പ്രഭാത വാർത്തകൾ 2022 | മെയ് 30 | തിങ്കൾ | 1197 | ഇടവം 16 | കാർത്തിക◼️മോദി ഭരണത്തിന് ഇന്ന് 8 വയസ് തികയും. വരുന്ന രണ്ടാഴ്ച രാജ്യത്തിന്റെ മുക്കിലും മൂലയിലും മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ ശ്രമം. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിലും മോദിതന്നെ നായകനെന്ന സന്ദേശമാണ് ആഘോഷ പരിപാടികളിലൂടെ ബിജെപി നല്‍കുന്നത്.◼️ഒരുമാസത്തോളം നീണ്ട തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശക്കൊടുമുടിയിലേറിയ കലാശക്കൊട്ട് . മൂന്ന് മുന്നണികളുടെയും നൂറു കണക്കിന് പ്രവര്‍ത്തകര്‍ ഇരച്ചെത്തിയ പ്രകടനങ്ങളോടെ പാലാരിവട്ടം ജംക്ഷനില്‍ പ്രചാരണത്തിന് സമാപനം. ഇന്ന് നിശബ്ദ പ്രചാരണം. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ അട്ടിമറി ജയം നേടുമെന്ന് എല്‍ഡിഎഫും ഭൂരിപക്ഷം ഉയര്‍ത്തുമെന്ന് യുഡിഎഫും അവകാശപ്പെട്ടു. ഇരു മുന്നണികളെയും ഞെട്ടിക്കുന്ന ജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. നാളെയാണ് വോട്ടെടുപ്പ്.◼️സംസ്ഥാനത്ത് കാലവര്‍ഷം സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നടക്കം നാലുനാള്‍ മഴ കനത്തേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂണ്‍ രണ്ടാം തിയതി വരെയാണ് ശക്തമായ മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.◼️വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിടനശീകരണവും അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.◼️ലഡാക്കില്‍ സൈനികവാഹനം അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി. അങ്ങാടി മുഹയദീന്‍ ജുമാഅത്ത് പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ടെറിട്ടോറിയല്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്റ് ഷൈജലിന് രാജ്യത്തിന്റെ ആദരം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വി അബ്ദു റഹ്‌മാന്‍ ചെട്ടിപ്പടിയിലെ വീട്ടിലെത്തി ആദരം അര്‍പ്പിച്ചു.◼️പരാജയ ഭീതിയില്‍ തൃക്കാക്കരയില്‍ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാലങ്ങളായി നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ഈ ധാരണ തൃക്കാക്കരയിലും തുടരാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.◼️പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി സി ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും വര്‍ഗീയവിഷം തുപ്പിയാല്‍ ഇനിയും അകത്തു കിടക്കേണ്ടി വരുമെന്നും വി ശിവന്‍കുട്ടി. അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോര്‍ജില്‍ നിന്നുണ്ടാകുന്നതെന്നും ശിവന്‍കുട്ടി പരിഹസിച്ചു.◼️ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരായ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെ പ്രസ്താവന വ്യക്തിപരമെന്ന് ഓര്‍ത്തഡോക്സ് സഭ. മാര്‍ മിലിത്തോസ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് വിശദീകരണം. പി സി ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നായിരുന്നു ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസ് പറഞ്ഞത്.◼️ആലപ്പുഴ റാലിയിലെ വിവാദ മുദ്യാവാക്യം വിളിയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാവായ യഹിയ തങ്ങളെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതികരണവുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്. പൊലീസ് നീക്കം അപകടകരമാണ്. ആര്‍എസ്എസിനെ പ്രീണിപ്പിക്കലല്ല പൊലീസിന്റെ പണി. ആര്‍എസ്എസിനെതിരായ മുദ്രാവാക്യത്തെ മത വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് വേട്ടയാണെന്നും സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.◼️എയ്ഡഡ് സ്‌കൂള്‍ നിമയനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന ആവശ്യത്തെ എതിര്‍ത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് എസ്എന്‍ഡിപ്പിക്കെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ച് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.◼️രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുക.◼️അറ്റുപോയ വിരലുകളുമായി അസം സ്വദേശികളുടെ മകള്‍ക്ക് ശസ്ത്രക്രിയക്കായി കാത്തിരിക്കേണ്ടി വന്നത് മുപ്പത് മണിക്കൂര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയ നടന്നില്ല. പിന്നീട് വാര്‍ഡ് കൗണ്‍സിലറും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ഇടപെട്ടതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയ നടന്നത്. സംഭവിച്ചത് ഗുരുതരമായ തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.◼️കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പരിയാരത്തെ ലോട്ടറി ഏജന്റിന്. നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ലോട്ടറി ഏജന്റായ നെരേപ്പറമ്പന്‍ ചാക്കുണ്ണിയെ തേടി എത്തിയത്. വില്‍ക്കാതെ മാറ്റിവെച്ചിരുന്ന ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം അടിച്ചത്.◼️ഇരട്ടപ്പാതയായി വികസിപ്പിച്ച ഏറ്റുമാനൂര്‍ - ചിങ്ങവനം റെയില്‍ പാതയിലൂടെ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഈ തീവണ്ടികളെല്ലാം ഇന്നലെ അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് പുനരാരംഭിച്ചു.◼️മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് ആണ് മരിച്ചത്. കൂടെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചട്ടിപ്പറമ്പില്‍ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാന്‍ പോയപ്പോഴാണ് ഉന്നം തെറ്റി വെടിയേറ്റത്. കൂടെയുണ്ടായിരുന്നവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.◼️വീട്ടിലെ വളര്‍ത്തു നായയില്‍ നിന്നും പേവിഷബാധയേറ്റ് ഒന്‍പതു വയസുകാരന്‍ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസലാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് ഫൈസലിന് പോറലേറ്റിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോകുകയോ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്തിരുന്നില്ല. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.◼️പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോളായിരുന്നു ആക്രമണം. മൂസേവാലയ്ക്കുള്ള സുരക്ഷ ആം ആദ്മി സര്‍ക്കാര്‍ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. 30 റൗണ്ടാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു സിദ്ദു മൂസേവാല. ◼️സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി. ലോകത്ത് ആരും സുരക്ഷ പിന്‍വലിച്ചവരുടെ ലിസ്റ്റ് പുറത്തു വിടാറില്ലെന്നും സിദ്ദു മൂസേവാലയുടെ കാര്യത്തില്‍ കൊലപാതകം ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും ബിജെപി നേതാവ് സമ്പിത് പത്ര കുറ്റപ്പെടുത്തി. .◼️സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആം ആദ്മി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് .സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും ജനങ്ങള്‍ ശാന്തരാകണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.◼️സിദ്ദു മൂസേവാലയുടെ കൊലപാതകം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സ്ഥീരീകരിച്ച് പഞ്ചാബ് പൊലീസ്. പിന്നില്‍ ലോറന്‍സ് ബിഷ്ണോയി സംഘമെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സംഘത്തില്‍ അംഗമായ കാനഡയില്‍ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് പൊലീസ് അറിയിച്ചു. ആക്രമികള്‍ സഞ്ചരിച്ച ദില്ലി രജിസ്ട്രേഷന്‍ കാറ് ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ പൊലീസ് കണ്ടെത്തി. ◼️ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.◼️കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എച്ച് എന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വച്ചതെന്നാണ് വിശദീകരണം. ശനിയാഴ്ച വൈകിട്ടാണ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡികെ ശിവകുമാറിന് രാജിക്കത്ത് കൈമാറിയത്.◼️ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശമായ കഠ്വയ്ക്കു സമീപം ആയുധങ്ങളുമായി എത്തിയ ഡ്രോണ്‍ പൊലീസ് വെടിവെച്ചിട്ടു. അതിര്‍ത്തി പ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പൊലീസ് വെടിവെച്ചിടുകയായിരുന്നു. ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്. ലക്ഷ്യം അമര്‍നാഥ് യാത്രയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.◼️നേപ്പാളില്‍ കാണാതായ താര എയര്‍ വിമാനം തകര്‍ന്ന് വീണതായി സൈന്യം. നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്ന താര എയറിന്റെ വിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ ജീവനക്കാരടക്കം 22 പേരുണ്ടായിരുന്നു. യാത്രക്കാരില്‍ നാല് പേര്‍ ഇന്ത്യക്കാരും, രണ്ട് പേര്‍ ജര്‍മ്മന്‍ സ്വദേശികളും, 16 പേര്‍ നേപ്പാളികളുമായിരുന്നു.◼️ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. ബെംഗളൂരുവിലെ യുഐഡിഎ മേഖലകേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖലകേന്ദ്രം നിര്‍ദ്ദേശം നല്‍കിയതെന്നും എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി. ആധാര്‍ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.◼️കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ''പി.എം. കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്റെ'' ഭാഗമായി കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും. പ്രധാനമന്തി കുട്ടികള്‍ക്ക് പദ്ധതികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് വിതരണം ചെയ്യും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഗവണ്‍മെന്റിന്റെ കരുതലാണ് ഈ പദ്ധതി. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും മറ്റും നല്‍കി സൗജന്യ പഠനസൗകര്യം ഒരുക്കുക എന്നത് പദ്ധതിയുടെ ഏറ്റവും സുപ്രധാനമായ ലക്ഷ്യമാണ്.◼️ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് ആന്റണി പൂലയെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാളായി തിരഞ്ഞെടുത്തു. ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് പൂല ആന്റണി. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ പൂല ആന്റണി 2021 ലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്.◼️ജൂണ്‍ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. കേരളത്തില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കിയ സുരേഷ് ഗോപിയുടേയോ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റേയോ പേര് ഇന്നലെ വന്ന സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇല്ല. കര്‍ണാടകയില്‍ നിന്നും ധനമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്രയില്‍ നിന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വീണ്ടും മത്സരിക്കും.◼️വിമതരെ വെട്ടി കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മ്മക്കും സീറ്റില്ല. എന്നാല്‍ മറ്റൊരു നേതാവായ മുകുള്‍ വാസ്നിക്കിന് രാജസ്ഥാനില്‍ നിന്ന് സീറ്റ് നല്‍കിയിട്ടുണ്ട്. പി ചിദംബരം തമിഴ്നാട്ടില്‍ നിന്നും, ജയ്റാം രമേശ് കര്‍ണ്ണാടകത്തില്‍ നിന്നും രാജ്യസഭയിലെത്തും. രണ്‍ദീപ് സിംഗ് സുര്‍ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തര്‍ക്കും നേതൃത്വം സീറ്റ് നല്‍കിയിട്ടുണ്ട്. അജയ് മാക്കന്‍, രണ്‍ജീത് രഞ്ജന്‍, വിവേക് തന്‍ഖാ, ഇമ്രാന്‍ പ്രതാപ്ഗഡി എന്നിവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.◼️തെക്കന്‍ നൈജീരിയയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ ചാരിറ്റി പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 31 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദരിദ്രരെ സഹായിക്കാനായി റിവേഴ്‌സ് സ്റ്റേറ്റിലെ കിംഗ്‌സ് അസംബ്ലി പെന്തക്കോസ്ത് ചര്‍ച്ച് സംഘടിപ്പിച്ച ''ഷോപ്പ് ഫോര്‍ ഫ്രീ'' പരിപാടിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും നിരവധി കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.  ◼️അമേരിക്കയില്‍ വീണ്ടും വെടിവയ്പ്; കാലിഫോര്‍ണിയയിലെ പള്ളിയിലെ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു, അക്രമിയെ പിടികൂടിയതായി പൊലീസ്.◼️15-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്. ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. മൂന്ന് വിക്കറ്റെടുക്കുകയും 34 റണ്‍സ് നേടുകയും ചെയ്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക പ്രകടനം ഗുജറാത്തിന് കിരീടം നേടാന്‍ തുണയായി.◼️ഐപിഎല്‍ കിരീടം നഷ്ടമായെങ്കിലും ഓറഞ്ച് - പര്‍പ്പിള്‍ ക്യാപ്പുകള്‍ നേടി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍. 17 ഇന്നിംഗ്സില്‍ നിന്ന് 863 റണ്‍സ് നേടി ഈ സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ലഭിച്ചത് രാജസ്ഥാന്റെ ജോസ് ബട്ലര്‍ക്കാണ്. 17 ഇന്നിംഗ്സില്‍ നിന്ന് 27 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്റെ തന്നെ യൂസ്വേന്ദ്ര ചാഹലാണ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്.◼️ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ്. ഈ വര്‍ഷത്തെ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനത്തില്‍ 30 ദശലക്ഷം യൂണിറ്റ് കുറയ്ക്കാന്‍ സാംസങ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ, 2022ല്‍ സാംസങ് 310 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 280 ദശലക്ഷം യൂണിറ്റായി കുറയ്ക്കാനാണ് തീരുമാനം. 2017-ന് ശേഷം ഇതുവരെ തങ്ങളുടെ ഇന്ത്യയിലെ ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കാന്‍ സാംസങ്ങിന് സാധിച്ചിട്ടില്ല. അതേസമയം, മറ്റ് കമ്പനികളും സമാനമായ നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആപ്പിള്‍ 2022-ലും സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചേക്കും. ഐഫോണ്‍ എസ്ഇയുടെ ഉല്‍പ്പാദനം കമ്പനി 20 ശതമാനം വെട്ടിക്കുറയ്ച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.◼️കണ്‍വെര്‍ട്ടിബിള്‍ വാറന്റുകളുടെ പൊതു വിതരണത്തിലൂടെ 54 ദശലക്ഷം ഡോളര്‍ (405 കോടി രൂപ) സമാഹരിക്കാനൊരുങ്ങി ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ (ഇഐഎംഎല്‍). മീഡിയ, എന്റര്‍ടൈന്‍മെന്റ് സ്ഥാപനമായ ഇറോസ് മീഡിയ വേള്‍ഡിന്റെ അനുബന്ധ സ്ഥാപനമാണിത്. 54 മില്യണ്‍ ഡോളര്‍ വരെ ഓഹരി മൂലധനം സമാഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് അടുത്തിടെ ഇഐഎംഎല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. കമ്പനിയുടെ നിലവിലുള്ള ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.◼️ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ജോജിക്കു ശേഷം ശ്യാമിന്റെ തിരക്കഥയില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ചിത്രമാണിത്. ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.◼️ശ്രീനാഥ് ഭാസി നയകനായി അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പിയുടെ ടീസര്‍ റിലീസ് ചെയ്തു. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്റെ സംവിധാന അരങ്ങേറ്റമാണ് ഈ സിനിമ. ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഡോണ്‍ പാലത്തറയുടേതാണ് ചിത്രത്തിന്റെ കഥ. 1995 കാലത്തെ കഥയാണ് ചിത്രം പറയുന്നത്.◼️എംസി 20 യുടെ സ്പൈഡര്‍ പതിപ്പായ പുതിയ മസെരാട്ടി എംസി 20 സീലോ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മസെരാട്ടി ഇന്നൊവേഷന്‍ ലാബില്‍ വികസിപ്പിച്ചെടുത്ത സിയോലോ, വിയാലെ സിറോ മെനോട്ടിയിലെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. പുതിയ എംസി 20 സിയാലോ മസെരാട്ടി ആസൂത്രണം ചെയ്ത മൂന്ന് വാഹനങ്ങളുടെ രണ്ടാമത്തെ വേരിയന്റാണ്. മൂന്നാമത്തേത് ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്ത ഒരു ഇലക്ട്രിക് വേരിയന്റാണ്. രണ്ട് സീറ്റുള്ള കണ്‍വെര്‍ട്ടിബിളിന്റെ ചേസിസ് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ഒരു കര്‍ക്കശമായ പ്ലാറ്റ്ഫോം നല്‍കുന്നു.◼️കുറച്ച് സത്യം കുറച്ച് മിഥ്യ അവയെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കുറച്ച് ഭാവനാശക്തി. അപ്പോഴേ വായനക്കാരന് സാഹിത്യത്തിന്റെ യഥാര്‍ത്ഥ രസം നുകരാനാവൂ. അങ്ങനെ കഥയ്ക്കു വേണ്ട സര്‍വ്വഗുണങ്ങളും നല്ല അനുപാതത്തില്‍ കലര്‍ന്നിരിക്കുന്ന ഒരു കഥാസമാഹാരമാണ് പി.ബി.വിനോദ് ചെറിയനാടിന്റെ 'കാളിയാട്ടം'. പന്ത്രണ്ട് കഥകളും വ്യത്യസ്ത ഇടങ്ങളെയും ജീവിത പരിസരങ്ങളെയുമാണ് വരച്ചു കാട്ടുന്നത്. ഗ്രീന്‍ ബുക്സ്. വില 140 രൂപ.◼️വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിടനശീകരണവും അനിവാര്യം. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം.കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. വെസ്റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

Post a Comment

Previous Post Next Post