സായാഹ്ന വാർത്തകൾ 2022 | മെയ് 16 | തിങ്കൾ1197 | എടവം 02 | വിശാഖം

◼️കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കും. ഇതുസംബന്ധിച്ച് റവന്യൂവകുപ്പ് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം. കല്ലിടലിനെതിരേ സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.◼️മൂന്നുമാസം കൂടുമ്പോള്‍ അധ്യാപകരുടെ നിലവാരം വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന രീതി മാറി. കാലത്തിനനുസരിച്ച് അധ്യാപകര്‍ മാറണം. അധ്യാപകരുടെ നിലവാരത്തെക്കുറിച്ച് പ്രധാന അധ്യാപകനോട് എഇഒമാരും ഡിഇഒമാരും റിപ്പോര്‍ട്ട് തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് എല്‍പി സ്‌കൂള്‍ അധ്യാപകരുടെ അവധിക്കാല ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. ശിവന്‍കുട്ടി.◼️മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. എപി സുന്നി പ്രവര്‍ത്തകരായ സഹോദരങ്ങളായ പള്ളത്ത് നൂറുദ്ദീന്‍, കുഞ്ഞുഹംസ എന്നിവരെ കൊന്ന കേസിലാണ് ശിക്ഷ. പ്രതികള്‍ ഒരോ ലക്ഷം രൂപ വീതം പിഴയടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട രണ്ടു പേരുടേയും കുടുംബത്തിന് നല്‍കണം. പാലക്കാട് അഡിഷണല്‍ ജില്ലാ കോടതി സെഷന്‍സ് ജഡ്ജി ടി.എച്ച്. രജിതയാണ് വിധി പ്രസ്താവിച്ചത്. 2013 നവംബര്‍ 21-നാണ് കൊലപാതകമുണ്ടായത്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് 1998 ല്‍ പാലയ്ക്കാപറമ്പില്‍ മുഹമ്മദ് കൊല്ലപ്പെട്ട കേസിലെ പ്രതികളായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീനും ഹംസയും.◼️കേരളത്തില്‍ ഒമ്പത് റെയില്‍വേ മേല്‍പാലങ്ങളുടെ പണി പുരോഗമിക്കുകയാണെന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ്. 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. കൊടുവള്ളി, താനൂര്‍ - തെയ്യാല, അകത്തേത്തറ, ചിറങ്ങര, ഗുരുവായൂര്‍, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ പൈലിംഗ് പൂര്‍ത്തിയാക്കി. വാടാനംകുറിശ്ശി, ഇരവിപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ പൈലിംഗ് അവസാനഘട്ടത്തിലാണ്. ചേളാരി - ചെട്ടിപ്പടി മേല്‍പാലത്തിന്റെ പുതുക്കിയ അലൈന്‍മെന്റിന് റെയില്‍വെയുടെ അനുമതി ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.◼️കുടുംബശ്രീക്ക് ഇരുപത്തഞ്ച്. സ്ത്രീ ശാക്തീകരണത്തിനു ലോകത്തിനു മാതൃകയായ കുടുംബശ്രീയില്‍ ഇപ്പോള്‍ 45.85 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളാണ്. 1996 ല്‍ ജനകീയാസൂത്രണം തുടങ്ങിയപ്പോള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് കുടുംബശ്രീ തുടങ്ങിയത്. വീട്ടമ്മമാര്‍ അംഗങ്ങളായ ഈ പ്രസ്ഥാനത്തിനു കീഴില്‍ അനേകായിരം സംരംഭങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അനേകായിരം കുടുംബങ്ങളുടെ മുഖ്യവരുമാന സ്രോതസായി ഈ സംരംഭങ്ങള്‍ മാറി.◼️കൊല്ലം പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഓഫിസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഓഫിസ് അനുവദിക്കുന്നതിന് തുറമുഖ വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് ഉടനേ കത്തു നല്‍കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആറ് എമിഗ്രേഷന്‍ പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്കു വിശ്രമിക്കുന്നതിനും ഉള്‍പ്പടെ സൗകര്യങ്ങള്‍ ഉള്ള കെട്ടിടമാണ് സജ്ജമാക്കിയിരിക്കുന്നത്.◼️ആം ആദ്മി പാര്‍ട്ടി - ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഏറ്റവും മികച്ച ജനക്ഷേമ സര്‍ക്കാരാണ് കേരളത്തില്‍ ഭരിക്കുന്നത്. രാജ്യത്തെ മികച്ച ബദല്‍ മാതൃകയാണ് പിണറായി സര്‍ക്കാരെന്നും ജയരാജന്‍ പറഞ്ഞു.◼️ആം ആദ്മി പാര്‍ട്ടി - ട്വന്റി ട്വന്റി സഖ്യം കോണ്‍ഗ്രസിനു ഭീഷണിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകന്‍. പുതിയ കാലത്ത് പുതിയ മുന്നണികള്‍ വരുന്നത് സ്വഭാവികമാണ്. കെ സുധാകരന്‍ പറഞ്ഞു.◼️കേരളത്തില്‍ ആംആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി പാര്‍ട്ടികളുടെ നാലാം മുന്നണി ചായക്കോപ്പായിലെ കൊടുങ്കാറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അരവിന്ദ് കെജ്രിവാള്‍ കേരള രാഷ്ട്രീയത്തെ ചെറുതായി കാണരുതെന്നും കാനം പറഞ്ഞു.◼️ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെ പരിഹസിച്ച് 'കുന്നംകുളം മാപ്പ് ഉണ്ടോ' എന്നു ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ച് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ട്വന്റി 20 യോടു വോട്ട് തേടും മുന്നേ പി.വി. ശ്രീനിജന്‍ ഉള്‍പ്പെടെയുള്ളവര്‍ മാപ്പു പറയണമെന്ന് സാബു എം. ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചാണ് ശ്രീനിജന്‍ കുന്നംകുളം മാപ്പ് വഴി പരിഹസിച്ചത്.◼️സ്വന്തം സര്‍ക്കാര്‍ നല്ലതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിന് അവകാശപ്പെടാം. എന്നാല്‍ നീതി ആയോഗിന്റെ എല്ലാ കണക്കുകളിലും കേരളമാണ് മുന്നിലെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഡല്‍ഹിക്ക് കൂടുതല്‍ കേന്ദ്ര സഹായം കിട്ടുന്നുണ്ട്. എന്നിട്ടും കണക്കുകളില്‍ കേരളമാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.◼️കോഴിക്കോട് തൊണ്ടയാട്ടെ പറമ്പില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ സംബന്ധിച്ച അന്വേഷണം കര്‍ണാടകയിലേക്ക്. വെടിയുണ്ടകള്‍ ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചവയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് പത്തു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം.◼️ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. കോട്ടയം പാലാ കിഴതടിയൂര്‍ സ്വദേശിയായ മുപ്പതുകാരനാണ് ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തിയത്. സംഭവം കണ്ട് വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് യുവാവിനെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.◼️തിരുവനന്തപുരം അഞ്ചുതെങ്ങില്‍ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (54) മരിച്ചത്. മൂന്നു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു.◼️കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകള്‍ തകര്‍ന്നു. രണ്ടു തൊഴിലാളികള്‍ക്കു പരിക്കേറ്റു. രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്. 25 കോടി രൂപ ചെലവിട്ടാണ് പാലം പണിയുന്നത്.◼️പിലാത്തറയില്‍ ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ ഹോട്ടലുകാര്‍ മര്‍ദ്ദിച്ചു. പിറകേ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ പാല്‍, ഈത്തപ്പഴം, കടല എന്നിവ കണ്ടെടുത്തു.◼️കോഴിക്കോട്ടെ മോഡല്‍ ഷഹാനയുടേത് ആത്മഹത്യ തന്നെയെന്ന് അന്വേഷണ സംഘം. തൂങ്ങിമരണത്തിനുളള സാധ്യതകളാണ് ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞതെന്നു പൊലീസ് അറിയിച്ചു.◼️അവശനിലയില്‍ ചികിത്സ തേടി എത്തിയ ആദിവാസി വയോധികയെ കിടത്തിച്ചികിത്സ നല്‍കാതെ തിരിച്ചയച്ച വയനാട് മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി വിവാദമായി. ബേഗൂര്‍ കൊല്ലിമൂല കോളനിയിലെ അറുപത്തഞ്ചുകാരി കെമ്പിയെ ഇതുമൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.◼️കേരള ലോട്ടറി ഞായറാഴ്ച ലോട്ടറി പുനഃരാരംഭിച്ചു. 'ഫിഫ്റ്റി ഫിഫ്റ്റി' എന്നാണ് ടിക്കറ്റിന്റെ പേര്. ഒരു കോടിരൂപയാണ് ഒന്നാം സമ്മാനം. 50 രൂപയാണ് ടിക്കറ്റ് വില. ഈ മാസം 29 നാണ് ആദ്യ നറുക്കെടുപ്പ്. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കും. ടിക്കറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു.◼️വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിലെ നിലവറ അടച്ച് സീല്‍ വയ്ക്കാന്‍ ജില്ലാ കോടതിയുടെ ഉത്തരവ്. അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ മസ്ജിദിലെ നിലവറയില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവറയ്ക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കണം. മസ്ജിദിന്റെ ഈ ഭാഗത്ത് ഇരുപതിലേറെ പേര്‍ക്കു നമാസ് അനുവദിക്കില്ല. സര്‍വേയ്ക്കെതിരെ സുപ്രീംകോടതിയിലുള്ള ഹര്‍ജി നാളെ പരിഗണിക്കും.◼️റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന് ഗുരുതര രോഗബാധയുണ്ടെന്ന് യുക്രെയിന്‍. മിലിട്ടറി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ കിറിലോ ബുഡനോവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യന്‍ നേതാവിന് കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങളുണ്ട്. പുടിന്‍ അട്ടിമറി ഭീഷണി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.◼️അമേരിയിക്കയിലെ കാലിഫോര്‍ണിയയില്‍ പള്ളിയില്‍ വെടിവയ്പ്. ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. വെടിവച്ചയാളെ പിടികൂടി. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു.◼️ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീബുദ്ധന്‍ ജനിച്ച ലുംബിനിയിലെ മായാദേവി ക്ഷേത്രത്തിനരികില്‍ ബൗദ്ധ സാംസ്‌കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു. ഇന്ത്യയാണ് സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കുന്നത്. മോദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദേബ പ്രധാനമന്ത്രിയെ സ്വീകരിച്ചു.◼️ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കിരീടം. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. ജോക്കോവിച്ചിന്റെ കരിയറിലെ ആറാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണിത്.◼️യുറുഗ്വായ് സൂപ്പര്‍ താരം ലൂയി സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡില്‍നിന്ന് പടിയിറങ്ങുന്നു. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടില്‍ അവസാന മത്സരം കളിച്ച സുവാരസ് കാണികളോട് നന്ദി പറഞ്ഞാണ് സ്റ്റേഡിയം വിട്ടത്. സുവാരസുമായുള്ള അത്‌ലറ്റിക്കോയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കും.◼️ഗൂഗിള്‍ പേയുടെ മാതൃകയില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഓണ്‍ലൈന്‍ ഇടപാട് സംവിധാനം ഒരുക്കാന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. യോനോ 2.0 എന്ന പേരില്‍ പുതിയ സംവിധാനം ഒരുക്കാനാണ് പദ്ധതി. നിലവില്‍ എസ്ബിഐയുടെ ഇടപാടുകാര്‍ക്ക് മാത്രമാണ് യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കാനാണ് എസ്ബിഐ പദ്ധതിയിടുന്നത്. ഗൂഗിള്‍ പേ പോലെ എല്ലാവര്‍ക്കും ഇടപാടുകള്‍ നടത്താന്‍ കഴിയുന്നവിധത്തിലുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐ.◼️മ്യൂച്വല്‍ഫണ്ടുകള്‍ ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ നേരിട്ടത് 3,900 കോടി രൂപയുടെ നിക്ഷേപനഷ്ടം. ഒക്ടോബര്‍-ഡിസംബറില്‍ 81,915 കോടി രൂപയുടെ നിക്ഷേപനേട്ടം കൊയ്തിരുന്നു. ഇക്വിറ്റിയും ഫിക്‌സഡ് ഇന്‍കവും ഉള്‍പ്പെടുന്ന ഓപ്പണ്‍-എന്‍ഡഡ് ഫണ്ടുകളില്‍ നിന്നാണ് മുഖ്യമായും നിക്ഷേപം കൊഴിയുന്നത്. ഈ വിഭാഗത്തിലേക്ക് ജനുവരിയില്‍ 35,224 കോടി രൂപയും ഫെബ്രുവരിയില്‍ 31,294 കോടി രൂപയും എത്തിയിരുന്നു. മാര്‍ച്ചില്‍ 70,418 കോടി രൂപ കൊഴിഞ്ഞത് വന്‍ തിരിച്ചടിയായി. നാണയപ്പെരുപ്പം, ഇന്ധനവില വര്‍ദ്ധന, സാമ്പത്തികഞെരുക്കം തുടങ്ങിയവയാണ് നിക്ഷേപകരുടെ പിന്മാറ്റത്തിന് വഴിവച്ചത്. ഇക്വിറ്റി ഫണ്ടുകളില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2021-22) മൊത്തം നിക്ഷേപം 1.64 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു. 2020-21ല്‍ 25,966 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.◼️ടൊവിനോയും കീര്‍ത്തി സുരേഷും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് വാശി. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്കു തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂണ്‍ 17 ന് ചിത്രം തീയേറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപിച്ചു കൊണ്ട് മോഷന്‍ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കീര്‍ത്തിയുടെ അച്ഛന്‍ സുരേഷ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാര്‍ ആണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീത സംവിധാനം. മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണം ഒരുക്കുന്നു. ചിത്രത്തില്‍ അഭിഭാഷകരായാണ് കീര്‍ത്തിയും ടൊവിനോയും എത്തുന്നത്.◼️ഭാഷയുടെ അതിര്‍വരമ്പുകളെ ഭേദിച്ചു കൊണ്ടുള്ള 'കെജിഎഫ് 2'ന്റെ കുതിപ്പാണ് ഓരോ ദിവസവും സിനിമാ മേഖലയില്‍ നിന്നും പുറത്തുവരുന്നത്. ഇപ്പോഴിതാ ചിത്രം നേടിയ പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കെജിഎഫിന്റെ നാലാം ആഴ്ചയിലെ ബോക്സോഫീസ് കളക്ഷന്‍ പുറത്തുവരുമ്പോള്‍ ആഗോളതലത്തില്‍ ഇതുവരെ നേടിയിരിക്കുന്നത് 1191.24 കോടി രൂപയാണ്. ഈ ആഴ്ച തന്നെ ചടിത്രം 1200 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.◼️ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അടുത്തിടെയാണ് ഹിലക്‌സ് ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് എംടി ട്രിമ്മിന് 33.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 36.80 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്റെ വില. ഇപ്പോഴിതാ, ടൊയോട്ട ഇപ്പോള്‍ ഹിലക്‌സിന്റെ ഡെലിവറി ആരംഭിച്ചു. ആറ് സ്പീഡ് മാനുവല്‍ യൂണിറ്റ് അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മോഡലിന് കരുത്ത് പകരുന്നത്. ഈ മോട്ടോര്‍ 201 ബിഎച്ച്പിയും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

Previous Post Next Post