പ്രഭാത വാർത്തകൾ 2022 | മെയ് 26 | വ്യാഴം | 1197 | ഇടവം 12 | രേവതി◼️നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങള്‍ക്കിടെ അതിജീവിത ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാവിലെ പത്തിനാണ് കൂടിക്കാഴ്ച. സര്‍ക്കാരിനെതിരായ പരാതിക്കു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടതു നേതാക്കള്‍ ആരോപിച്ചിരുന്നു. പരാതിയില്‍ വെട്ടിലായ സര്‍ക്കാരാണു കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയത്.

◼️ജമ്മു കാഷ്മീരീലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല ഇടപാടിലൂടെ പണം നല്‍കിയെന്ന കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനു ജീവപരന്ത്യം തടവ്. ഡല്‍ഹി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ല്‍ നടന്ന സംഭവത്തിലാണ് ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവായ യാസിന്‍ മാലിക് പ്രതിയായത്. 2016 ല്‍ സുരക്ഷാസേനയ്ക്കുനേരെ 89 സ്ഥലങ്ങളില്‍ കല്ലേറിഞ്ഞതിനു പിന്നില്‍ മാലിക്കാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

◼️വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ഹൈക്കോടതി ഉത്തരവനുസരിച്ചു ജാമ്യമെടുക്കാന്‍ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയപ്പോഴാണ്  തിരുവനന്തപുരം പോലീസ് അറസ്റ്റു ചെയ്തത്. ജോര്‍ജിനെ ഉടനേ പോലീസ് ക്യാമ്പിലേക്കു മാറ്റി. ഇന്നു തിരുവനന്തപുരത്ത് കോടതിയില്‍ ഹാജരാക്കും.

◼️തായവാനു സമീപം ചൈനയുടെ സൈനികാഭ്യാസം. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിതന്നെയാണ് വിവരം വെളിപ്പെടുത്തിയത്. അമേരിക്കയ്ക്കുള്ള മുന്നറിയിപ്പാണെന്ന സൂചനയും നല്‍കിയിട്ടുണ്ട്. ചൈനയുടെ അധിനിവേശം തടയുമെന്ന് അമേരിക്കയും ഇന്ത്യയും ജപ്പാനും ഉള്‍പെട്ട ക്വാഡ് ഉച്ചകോടി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയതിനു പിറകേയാണു ചൈനയുടെ പ്രകോപനം.

◼️അധ്യയന വര്‍ഷം ആരംഭിക്കുന്ന ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്ര. രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയും വീട്ടില്‍നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യയാത്ര ചെയ്യാവുന്നതാണ്. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്ര.

◼️വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് തിരുവനന്തപുരത്തെത്തി. രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണു സമ്മേളനം. വനിതാ എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ വനിതാ മന്ത്രിമാരും എത്തിയിട്ടുണ്ട്. രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരും ഉണ്ട്. രാജ്ഭവനിലാണു താമസം.

◼️തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അശ്ലീല വീഡിയോ പ്രചാരണമെന്ന പരാതിയുമായി സിപിഎം നേതാക്കള്‍. യുഡിഎഫിനു പരാജയ ഭീതിമൂലം കോണ്‍ഗ്രസുകാരുടെ വാട്സ്ആപുകളില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി. രാജീവും എം. സ്വരാജും കുറ്റപ്പെടുത്തി.

◼️മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജുമായി തിരുവനന്തപുരം ഫോര്‍ട് പൊലീസ് കൊച്ചിയില്‍നിന്നു രാത്രി തിരുവനന്തപുരത്തേക്കു തിരിച്ചു. രാത്രിതന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഇന്നു രാവിലെ ഒമ്പതിനു പരിഗണിക്കാനാണ് കോടതി തീരുമാനിച്ചത്. വെര്‍ടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാന്‍ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോര്‍ജ് ജാമ്യാപേക്ഷയില്‍ പറഞ്ഞത്.

◼️പി.സി. ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ. പി.സി. ജോര്‍ജിന് അഭിവാദ്യം അര്‍പ്പിച്ചു ബിജെപി നേതാക്കളും പ്രവര്‍ത്തകരും ജോര്‍ജിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു പിഡിപി പ്രവര്‍ത്തകരും സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. പിഡിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

◼️പി.സി ജോര്‍ജിനു മുമ്പേ വിദ്വേഷ പ്രസംഗം നടത്തിയ മുജാഹിദ് ബാലുശേരി, ഫസല്‍ ഗഫൂര്‍, ആലപ്പുഴയിലെ കുട്ടി  എന്നിവരെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്‍. കെ സുരേന്ദ്രനു പുറമേ നേതാക്കളായ പി.കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയിരുന്നു

◼️പിസി ജോര്‍ജിന്റെ വെണ്ണല പ്രസംഗത്തിനു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അഭിഭാഷകനു പ്രതിഫലം നല്‍കിയത് വെണ്ണല ശിവക്ഷേത്രം അധികൃതര്‍. ക്ഷേത്രം ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.

◼️പോപുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടി. ഈ കുട്ടിയെ കണ്ടെത്താന്‍ പൊലീസ് സ്ഥലത്തെത്തി. റാലിയില്‍ ഈ കുട്ടി വിളിച്ചുകൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയായിരുന്നു.

◼️അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുന്‍ റെയ്ഞ്ച് ഓഫീസര്‍ ജോജി ജോണിനെ അറസ്റ്റു ചെയ്തു. മൂന്നു ദിവസമായി ചോദ്യം ചെയ്യുകയായിരുന്നു. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ജോജി ഹാജരായത്. അടിമാലി മങ്കുവയിലെ പുറമ്പോക്കു ഭൂമിയില്‍നിന്ന് എട്ടു തേക്കുമരങ്ങള്‍ മുറിച്ചു കടത്തിയെന്ന കേസിലാണ് അറസ്റ്റ്.

◼️അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീലിനെ സ്വര്‍ണ്ണക്കടത്ത് സംഘം മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. പ്രതികള്‍ക്ക് സഹായം നല്‍കിയ വിജീഷ്, മധു, നജ്മുദ്ധീന്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം 12 ആയി. നാലു പേര്‍ കൂടി പിടിയിലാകാനുണ്ട്.

◼️കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന ഒഴുകരയിലെ ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തു. സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടാനായിട്ടില്ല. ചേവായൂര്‍ കീഴ്മനതാഴത്തു വീട്ടില്‍ അരുണ്‍ ദാസ് (28) ബേപ്പൂര്‍ മാളിയേക്കല്‍ പറമ്പില്‍ ഇസ്മായില്‍ (25), മുണ്ടിക്കല്‍താഴം ഇടത്തുപറമ്പില്‍ അപ്പു എന്ന അമല്‍ (22) എന്നിവരാണു പിടിയിലായത്. 17,000 രൂപയും മൊബൈല്‍ ഫോണുകളും ജാക്കറ്റും വിലകൂടിയ സണ്‍ഗ്ലാസുമെല്ലാമാണ് പ്രതികള്‍ കവര്‍ന്നത്. ചേവായൂര്‍ സ്വദേശി ആലുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ റഷീദ് എന്നയാള്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാന്‍ വീട്ടില്‍ അബ്ദുല്‍ ജലീലാണ് സെക്സ് കേന്ദ്രം നടത്തിയിരുന്നത്. ഇയാളെ ഉടനേ പിടികൂടുമെന്നു പോലീസ് പറഞ്ഞു.

◼️നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ദുബായില്‍ കഴിയുന്ന വിജയ് ബാബു ആദ്യം നാട്ടിലെത്തട്ടെയെന്ന് കോടതി പരാര്‍മശിച്ചു.

◼️രാത്രി ഓട്ടോയില്‍ യാത്ര ചെയ്യവേ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പോലീസ് ഇന്‍സ്പെക്ടര്‍ മോശമായി പെരുമാറിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇന്‍സ്പെക്ടര്‍ വി.എസ്. ബിജുവിനെതിരേ നടപടിയെടുക്കാന്‍ മട്ടാഞ്ചേരി എസിപി ശുപാര്‍ശ ചെയ്തു. ഓട്ടോ തടഞ്ഞ ബിജു മോശമായ രീതിയില്‍ ചോദ്യംചെയ്തെന്നും എന്തിനാണു വീട്ടില്‍ പോകുന്നതെന്നു ചോദിച്ചെന്നും അര്‍ച്ചന കവി സാമൂഹ്യമാധ്യമത്തിലൂടെ വിവരിച്ചിരുന്നു.

◼️വിവാഹിതരായി 53 വര്‍ഷം കഴിഞ്ഞ്, ദമ്പതികള്‍ മരിച്ചശേഷം മകന്റെ അപേക്ഷയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നു. പാലക്കാട് ശേഖരിപുരം സ്വദേശി പരേതരായ സി ഭാസ്‌കരന്‍ നായരുടെയും ടി കമലത്തിന്റെയും വിവാഹമാണ് ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ഇങ്ങനെയൊരു രജിസ്ട്രേഷന്‍ രാജ്യത്ത്  അപൂര്‍വമാണ്. മാനസിക വൈകല്യമുള്ള ഏകമകന്‍ ടി ഗോപകുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ്  സൈനികനായിരുന്ന അച്ഛന്റെ കുടുംബപെന്‍ഷന്‍ ലഭ്യമാക്കാന്‍ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

◼️സൈരന്ധ്രിയില്‍ കാണാതായ വാച്ചര്‍ രാജനെ തെരയാനുള്ള അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്. വനത്തിനുള്ളില്‍ രാജനില്ലെന്ന വിശ്വാസമാണ് പൊലീസിനുള്ളത്. വാച്ചര്‍ രാജനെ ഈ മാസം മൂന്നു മുതലാണ് കാണാതായത്.

◼️സ്വകാര്യ ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍ പേ വഴി പണം തട്ടിയ കേസില്‍ രണ്ടു പേരെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പില്‍ മുഹമ്മദ് ശാരിക് (27), വളരാട് സ്വദേശി പീച്ചമണ്ണില്‍ മുഹമ്മദ് ഇര്‍ഫാന്‍ (19) എന്നിവരെയാണ് പിടികൂടിയത്. പാണ്ടിക്കാട് ടൗണിലെഗായത്രി ഹോട്ടല്‍ ഉടമയായ മുരളീധരന്റെ മൊബൈല്‍ ഫോണാണു മുന്‍ തൊഴിലാളിയായിരുന്ന മുഹമ്മദ് ഇര്‍ഫാന്‍ മോഷ്ടിച്ച് 75,000 രൂപ അപഹരിച്ചത്.

◼️വിദ്യാര്‍ഥിനിയോട്  അപമര്യാദയായി പെരുമാറിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. ശ്രീകൃഷ്ണപുരം  ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോക്സോ വകുപ്പില്‍ അറസ്റ്റു ചെയ്തത്.

◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരനെ സ്വര്‍ണ്ണവുമായി പിടികൂടി. ഡല്‍ഹി ആസാദ്പുര്‍ രാമേശ്വര്‍ നഗര്‍ സ്വദേശി ആസാദ് നവനീത് സിംഗാ(28)ണ് കസ്റ്റംസിന്റെ പിടിയിലായത്. 63.56 ലക്ഷം രൂപ വിലവരുന്ന 1.399 കിലോഗ്രാം മിശ്രിത സ്വര്‍ണവുമായാണ് ഇയാളെ പിടികൂടിയത്. ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ ക്യാബിന്‍ ക്രൂ ആണ് ഇയാള്‍.

◼️കായംകുളത്ത് എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍. അന്തര്‍സംസ്ഥാന ബസില്‍ എത്തിയ കായംകുളം കണ്ണംമ്പള്ളി സ്വദേശി ചാലുവടക്കേതില്‍ അനീഷ് (24,), കൊറ്റുകുളങ്ങര തൈപറമ്പില്‍ ആര്യ (19) എന്നിവരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് 70 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിപണിയില്‍ ഇതിന് മൂന്നര ലക്ഷം രൂപ വില വരുമെന്നു പോലീസ് പറഞ്ഞു.

◼️സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കപില്‍ സിബല്‍. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്കു സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. പുതിയ പാര്‍ട്ടി പ്രവേശം തീരുമാനിച്ചില്ലെന്നും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. ഗാന്ധി കുടുംബം നേതൃസ്ഥാനത്തുനിന്നു മാറണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു കപില്‍ സിബല്‍.

◼️രാമേശ്വരത്തിനു സമീപം കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന ആറ് ഒഡീഷക്കാരെ അറസ്റ്റു ചെയ്തു. ചെമ്മീന്‍ കെട്ടില്‍ ജോലി ചെയ്യുന്നവരാണു പ്രതികള്‍.

◼️ആന്ധ്രാപ്രദേശിലെ ജിന്ന ടവറിന്റെ പേരു മാറ്റി എപിജെ അബ്ദുള്‍ കലാം ടവറെന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമരവുമായി ബിജെപി. ഗുണ്ടൂരിലെ ജിന്ന ടവര്‍ സെന്ററിലേക്കു മാര്‍ച്ച് നടത്താന്‍ ശ്രമിച്ച ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉള്‍പ്പെടെ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

◼️ഹരിയാനയില്‍ എട്ടു മുന്‍ നിയമസഭാംഗങ്ങള്‍ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തി. ജൂണ്‍ 19 ന് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ് നീക്കം. ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെയും ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൗധരി ഉദയ്ഭാന്റെയും സാന്നിധ്യത്തിലാണ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

◼️ജമ്മു കശ്മീരില്‍ പ്രമുഖ ടിവി, ടിക് ടോക് താരം അമ്രീന്‍ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 35 വയസായിരുന്നു. സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്തുള്ള ഹിഷ്റൂ പ്രദേശത്തെ വീടിനു പുറത്തു നില്‍ക്കുമ്പോഴായിരുന്നു അമ്രീനെതിരെ ആക്രമണം നടന്നത്.

◼️സ്പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ കംപ്യൂട്ടര്‍ ശ്രംഖലയില്‍ സൈബര്‍ ആക്രമണം. ഇന്നലെ രാത്രിയാണ് വിമാനക്കമ്പനിക്ക് നേരെ റാന്‍സംവെയര്‍ ആക്രമണം ഉണ്ടായത്. കംപ്യൂട്ടറുകള്‍ തകരാറിലായതുമൂലം നിരവധി വിമാനങ്ങള്‍ വൈകുകയും റദ്ദാകുകയും ചെയ്തു.

◼️കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിലെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കമ്പനിയിലെ 64.92 ശതമാനം ഓഹരികള്‍ വേദാന്ത ലിമിറ്റഡിന്റെ കൈയിലാണ്. സര്‍ക്കാരിന് 29.5 ശതമാനം ഓഹരികളേയുള്ളൂ. വേദാന്തയുടെ ആകെ കടബാധ്യത 53,583 കോടി രൂപയാണ്. ഹിന്ദുസ്ഥാന്‍ സിങ്കിന്റെ കടബാധ്യത ആകെ 2,844 കോടി രൂപയാണ്.

◼️ഐപിഎല്ലിലെ രണ്ടാമത്തെ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിലേക്ക്. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 14 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ ജയം. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. 58 പന്തില്‍ നിന്ന് 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നേരത്തെ 54 പന്തുകളില്‍ നിന്ന് 12 ഫോറും ഏഴു സിക്‌സും പറത്തി 112 റണ്‍സോടെ പുറത്താകാതെ നിന്ന രജത് പാട്ടിദാറാണ് റോയല്‍ ചലഞ്ചേഴ്‌സിനെ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 27-ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

◼️കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരിയാക്കി മാറ്റാനാവാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ വില്‍പ്പന ആരംഭിച്ചു. 300 കോടി രൂപയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1000 രൂപയാണ് മുഖവില. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു വലിപ്പം. 225 കോടി മുതല്‍ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് ഇഷ്യു അവതരിപ്പിക്കുന്നത്. കടപ്പത്രങ്ങള്‍ ബിഎസ്ഇയില്‍ ആണ് ലിസ്റ്റ് ചെയ്യുന്നത്. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിനായി ആണ് വിനിയോഗിക്കുക. എഎപ്ലസ് സ്റ്റേബിള്‍ റേറ്റിങ്ങുള്ള കടപ്പത്ര വിതരണം മെയ് 25ന് ആരംഭിച്ച് ജൂണ്‍ 17ന് അവസാനിക്കും.

◼️ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോക്ക് മാര്‍ച്ചിലും കഷ്ടകാലം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റ നഷ്ടം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 134.2 കോടി രൂപയില്‍ നിന്ന് 359.7 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 692.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 75.01 ശതമാനം വര്‍ധിച്ച് 1,211.8 കോടി രൂപയായി. അടുത്ത പാദത്തില്‍ വരുമാന വളര്‍ച്ച ഇരട്ട അക്കത്തിലേക്ക് ത്വരിതപ്പെടുത്തുമെന്നും നഷ്ടം കുറയുമെന്നും കമ്പനി പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 816.4 രൂപയില്‍ നിന്ന് 1222.5 കോടി രൂപയായി. വരുമാനവും 1993.8 കോടിയില്‍ നിന്ന് 4192.4 കോടിയായി ഉയര്‍ന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ 397 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-ലെ അതിന്റെ ശരാശരി ഓര്‍ഡര്‍ മൂല്യം 398 രൂപയായിരുന്നു.

◼️കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി 100 കോടി ബഡ്ജറ്റിലെത്തിയ ധാക്കഡ് എന്ന ചിത്രം. മേയ് 20ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ നേടിയത് വെറും മൂന്ന് കോടി മാത്രമാണ്. കങ്കണയുടെ ചിത്രത്തിനൊപ്പം റിലീസായ ഭൂല്‍ ഭുലയ്യ 2 ന് മികച്ച അഭിപ്രായം ലഭിച്ചതും ധാക്കഡിനെ പ്രതികൂലമായി ബാധിച്ചു. റസ്‌നീഷ് റാസിയാണ് ധാക്കഡ് സംവിധാനം ചെയ്തത്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് ഊ സ്പൈ ത്രില്ലറില്‍ കങ്കണ എത്തുന്നത്. കങ്കണയുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുന്‍പ് റിലീസായ കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.

◼️പുതിയ കഥകളും തിരക്കഥകളും ക്ഷണിച്ച് സംവിധായകനും നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദിന്റെ സ്ഥാപനമായ അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്. തങ്ങളുടെ ആശയങ്ങള്‍ സംവിധായകരും നിര്‍മാതാക്കളുമായി പങ്കിടുവാനും അവ ചലച്ചിത്രമായി കാണാനും ആഗ്രഹിക്കുന്ന കഥാ തിരക്കഥ എഴുത്തുകാര്‍ക്കുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കഥയുടെ ചുരുക്കവും മേല്‍വിലാസവും ഉള്‍പ്പടെ http://[email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാനാണ് നിര്‍ദേശം. തെരഞ്ഞെടുക്കപെടുന്നവര്‍ക്ക് നേരിട്ട് കഥ പറയുവാനുള്ള അവസരം ലഭിക്കും. ജൂണ്‍ 10 ആണ് കഥ അയക്കേണ്ട അവസാന തിയതി.

◼️ബി.എം.ഡബ്ള്യുവിന്റെ പുത്തന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്‌സ് ട്യൂറര്‍ ബൈക്കായ എഫ് 900 എക്‌സ്.ആര്‍ ഇന്ത്യയിലെത്തി. പൂര്‍ണമായും വിദേശത്തു നിര്‍മ്മിച്ച് (സി.ബി.യു - കംപ്ളീറ്റ്‌ലി ബില്‍റ്റ്-അപ്പ് യൂണിറ്റ്) ഇറക്കുമതി ചെയ്യുകയാണ്. ജൂണില്‍ വിതരണം തുടങ്ങും. 105 ബി.എച്ച്.പി കരുത്തുള്ള, 2-ലിറ്റര്‍, 895 സി.സി എന്‍ജിനാണുള്ളത്. ടോപ് സ്പീഡ് 200 കിലോമീറ്റര്‍. 0-100 കിലോമീറ്ററിന് വേണ്ടസമയം വെറും 3.6 സെക്കന്‍ഡ്. ഫീച്ചര്‍ സമ്പന്നമായ ഈ ആകര്‍ഷക ബൈക്കിന് വില 12.30 ലക്ഷം രൂപ.

◼️'കുട്ടികളുടെ ഉപനിഷത്ത്' എന്ന ഈ കൃതിയില്‍ ഉപനിഷത്തുക്കളുടെ ഗൗരവവും പ്രാധാന്യവും നിലനിര്‍ത്തിക്കൊണ്ടു തന്നെ അവയെ ഏതൊരു സാധാരണക്കാരന്റെയും മനസ്സിനുള്ളിലേയ്ക്ക് കടന്നിറങ്ങുന്ന വിധത്തില്‍ അഡ്വ. ഡി സുരേഷ് കുമാര്‍ വിവരിക്കുകയും വിശകലനം ചെയ്യുന്നു. സൈന്ധവ ബുക്സ്. വില 133 രൂപ.

Post a Comment

Previous Post Next Post