‍ സര്‍ക്കാരിന്റെ സാഹിത്യ അക്കാദമി പുരസ്‌കാരം. കവി രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്റെ പ്രഥമ ജേതാവായാണ് മമതയെ തെരഞ്ഞെടുത്തത്. മമത രചിച്ച 'കൊബിത ബിറ്റാന്‍' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മുഖ്യമന്ത്രിക്കു പുരസ്‌കാരം നല്‍കിയതിനെതിരേ സാംസ്‌കാരിക നായകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

◼️കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ഓര്‍ഡിനന്‍സായി പാസാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു. ബില്ല് നേരത്തെ നിയമസഭ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ബിജെപിക്ക് ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

◼️എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി വിന്‍സന്‍ കാംബലിനെ നിയമിച്ചു. സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഭാഗമായ സ്‌കൂട്ട് എയറിന്റെ സിഇഒയാണ് കാംബല്‍. ന്യൂസീലന്‍ഡ് സ്വദേശിയാണ്. വ്യോമയാന മേഖലയില്‍ 26 വര്‍ഷത്തെ പരിചയമുണ്ട്. ടര്‍ക്കിഷ് എയര്‍ലൈന്‍ ചെയര്‍മാന്‍ ആയിരുന്ന ഇല്‍ക്കര്‍ ഐസിയെ എംഡിയായി നിയമിക്കാന്‍ നേരത്തെ എയര്‍ ഇന്ത്യാ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം പിന്‍മാറി.

◼️സൗദി അറേബ്യയില്‍ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം 10 കോടി യാത്രാക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.

◼️പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസില്‍ 22 പേര്‍ക്ക് പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ ജില്ലയില്‍ ഗണപതി ക്ഷേത്രത്തിനുനേരെ ആക്രമണമുണ്ടായത്.

◼️ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് അഞ്ച് വിക്കറ്റിന് വീഴ്ത്തി ചെന്നൈയുടെ സാധ്യതകള്‍ അടച്ചത്. മുംബൈ നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 97 റണ്‍സിന് എറിഞ്ഞിട്ട മുംബൈ 14.5 ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

◼️തോമസ് കപ്പ് ബാഡ്മിന്റണില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പുരുഷ ടീം. മലയാളി താരം എച്ച് എസ് പ്രണോയ് നേടിയ ആവേശജയത്തിന്റെ കരുത്തില്‍ മലേഷ്യയെ 3-2ന് തോല്‍പ്പിച്ച് സെമിയിലെത്തിയ ഇന്ത്യന്‍ പുരുഷ ടീം തോമസ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചു. അഞ്ച് തവണ ചാമ്പ്യന്‍മാരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ 1979നുശേഷം ആദ്യമായി സെമിയിലെത്തിയത്.

◼️വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്തള്ളി സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോ. ഇതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി. കമ്പനിയുടെ ഓഹരി വില 46.10 സൗദി റിയാലായി ഉയര്‍ന്നതോടെയാണ് അരാംകോ ഈ നേട്ടം സ്വന്തമാക്കിയത്. അരാംകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി രണ്ട് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 30 ശതമാനത്തോളം വര്‍ധനയാണ് അരാംകോ ഓഹരികള്‍ക്കുണ്ടായത്. ആപ്പിളിന്റെ വിപണി മൂല്യം 2.461 ട്രില്യണ്‍ ഡോളറാണ്. ഈ പട്ടികയില്‍ 1.979 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റാണ് മൂന്നാമത്. ആല്‍ഫബറ്റ്, ആമസോണ്‍, ടെസ്ല, ബെര്‍ക്ഷെയര്‍ ഹതാവേ, മെറ്റാ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, യുണൈറ്റഡ് ഹെല്‍ത്ത് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

◼️20 വര്‍ഷത്തോളം നീണ്ട ഐപോഡുകളുടെ ഐതിഹാസിക യാത്ര അവസാനിക്കുന്നു. വില്‍പ്പനയിലുണ്ടായിരുന്ന ഏക മോഡല്‍ ഐപോഡ് ടച്ച് പിന്‍വലിക്കുന്നതായി ആപ്പിള്‍ പ്രഖ്യാപിച്ചു. 2019ന് ശേഷം ഐപോഡ് ടച്ച് സീരിസില്‍ ആപ്പിള്‍ പുതിയ അപ്ഡേറ്റുകളൊന്നും അവതരിപ്പിച്ചിരുന്നില്ല. നിലവിലെ സ്റ്റോക്ക് തീരും വരെ ഐപോഡ് ടച്ചിന്റെ വില്‍പ്പന തുടരും. 2001 ഒക്ടോബര്‍ 23ന് ആണ് മ്യൂസിക് ഇന്‍ഡസ്ട്രിയിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നതായി സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചത്. അങ്ങനെ ആദ്യ ഐപോഡ് അതേ വര്‍ഷം നവംബറില്‍ വില്‍പ്പനയ്ക്കെത്തി. റൗണ്ട്-ഷേപ്പിലുള്ള ബട്ടനുകളും ബ്ലാക്ക്&വൈറ്റ് സ്‌ക്രീനുമായി എത്തിയ ആദ്യ മോഡലിന് 399 യുഎസ് ഡോളറായിരുന്നു വില.

◼️ഡിയര്‍ ഫ്രണ്ട് ടീസര്‍ പുറത്തിറങ്ങി. അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടൈന്‍മന്‍സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, ബേസല്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവര്‍ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷറഫു, സുഹാസ്, അര്‍ജ്ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

◼️സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി 'ബൈനറി' ഒരുങ്ങി.ചിത്രത്തിന്റെ പുതുമയുണര്‍ത്തുന്ന പോസ്റ്ററുകള്‍ മലയാളത്തിലെ പ്രമുഖരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആര്‍.സി.ഗ്രൂപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജാസിക്ക് അലിയാണ് 'ബൈനറി' സംവിധാനം ചെയ്തിരിക്കുന്നത്. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വര്‍ഗ്ഗീസ്, അനീഷ് രവി.നിര്‍മ്മല്‍ പാലാഴി, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബൈനറിയുടെ ടീസര്‍ അടുത്ത ആഴ്ച പ്രേക്ഷകരിലെത്തും.

◼️ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍ 2021 ഏപ്രിലില്‍ സിട്രോണ്‍ സി5 എയര്‍ക്രോസ് മിഡ്-സൈസ് എസ്യുവി അവതരിപ്പിച്ചുകൊണ്ടാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. 29.90 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിലാണ് ഇത് അവതരിപ്പിച്ചത്. അവതരണത്തിനു ശേഷം ഈ ഇടത്തരം എസ്യുവിക്ക് രണ്ട് വില വര്‍ദ്ധനവ് ലഭിച്ചു. ഇപ്പോള്‍ അതിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ വില വര്‍ദ്ധനയോടെ, സിട്രോണ്‍ ഇ5 എയര്‍ക്രോസിന്റെ വില 45,000 രൂപ ഉയര്‍ന്നു. എന്നാല്‍, ലോഞ്ച് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ എസ്യുവിക്ക് ഏകദേശം 2.80 ലക്ഷം രൂപ വര്‍ദ്ധിച്ചു. സിട്രോണ്‍ സി5 എയര്‍ക്രോസ്ന്റെ പുതിയ വില 32.68 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു, അവ 34.23 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം ആയി ഉയരുന്നു.

◼️ഉഭയപര്‍വ്വം മുതല്‍ ജീവിതത്തിന്റെ പുസ്തകംവരെ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോ കഥയും ആഖ്യാനത്തിന്റെ സവിശേഷതയും ലാളിത്യവുംകൊണ്ട് വായനക്കാരെ വായിപ്പിക്കാതിരിക്കില്ല എന്നതാണ് ഈ കഥകളുടെ പ്രാഥമികമായ സവിശേഷത. ഓര്‍മ്മകൊണ്ട് വര്‍ത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും.തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളി സമാജം എന്‍ഡോവ്‌മെന്റ് ലഭിച്ച കൃതി. 'ട്രാന്‍സിസ്റ്റര്‍'. ഡി. ശ്രീശാന്ത്. മാതൃഭൂമി. വില 128 രൂപ.

◼️ഷിഗെല്ലയ്ക്ക് പിന്നാലെ തക്കാളിപ്പനി സ്ഥിരീകരിച്ചത് കേരളത്തെ വീണ്ടും വൈറസ് ആശങ്കയുടെ നാളുകളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു അജ്ഞാത പനിയാണ് തക്കാളിപ്പനി. കൈയിലും കാലിലും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന ലക്ഷണം. കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് രോഗം കണ്ടുവരുന്നതെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വൈറസ് കൂടുതല്‍ പടരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തക്കാളിപ്പനി ഒരു വൈറല്‍ പനിയാണോ അതോ ചിക്കുന്‍ഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമാണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചൊറിച്ചില്‍, ചുവന്ന നിറത്തിലുള്ള കുമിളകള്‍, നിര്‍ജ്ജലീകരണം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതുകൂടാതെ, രോഗബാധിതരായ കുട്ടികള്‍ക്ക് കടുത്ത പനി, ശരീരവേദന, സന്ധിവീക്കം, ക്ഷീണം, മലബന്ധം, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, കൈകള്‍, കാല്‍മുട്ടുകള്‍, നിതംബം എന്നിവയുടെ നിറവ്യത്യാസം, ചുമ, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയും ഉണ്ടാകാം. കുട്ടിക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണിക്കണം. രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ ചൊറിയുന്നത് ഒഴിവാക്കണം. ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.

*ശുഭദിനം*
*കവിത കണ്ണന്‍*
കടല്‍ കാണാന്‍ വന്നതാണ് ആ അമ്മയും മോളും.  നാലുവയസ്സേ ഉള്ളൂ അവള്‍ക്ക്.  അവള്‍ ആദ്യമായാണ് കടല്‍ കാണുന്നത്. കടലിനെ തൊട്ടും കേട്ടും അവള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.  അങ്ങനെ അവള്‍ കടല്‍തീരത്ത് ഒരു ആമയുടെ രൂപം ഉണ്ടാക്കി.  തന്റെ രൂപത്തെ ദൂരെ നിന്നും അടുത്തുനിന്നുമെല്ലാം നോക്കിയും തൊട്ടും തലോടിയും ഇരിക്കുമ്പോഴാണ് ഒരു തിരമാല വന്ന് ആ രൂപത്തെ മാച്ചുകൊണ്ട് കടന്നുപോയത്.  പെട്ടന്ന് നടന്ന ഈ സംഭവത്തില്‍ മകളും അമ്മയും ആകെ പകച്ചുപോയി.  തന്റെ കുഞ്ഞിനോട് എന്തുപറയുമെന്നോര്‍ത്ത് വിഷമത്തില്‍ അമ്മ മകളുടെ മുഖത്തേക്ക് നോക്കി. അപ്പോളവള്‍ കടലിലേക്ക് നോക്കി ബൈ ബൈ പറയുകയായിരുന്നു.  എന്നിട്ട് ചിരിയോടെ അമ്മയോട് പറഞ്ഞു:  ആ ആമ കടലിലേക്ക് പോയി അമ്മാ... എന്ന്. ജീവിതവും പലപ്പോഴും ഇങ്ങനെ തന്നെയാണ്.  വിട്ടുകൊടുക്കാന്‍ തീരെ വയ്യെങ്കിലും മോഹത്തോടെ ശേഖരിച്ചതില്‍ പലതും വിട്ടുപോകുന്നത് കണ്ട് പകച്ച് കണ്ണ് നിറഞ്ഞ് നില്‍ക്കേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടാകും.  ശരീരത്തില്‍ കനമുള്ളൊരു ഹൃദയമുണ്ടെന്ന് നാം തിരിച്ചറിയുന്ന നിമിഷങ്ങളാണത്. ജീവിതം എപ്പോഴും ഒരേ വഴിയിലൂടെ ഒഴുകുന്ന പുഴയല്ല.  ചിലപ്പോള്‍ ചില ഏറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകും.  സമചിത്തതയോടെ ഇത്തരം സന്ദര്‍ഭങ്ങളെ സ്വീകരിക്കാനുള്ള മനസ്സ് നമുക്കും നേടിയെടുക്കാനാകട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖

Post a Comment

Previous Post Next Post