സായാഹ്ന വാർത്തകൾ 2022 | മെയ് 26 | വ്യാഴം1197 | ഇടവം 12 | രേവതി◼️ഒപ്പമുണ്ടെന്നു മുഖ്യമന്ത്രി ഉറപ്പു തന്നെന്നും മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും അതിജീവിത. മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ഇടപെടണമെന്നും പറഞ്ഞു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. എന്നാല്‍ താന്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും   ചില ആശങ്കകള്‍ കോടതിയില്‍ ഉന്നയിച്ചതാണെന്നും അതിജീവിത വിശദീകരിച്ചു. സര്‍ക്കാരിനെതിരാണെന്നു പ്രചരിക്കപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.

◼️അതിജീവിത മുഖ്യമന്ത്രിയോട് ഉന്നയിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രി ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയേയും വിളിച്ചു ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ തുടക്കം മുതല്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് ഉന്നതനെതിരേയും നടപടിയെടുുക്കും. അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല. കൈബ്രാഞ്ച് മേധാവിയെ മാറ്റിയതു സ്വാഭാവിക നടപടി മാത്രമാണെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിജീവിത കൂടിക്കാഴ്ചയ്ക്കുശേഷം വിശ്വാസം പ്രകടിപ്പിച്ചതോടെ എല്‍ഡിഎഫ് സര്‍ക്കാരിന് ആശ്വാസം.

◼️നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നു പറഞ്ഞാണ് വിചാരണ കോടതി ജഡ്ജി ആവശ്യം തള്ളിയത്. മേയ് ഒമ്പതിനു പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് അറിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മെയ് 31 ന് വാദം തുടരും.

◼️നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നിലപാടുകളില്‍ സംശയം ഉന്നയിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ ഇല്ലാതാക്കണം. ചില കാര്യങ്ങള്‍ കോടതിയില്‍നിന്നു പുറത്തു പോയി. ജുഡീഷ്യറിയില്‍നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നു ജയരാജന്‍ കുറ്റപ്പെടുത്തി.

◼️നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഇടതു നേതാക്കള്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ഭരണമുന്നണിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

◼️തൃക്കാക്കരയില്‍ പരസ്യപ്രചാരണം തീരാന്‍ നാലു ദിവസം ശേഷിക്കേ വാട്സാപ് ഗ്രൂപ്പുകളിലൂടെ അശ്ലീല വീഡിയോ പ്രചരിക്കുന്നു. അശ്ലീല വീഡിയോക്കെതിരേ ജോ ജോസഫിന്റെ ഭാര്യ രംഗത്തു വന്നു. വ്യാജ വീഡിയോക്കു പിന്നില്‍ തങ്ങളല്ലെന്ന് യുഡിഎഫും ബിജെപിയും പറഞ്ഞു.

◼️സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും. തിരുവനന്തപുരം കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ഒപ്പം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും. 42.90 ലക്ഷം വിദ്യാര്‍ഥികളും 1,80,507 അധ്യാപകരും 24,798 അനധ്യാപകരുമാണു സ്‌കൂളിലെത്തുന്നത്. 4,857 അധ്യാപകരേയും 490 അനധ്യാപകരേയും ഈ സര്‍ക്കാരിന്റെ കാലത്തു പി.എസ്.സി മുഖേന സ്‌കൂളുകളില്‍ നിയമിച്ചെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

◼️മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിനെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷമാണ് ജയിലിലാക്കിത്. വിദ്വേഷ പ്രസംഗം നടത്തുന്നതില്‍ ഗൂഡാലോചനയുണ്ടെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിട്ടുണ്ട്.

◼️പി.സി ജോര്‍ജ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു മുന്‍പ് അറസ്റ്റു ചെയ്യാമെന്ന് പോപ്പുലര്‍ ഫ്രണ്ടിനു മുഖ്യമന്ത്രി ഉറപ്പു കൊടുത്തിരുന്നന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജോര്‍ജിനുമുമ്പ് അറസ്റ്റു ചെയ്യേണ്ട ഒരുപാടു പേര്‍ കേരളത്തിലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◼️വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്നു പോലീസ്. കുട്ടിയെ കണ്ടെത്തിയിട്ടില്ല. വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ കൗമാരക്കാരനായ കുട്ടിക്കു പരിശീലനം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടെന്നും ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചെന്നും ആരോപിച്ചിട്ടുണ്ട്.  

◼️കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സ്‌കൂളുകളില്‍ ഒരു അധ്യാപകനെ ചുമതലപ്പെടുത്തുമെന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളില്‍ ടൈപ്പ് വണ്‍ പ്രമേഹം വര്‍ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ നിവേദന പ്രകാരം ഇന്‍സുലിന്‍ കുത്തിവയ്പ്പിനു സൗകര്യമാകുന്ന രീതിയില്‍ ഒരു ക്ലാസ്‌റൂം സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

◼️പി.സി ജോര്‍ജിന്റെ പരാമര്‍ശം മത വിദ്വേഷം ഉണ്ടാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പി സി ജോര്‍ജ് പറഞ്ഞത്. കേരളം ഇന്ത്യയില്‍ വ്യത്യസ്തമായി നില്‍ക്കുന്ന സംസ്ഥാനം ആണെന്നും കോടിയേരി പറഞ്ഞു.

◼️തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ ഏത്തായി സെന്ററില്‍ ലോറി വൈദ്യുതിപോസ്റ്റിലും സമീപത്തെ ഹോട്ടലിന്റെ മതിലിലും ഇടിച്ചശേഷം കത്തിനശിച്ചു. ഡ്രൈവര്‍ ലോറിയില്‍നിന്നു ചാടി ഇറങ്ങി. പരിക്കേറ്റ ലോറി ഡ്രൈവര്‍ തളിപ്പറമ്പ് സ്വദേശി ചന്ദ്രനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️വാഗമണ്‍ ഓഫ് റോഡ് റെയ്സ് കേസില്‍ നടന്‍ ജോജു ജോര്‍ജ്ജ് ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നല്‍കിയത്.

◼️സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ. വൈകുന്നേരം അഞ്ചിന് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, മകന്‍ പ്രണവ് എന്നിവരുടെ ചിത്രങ്ങള്‍ പരസ്പരം മത്സരിക്കുന്നു. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

◼️ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കടന്നയാളെ പോലീസ് പിടികൂടി. നിരവധി വാഹനങ്ങളുമായി കൂട്ടിയിടിപ്പിച്ച് ഓടിച്ചുകൊണ്ടുപോയ മലപ്പുറം സ്വദേശി ഹരീഷിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്നു പോലീസ്. കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസാണ് മെക്കാനിക്കല്‍ ജീവനക്കാരന്റെ വേഷത്തില്‍ എത്തിയ ഹരീഷ് മോഷ്ടിച്ചത്. നാലു കാറുകളില്‍ അടക്കം ഇടിച്ച ബസ് കലൂരില്‍നിന്നാണു തിരിച്ചുപിടിച്ചത്.

◼️കെ റെയില്‍ നടപ്പാക്കണമെന്ന പിടിവാശി സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മഞ്ഞക്കുറ്റിയാണെങ്കിലും ഡിജിറ്റല്‍ സര്‍വേ ആയാലും ഒരു പോലെയാണ്. ഡിജിറ്റല്‍ സര്‍വേ വന്നതോടെ പ്രതിപക്ഷ സമരത്തിന്റെ കാറ്റുപോയെന്നും ജയരാജന്‍ പരിഹസിച്ചു.

◼️സിനിമാ, സീരിയല്‍ താരം സി. രമാദേവിക്കു  കലാശ്രീ പുരസ്‌കാരം സമ്മാനിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ കലാമണ്ഡലം വാസുദേവനും ഡോ. മനു സി കണ്ണൂരും ചേര്‍ന്നാണു പുരസ്‌കാരം സമ്മാനിച്ചത്.

◼️കോണ്‍ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്നും പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനായി മുന്‍കൈയെടുക്കുമെന്നും കപില്‍ സിബല്‍. സോണിയാ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് പാര്‍ട്ടി വിട്ടത്. സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കപില്‍ സിബല്‍ പറഞ്ഞു.

◼️നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി പോസിറ്റീവ്. ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്ച് ഐ വി സ്ഥിരീകരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

◼️ആപ്പുകള്‍ വഴി ഉപോഭോക്താക്കള്‍ക്ക് വായ്പകള്‍ നല്‍കിയിരുന്ന അഞ്ചു ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളുടെ  രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. ഡിജിറ്റലായി വായ്പാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി, മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തിയതില്‍ ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാലാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.

◼️കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ജാമ്യത്തിലാണ് ഡി.കെ.ശിവകുമാര്‍. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവരെന്നെ തൂക്കിലേറ്റട്ടെ, നിശബ്ദനായിരിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

◼️പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയില്‍. മധുര - തേനി റെയില്‍പ്പാത, താംബരം - ചെങ്കല്‍പ്പേട്ട് സബ് അര്‍ബന്‍ പാത, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച ആയിരത്തിലധികം വീടുകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 31,400 കോടി ചെലവുള്ള 11 പദ്ധതികള്‍ക്കു തറക്കല്ലിടും. നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ചടങ്ങുകള്‍.

◼️ബെംഗളുരുവിലെ സുങ്കടകാട്ടെ ശാന്തിധാമ സ്‌കൂളിന്റെ പടികളിലും പരിസരങ്ങളിലും സമീപത്തെ തെരുവിലെ മതിലുകളിലും ചുവന്ന പെയിന്റ് ഉപയോഗിച്ച് സോറി എന്നെഴുതി വച്ച് അജ്ഞാതര്‍. ആരാണ് ഇത് ചെയ്തതെന്ന്  കണ്ടെത്താനായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◼️പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് കൗണ്‍സിലിന്റെ മേയറായി ദളിത് വനിത. ഇന്ത്യന്‍ വംശജയും യുകെ -യിലെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയുമായ മൊഹീന്ദര്‍ കെ. മിധയാണ് മേയറായത്.

◼️ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡോ. നരീന്ദര്‍ ധ്രുവ് ബത്ര. തെരഞ്ഞെടുപ്പുവരെ ഐഒഎ പ്രസിഡന്റു സ്ഥാനത്തു തുടരും. തെരഞ്ഞെടുപ്പില്‍ ഐഒഎ പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

◼️സ്വകാര്യ ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് ഉയര്‍ത്തിയേക്കും. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ഐഡിയ എന്നീ കമ്പനികള്‍ ദീപാവലിയോടെ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ 10 മുതല്‍ 12 ശതമാനം വരെ വര്‍ധന ടെലികോം നിരക്കുകളിലുണ്ടാകും. കഴിഞ്ഞ നവംബറിലാണ് അവസാനം നിരക്ക് കൂട്ടിയത്. 25 ശതമാനത്തോളം വര്‍ധന വരുത്തിയിരുന്നു. വില ഉയര്‍ത്തുന്നതോടെ എയര്‍ടെലിന് ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആര്‍പിയു) 200 രൂപയാകും. ജിയോയ്ക്ക് 185 രൂപയും വോഡഫോണ്‍ഐഡിയയ്ക്ക് (വിഐ) 135 രൂപയുമായും വര്‍ധിക്കും. ഇക്കൊല്ലം മൊബൈല്‍ സേവന നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് വോഡഫോണ്‍ഐഡിയ (വിഐ) എംഡിയും എയര്‍ടെല്‍ സിഇഒയും അടുത്തയിടയ്ക്ക് സൂചന നല്‍കിയിരുന്നു.

◼️ഡാറ്റാ സെന്ററുകളുടെ വിപുലീകരണം സാധ്യമാക്കാന്‍ 1.2 ലക്ഷം കോടി രൂപ വരെ അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലേക്ക് നിക്ഷേപമായി എത്തുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. രാജ്യത്തെ ഡാറ്റാ സെന്റര്‍ മേഖലയിലേക്ക് വിദേശത്ത് നിന്നുള്ള നിക്ഷേപം ഒഴുകുന്നതോടെ ആമസോണ്‍ ഉള്‍പ്പടെയുള്ള ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സര്‍വീസ് വിപുലീകരിക്കുവാന്‍ അവസരം ഒരുങ്ങുകയാണ്. മേഖലയിലെ മുന്‍നിര കമ്പനികളായ ആമസോണ്‍ വെബ് സര്‍വീസസ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഐബിഎം, ഉബര്‍, ഡ്രോപ്ബോക്സ് എന്നീ കമ്പനികളൊക്കെ തേര്‍ഡ് പാര്‍ട്ടി ഡാറ്റാ സെന്ററുകളെയാണ് അവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് (സ്റ്റോറേജ്) കരാര്‍ നല്‍കുന്നത്. ഡാറ്റാ സെന്റര്‍ ബിസിനസ് രംഗം 2024നകം 19 ശതമാനം അധിക വരുമാനം നേടാനുള്ള സാധ്യതയുണ്ടെന്നും ഐസിആര്‍എ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.

◼️നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ടി'ന്റെ ട്രെയിലര്‍ പുറത്ത്. ഏറെ രസകരമായ രീതിയിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ടൊവിനൊ തോമസ് നായകനാകുന്ന ചിത്രം  ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പല കാലഘട്ടില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

◼️കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത. ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. 'പോര്‍കണ്ട സിംഗം' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തില്‍ വിഷ്ണു എടവന്റെ വരികള്‍ എഴുതി രവി ജി പാടിയിരിക്കുന്നു. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

◼️ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ഇന്ത്യയിലെ ഏറ്റവും പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനായുള്ള ബുക്കിംഗ് ആരംഭിച്ചു. വാഹനത്തിന്റെ വില 164.29 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ ആരംഭിക്കുന്നു. 221 കി.വാട്ട് കരുത്തും 650 എന്‍എം ടോര്‍ക്കും നല്‍കുന്ന ആറ് സിലിണ്ടര്‍ 48 വി മൈല്‍ഡ്-ഹൈബ്രിഡ് ഇന്‍ജീനിയം ഡീസല്‍ എഞ്ചിനിലാണ് പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ലഭ്യമാകുന്നത്. ഡൈനാമിക് എസ്ഇ, ഡൈനാമിക് എച്ച്എസ്ഇ, ഓട്ടോബയോഗ്രഫി സ്പെസിഫിക്കേഷനുകളില്‍ ഇത് ലഭ്യമാണ്, പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത സ്പെസിഫിക്കേഷന്‍ ഫീച്ചര്‍ ചെയ്യുന്ന ആദ്യ പതിപ്പ്   വര്‍ഷത്തിലുടനീളം ലഭ്യമാകും.
ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

Previous Post Next Post