സായാഹ്ന വാർത്തകൾ2022 | മെയ് 19 | വ്യാഴം1197 | എടവം 05 | പൂരാടം

◼️പാചകവാതകത്തിനു വീണ്ടും വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് മൂന്നര രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞയാഴ്ച സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.◼️പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപത്തെ വയലില്‍ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.◼️സംസ്ഥാനത്ത് കനത്ത മഴ. വടക്കന്‍ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്നാടു മുതല്‍ മധ്യപ്രദേശിനു മുകളിലൂടെ ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അതിശക്ത മഴ തുടരും.◼️കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉള്‍പ്പെടെ പലയിടങ്ങളിലും വെള്ളം കയറി. എംജി റോഡ്, വളഞ്ഞമ്പലം, പനമ്പിള്ളി നഗര്‍ ഭാഗങ്ങളില്‍ വെള്ളം കയറി. വൈപ്പിന്‍, ഞാറക്കല്‍ അടക്കമുള്ള തീരദേശ മേഖലകളിലും ഉള്‍വഴികള്‍ വെള്ളത്തിലാണ്.◼️ഭൂതത്താന്‍കെട്ട് ഡാം തുറന്നു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്നു കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.◼️സംസ്ഥാനത്ത് ഏഴിടത്ത് ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. തൃശൂര്‍ ജില്ലയില്‍ രണ്ടു സംഘങ്ങളേയും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോ സംഘങ്ങളേയുമാണ് വിന്യസിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.◼️മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകരുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.◼️കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം. തൃക്കാക്കരയിലെ പരാജയഭീതിമൂലമാണു കേസെടുത്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി യു.രാധാകൃഷ്ണന്‍.◼️ചരക്കു സേവന നികുതി വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും തുല്യവും ഏകോപിതവുമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരല്ല. ഉചിതമായ ഉപദേശം നല്‍കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെന്നും സുപ്രീം കോടതി.◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി പ്രോസിക്യൂഷന്‍. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകര്‍ മുംബൈയില്‍ പോയതിനു തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയിയെ അറിയിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് സാവകാശം നീട്ടിക്കൊടുത്തു. തെളിവു ഹാജരാക്കാത്തതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.◼️നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനു നല്‍കിയെന്ന് സര്‍ക്കാര്‍ കോടതിയില്‍. എസ് ശ്രീജിത്തിനെ ചുമതലയില്‍നിന്നു മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എഡിജിപി ശ്രീജിത്തിനെ സ്ഥലം മാറ്റിയതിനെതിരേ സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഈ വിവരം അറിയിച്ചത്.◼️അമ്പതു ലക്ഷം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി 52കാരനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങള്‍ ആണ് അറസ്റ്റിലായത്.◼️കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളേക്കു മാറ്റി. മണിച്ചന്റെ മോചനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് സുപ്രീം കോടതിയില്‍ രഹസ്യരേഖയായി സമര്‍പ്പിച്ചു. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നാലു മാസം സമയം നല്‍കിയിട്ടും ജയില്‍ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കോടതി ആരാഞ്ഞിരുന്നു.◼️കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പളം കൊടുക്കാനാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയെ നില നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്. കൂടുതല്‍ പണം കിട്ടാന്‍ ഇന്ന് തന്നെ അപേക്ഷിക്കും. നാളെ ധനമന്ത്രിയെ കാണുമെന്നും മന്ത്രി അറിയിച്ചു.◼️കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തു സമഗ്ര അഴിച്ചുപണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.◼️നിര്‍മ്മാണത്തിനിടെ കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തുന്ന പരിശോധന ഇന്നും തുടരുന്നു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. നിര്‍മ്മാണത്തില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി സിഇഒ സുനില്‍ കുമാര്‍.◼️മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാര്‍ 500 അടി താഴ്ച്ചയിലേക്കു മറിഞ്ഞ് കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാര്‍ മറിഞ്ഞത്.◼️കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി തൂങ്ങി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശിയായ 42കാരനാണ് മരിച്ചത്.◼️അടിമാലി ചാറ്റുപാറയില്‍ പെട്രോള്‍ബോംബ് എറിഞ്ഞുണ്ടായ ആക്രമണത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ് ആണ് മരിച്ചത്. കഞ്ചാവു വില്‍പ്പന സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതായിരുന്നു.◼️വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി മരക്കടവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ജോസ് കണികുളമാണ് (65) മരിച്ചത്. മുച്ചക്ര വാഹനത്തില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്നയാളാണ്. മകന്‍ ജോബേഷ് (35), ജോബേഷിന്റെ മകള്‍ അനാമിക (9), തോമസ് (68), ജോര്‍ജ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.◼️തിരുവനന്തപുരം വെമ്പായത്ത് വിവാഹവീട്ടിലെ ടെറസില്‍നിന്നു യുവാവ് വീണു മരിച്ചതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. കീഴാമലക്കല്‍ ഷിബുവാണു മരിച്ചത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജാക്കി കൊണ്ടുവന്ന് സുഹൃത്തുക്കള്‍ മുങ്ങിയെന്നാണ് പരാതി.◼️കേന്ദ്ര സര്‍വകലാശാലകള്‍ അടക്കം 42 സര്‍വകലാശാലകളിലേക്കു പിജി പ്രവേശനത്തിനുള്ള പൊതു എന്‍ട്രന്‍സ് പരീക്ഷ ജൂലായ് അവസാന ആഴ്ച്ച നടത്തും. അപേക്ഷ ഫോം ഇന്ന് മുതല്‍ എന്‍ ടി എ വെബ്സൈറ്റില്‍ ലഭ്യമാകും. ഇതാദ്യമായിട്ടാണ് പി ജി പ്രവേശനത്തിന് പൊതുപരീക്ഷ നടത്തുന്നത്.  ◼️ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ ഉപ്പ് പാക്കേജിങ് ഫാക്ടറിയിലെ കൂറ്റന്‍ മതില്‍ ഇടിഞ്ഞുവീണ് 12 പേര്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലെ സാഗര്‍ സാള്‍ട്ട് കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. 30 തൊഴിലാളികളുടെ മേല്‍ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.◼️ജ്ഞാന്‍വാപി മസ്ജിദിലെ സര്‍വ്വെയ്ക്കെതിരായ ഹര്‍ജി സുപ്രീംകോടതി നാളത്തേക്കു മാറ്റി. വാരാണസി കോടതി അതുവരെ തുടര്‍നടപടി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.◼️ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കുമേല്‍ ട്രക്ക് പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ജജ്ജാറില്‍ കുണ്ഡ്‌ലി-മനേസര്‍-പല്‍വാള്‍ എക്‌സ്പ്രസ് വേയിലാണ് അപകടം.◼️ആസാമില്‍ വെള്ളപ്പൊക്കക്കെടുതി രൂക്ഷം. 27 ജില്ലകളിലായി 1089 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഒന്‍പതു പേര്‍ക്കു ജീവഹാനി സംഭവിച്ചതായും അഞ്ചുപേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍. ആറര ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 248 ദുരിതാശ്വാസ ക്യാംപുകളിലായി അമ്പതിനായിരത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു.◼️ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ വധുവിന്റെ സഹോദരിയുടെ മുന്‍കാമുകന്‍ കുടുങ്ങി. വധുവിന്റെ സഹോദരിയെ കൊല്ലാനാണ് ഒന്നിച്ചു താമസിച്ചിരുന്ന കാമുകന്‍ സമ്മാനത്തില്‍ ബോംബ് വച്ചത്. വധുവിന്റെ സഹോദരിക്കാണ് ബോംബ് വച്ച പാവ നല്‍കിയത്.◼️പതഞ്ജലി പ്രമുഖ ഭക്ഷ്യഎണ്ണ ഉല്‍പാദകരായ രുചി സോയ ഏറ്റെടുത്തു. 690 കോടി രൂപയ്ക്കാണ് ബാബ രാംദേവിന്റെ പതഞ്ജലി ബ്രാന്‍ഡ് രുചി സോയ ഏറ്റെടുത്തത്. പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് എന്ന പേരിലാകും ബിസിനസ്.◼️ശ്രീലങ്കയില്‍ പെട്രോള്‍ തീര്‍ന്നു. പുതിയ സ്റ്റോക്ക് വാങ്ങാന്‍ പണമില്ല. ഇന്ധനം വാങ്ങാന്‍ പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ ആരും ക്യൂ നില്‍ക്കേണ്ടെന്നും ലങ്കന്‍ ഭരണകൂടം.◼️യുക്രൈന്‍ സൈന്യത്തിന് പാക് ശതകോടീശ്വരന്‍ മുഹമ്മദ് സഹൂര്‍ രണ്ടു യുദ്ധവിമാനങ്ങള്‍ വാങ്ങിക്കൊടുത്തെന്ന് റിപ്പോര്‍ട്ട്. തന്റെ ഭര്‍ത്താവും മറ്റ് സമ്പന്നരായ സുഹൃത്തുക്കളും യുക്രൈനെ സഹായിച്ചെന്ന് സഹൂറിന്റെ ഭാര്യയും യുക്രേനിയന്‍ ഗായികയുമായ കമാലിയ സഹൂര്‍ ആണു വെളിപ്പെടുത്തിയത്.◼️സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദില്‍ വീശിയ പൊടിക്കാറ്റിനെത്തുടര്‍ന്ന് 1,285 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.◼️ബോക്‌സിങ് രംഗത്തെ മികച്ച താരങ്ങളിലൊരാളായ ജര്‍മനിയുടെ മൂസ യമക് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മ്യൂണിക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ യുഗാന്‍ഡയുടെ ഹംസ വാന്‍ഡേറയെ നേരിടുമ്പോളാണ് യമക് ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണത്.◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയാണ് ഇന്നുയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,040 രൂപയായി. കഴിഞ്ഞ ഒരാഴച്ചയ്ക്കിടയില്‍ രണ്ട് തവണ മാത്രമാണ് സ്വര്‍ണ വില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നത്. ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാന്‍ തുടങ്ങിയത്. മെയ് 12 ന് സ്വര്‍ണവില ഉയര്‍ന്നിരുന്നു. 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണ വില ഇടിയുകയായിരുന്നു. മെയ് 17 നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി എന്നാല്‍ ഇന്നലെ അതിന്റെ ഇരട്ടി കുറഞ്ഞു.◼️ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് 'ജോണ്‍ ലൂതര്‍'. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'ജോണ്‍ ലൂതര്‍' ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടു. 'ഒരു നാളിതാ പുലരുന്നു' എന്ന ഗാനമാണ് പുറത്തുവിട്ടത്,. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നജീം അര്‍ഷാദും നാരായണി ഗോപനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് 27ന് ആണ് ചിത്രം റിലീസ് ചെയ്യുക.◼️ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍. ഇന്ത്യന്‍ ബിഗ് സ്‌ക്രീനിലെ വിസ്മയ വിജയം ബാഹുബലി 2നു ശേഷം രാജമൌലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഇത്. ബാഹുബലി 2നോളം വലിയ വിജയമായില്ലെങ്കിലും കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ സിനിമ നേടുന്ന അഭിമാനാര്‍ഹമായ ബോക്സ് ഓഫീസ് വിജയമാണ് ആര്‍ആര്‍ആര്‍ നേടിയെടുത്തത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്. ചിത്രം യുഎസില്‍ റീ റിലീസിന് ഒരുങ്ങുന്നു എന്നതാണ് ആ വിവരം. റീ റിലീസ് എന്നതിനപ്പുറമുള്ള പ്രത്യേകത ചിത്രത്തിന്റെ ഇതുവരെ വരാത്ത അണ്‍കട്ട് പതിപ്പാണ് അമേരിക്കയില്‍ പുന:പ്രദര്‍ശനത്തിനെത്തുന്നത് എന്നാണ്. 550 കോടി മുതല്‍മുടക്കുള്ള ചിത്രം 1100 കോടി പിന്നിട്ടിട്ടുണ്ട്.◼️ടിവിഎസ് മോട്ടോര്‍ കമ്പനി 2022 ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 98,564 രൂപയാണ് വാഹനത്തിന്റെ ദില്ലി ഓണ്‍-റോഡ് വില. ഫെയിം, സംസ്ഥാന സബ്‌സിഡി ഉള്‍പ്പെടെയാണിത്. ടിവിഎസ് ഐക്യൂബ്, ഐക്യൂബ് ട, ഐക്യൂബ് എസ്ടി എന്നീ മൂന്ന് വേരിയന്റുകളിലായാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. എസ് പതിപ്പിന്റെ ദില്ലി ഓണ്‍-റോഡ്, വില 1,08,690 രൂപയാണ്. (ഫെയിം, സംസ്ഥാന സബ്‌സിഡി ഉള്‍പ്പെടെ). അതേസമയം എസ്ടി പതിപ്പിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Post a Comment

Previous Post Next Post