സായാഹ്ന വാർത്തകൾ 2022 | മെയ് 13 | വെള്ളി1197 | മേടം 30 |◼️വായ്പയെടുക്കുന്നതു തടഞ്ഞ കേന്ദ്ര സര്‍ക്കാരിനെതിരെ ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് അങ്കത്തിനിറങ്ങാന്‍ കേരളം. 23 സംസ്ഥാനങ്ങളുടെ വായ്പാ അവകാശമാണു കേന്ദ്രം തടഞ്ഞിരിക്കുന്നത്. വാര്‍ഷിക വരുമാനത്തിന്റെ മൂന്നര ശതമാനം കടമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്. ഇതനുസരിച്ച് കേരളത്തിന് 32,425 കോടി രൂപ വായ്പയെടുക്കാം. കിഫ്ബി വായ്പ പൊതുകടമായി കണക്കാക്കണമെന്ന കേന്ദ്ര നിര്‍ദേശം പാലിക്കാത്തതാണ് വായ്പ നിഷേധിക്കാന്‍  കാരണം. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 2.74 ലക്ഷം കോടി രൂപയാണ്.

◼️കോണ്‍ഗ്രസില്‍നിന്നു തന്നെ പുറത്താക്കിയെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ.വി തോമസ്. തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നും എഐസിസിക്കേ കഴിയൂവെന്നും തോമസ് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ നുണ പറയുകയാണ്. താന്‍ എല്‍ഡിഎഫിലേക്കു പോകില്ല. കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി. തോമസ് പറഞ്ഞു.

◼️കോണ്‍ഗ്രസ് പുറത്താക്കിയ കെ.വി തോമസിനെ ഇനി സിപിഎം ചുമക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സന്തോഷത്തോടെ ഇടതു മുന്നണിയിലേക്ക് യാത്രയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◼️പി.ടി തോമസിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിടി തോമസിന്റെ മരണത്തെത്തുടര്‍ന്നുള്ള തെരഞ്ഞടുപ്പിനെ തിരുത്താനുള്ള സുവര്‍ണാവസരമായി കാണണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസിനെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി. കെ വി തോമസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു നന്ദികേടു കാണിച്ചെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

◼️പി.ടി തോമസ് അഭിമാനമാണെന്ന് ഉമ തോമസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരക്കാര്‍ക്കല്ല അബദ്ധം പറ്റിയത്, പിണറായിക്കാണെന്നും ഉമ പറഞ്ഞു. തെറ്റു തിരുത്താനുള്ള സുവര്‍ണാവസരമെന്നും അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹമാണ്. ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളാണ്. ഉമ പറഞ്ഞു.

◼️മോഡലായ യുവതി കോഴിക്കോട് പറമ്പില്‍ബസാറിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍. കാസര്‍കോട് സ്വദേശി ഷഹനയാണ് മരിച്ചത്. ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഹന ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സ്ഥലത്ത് ധാരാളം സിഗററ്റ് കുറ്റികള്‍ കണ്ടെത്തിട്ടുണ്ട്.

◼️സാമ്പത്തിക തട്ടിപ്പു കേസില്‍ കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്കു സുപ്രീം കോടതി നോട്ടീസ്. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നല്‍കി 3.25 കോടി രൂപ തട്ടിയെന്ന പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അതു ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ദിനേശ് മേനോന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് മാണി സി കാപ്പനു നോട്ടീസ്.

◼️കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചന്റെ വിടുതല്‍ ഹര്‍ജി വേനലവധിക്കു ശേഷം പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നാലു മാസം സമയം നല്‍കിയിട്ടും ജയില്‍ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കോടതി ചോദിച്ചു. കോടതിക്കു തീരുമാനമെടുക്കേണ്ടി വരും. കേസ് വ്യാഴാഴ്ച പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മുദ്രവച്ച കവര്‍ കോടതി സ്വീകരിച്ചില്ല. 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചനുവേണ്ടി ഭാര്യയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

◼️നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മെയ് 21 ന് പരീക്ഷ നടക്കും.

◼️മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് പലിശയ്ക്ക് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി. ഫ്ളാറ്റുടമകള്‍ക്കായി 115 കോടി രൂപയാണ് നിര്‍മാതാക്കള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക. നഷ്ടപരിഹാരത്തിന് പുറമെ പലിശ കൂടി നല്‍കണമെന്ന ഫ്ളാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി.

◼️സംസ്ഥാനത്ത് ഇനി മുതല്‍ ഇ - പട്ടയങ്ങള്‍. പട്ടയങ്ങള്‍ നഷ്ടപ്പെട്ടാല്‍ പകര്‍പ്പെടുക്കുവാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടായിരുന്നു. ഇതിനൊരു പരിഹാരമാണ് ഇ - പട്ടയങ്ങള്‍. സോഫ്ട്വെയര്‍ അധിഷ്ഠിതമായി ഡിജിറ്റലായി നല്‍കുന്ന പട്ടയമാണ് ഇ - പട്ടയം. പട്ടയ വിവരങ്ങള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ നഷ്ടപ്പെടാത്ത രീതിയില്‍ സംരക്ഷിക്കും. ക്യു ആര്‍ കോഡും ഡിജിറ്റല്‍ സിഗ്നേച്ചറുമുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ആദ്യ ഇ - പട്ടയത്തിന്റെ വിതരണം  മന്ത്രി കെ രാജന്‍ മലപ്പുറത്ത് നിര്‍വ്വഹിച്ചു.

◼️സൈലന്റ് വാലി സൈലന്ദ്രി വനത്തില്‍ കാണാതായ വനം വകുപ്പ് വാച്ചര്‍ രാജനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതാണോയെന്നു പരിശോധിക്കണമെന്ന് സഹോദരന്‍ സുരേഷ് ബാബു. അച്ഛന്‍ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. രാജനെ കാണാതായി ഒമ്പത് ദിവസം പിന്നിട്ടു. 20 വര്‍ഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടംബം പറയുന്നത്.

◼️ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ സൂക്ഷിച്ച മൂന്നു കിലോ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയും കവര്‍ന്നു. കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് രാത്രി ഏഴിനും ഒമ്പതിനും ഇടയില്‍ കവര്‍ച്ച നടന്നത്. വീട്ടിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പുറക് വശത്തെ വാതില്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്.

◼️പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷിക പരിപാടിയില്‍ പെണ്‍കുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തെ വിമര്‍ശിച്ച് സിപിഐ. യാഥാസ്ഥിതിക ചിന്തകളെ സമൂഹം തളയ്ക്കണമെന്ന് പാര്‍ട്ടി പത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം. വേദിയിലെ പെണ്‍വിലക്കിനെ ആധുനിക കേരളത്തിന് അംഗീകരിക്കാനാകില്ല. പ്രതിരോധം അതേ സമുദായത്തില്‍നിന്നുതന്നെ ഉയരണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

◼️കാലിക്കട്ട് സര്‍വകലാശാലയില്‍ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അതിരുവിട്ട് അഴിഞ്ഞാടുകയാണെന്ന് സുന്നി യുവജന നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍. അന്യസ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതു മത താത്പര്യമാണ്. അപരിഷ്‌കൃതമെന്ന് വിളിച്ചാലും അതാണ് മത നിയമമെന്നും സത്താര്‍ കുറിച്ചു. വേദിയില്‍ പെണ്‍കുട്ടികളെ വിലക്കിയ സംഭവത്തിലാണ് വിവാദ പരാമര്‍ശം.

◼️നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിലെ പ്രതി ഷൈബിന്‍ അഷ്റഫാണ് അബുദാബിയില്‍ ഹാരിസിന്റെയും സുഹൃത്തായ യുവതിയുടെയും കൊലപാതകത്തിനു പിറകിലെന്ന് ആരോപണം. ഷൈബിനും  ഹാരിസിനുമൊപ്പം അബുദാബിയില്‍ ജോലി ചെയ്തിരുന്ന അന്‍വറാണ് ആരോപണം ഉന്നയിച്ചത്. ഹാരിസിന്റെ കുടുംബത്തെ സഹായിച്ചതിനു ക്വട്ടേഷന്‍ സംഘം തന്റെ വീട്ടില്‍ ആക്രമണം നടത്തി. നിലമ്പൂരില്‍ പിടിയിലായ സംഘമാണ് ആക്രമണം നടത്തിയത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല.  

◼️പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ സ്വദേശിയും കോഴിക്കോട് സ്‌കൂള്‍ അധ്യാപകനെ കോടതി റിമാന്റ് ചെയ്തു. വുഷു പരിശീലകനായ ഇയാള്‍ പ്രായ പൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്.

◼️മൂന്നാര്‍ മുതിരപ്പുഴയാറില്‍ പഴയ മൂന്നാര്‍ ഡി.റ്റി.പി.സി ഓഫിസിനു സമീപം അജ്ഞാത മൃതദേഹം. 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

◼️വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനായി ലുക് ഔട്ട് സര്‍ക്കുലര്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യറാകാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

◼️പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ജില്ലയിലെ എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെതുടര്‍ന്നാണ് മന്ത്രിക്കെതിരെ പ്രതികരിച്ചത്.

◼️ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാര്‍ട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും  ജീവനക്കാരും സ്മാര്‍ട്ടാകണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായുള്ള സോഷ്യല്‍മീഡിയ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

◼️കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വം മത മൗലികവാദികളുടെ പിടിയിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പി.സി ജോര്‍ജിന് ഒരു നീതി, മുസ്ലിയാര്‍ക്ക് മറ്റൊരു നീതി എന്നതാണ് കേരളത്തിലെ രീതി. ഇന്ധന വിലക്കയറ്റം തടയാന്‍ കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാചകവാതക വില വര്‍ദ്ധനയെക്കുറിച്ച് യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

◼️തിരുവനന്തപുരം കാട്ടാക്കട കിള്ളിയില്‍ തൊഴിലാളി യൂണിയന്‍ സമരംമൂലം വ്യാപാര സ്ഥാപനം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഉദ്ഘാടനം ചെയ്ത് 19 ദിവസമായിട്ടും കച്ചവടം നടത്താനാകാതെ എസ്. കെ. എന്റര്‍പ്രൈസസ് ഉടമ സുദര്‍ശനന്‍. കടയുടമ നിയമിച്ച തൊഴിലാളികളെക്കൊണ്ട് സാധനങ്ങള്‍ ഇറക്കാനും കയറ്റാനും അനുവദിക്കാതെയും വാങ്ങാനെത്തുന്നവരുടെ വാഹനം തടഞ്ഞുമാണ് ട്രേഡ് യൂണിയന്‍ സമരം.

◼️മൂന്നുമാസത്തെ തുടര്‍ച്ചയായ നഷ്ടം റിലയന്‍സ് ജിയോ നികത്തി. മാര്‍ച്ചില്‍ മാത്രം 12 ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ജിയോയ്ക്കു ലഭിച്ചത്. ഇതോടെ ജിയോയുടെ ആകെ വരിക്കാര്‍ 40.40 കോടിയായി. അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് ഈ മാസം 28 ലക്ഷത്തിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടു. എന്നാല്‍  22 ലക്ഷം പുതിയ ഉപഭോക്താക്കളുമായി എയര്‍ടെല്‍ മുന്നേറ്റം തുടരുന്നുണ്ട്.

◼️രാജ്യത്ത് പണപ്പെരുപ്പനിരക്ക് എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഏപ്രിലിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.79 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 6.95 ശതമാനമായിരുന്നു. 2014 മേയിലെ 8.33 ശതമാനം കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. ഇതോടെ വീണ്ടും റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യോല്‍പന്ന വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയരാന്‍ മുഖ്യകാരണം. മാര്‍ച്ചില്‍ 7.68 ശതമാനം ആയിരുന്നത് ഏപ്രിലില്‍ 8.38 ശതമാനമായി വിലക്കയറ്റ നിരക്ക് കൂടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ നിരക്ക് 1.96 ശതമാനം മാത്രമായിരുന്നു.

◼️2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ഉയര്‍ന്ന അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 272.04 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.79 കോടി രൂപയായിരുന്നു ഇത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്കിന്റെ അറ്റാദായം 44.98 കോടി രൂപയാണ്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.59 ശതമാനം വര്‍ധിച്ച് 85,320 കോടി രൂപയിലെത്തി. സേവിങ്‌സ് നിക്ഷേപം 22.06 ശതമാനവും കറന്റ് നിക്ഷേപം 12.49 ശതമാനവും വര്‍ധിച്ച് യഥാക്രമം 24,740 കോടി രൂപയും 4,862 കോടി രൂപയിലുമെത്തി. കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 20.38 ശതമാനം വര്‍ധിച്ച് 29,601 കോടി രൂപയായി. പ്രവാസി നിക്ഷേപം 6.13 ശതമാനം വര്‍ധിച്ച് 27,441 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,855 കോടി രൂപയായിരുന്നു ഇത്.

◼️വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയനായി' പൃഥ്വിരാജ് എത്തുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ? എങ്കില്‍ കാളിയനൊപ്പം കൂടാം. ചരിത്രത്തിന്റെ ഭാഗമാകാം. കൊച്ചി വൈഎംസിഎ ഹാളില്‍ ആണ് ഒഡിഷന്‍. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവര്‍ക്ക് മെയ് 19നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ക്ക് മെയ് 20നുമാണ് ഒഡിഷന്‍. രാവിലെ 9 മുതല്‍ 11 വരെ സ്‌പോട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. 7 മുതല്‍ 14 വരെ പ്രായമുള്ള ആണ്‍/പെണ്‍കുട്ടികള്‍, 20 മുതല്‍ 40 വരെ പ്രായമുള്ള ആണ്‍/പെണ്‍, 40 മുതല്‍ 70 വരെ പ്രായമുള്ള ആണ്‍/പെണ്‍ എന്നിവരെയാണ് അഭിനേതാക്കളായി തേടുന്നത്. തമിഴ് നടന്‍ സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രം അഭിനയിക്കുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ബി ടി അനില്‍കുമാറാണ്.

◼️മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് മേരി ആവാസ് സുനോയിലെ മനോഹര ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എം ജയചന്ദ്രന്റേതാണ് സംഗീതം. ഹരിനാരായണന്റെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ആനി ആമിയാണ്. മേരി ആവാസ് സുനോയില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു.  പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും  അതിഥി വേഷത്തിലെത്തുന്നുണ്ട്.

◼️ലാന്‍ഡ് റോവര്‍ അടുത്ത തലമുറയിലെ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനെ അവസാനിപ്പിച്ചു. പുതിയ റേഞ്ച് റോവര്‍ പോലെ, പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ എത്തും. ലാന്‍ഡ് റോവര്‍ പുതിയ സ്‌പോര്‍ട്ടിന് ഒരു ജോടി മൈല്‍ഡ്-ഹൈബ്രിഡ് ടര്‍ബോചാര്‍ജ്ഡ് 3.0-ലിറ്റര്‍ സ്‌ട്രെയിറ്റ്-ആറ് പെട്രോള്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് പി360 എസ്ഇയില്‍ 355 എച്ചപിയും 500എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. അതേസമയം പി400 എസ്ഇ ഡൈനാമിക്സില്‍ ഇത് 395 എച്ചപിയും  550 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ഡീസല്‍ പവര്‍ട്രെയിനിന്റെ കാര്യത്തില്‍, ഡി350 രൂപത്തില്‍ 350പിഎസ് പവറും 700എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 3.0എല്‍ 6സിലിണ്ടര്‍ ഡീസല്‍ യൂണിറ്റ് ലഭിക്കും.
ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

Previous Post Next Post