സായാഹ്ന വാർത്തകൾ 2022 | മെയ് 15 | ഞായർ◼️കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കു നല്‍കാനുള്ള ശുപാര്‍ശ അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാകും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കാട്ടുപന്നികളെ വെടിവക്കാനുള്ള അധികാരം നല്‍കുക. കാട്ടുപന്നി ശല്യം തടയാന്‍ നിലവിലെ വ്യവസ്ഥ അപര്യാപ്തമായ സാഹചര്യത്തിലാണ് ഈ നീക്കം. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്റിനു നല്‍കുന്നത്.

◼️സംസ്ഥാനത്ത് മൂന്നു ദിവസം മഴയെന്നു മുന്നറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട് യെല്ലോ അലര്‍ട്ടാണ്. മറ്റന്നാള്‍ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് മഴയ്ക്കു കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനം വിലക്കി.

◼️സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിനു സാധ്യത. മിന്നല്‍ പ്രളയമുണ്ടാക്കുന്ന മേഘവിസ്ഫോടനം സംഭവിക്കുമെന്ന് കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘം റിപ്പോര്‍ട്ടു ചെയ്തു. രണ്ടു മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാം.

◼️മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താന്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് അനുകൂലമായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ജലവിഭവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബെന്നിച്ചന്‍ ഉത്തരവിറക്കിയതെന്നാണ് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പുതിയ വനംമേധാവിയെ തെരെഞ്ഞെടുക്കാനുള്ള സമിതി ഈ മാസം 20 ന് ചേരാനിരിക്കെയാണ് റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയത്.

◼️രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. മൊത്തം 10 പേരെയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.

◼️തൃക്കാക്കര തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. .മന്ത്രിമാര്‍ ജാതി നോക്കി വീട് കയറുന്നു. മതേതര കേരളത്തിന് ഇത് അപമാനമാണ്. മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്ന് സതീശന്‍ പരിഹസിച്ചു.

◼️മുന്‍ അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്നു. 1964ല്‍ കൊല്ലത്ത്  സി.വി പത്മരാജന്റെ ജൂനിയറായാണ്  അഭിഭാഷകവൃത്തി ആരംഭിച്ചത്. തുടര്‍ന്ന് കേരള ഹൈക്കോടതിയില്‍ പ്രമുഖ അഭിഭാഷകനായ സുബ്രഹ്‌മണ്യന്‍ പോറ്റിയുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ അഡ്വക്കറ്റ് ജനറലായിരുന്നു. 2006 മുതല്‍ 2011 വരെയും 2016 മുതല്‍ 2021 വരെയും രണ്ടുതവണ അഡ്വക്കറ്റ് ജനറലായിരുന്നു.

◼️ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇന്നു വൈകുന്നേരം കിഴക്കമ്പലത്ത് പ്രസംഗിക്കും. ആംആദ്മിയും ട്വന്റി ട്വന്റിയും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും. ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ ക്ഷണമനുസരിച്ചാണ് കേജരിവാള്‍ എത്തിയത്.

◼️വിവാഹാലോചനയ്ക്കുള്ള വെബ്സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍  പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെ (38) അറസ്റ്റു ചെയ്തു. ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

◼️കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ട്രെയിനിടിച്ചാണ് മരിച്ചതെന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ട്രെയിനിടിച്ചതിന്റെ പരിക്കുകള്‍ മൃതദേഹത്തില്‍ ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ജംഷീദിന്റെ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുണ്ട്. കുടുംബം ചൂണ്ടിക്കാട്ടി.

◼️ജപ്തിക്കു പിറകേ, വയനാട് ഇരുളത്ത് അഭിഭാഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജപ്തിക്കു സംരക്ഷണം നല്‍കാനെത്തിയ പൊലീസ് അതിക്രമം കാണിച്ചെന്ന് ആരോപണം.  കേണിച്ചിറ എസ്ഐ വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിക്കുകയും ജനല്‍ തകര്‍ക്കുകയും ചെയ്തെന്ന് മരിച്ച മുന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. വീടും സ്ഥലവും വിറ്റ് വായ്പ തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്കുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

◼️അടിമാലിയില്‍ കഞ്ചാവ് ലഹരിയില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ് (കുഞ്ഞികണ്ണന്‍ - 23), പതിനാലാം മൈല്‍ സ്വദേശി ആല്‍ബിന്‍ ആന്റണി (20), ചാറ്റുപാറകുടി സുധി നാഗന്‍ (21), മുരുഗന്‍, ഷിയാസ്,  ജസ്റ്റിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

◼️ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോര്‍ജും തമ്മിലുള്ള പോര് പാര്‍ട്ടി ജില്ലാ ഘടകങ്ങളിലേക്കു വ്യാപിച്ചു. അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാര്‍ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് സിപിഐ ജില്ല സെക്രട്ടറി എ.പി.ജയന്‍. കല്യാണത്തിന് അച്ഛനെ വിളിച്ചില്ലെന്നു പറയുന്നതു പോലെയാണ് ചിറ്റയത്തിന്റെ പ്രതികരണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കാണ് സിപിഐയുടെ തിരിച്ചടി.

◼️അമ്പലപ്പുഴയില്‍ സിപിഐ സ്ഥാപിച്ച സ്തൂപവും കൊടിമരവും സിപിഎം പഞ്ചായത്ത് ഭരണസമിതി പിഴുതുമാറ്റി. സിപിഎമ്മിന് വന്‍ ഭൂരിപക്ഷമുള്ള പഞ്ചായത്ത് ഭരണസമിതിയാണ് പൊതുസ്ഥലത്ത് സ്ഥാപിച്ചെന്നാരോപിച്ച് സ്തൂപവും കൊടിമരവും പൊലീസിനെ കൊണ്ട് മാറ്റിച്ചത്. നൂറനാട്ട് കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സിപിഐ - കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നതിനിടെയാണ് സിപിഐ- സിപിഎം ഏറ്റുമുട്ടല്‍.

◼️ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണിത്. ഈ ചര്‍ച്ച അവസാനിപ്പിക്കേണ്ട സമയമായി. മലപ്പുറത്ത് മദ്രസാ പുരസ്‌കാരവേദിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ചെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◼️സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ മദ്രസാ അധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. അഞ്ചുവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്.

◼️പാലക്കാട് ഓഫീസ് പണിയാന്‍ കോണ്‍ഗ്രസിനു ദാനമായി കിട്ടിയ ഭൂമി മറിച്ചുവിറ്റതിനെച്ചൊല്ലി തര്‍ക്കം. പുതുശ്ശേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയിലെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം കോടതി കയറിയതോടെ സ്ഥലം വാങ്ങിയ വ്യക്തിയും കുടുങ്ങി. പാലക്കാട് കോയമ്പത്തൂര്‍ ദേശീയ പാതയിലെ നാലര സെന്റ് സ്ഥലമാണ് കോടതി കയറിയത്. 1989 ലാണ് നാട്ടുകാരനായ എം വി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പണിയാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്.

◼️മന്ത്രിയായിരിക്കെ കെ.വി. തോമസ് കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള കൊച്ചി ബോള്‍ഗാട്ടി പാലസും ഹോട്ടല്‍  സമുച്ചയവും ടെണ്ടര്‍ വിളിക്കാതെ മലേഷ്യന്‍ കമ്പനിക്കു വില്‍ക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. 2003 -ല്‍ കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോള്‍  ബോള്‍ഗാട്ടിയിലെ എട്ട് ഏക്കര്‍ സ്ഥലം വില്‍ക്കാനാണു ശ്രമിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

◼️മൂകാംബികയിലേക്കു സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തിയെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമാണെന്ന് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തുനിന്നും മൂകാംബികയിലെക്ക് കെഎസ്ആര്‍ടിസി - സ്വിഫ്റ്റ് സര്‍വ്വീസ് ഇല്ല. എറണാകുളത്തു നിന്നും കൊട്ടാരക്കരയില്‍നിന്നും കൊല്ലൂരിലേക്കു സര്‍വ്വീസുണ്ട്. ഈ ബസുകള്‍ ഗോവയിലേക്കു പോയിട്ടില്ലെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട്.

◼️വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികള്‍. ശശികുമാര്‍ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് പുതിയ പരാതികള്‍.

◼️സമസ്തക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിന്തിരപ്പന്‍ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരേ സമൂഹം ഉയര്‍ന്നു വരണമെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കല്ലുവാതക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ മോചനത്തിനുള്ള ഫയല്‍ കണ്ടിട്ടില്ലെന്നും ഫയല്‍ വന്നാല്‍ പരിഗണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

◼️മുല്ലപ്പൂവിന് തീവില. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവാഹങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെയാണ് മുല്ലപ്പൂവില കുത്തനെ ഉയര്‍ന്നത്. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂവിന് 1000 രൂപയായി. വരും ദിവസങ്ങളില്‍  വില കൂടാനാണ് സാധ്യത

◼️രാഹുല്‍ഗാന്ധി എഐസിസി പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെങ്കില്‍ പ്രിയങ്കാ ഗാന്ധി ചുമതല ഏല്‍ക്കണമെന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബരത്തില്‍ നേതാക്കള്‍. ശിബിരം സമാപിക്കുന്ന ഇന്ന് കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയ നിലപാടും പ്രവര്‍ത്തന അജണ്ടയും പഖ്യാപിക്കും. നേതൃമാറ്റം പരിഗണിക്കപ്പെടുമ്പോഴും അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അംഗമെത്തണമെന്ന നിലയില്‍ തന്നെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

◼️മുണ്ട്കയില്‍ തീപിടിച്ച കെട്ടിടത്തിന്റെ ഉടമ മനീഷ് ലാക്കറെ അറസ്റ്റില്‍. ഇയാള്‍ ഒളിവിലായിരുന്നു. മുണ്ട്കാ തീപിടുത്തത്തില്‍  മരിച്ചവരില്‍ എഴ് പേരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തും. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

◼️ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി മുഖ്യമന്ത്രിയെ മാറ്റിയത്. ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ അംഗവുമാണ് മണിക് സാഹ. 

◼️കര്‍ണാടകയില്‍ പൊതുമധ്യത്തില്‍ വനിതാ അഭിഭാഷകയെ മര്‍ദിച്ച ബിജെപി പ്രവര്‍ത്തകന്‍ മഹന്തേഷിനെ പോലീസ് അറസ്റ്റു ചെയ്തു ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെ നടുറോഡില്‍ മര്‍ദ്ദിച്ചതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

◼️ന്യൂ യോര്‍ക്കിലെ ബഫലോയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. അക്രമിയായ പേയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന 18 കാരനെ പൊലീസ് പിടികൂടി. വംശവെറിയാണ് സംഭവത്തിനു കാരണം. മരിച്ചവരില്‍ മിക്കവരും കറുത്ത വര്‍ഗ്ഗക്കാരാണ്.

◼️ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം ഇതായെത്തി. പൂര്‍ണ ചന്ദ്രഗ്രഹണത്തിനു മുന്‍പ് ചന്ദ്രന്‍ ചുവന്നുതുടുത്ത് ബ്ലഡ് മൂണ്‍ ആകും. സൗത്ത് അമേരിക്കയില്‍ ഇതു കാണാം. ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നീ രാജ്യങ്ങളിലും ഈ പ്രതിഭാസം കാണാം. ഇന്ത്യയില്‍ ഇതു കാണാനാവില്ല. ഇന്ത്യന്‍ സമയം നാളെ രാവിലെ എട്ടിനും 8.30 നും ഇടയിലാണ് ചന്ദ്രഗ്രഹണം.

◼️ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ് ലാന്‍ഡിലെ ടൗണ്‍സ് വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയക്കായി സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങരളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ടീമിനായി പാഡണിഞ്ഞിട്ടുണ്ട്.

◼️നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം 24 ശതമാനം വര്‍ധിച്ച് 21,326.58 കോടി രൂപയിലെത്തിയതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 2021 ഏപ്രിലില്‍ ഇത്തരം കമ്പനികളുടെ മൊത്ത പ്രീമിയം വരുമാനം  17,251.10 കോടി രൂപയായിരുന്നു. മൊത്തം 31 നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 24 ജനറല്‍ ഇന്‍ഷുറര്‍മാര്‍ ഏപ്രിലില്‍ 23.57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് മൊത്തത്തില്‍ നേരിട്ടുള്ള പ്രീമിയത്തില്‍ 19,705.86 കോടി രൂപ ചേര്‍ത്തു. 2021 ഏപ്രിലില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 15,946.91 കോടി രൂപയുടെ പ്രീമിയം വരുമാനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലെ അഞ്ച് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 29.14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് അവരുടെ മൊത്തം പ്രീമിയം വരുമാനം ഒരു വര്‍ഷം മുമ്പുള്ള 1,200.34 കോടിയില്‍ നിന്ന് 1,550.14 കോടി രൂപയിലെത്തിച്ചു.

◼️നാലാം പാദത്തില്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 16 ശതമാനം വര്‍ധിച്ച് 610 കോടി രൂപയായി.  2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ നികുതിക്ക് ശേഷമുള്ള അറ്റാദായം 526 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ കാര്യത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 2,940 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇത് 3,193 കോടി രൂപയായി ഉയര്‍ന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 1,347 കോടി രൂപയില്‍ നിന്ന് 2022 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനി 1,677 കോടി രൂപ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ്  അറ്റാദായം രേഖപ്പെടുത്തി.

◼️കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ആരവം അവസാനിക്കും മുമ്പ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് നിര്‍ണായക പ്രഖ്യാപനവുമായി നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍. ഒക്ടോബരില്‍ 'കെജിഎഫ് ചാപ്റ്റര്‍ 3'യുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മൂന്നാം ഭാഗം ഒരു മാര്‍വല്‍ യൂണിവേഴ്സ് സ്‌റ്റൈലില്‍ ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.  2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത സിനിമകളില്‍ നിന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഡോക്ടര്‍ സ്ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാന്‍ആഗ്രഹിക്കുന്നു. സ്പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്ടര്‍ സ്ട്രേഞ്ചില്‍ സംഭവിച്ചത് പോലെ വിജയ് കിരഗന്ദൂര്‍ പറഞ്ഞു.

◼️കമല്‍ ഹാസന്റെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം വിക്രത്തിലെ ഗാനം വിവാദത്തില്‍. പാട്ടിന്റെ വരികളില്‍ ചിലത് കേന്ദ്രസര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതാണെന്നാണ് വിവാദത്തിന് അടിസ്ഥാനം. താരത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലുള്ളതെന്നും ആക്ഷേപമുണ്ട്. പത്തല പത്തല എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ലിറിക്കല്‍ വീഡിയോ ആയെത്തിയ ഗാനം എഴുതിയതും ആലപിച്ചതും കമല്‍ ഹാസന്‍ തന്നെയാണ്. ഖജനാവില്‍ പണമില്ല, നിറയെ രോഗങ്ങള്‍ വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴര്‍ക്ക് ഒന്നും കിട്ടുന്നില്ല. താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും പാട്ടില്‍ കമല്‍ എഴുതിയിരിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുക. കമല്‍ഹാസനൊപ്പം മലയാളി താരങ്ങളും വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിജയ് സേതുപതിയുടെ ചിത്രത്തിലൊരു പ്രധാനവേഷത്തിലുണ്ട്.

◼️ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍കോഡയില്‍ പുതിയ പ്ലാന്റിനായി 800 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം കുറഞ്ഞത് 2.5 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള ഏറ്റവും പുതിയ പ്ലാന്റ് ഉടന്‍ ആരംഭിക്കും. വാഹനങ്ങളുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് നിക്ഷേപം നടത്തുന്നതിനായി ഹരിയാന സര്‍ക്കാരുമായി മാരുതി സുസുക്കി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആദ്യ ഘട്ടത്തില്‍, മാരുതി സുസുക്കി 11,000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു.
ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

Previous Post Next Post