സായാഹ്ന വാർത്തകൾ*2022 | മെയ് 20 | വെള്ളി | 1197 | ഇടവം 6 | ഉത്രാടം◼️സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കുള്ള അനുമതി കേന്ദ്രധനമന്ത്രാലയത്തില്‍നിന്നു ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുറത്തു വിട്ട സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

◼️നടപ്പാക്കാന്‍ സാധിക്കില്ലെന്ന ബോധ്യത്തോടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാരിനു കഴിയാത്തതിനാല്‍ വികസന വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള തന്ത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതി. ചെന്നിത്തല പറഞ്ഞു.

◼️പാലക്കാട് മുട്ടിക്കുളങ്ങരയില്‍ പന്നിയെ പിടിക്കാന്‍ വച്ച കെണിയില്‍നിന്നു ഷോക്കേറ്റ് രണ്ടു പൊലീസുകാര്‍ മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. പന്നിയെ പിടിക്കാന്‍ വൈദ്യുതക്കെണി വച്ച വര്‍ക്കാട് സ്വദേശി സുരേഷിനെയാണ് അറസ്റ്റു ചെയ്തത്. സുരേഷിന്റെ വീടിന്റെ മതിലിനോട് ചേര്‍ന്നാണ് പന്നിക്കെണിവച്ചത്. രാത്രിയില്‍ കെണിയിലേക്കു വൈദ്യുതി കണക്ഷനും കൊടുത്തു. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. മൃതദേഹങ്ങള്‍ കൈവണ്ടിയിലാക്കി ക്യാമ്പിനു സമീപത്തെ വയലില്‍ കൊണ്ടിട്ടതും സുരേഷാണ്.  മുട്ടിക്കുളങ്ങര സ്വദേശി സജിയേയും പോലീസ് ചോദ്യം ചെയ്തു. രാത്രി ബാഡ്മിന്റണ്‍ കളിച്ച് മടങ്ങുമ്പോഴായിരുന്നു ഇരുവരും വൈദ്യുതികെണിയില്‍ കുടുങ്ങിയത്.

◼️ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. കേന്ദ്ര സര്‍ക്കാരാണ് റദ്ദാക്കിയത്. ഇക്കാര്യം ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും. വിജയ് ബാബു പോകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്കും ഈ സന്ദേശം കൈമാറും.

◼️സ്വര്‍ണക്കടത്തു സംഘത്തിന്റെ ആക്രമണത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ ഗുരുതര പരിക്കുകളോടെ അജ്ഞാതര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ ആണ് മരിച്ചത്. ജിദ്ദയില്‍നിന്ന് ഇക്കഴിഞ്ഞ 15 നാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചവര്‍ മുങ്ങി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മലപ്പുറം സ്വദേശി യഹ്യയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നു കണ്ടെത്തി.

◼️സിബി മാത്യൂസിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹര്‍ജി സുപ്രീം കോടതി ജൂലൈ 15 ലേക്കു മാറ്റി. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ചോദ്യംചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, ആര്‍ ബി ശ്രീകുമാര്‍, എസ് ജയപ്രകാശ് എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

◼️കേരള അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന്  ഏഴര കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. സിബിഐ അന്വേഷിക്കുന്ന കേസാണിത്. നേരത്തെ വിജിലന്‍സ് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്. ബാര്‍ കൗണ്‍സില്‍ അക്കൗണ്ടന്റ് അടക്കം എട്ടു പ്രതികളുണ്ട്.

◼️കണ്ണൂരില്‍ ടാങ്കര്‍ ലോറി ഇടിച്ച് ഏഴു വയസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, മകളുടെ മകന്‍ ആഗ്നേയ് എന്നിവരാണ് മരിച്ചത്. പുതിയ തെരു ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

◼️കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം ഇന്നും നാളേയുമായി വിതരണം ചെയ്യും. മാനേജ്മെന്റ്  50 കോടി രൂപ ഓവര്‍ഡ്രാഫ്റ്റെടുത്താണ് ശമ്പളം നല്‍കുന്നത്. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു.

◼️മഴമൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്നുച്ചയ്ക്കു പൊട്ടിച്ചു തീര്‍ത്തു. രാവിലെ മുതല്‍ മഴ മാറിനിന്നതിനാലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊട്ടിച്ചത്. ഉച്ചയ്ക്കും മഴ ഭീഷണിയുണ്ടായിരുന്നു. തേക്കിന്‍കാട് മൈതാനിയില്‍ പോലീസ്, റവന്യു ഉദ്യോഗസ്ഥരുടെ കാവലോടെയാണ് ഇത്രയും നാള്‍ വെടിക്കെട്ടു സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. വെടിക്കെട്ടിന് പിന്നാലെ തൃശ്ശൂര്‍ നഗരത്തില്‍ മഴ ആരംഭിക്കുകയും ചെയ്തു. 

◼️ജൂലൈ മൂന്നിനു നടത്താനിരുന്ന കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ നാലാം തീയതിയിലേക്കു മാറ്റിവച്ചു.

◼️ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയില്‍ റെയില്‍ പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. പരശുറാം, ജനശതാബ്ദി എന്നിവയും താത്ക്കാലികമായി റദ്ദാക്കി.

◼️പി.സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിനു കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി തിങ്കളാഴ്ച പരിശോധിക്കും. ഉച്ചയ്ക്കു 12 നു പ്രസംഗം കാണാനും കേള്‍ക്കാനും സൗകര്യം ഒരുക്കണമെന്ന് കോടതി പോലീസിനു നിര്‍ദേശം നല്‍കി.  ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

◼️ലോകത്തെ രണ്ടാമത്തെ വലിയ ശിശു വസ്ത്ര നിര്‍മാതാക്കളായ കിറ്റെക്സ് ഗാര്മെന്റ്സിന്റെ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 75 ശതമാനം ഉയര്‍ന്ന് 818 കോടി രൂപ ആയതായി മാനേജിംഗ് ഡയറക്റ്റര്‍ സാബു ജേക്കബ് അറിയിച്ചു.

◼️എറണാകുളം വടുതലയില്‍ റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടില്‍ അസ്ഥികൂടം കണ്ടെത്തി. രാവിലെ കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തിന് രണ്ടു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.

◼️കോഴിക്കോട് നാദാപുരത്തെ വീട്ടമ്മയുടെ മരണത്തിനു കാരണം ഭക്ഷ്യവിഷബാധ. മരിച്ച ചിയ്യൂര്‍ കരിമ്പലം കണ്ടി മൊയ്തുവിന്റ ഭാര്യ സുലൈഹ (42)യ്ക്കു വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ്  സംശയം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

◼️മലപ്പുറം പാണ്ടിക്കാട് ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതി റിമാന്‍ഡില്‍. കാളികാവ് സ്വദേശി കോയ തങ്ങളുടെ സഹായികളെ പിടികൂടാന്‍ അന്വേഷണം പുരോഗമിക്കുന്നു. 50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി കോയ തങ്ങള്‍ പിടിയിലായത്.

◼️കൊല്ലം ചടമംഗലത്ത് മദ്യപിച്ച് അമ്മയോടു ബഹളം വച്ച അനുജനെ സഹോദരന്‍ കുത്തി. കുത്തേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരന്‍ വിപിനകുമാറിനെ അറസ്റ്റ് ചെയ്തു.

◼️സ്ത്രീ ശാക്തീകരണ പദ്ധതികള്‍ അനവധിയുണ്ടെങ്കിലും കേരളത്തില്‍ 29 ശതമാനം സ്ത്രീകള്‍ മാത്രമേ തൊഴിലെടുക്കുന്നുള്ളൂവെന്നു റിപ്പോര്‍ട്ട്. അഞ്ചാമത് ദേശീയ കുടുബാരോഗ്യ സര്‍വേയിലാണ് ഈ വിവരം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ 40 ശതമാനത്തിലേറെ സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ട്.

◼️ബിജെപിയില്‍ ജനങ്ങള്‍ക്കു വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ്പൂരില്‍ നടക്കുന്ന ബിജെപി ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ വിവാദം അനാവശ്യമാണ്. ബിജെപി എല്ലാ ഭാഷകളെയും ഒരുപോലെയാണ് കാണുന്നത്. പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവാണ്. മോദി പറഞ്ഞു.

◼️പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസിന്റെ അന്വേഷണത്തിന് നാലാഴ്ചകൂടി സുപ്രീംകോടതി സമയം അനുവദിച്ചു. അന്വേഷണത്തിനായി സോഫ്റ്റ്വെയര്‍ വികസിപ്പിച്ചു. ഇടക്കാല റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. വിദഗ്ധസമിതി ഇതുവരെ  29 മൊബൈല്‍ ഫോണുകളാണു പരിശോധിച്ചത്.

◼️എയര്‍ ഇന്ത്യ വിമാനം യാത്രമധ്യേ എന്‍ജിന്‍ തകരാറായതുമൂലം തിരിച്ചിറക്കി.  എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ 320 നിയോ വിമാനമാണ് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിന്റെ ഒരു എഞ്ചിന്‍ ആകാശത്തുവച്ച് പ്രവര്‍ത്തനരഹിതമായി. ടേക്ക് ഓഫ് ചെയ്ത് 27 മിനിറ്റിന് ശേഷം വിമാനം തിരികേ ലാന്‍ഡ് ചെയ്യുകയായിരുന്നു. മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ബെംഗളൂരുവിലെത്തിച്ചത്.

◼️കീഴടങ്ങാന്‍ കൂടതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിദ്ദു സുപ്രീംകോടതിയെ സമീപിച്ചത്. മുപ്പത്തിനാലു വര്‍ഷം മുന്‍പ് റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.

◼️ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെന്നൈ നാഥന്‍ സ്ട്രീറ്റ് സ്വദേശി അറുമുഖമാണ് മരിച്ചത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നില്‍. രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി.

◼️വ്യവസായികളായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും കോണ്‍ഗ്രസ് നിരന്തരം അധിക്ഷേപിക്കുകയാണെന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേല്‍. അംബാനിയും അദാനിയും കഠിനാധ്വാനത്തിലൂടെയാണ് മുന്നേറിയത്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നുള്ളവരായതുകൊണ്ടുമാത്രം അവരെ അധിക്ഷേപിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

◼️ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മകളുടേയും വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. പതിനേഴു സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. റെയില്‍വേ മന്ത്രിയായിരിക്കെ ജോലി നല്‍കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ പരിശോധന. 2004 മുതല്‍ 2009 വരെയാണ് ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരുന്നത്.

◼️ടെസ്ല, സ്പേസ് എക്സ് സിഇഒയും ലോകത്തെ ഒന്നാമത്തെ കോടീശ്വരനുമായ ഇലോണ്‍ മസ്‌കിനെതിരെ ലൈംഗിക പീഡന ആരോപണം. 2016 ല്‍ എയര്‍ ഹോസ്റ്റസിനെ മസ്‌ക് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. പുറത്തുപറയാതിരിക്കാന്‍ രണ്ടര ലക്ഷം ഡോളര്‍ മസ്‌ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

◼️പ്രതിരോധ വാക്സീന്‍ ലഭ്യമാക്കിയിട്ടില്ലാത്ത ഉത്തര കൊറിയയില്‍ കൊവിഡ് രോഗത്തെ നേരിടാന്‍ ചുക്കുകാപ്പി. പരമ്പരാഗത ചികിത്സാരീതികള്‍ പ്രയോഗിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. 

◼️മലിനീകരണംമൂലം വര്‍ഷം 90 ലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. 'ദി ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത്'  ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ ഏകദേശം 24 ലക്ഷം പേരും ചൈനയില്‍ ഏകദേശം 22 ലക്ഷം പേരും മലിനീകരണം മൂലം പ്രതിവര്‍ഷം മരിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 320  രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37360 രൂപയായി. ഇന്നലെ 160 രൂപയായിരുന്നു വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4670 രൂപയായി ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 35  രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ വെള്ളിയുടെ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഒരു രൂപ കൂടുകയും ചെയ്തു. ഇതോടെ വെള്ളിയുടെ വിപണി വില 67 രൂപയായി.

◼️റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ആഗോള ജിഡിപിയെ ബാധിക്കുന്നതിനാല്‍, 2022ല്‍ ഇന്ത്യ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ 8.8 ശതമാനം പ്രവചനത്തേക്കാള്‍ കുറവാണിത്. എന്നാല്‍ ഇപ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദവും തൊഴില്‍ വിപണിയുടെ അസമമായ വീണ്ടെടുക്കലും സ്വകാര്യ ഉപഭോഗവും നിക്ഷേപവുമെല്ലാം സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കും. യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പെക്ട്സ് റിപ്പോര്‍ട്ടില്‍ ഉക്രെയ്നിലെ യുദ്ധം പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള ദുര്‍ബലമായ സാമ്പത്തിക വീണ്ടെടുപ്പിന് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടി.

◼️ലോക തരംഗമായ സീരിസ് മണി ഹീസ്റ്റിന്റെ കൊറിയന്‍ പതിപ്പിന്റെ ട്രെയിലര്‍ ഇറങ്ങി. പ്രൊഫസറിന്റെയും സംഘത്തിന്റെയും കൊറിയന്‍ അവതരണമാണ് ഈ സീരിസില്‍ ഉണ്ടാകുക. സീരിസിന്റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് ഇപ്പോള്‍ പുറത്തുവിട്ടു. ഇരു കൊറിയകളും യോജിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയില്‍ വലിയൊരു പണം കൊള്ള പ്ലാന്‍ ചെയ്യുന്ന പ്രഫസറെയും സംഘത്തെയുമാണ് ട്രെയിലറില്‍ കാണിക്കുന്നത്. മണി ഹീസ്റ്റ്: കൊറിയ - ജോയിന്റ് ഇക്കണോമിക് ഏരിയ എന്നാണ് കൊറിയന്‍ മണി ഹീസ്റ്റിന്റെ പേര്. നടനും മോഡലും ചലച്ചിത്ര നിര്‍മ്മാതാവുമായ യൂ ജി-ടേയാണ് പ്രധാന കഥാപാത്രമായ പ്രഫസറെ അവതരിപ്പിക്കുന്നത്.

◼️ശ്യാം ബെനഗല്‍ സംവിധാനം ചെയ്യുന്ന 'മുജീബ്-ദ മേക്കിംഗ് ഓഫ് എ നേഷന്‍' എന്ന ചിത്രത്തിന്റെ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുറത്തിറക്കി. കാനിലെ ഇന്ത്യന്‍ പവലിയനില്‍ ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂറിന്റെയും ബംഗ്ലാദേശിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഹസന്‍ മഹമൂദിന്റെയും സാന്നിധ്യത്തിലാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ശ്യാം ബെനഗല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് 'മുജീബ്-ദ മേക്കിംഗ് ഓഫ് എ നേഷന്‍' ഇന്ത്യയിലും ബംഗ്ലാദേശിലും കോടികള്‍ മുടക്കിയാണ് ഇതിന്റെ ചിത്രീകരണം നടന്നത്.

◼️ഹരീഷ് പേരടി ടൊയോട്ട ഫോര്‍ച്യൂണറിന്റെ ലെജന്‍ഡര്‍ പതിപ്പ് സ്വന്തമാക്കി.  ടൊയോട്ട എസ്യുവി വാങ്ങിയ വിവരം ഹരീഷ് പേരാടി തന്നെയാണ് ആരാധകരെ അറിയിച്ചത്. കാര്‍ സ്വീകരിക്കുന്ന വീഡിയോ പങ്കുവച്ച് ഭാഗ്യം നിറഞ്ഞ ഇതിഹാസക്കാരന്‍ ഇന്ന് വീട്ടിലെ പുതിയ അംഗമായി എത്തി എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ലെജന്‍ഡറിന്റെ 4ഃ4 ഓട്ടമാറ്റിക് പതിപ്പാണ് താരം സ്വന്തമാക്കിയത്. 44.63 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

◼️ലോകമെങ്ങും കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ വിജയത്തിന്റെ കല എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ലാസിക് കൃതി. രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനീസ് സൈന്യാധിപനായിരുന്ന സുന്‍ സു രചിച്ച പ്രാമാണികഗ്രന്ഥം. സംഘര്‍ഷങ്ങളെയും യുദ്ധനിര്‍ബന്ധിതാവസ്ഥകളെയും വിശകലനം ചെയ്ത്, വിവിധ മേഖലകളിലെ സമാന സ്വഭാവമുള്ള സന്ദര്‍ഭങ്ങളെ എങ്ങനെ നേരിട്ട് വിജയം വരിക്കാം എന്നു വിശദമാക്കുന്ന ഗ്രന്ഥം. ആദ്യ മലയാള പരിഭാഷ. 'യുദ്ധകല'. പരിഭാഷ: സുരേഷ് നാരായണന്‍. മാതൃഭൂമി. വില 80 രൂപ.

◼️ബിപി നിയന്ത്രിക്കുന്നതിന് മരുന്നുകളെക്കാള്‍, മെച്ചപ്പെട്ട ജീവിതരീതികളാണ് കൂടുതലും ആവശ്യം.  ഇതില്‍ തന്നെ ഡയറ്റ് അഥവാ നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രധാനം. ചില ഭക്ഷണങ്ങള്‍ ബിപി വര്‍ധിക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. അതുപോലെ ചില ഭക്ഷണങ്ങള്‍ ബിപി നിയന്ത്രിക്കുന്നതിനും സഹായകമായിരിക്കും. ചീര പോലുള്ള ഇലക്കറികള്‍/പച്ചക്കറികള്‍ ബിപി നിയന്ത്രിക്കുന്നതിന് സഹായകമാണ്. ഇവയില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ധാരാളം ആന്റി ഓക്സിഡന്റുകളെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ പൊട്ടാസ്യം ശരീരത്തില്‍ എത്തിയിട്ടുള്ള അധിക സോഡിയത്തെ പുറന്തള്ളുന്നതിന് വൃക്കയെ സഹായിക്കുന്നു. അതുവഴിയാണ് ബിപി നിയന്ത്രിക്കാന്‍ സാധിക്കുന്നത്. സോഡിയം/ഉപ്പ് ബിപി വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്. നേന്ത്രപ്പഴത്തിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതും ബിപി നിയന്ത്രിക്കുന്നതിന് സഹായകമായ ഭക്ഷണമാണ്. ബിപിയുള്ളവര്‍ ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത് ഇക്കാരണം കൊണ്ടാണ്. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബിപി നിയന്ത്രിക്കുന്നതിനും ഇത് കഴിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന 'നൈട്രിക് ഓക്സൈഡ്' ആണ് ഇതിന് സഹായകമാകുന്നത്. രക്തക്കുഴലുകള്‍ നന്നായി തുറന്ന് രക്തയോട്ടം സുഗമമാകുന്നതിന് ഇത് സഹായകമാകുന്നു.  കറികളിലെ ചേരുവയാണെങ്കിലും വെളുത്തുള്ളിയെ ഒരു ഔഷധം എന്ന നിലയ്ക്ക് തന്നെയാണ് ഇന്ത്യന്‍ അടുക്കളകളില്‍ കണക്കാക്കപ്പെടാറ്. ഇതിലടങ്ങിയിരിക്കുന്ന 'നൈട്രിക് ഓക്സൈഡ്'ബിപി നിയന്ത്രിക്കുന്നതിന് സഹായകമാകുന്നുണ്ട്. ഒപ്പം തന്നെ രക്തക്കുഴലുകളും പേശികളുമെല്ലാം 'റിലാക്സ്ഡ്' ആകാന്‍ ഇത് സഹായിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 77.58, പൗണ്ട് - 96.79, യൂറോ - 82.00, സ്വിസ് ഫ്രാങ്ക് - 79.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.75, ബഹറിന്‍ ദിനാര്‍ - 205.72, കുവൈത്ത് ദിനാര്‍ -253.13, ഒമാനി റിയാല്‍ - 201.46, സൗദി റിയാല്‍ - 20.68, യു.എ.ഇ ദിര്‍ഹം - 21.12, ഖത്തര്‍ റിയാല്‍ - 21.30, കനേഡിയന്‍ ഡോളര്‍ - 60.62.

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

Previous Post Next Post