സായാഹ്ന വാർത്തകൾ 2022 | മെയ് 30 | തിങ്കൾ | 1197 | ഇടവം 16 | കാർത്തിക

◼️കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള 'പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍' പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാസം നാലായിരം രൂപ, സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ്, അഞ്ചു ലക്ഷംരൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.◼️2021-ലെ യു.പി.എസ്.സി. സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകള്‍ വനിതകള്‍ നേടി. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍, ഗമിനി സിംഗ്ല എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ആദ്യ പത്തു റാങ്കുകളില്‍ മലയാളികളില്ല. 21-ാം റാങ്ക് നേടിയ ദിലീപ് പി. കൈനിക്കരയാണ് മലയാളികളില്‍ ഒന്നാമതെത്തിയത്.◼️നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുകയാണ്. വോട്ടര്‍പ്പട്ടികാ ക്രമക്കേട്, കള്ളവോട്ടിന് സാധ്യത തുടങ്ങിയ ആരോപണങ്ങള്‍ യുഡിഎഫ് ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കള്ളവോട്ട് തടയാന്‍ ശക്തമായ നടപടികളാണ് ജില്ലാഭരണകൂടം സ്വീകരിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി നിര്‍ദേശങ്ങള്‍ നല്‍കിയതായും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് വിശദീകരിച്ചു.◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിശബ്ദ പ്രചാരണം മണ്ഡലത്തില്‍ പുരോഗമിക്കുമ്പോള്‍ നേതാക്കള്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്ന് ഇ പി ജയരാജന്‍.◼️തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ വിജയം അവകാശപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും. പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമയ്ക്കു കിട്ടുമെന്നാണ് യുഡിഎഫ് കണക്ക്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സിപിഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്.◼️വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറെന്ന് കാട്ടി പി സി ജോര്‍ജ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് വരാന്‍ വൈകിയതെന്നും സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചാല്‍ ഉപകാരമാകുമെന്നും പൊലീസിന് നല്‍കിയ കത്തില്‍ പി സി ജോര്‍ജ്.◼️പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങള്‍ക്കെതിരെ പുതിയ കേസ്. ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചതിന്റെ പേരില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് സ്വമേധയാ കേസ് എടുത്തത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം.◼️എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പിഎസ്സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് എകെ ബാലന്‍ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സ്‌കൂളുകളില്‍ പിടിഎ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യതയുള്ളവരെ എംപ്ലോയ്മെന്റുകള്‍ വഴി നിയമിക്കുമ്പോള്‍ പിടി എ നിയമിച്ച വരെ ഒഴിവാക്കുമെന്നും ശിവന്‍ കുട്ടി വിശദീകരിച്ചു.◼️സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ജൂണ്‍13 മുതലാണ് പരീക്ഷകള്‍ തുടങ്ങുന്നത്. പത്ത് മാസം കൊണ്ട് തീര്‍ക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീര്‍ത്താണ് അതിവേഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കൊവിഡ് കാരണ പഠനം പാതിവഴിയിലായെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ക്കുണ്ട്. അതേസമയം വിദ്യാര്‍ഥികളുടേത് അനാവശ്യ സമരമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ആറു മാസം മുന്നേ പ്രഖ്യാപിച്ച പരീക്ഷയാണിതെന്നും വി. ശിവന്‍ കുട്ടി പ്രതികരിച്ചു.◼️നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് നല്‍കില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും. ഈ മാസം 31 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതി നല്‍കിയിരുന്ന നിര്‍ദേശം.◼️സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുന്ന മലയാളി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പങ്കാളികളെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രത്യേക പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. ഇവരുടെ സൗകര്യവും താല്‍പര്യവും പരിഗണിച്ച് വേണം സ്ഥലം മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാനെന്നും കത്തില്‍ പറയുന്നു. പ്രായം ചെന്ന മാതാപിതാക്കളുടെ സംരക്ഷണത്തിലടക്കം ഉദ്യോഗസ്ഥര്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിവേദനം നല്‍കിയതെന്ന് കേരള ഐഎഎസ് അസോസിയേഷന്‍ സെക്രട്ടറി എം.ജി രാജമാണിക്യം വ്യക്തമാക്കുന്നു.◼️ഗുരുവായൂരിലെ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ പ്രതി പിടിയില്‍. മൂന്ന് കിലോ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഇയാള്‍ നിരവധി മോഷണ കേസുകളിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു.◼️താമരശേരി ചുരത്തില്‍ വെച്ച് ഒരു സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ തിരിച്ചെത്തിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് ശനിയാഴ്ച അര്‍ദ്ധരാത്രി ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നെത്തിയ യാസിര്‍ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു. കാറ് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോകുന്നതിന് ദൃക്സാക്ഷിയായ ലോറി ഡ്രൈവര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന.◼️ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല. യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.◼️കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശന്‍, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. നറുക്കെടുപ്പ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും ടിക്കറ്റിന് ആരും അവകാശം ഉന്നയിച്ചിരുന്നില്ല. സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അറിഞ്ഞിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ടിക്കറ്റുമായി എത്താന്‍ വൈകിയതെന്നും പ്രദീപും രമേശനും വ്യക്തമാക്കി.◼️ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ 15 കാരി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ വൈകിട്ട് സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്നലെ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ പിടികൂടി . പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.◼️കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ കുറ്റവാളിയായി കണ്ടെത്തി ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചനത്തിന് വഴിയൊരുക്കുന്ന ഫയല്‍ തിരിച്ചയച്ചത് ചില സംശയങ്ങളുള്ളതിനാലാണെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദീര്‍ഘ കാലമായി ജയിലില്‍ കഴിയുന്നവരുടെ അവകാശങ്ങളെ കുറിച്ച് തനിക്ക് ബോധ്യമുണ്ട്. ഫയലില്‍ വ്യക്തത വന്നാല്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു◼️എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി എം ആര്‍ഷോയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍ഷോ പിടികിട്ടാപുള്ളിയാണെന്ന് കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്ഐ സമ്മേളത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് ഡിജിപിക്ക് പരാതി നല്‍കിയത്.◼️ഗവിയിലെ വനംവകുപ്പ് ഓഫീസില്‍ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി എടുത്തെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മനോജ് ടി. മാത്യുവിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തെന്നും മന്ത്രി പറഞ്ഞു. ◼️ഏറെ വിവാദം സൃഷ്ടിച്ച ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. രണ്ടു കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് നിയമോപദേശം. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗംഗേശാനന്ദക്കെതിരെ കുറ്റപത്രം നല്‍കും. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിക്കും സുഹ്യത്ത് അയ്യപ്പദാസിനുമെതിരെയും കുറ്റപത്രം നല്‍കും.◼️രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധവുമായി നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ. കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് നഗ്മ പറഞ്ഞു. . രാജ്യസഭ സീറ്റ് കിട്ടാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു.◼️ബാങ്കുകളില്‍ 20 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും പാന്‍, ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോഴും ഇനി മുതല്‍ പാന്‍, ആധാര്‍ നമ്പര്‍ നമ്പര്‍ നിര്‍ബന്ധമായി നല്‍കണം.◼️2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും ഉത്തര്‍പ്രദേശില്‍ 75 സീറ്റെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യിത്യനാഥ്. ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയശേഷം നടന്ന ബിജെപിയുടെ എക്സികൂട്ടിവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.◼️പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്. സിദ്ദു മൂസേവാലയുടെ സുരക്ഷ പിന്‍വലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.◼️പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ ആറുപേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു . മൂസേവാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചു. കുടുംബം ആവശ്യപ്പെടുന്ന എന്‍ഐഎ, സിബിഐ അന്വേഷണം ആവശ്യമെങ്കില്‍ അതിനും തയ്യാറാണെന്നാണ് ആംആദ്മി സര്‍ക്കാര്‍ അറിയിക്കുന്നത്.◼️നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരായ 22 പേരും മരിച്ചതായി റിപ്പോര്‍ട്ട്. തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെ തിരിച്ചറിഞ്ഞെങ്കിലും തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാല് ഇന്ത്യക്കാരടക്കം 22 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.◼️കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടവുമായി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി). 40,305 കോടി രൂപയുടെ റെക്കോഡ് അറ്റാദായമാണ് ഇക്കാലയളവില്‍ നേടിയത്. ഇതോടെ ഒഎന്‍ജിസി ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമായി മാറി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ ഒന്നാമത്തെ കമ്പനി. 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 11,246.44 കോടി രൂപയില്‍ നിന്ന് 258 ശതമാനം ഉയര്‍ന്ന് 40,305.74 കോടി രൂപയിലേക്കെത്തിയതായി ഒഎന്‍ജിസി അറിയിച്ചു. വാര്‍ഷിക ലാഭക്കണക്കില്‍, ടാറ്റ സ്റ്റീല്‍ മൂന്നാം സ്ഥാനത്തേക്കും ടാറ്റ കണ്‍സള്‍ട്ടണ്‍സി സര്‍വ്വീസസ് നാലാം സ്ഥാനത്തേക്കും എത്തി. അഞ്ചാം സ്ഥാനത്ത് എച്ച്ഡിഎഫ്‌സി ബാങ്കാണ്. ആറാം സ്ഥാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ്.◼️2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 89 കോടി രൂപ രേഖപ്പെടുത്തി. മുന്‍വര്‍ഷം 37 കോടി രൂപയായിരുന്നു നഷ്ടം. അവലോകന പാദത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 545 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 522 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ വരുമാനം 1,822 കോടി രൂപയും, അറ്റാദായം 374 കോടി രൂപയുമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 23.20 ശതമാനം ലാഭവിഹിതം കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.◼️മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമായിരുന്നു 'ഹൃദയം'. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ 'ഹൃദയം' കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ 'ഹൃദയം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലെ നായകനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനെ നായകനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കരണ്‍ ജോഹറിന്റെ 'റോക്കി ഓര്‍ റാണി കി പേരം കഹാനി'യുടെ അസോസിയേറ്റാണ് ഇബ്രാഹിം.  ◼️ആരാധകരെ ഞെട്ടിച്ച് ആമിര്‍ ഖാന്റെ കിടിലന്‍ മേക്കോവര്‍. വിഖ്യാത ടോം ഹാങ്ക്‌സ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്റെ റീമേക്ക് ' ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയിലറിലാണ് നടന്റെ അമ്പരപ്പിക്കുന്ന ഇരുപതുകാരനായും നാല്‍പതുകാരനായും ആമിര്‍ ചിത്രത്തിലെത്തുന്നു. ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, മോന സിങ്, നാഗ ചൈതന്യ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദന്‍ ആണ്. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ആരാധകര്‍ നല്‍കിയത്. ട്രെയിലറില്‍ ജഡായുപ്പാറയും കാണാം. ഓഗസ്റ്റ് 11 ന് ചിത്രം തിയറ്ററുകളിലെത്തും. ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.◼️ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ സിംപിള്‍ എനര്‍ജി, 2021 ഓഗസ്റ്റില്‍ ആണ് അതിന്റെ ആദ്യത്തെ ഇ-സ്‌കൂട്ടര്‍ ആയ സിമ്പിള്‍ വണ്‍ അവതരിപ്പിക്കുന്നത്. സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ (സംസ്ഥാന സബ്‌സിഡികള്‍ ഒഴികെ) ആണ് പുറത്തിറക്കിയത്. ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് മാസങ്ങള്‍ക്ക് ശേഷം, കമ്പനി അതിന്റെ ഡെലിവറികള്‍ 2022 ജൂണില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാഹനം 2022 സെപ്റ്റംബറില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.◼️1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ ത്രിമാനമായൊരു ഭൂപടവും പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യന്‍ ബോര്‍ഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവല്‍ അവിടെ നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്. ഇവിടെ സംവരാണാനുകൂല്യത്തില്‍ പ്രവേശനം നേടിയ ന്യൂനപക്ഷ വംശജരായ രണ്ടു പെണ്‍കുട്ടികള്‍ക്കെതിരെ നടത്തുന്ന കുടിലതന്ത്രങ്ങളും റുവാണ്ടയിലെ പ്രാചീന ആചാരങ്ങളും കൂട്ടിക്കലര്‍ത്തി വികസിക്കുന്ന കഥയില്‍ നോവലിസ്റ്റിന്റെ ആത്മകഥാപരമായ അംശങ്ങളും ഉണ്ട്. ലേഡി ഓഫ് ഔവര്‍ നൈല്‍ എന്ന പേരില്‍ 2020ല്‍ ചലച്ചിത്രമായി ലോകശ്രദ്ധ നേടി. 'നൈലിന്റെ കന്യാമാതാ'. വിവര്‍ത്തനം - കെ. സതീഷ്. ഗ്രീന്‍ ബുക്സ്. വില 270 രൂപ.◼️രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മരുന്നുകള്‍ ലഭ്യമാണെങ്കിലും ഭക്ഷണകാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചും പ്രഭാതഭക്ഷണം. ശരിയായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്നത് രക്ത സമ്മര്‍ദത്തിന്റെ തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കും. ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ വരുതിയില്‍ നിര്‍ത്താന്‍ യോഗര്‍ട്ട് സഹായിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. വൈറ്റമിന്‍ ബി12, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തസമ്മര്‍ദ നിയന്ത്രണത്തില്‍ സഹായകമാണ്. ഉയര്‍ന്ന ഫൈബര്‍ തോത് അടങ്ങിയ ഓട്മീല്‍ രക്ത സമ്മര്‍ദ കുറയ്ക്കുന്നതിനൊപ്പം ദഹന സംവിധാനത്തെയും മെച്ചപ്പെടുത്തുന്നു. ഓട്മീലില്‍ അടങ്ങിയിരിക്കുന്ന സോല്യുബിള്‍ ഫൈബര്‍ ശരീരത്തിലെ കൊളസ്ട്രോളും കുറയ്ക്കുന്നു. മുന്തിരി, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ രക്തസമ്മര്‍ദ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്സ്പിരിമെന്റല്‍ കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ബെറി പഴങ്ങളും രക്തസമ്മര്‍ദ രോഗികള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ വിഭവമാണ്. പൊട്ടാ്യവും ആന്റിഓക്സിഡന്റുകളും അടങ്ങിയതും സോഡിയം ഇല്ലാത്തതുമായ വാഴപ്പഴവും രക്തസമ്മര്‍ദ രോഗികള്‍ക്ക് മികച്ചതാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഭിപ്രായത്തില്‍ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കുന്ന ഒരു പോഷണമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഇതിനാല്‍തന്നെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പയര്‍ വര്‍ഗങ്ങളും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, സോല്യുബിള്‍ ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു.*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 77.56, പൗണ്ട് - 97.91, യൂറോ - 83.31, സ്വിസ് ഫ്രാങ്ക് - 80.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.68, ബഹറിന്‍ ദിനാര്‍ - 205.81, കുവൈത്ത് ദിനാര്‍ -253.67, ഒമാനി റിയാല്‍ - 201.46, സൗദി റിയാല്‍ - 20.68, യു.എ.ഇ ദിര്‍ഹം - 21.12, ഖത്തര്‍ റിയാല്‍ - 21.30, കനേഡിയന്‍ ഡോളര്‍ - 61.10.🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

Previous Post Next Post