പ്രഭാത വാർത്തകൾ 2022 | മെയ് 8 | ഞായർ | 1197 | മേടം 25 |◼️ഇന്റര്‍നെറ്റ് വിപ്ലവവുമായി കെ ഫോണ്‍ ഈ മാസം അവസാനത്തോടെ വീടുകളിലേക്ക്. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 140 മണ്ഡലങ്ങളിലും 500 വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം നല്‍കും. ദിവസം ഒന്നര ജിബി ഡാറ്റയാണ് അനുവദിക്കുക. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ബിപിഎല്‍ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ചാണ് കണക്ഷന്‍ നല്‍കുക.◼️എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ പതിനഞ്ചോടേയും ഹയര്‍ സെക്കന്‍ഡറി ഫലം ജൂണ്‍ ഇരുപതോടേയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍ കുട്ടി. പുതിയ അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ പരിഗണിച്ച് നേരത്തെ നിശ്ചയിച്ച എന്‍.എസ്.എസ് ക്യാമ്പുകള്‍ മാറ്റിവച്ചതായും മന്ത്രി പറഞ്ഞു.◼️രാഹുല്‍ ഗാന്ധി ഭാരത യാത്ര നടത്തണമെന്നും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല. ഈ മാസം രാജസ്ഥാനില്‍ നടക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതിയിലാണ് ചെന്നിത്തല ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസികള്‍ക്ക് നല്‍കണം. പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ അന്‍പതും വലിയ സംസ്ഥാനങ്ങളില്‍ നൂറുമായി നിജപ്പെടുത്തണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു.◼️നീറ്റ് പിജി പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരീക്ഷ ഈ മാസം 21ന് തന്നെ നടക്കും. ജൂലൈ ഒമ്പതിലേക്കു മാറ്റിയെന്ന പ്രചാരണങ്ങള്‍ തെറ്റാണ്.◼️ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നു. വൈകുന്നേരത്തോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് രൂപപ്പെടും. ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തിലല്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴയുണ്ടാകും.◼️അക്കാദമിക്-ഭരണ മേഖലകളിലെ ഫലപ്രദമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയും പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ മൂന്നു ലക്ഷം അമ്മമാര്‍ക്ക് നല്‍കുന്ന സൈബര്‍ സുരക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.◼️തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. വൈകുന്നേരം ഏഴോടെ വെടിക്കെട്ട് ആരംഭിക്കും. ഇതോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചയാണു തൃശൂര്‍ പൂരം.◼️മാരാരിക്കുളത്ത് സ്വകാര്യ റിസോര്‍ട്ട് നടത്തുന്നയാളെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കലാക്കാന്‍ ശ്രമിച്ച അഞ്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. തൃശൂര്‍ കീഴ്പള്ളിക്കര പോഴത്ത് വീട്ടില്‍ എസ് നിധീഷ് (22), ചോറുപാറ കൊള്ളാനൂര്‍ വീട്ടില്‍ കെ എബി (19), ചാവക്കാട് പുത്തന്‍പുരയില്‍ ഹൗസില്‍ എസ് അജ്മല്‍ (20), വേലൂര്‍ കിരാലൂര്‍ വാവറൂട്ടി ഹൗസില്‍ എം ശ്രീഹരി (21), പുല്ലേരി വാഴപ്പുള്ളി ഹൗസില്‍ റൊണാള്‍ഡോ വില്യംസ് (21) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കേസില്‍ നേരത്തെ അഞ്ചു പ്രതികള്‍ അറസ്റ്റിലായിരുന്നു. പ്രധാന പ്രതികളായ ചാവക്കാട് സ്വദേശിയും തൃശൂര്‍ സ്വദേശിനിയും ഒളിവിലാണ്.◼️വഖഫ് ബോഡിന്റെ പുതിയ സിഇഒ വി.എസ്. സക്കീര്‍ ഹുസൈന്റെ പേഴ്സണല്‍ സ്റ്റാഫില്‍ മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ളയാളെ താല്‍ക്കാലികമായി നിയമിച്ചതു വിവാദമാകുന്നു. നിയമനകാര്യം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നു.

◼️സംവിധായകന്‍ സുവീരന്റെ നാടകത്തിനു കേരള സംഗീത നാടക അക്കാദമിയുടെ വിലക്ക്. പ്രിവ്യൂ കണ്ടതിനുശേഷമേ പ്രദര്‍ശനാനുമതി നല്‍കൂവെന്ന് കാണിച്ച് സംവിധായകന്‍ സുവീരന് അക്കാദമി കത്തയച്ചു. സുവീരന്റേതടക്കം തെരഞ്ഞെടുത്ത 20 നാടകസംഘങ്ങള്‍ക്കാണ് കൊവിഡ്കാല സമാശ്വാസമായി രണ്ടു ലക്ഷം രൂപ നല്‍കിയത്. ആദ്യം നല്‍കിയ വിഷയം മാറ്റി തനിക്കും കുടുംബത്തിനുമെതിരെ നടന്ന സംഘപരിവാര്‍ ആക്രമണം ഉള്‍പ്പെടുത്തി പുതിയ നാടകമാണ് സുവീരന്‍ ഒരുക്കിയത്.◼️കെഎസ്ആര്‍ടിസി ജിവനക്കാര്‍ ഒരു വര്‍ഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്തിരിക്കണമെന്ന് മാനേജ്‌മെന്റ്. ഇന്‍ക്രിമെന്റിനും പ്രമോഷനും ഇത് ബാധകമായിരിക്കും. ശമ്പള പരിഷ്‌കരണ കരാറില്‍ ഇതു സംബന്ധിച്ച് വ്യവസ്ഥയുണ്ടെന്നും ചെയര്‍മാന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.◼️കെഎസ്ആര്‍ടിസി യിലെ സ്ഥിരം ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍, താത്കാലിക ജീവനക്കാര്‍ മാത്രമുള്ള സ്വിഫ്റ്റിന്റെ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. 54 സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറങ്ങി. 13.75 ലക്ഷം രൂപ വരുമാനം കിട്ടി. ഒരു ബസില്‍ നിന്നു ശരാശരി 25,000 രൂപ വരുമാനം ലഭിച്ചു. സാധാരണ ദിവസങ്ങളില്‍ ശരാശരി 15000 രൂപ വരെയാണ് സ്വിഫ്റ്റ് ബസ്സുകളുടെ കളക്ഷന്‍.◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി. എറണാകുളം സിജെഎം കോടതിയിലെത്തി മാപ്പുസാക്ഷിയാകാനുള്ള നടപടിക്രമങ്ങള്‍ സായ് ശങ്കര്‍ പൂര്‍ത്തിയാക്കി. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങള്‍. ദിലീപിന്റെ ഫോണുകളിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണ്.◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം ആണ്. സഭയുടെ സ്ഥാപനത്തില്‍ വാര്‍ത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി. രാജീവാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.◼️സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ കാണാതായ താല്‍ക്കാലിക വാച്ചര്‍ മുക്കാലി സ്വദേശി രാജനെ (52) കണ്ടെത്താനായില്ല. സൈരന്ധ്രിയിലെ വാച്ചറായ രാജനെ ചൊവ്വാഴ്ച അത്താഴം കഴിച്ച് പോയതിനുശേഷമാണ് കാണാതായത്. താമസസ്ഥലത്തിനു സമീപത്തുനിന്ന് ടോര്‍ച്ചും മുണ്ടും ചെരുപ്പും കണ്ടെത്തിയിരുന്നു. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ നൂറിലധികം പേര്‍ സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ നടത്തി. വയനാട്ടില്‍ നിന്നെത്തിയ ട്രക്കിംഗ് വിദഗ്ധരും തെരച്ചില്‍ നടത്തി. കടുവ ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് സൈരന്ധ്രി.◼️തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായി. എയര്‍ കാര്‍ഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കെഎസ്ഐഇക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ബ്യൂറാ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗം ലൈസന്‍സ് പുതുക്കി നല്‍കിയില്ല. കാര്‍ഗോ നീക്കം പ്രതിസന്ധിയിലാണെന്ന് കെഎസ്ഐഇ കയറ്റുമതിക്കാര്‍ക്കു കത്ത് നല്‍കി.◼️കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഐസിയുവില്‍ നിരീക്ഷണത്തിലാണ് രോഗി. പതിമൂന്ന് മണിക്കൂറെടുത്താണു ശസ്ത്രികയ പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. കഴിഞ്ഞ തവണത്തെ പോലെ സ്വകാര്യ ആശുപത്രിയുടെ പിന്തുണയോടെയാണ്  

ഇത്തവണയും ശസ്ത്രക്രിയ നടന്നത്.◼️ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോടുനിന്ന് എംഡിഎംഎ ഇനത്തിലുള്ള മയക്കുമരുന്ന് കൈമാറിയ കോഴിക്കോട് പന്തീരാന്‍കാവ് സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്.  ◼️വയനാട്ടില്‍ ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു യുവാക്കള്‍ വനംവകുപ്പിന്റെ പിടിയിലായി. മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ പെരുന്തട്ട, ചെമ്പ്ര ഭാഗങ്ങളില്‍നിന്ന് ചന്ദനമരം മുറിച്ച കേസിലാണ് ഓടത്തോട് മേലേത്തൊടിക മുഹമ്മദ് ഫിനാന്‍ (19) ഓടത്തോട് കാട്ടുംകടവത്ത് സാബിന്‍ റിഷാദ് (19) എന്നിവരെ അറസ്റ്റു ചെയ്തത്.◼️അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്ക് അടിയേറ്റു മരിച്ചു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കക്കാഴം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബിസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കടപ്പുറത്ത് മദ്യപിച്ച രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.◼️ഇടുക്കി വണ്ടന്‍മേട് വാഴവീടിന് സമീപം പതിനാറ് ഏക്കറില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. വാഴവീട്ടില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ എട്ടു വയസ്സുള്ള കുട്ടിയാണ് മരിച്ചത്. തോട്ടം തൊഴിലാളിയായ മുത്തശ്ശിയോടൊപ്പമാണ് കുട്ടി കുളത്തിന് സമീപം എത്തിയത്. ഇവര്‍ കീടനാശിനി തളിക്കുമ്പോള്‍ കുട്ടി കാല്‍ തെന്നി കുളത്തില്‍ വീണതാകുമെന്നു കരുതുന്നു.◼️വയനാട് തിരുനെല്ലിയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കൊളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്.◼️പന്തളത്ത് യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കുഴ സ്വദേശി വര്‍ഗീസ് ഫിലിപ്പാണ് മരിച്ചത്. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. മോഷണം, പിടിച്ചുപറി, അബ്കാരി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട വര്‍ഗീസ് ഫിലിപ്പ്.◼️ഈരാറ്റുപേട്ടയില്‍ നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം. തീക്കോയി മുപ്പതേക്കറിലെ വാടക വീട്ടില്‍നിന്ന് ആറര കിലോയോളം കഞ്ചാവ് സഹിതം സഞ്ജു എന്നയാള്‍ പിടിയിലായി. കടുവാമുഴി സ്വദേശികളായ ഷാനവാസ്, നിഷാദ് എന്നിവര്‍ ഓടിരക്ഷപ്പെട്ടു.◼️ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രവാദ ചികിത്സകനെതിരെ പോലീസ് കേസെടുത്തു. കോട്ടത്തറ അരമ്പറ്റക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്.◼️ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിന്റെ വീട്ടിലും പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും റെയ്ഡ്. പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ വീട്ടില്‍ നിന്ന് 19 കോടി രൂപയാണ് പിടിച്ചെടുത്തത്. കേന്ദ്രം ഭരിക്കുന്ന ബിജെപി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി.◼️സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആദ്യഘട്ടത്തില്‍ ചെന്നൈയിലെ 708 കേന്ദ്രങ്ങളിലും 21 കോര്‍പറേഷനുകളിലും 63 നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഇതിനായി 180 കോടി രൂപ വകയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.◼️കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ പെണ്‍വാണിഭ റാക്കറ്റ് പിടിയില്‍. സംഘത്തിന്റെ പിടിയിലായിരുന്ന 12 പെണ്‍കുട്ടികളെ ചിത്രദുര്‍ഗ പൊലീസ് രക്ഷിച്ചു. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച പെണ്‍കുട്ടികളാണിവര്‍. ഹോട്ടല്‍ മാനേജരായ സ്ത്രീ ഉള്‍പ്പെടെ നടത്തിപ്പുകാരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലിലെ ശുചിമുറിക്കുള്ളില്‍ പ്രത്യേക രഹസ്യ അറയുണ്ടാക്കിയാണ് ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. കഷ്ടിച്ച് ഒരാള്‍ക്ക് നുഴഞ്ഞ് കയറാന്‍ മാത്രം കഴിയുന്ന വലിപ്പത്തിലായിരുന്നു ഈ അറ നിര്‍മ്മിച്ചിരുന്നത്.

സീസറിന്റെ ഭാര്യയെ പോലെ ജഡ്ജിമാരും സംശയത്തിന് അതീതരാകണമെന്ന് സുപ്രീംകോടതി. ജൂഡീഷ്യല്‍ ഉത്തരവുകള്‍ പാസാക്കുമ്പോള്‍ ഒരു കക്ഷിയോട് പ്രീണനം പ്രകടമാക്കുന്നത് സത്യസന്ധതയില്ലായ്മയും മോശം പെരുമാറ്റവുമാണ്. ഉത്തര്‍പ്രദേശിലെ മുന്‍ ജഡ്ജിക്കെതിരായ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.◼️ഡല്‍ഹിയിലെ ബിജെപി നേതാവ് തജിന്ദര്‍ ബഗ്ഗയ്ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ നടപടികള്‍ പാതിരാത്രിയിലും. പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യ പ്രകാരം മൊഹാലി കോടതി അര്‍ധരാത്രിയോടെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് വാറണ്ടിനെതിരെ തജിന്ദര്‍ ബഗ്ഗ രാത്രി തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. ബഗ്ഗയെ കസ്റ്റഡിയിലെടുത്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ വസതിക്ക് മുന്‍പില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി.◼️പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജസ്വന്ത് സിംഗ് ഗജ്ജന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്. 41 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ബാങ്ക് ഓഫ് ഇന്ത്യയുടെ ലുധിയാന ശാഖ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. പരിശോധനയില്‍ 16.57 കോടി രൂപയും ഒപ്പിട്ട 94 ബ്ലാങ്ക് ചെക്കുകളും 88 വിദേശ കറന്‍സികളും ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള മറ്റു രേഖകളും കണ്ടെത്തിയെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.◼️ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തിന് എതിരായ ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നിയമം ഒഴിവാക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മന്ത്രിയുമായിരുന്ന പ്രമോദ് മാധവരാജ് പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് രാജി. പ്രമോദ് മാധവരാജ് ബിജെപിയില്‍ ചേരുമെന്നാണ് സൂചന.◼️വിമാനം ലാന്‍ഡു ചെയ്തതിന് പിറകേ, എമര്‍ജന്‍സി എക്സിറ്റ് വഴി വിമാനത്തിന്റെ ചിറകിലൂടെ നടന്ന് അഭ്യാസം കാണിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്തു. പുലര്‍ച്ചെ 4.30 ന് സാന്‍ ഡിയാഗോയില്‍ നിന്നുള്ള 2478 - ബോയിംഗ് 737-900 - ചിക്കാഗോയിലെ ഒ'ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം. 57 കാരനായ റാണ്ടി ഫ്രാങ്ക് ഡാവില എന്നയാളാണ് പിടിയിലായത്.◼️അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കി. മുഖം മറയ്ക്കുന്ന മതവേഷം ധരിച്ചു മാത്രമേ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലേക്കു വരാവൂ. താലിബാന്‍ അധികാരത്തില്‍ വന്നതോടെ ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പഠനം നിലച്ചിരുന്നു.◼️സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തിയവരെ ഹജ്ജ് നിര്‍വഹിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് വിസയിലെത്തുന്നവര്‍ക്കും രാജ്യത്ത് റെസിഡന്റ് പെര്‍മിറ്റായ ഇഖാമ ഉള്ളവര്‍ക്കും മാത്രമായിരിക്കും ഹജ്ജിന് അനുമതി.◼️ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 41 പന്തില്‍ 68 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.◼️ഐപിഎല്‍ 2022 സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടതോടെയാണ് മുംബൈ ഔദ്യോഗികമായി പ്ലേ ഓഫിന് പുറത്തായത്. 10 മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി നാല് പോയന്റ് മാത്രമുള്ള മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനിയുള്ള നാല് മത്സരങ്ങള്‍ ജയിച്ചാലും മുംബൈക്ക് ലഭിക്കുക 12 പോയന്റ് മാത്രമാണ്. ഇതോടെയാണ് മുംബൈക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.◼️ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് ലഖ്‌നൗ ജയന്റ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ പിന്തള്ളി ഒന്നാമതെത്തിയത്. പൂനെയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.3 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജേസണ്‍ ഹോള്‍ഡര്‍, ആവേഷ് ഖാന്‍ എന്നിവരാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.◼️2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അനില്‍ അംബാനി പ്രമോട്ട് ചെയ്യുന്ന എഡിഎജി ഗ്രൂപ്പിന്റെ റിലയന്‍സ് ഹോം ഫിനാന്‍സ് (ആര്‍എച്ച്എഫ്എല്‍) 4,522.19 കോടി രൂപ അറ്റനഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റനഷ്ടം 444.62 കോടി രൂപയായിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം 2020-21 ലെ ഇതേ പാദത്തിലെ 162.08 കോടിയില്‍ നിന്ന് 16.35 കോടി രൂപയായി കുറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റനഷ്ടം 5,439.60 കോടി രൂപയായി. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ നഷ്ടമായ 1,520 കോടിയില്‍ നിന്ന് മൂന്നിരട്ടി വര്‍ധനവാണ്. ഈ വര്‍ഷത്തെ വരുമാനം 840 കോടിയില്‍ നിന്ന് 65 ശതമാനം ഇടിഞ്ഞ് 294 കോടിയായി. റിലയന്‍സ് ഹോം ഫിനാന്‍സ് കമ്പനി, 2022 മാര്‍ച്ച് 31 വരെ മൊത്തം 10,123 കോടി രൂപ വായ്പ ബാധ്യതകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി.◼️കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ട് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 353 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി. 598 കോടിയാണ് പലിശയും നികുതികളും ചേര്‍ത്തുള്ള ലാഭം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 350 കോടിയും 595 കോടിയുമായിരുന്നു. 4425 കോടി രൂപ വിറ്റുവരവ് നേടി. മുന്‍ വര്‍ഷം ഇത് 3259 കോടിയായിരുന്നു. 4425 കോടി രൂപ എന്നത് എക്കാലത്തെയും ഉയര്‍ന്ന വിറ്റുവരവാണ്. ഫാക്ടംഫോസ് 8.27 ലക്ഷം ടണ്‍ ഉല്‍പാദിപ്പിച്ചു. അമോണിയം സള്‍ഫേറ്റ് 1.37 ലക്ഷം ടണ്‍, കാപ്രോലാക്ടം 20835 ടണ്‍ എന്നിങ്ങനെയാണ് ഉല്‍പാദനം. വളം വില്‍പന തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 10 ലക്ഷം ടണ്‍ കടന്നു. ഫാക്ടംഫോസ് 8.32 ലക്ഷം ടണ്‍, അമോണിയം സള്‍ഫേറ്റ് -1.45 ലക്ഷം ടണ്‍, മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് (എം.ഒ.പി) 0.29 ലക്ഷം ടണ്‍ എന്നിവ വില്‍പന നടത്തി.◼️ഗെയിം ഓഫ് ത്രോണ്‍സ് എന്ന ആഗോളതലത്തില്‍ ശ്രദ്ധേയമായ പരമ്പരയുടെ സ്പിന്‍ ഓഫായ ഹൗസ് ഓഫ് ദ ഡ്രാഗണിന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഗെയിം ഓഫ് ത്രോണ്‍സ് കഥ നടക്കുന്നതിന് മുന്‍പ് വെസ്റ്ററോസില്‍ നടന്ന കഥയാണ് പരമ്പര പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. ഓഗസ്റ്റ് 21-ന് ആഗോളതലത്തില്‍ എച്ച്ബിഒ, എച്ച്ബിഒ മാക്സ് എന്നിവയില്‍ സീരീസ് സംപ്രേക്ഷണം ആരംഭിക്കും. ഇന്ത്യയില്‍ ഇത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പരമ്പര സ്ട്രീം ചെയ്യും. ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്റെ ഫയര്‍ ആന്‍ഡ് ബ്ലഡ് ഹൗസ് ഓഫ് ദി ഡ്രാഗണിനെ അടിസ്ഥാനമാക്കിയാണ് ഈ സീരിസ്.◼️കര്‍ഷകരുടെ ജീവിതവും യാതനകളും, മണ്ണിനായി അവര്‍ ചെയ്യുന്ന ത്യാഗങ്ങളും പലപ്പോഴായി പലരും പറഞ്ഞു പോകുന്നവയാണ്. എന്നാല്‍ അവതരണ മികവും പാട്ടിന്റെ സാരാംശവുമാണ് 'ഊര്'എന്ന ആല്‍ബത്തെ വ്യത്യസ്തമാക്കുന്നത്. റിച്ചി കെ എസ് ആണ് 'ഊര്' എന്ന എട്ട് മിനിറ്റ് തമിഴ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു ദാസ് ആണ് സംഗീതം സംഗീത സംവിധായകന്‍. ഷാഫി അലിയുടേതാണ് വരികള്‍. മണ്ണിനും ദേശത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അനേകം പേരെ പ്രതിനിധാനം ചെയ്യുന്നു 'ഊര്'. തങ്ങളുടെ മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരുടെ മനസിനേറ്റ മുറിവുകളാണ് ഒരു ശവസംസ്‌കാര ചടങ്ങിന്റെ രൂപത്തില്‍ 'ഊര്' നമുക്ക് കാണിച്ചു തരുന്നത്.◼️പുതിയ 2022 സി-ക്ലാസ് ലക്ഷ്വറി സെഡാനെ മെഴ്‌സിഡസ് ബെന്‍സ് ഔദ്യോഗികമായി അവതരിപ്പിച്ചു. ബേബി എസ്-ക്ലാസ് എന്ന് വിളിക്കപ്പെടുന്ന പുതിയ സി-ക്ലാസ് പൂനെയ്ക്ക് സമീപമുള്ള ചക്കനിലുള്ള ബെന്‍സ് പ്ലാന്റില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. പുതിയ സി-ക്ലാസിന്റെ ബുക്കിംഗ് മെഴ്‌സിഡസ് ഇതിനകം തുറന്നിട്ടുണ്ട്. 2022 മെഴ്‌സിഡസ് സി-ക്ലാസിന്റെ വില അടുത്ത ആഴ്ച, മെയ് 10-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ലോഞ്ച് ചെയ്യുമ്പോള്‍, പുതിയ സി-ക്ലാസ് എതിരാളികളായ വോള്‍വോ എസ്60 , ഔഡി എ4 , ബിഎംഡബ്ല്യു 3 സീരീസ് എന്നിവയെ നേരിടും.◼️കുറഞ്ഞ വരുമാനമുള്ളവര്‍ക്കും എത്ര വലിയ സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാം, നിക്ഷേപവഴികള്‍ ശരിയാണെങ്കില്‍. നിക്ഷേപത്തിലുള്ള ശ്രദ്ധയും അശ്രദ്ധയുമാണ് ഒരാളെ ധനികനും ദരിദ്രനുമാക്കുന്നത്. ചിട്ടയായ നിക്ഷേപത്തിലൂടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടത് ജീവിതവിജയത്തിന് അനിവാര്യമാണ്. വരുമാനത്തിനനുസൃതമായി കൃത്യമായ നിക്ഷേപ വഴികള്‍ ആസൂത്രണം ചെയ്ത് ജീവിത വിജയം നേടാന്‍ സഹായിക്കുന്ന ഗ്രന്ഥം. 'അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം'. ഡോ. ആന്റണി സി ഡേവിസ്. മാതൃഭൂമി. വില 176 രൂപ.◼️പലപ്പോഴും കൊളസ്‌ട്രോള്‍ ഉണ്ടെന്ന് രോഗിക്കോ, രോഗിയുടെ കൂടെ എല്ലായ്‌പോഴും ഉള്ളവര്‍ക്കോ ഒന്നും തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. ഏതെങ്കിലുമൊരു സാഹചര്യത്തില്‍ രക്തപരിശോധന നടത്തുമ്പോഴോ മറ്റോ കൊളസ്‌ട്രോള്‍ തിരിച്ചറിയപ്പെടുന്നവരാണ് അധികപേരും. അതല്ലെങ്കില്‍ കൊളസ്‌ട്രോള്‍ മൂലം തന്നെ സംഭവിക്കുന്ന പ്രശ്‌നങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയില്‍ ഇത് കണ്ടെത്താം. കാര്യമായ ലക്ഷണങ്ങളൊന്നും പുറമേക്ക് പ്രകടമാകില്ല എന്നതുകൊണ്ട് തന്നെയാണ് കൊളസ്‌ട്രോള്‍ തിരിച്ചറിയപ്പെടാതെ പോകുന്നത്. ഏറെ വൈകിയാണ് മിക്ക രോഗികളിലും ഇത് കണ്ടെത്തപ്പെടുന്നത്. അധികവും നേരത്തെ സൂചിപ്പിച്ചത് പോലെ ഹൃദയാഘാതത്തോടെയാണ് അറിയുക. അതല്ലെങ്കില്‍ ഏതെങ്കിലുമൊരാവശ്യത്തിന് രക്തപരിശോധന നടത്തുന്നതിലൂടെ. അതുകൊണ്ട് തന്നെ അപകടകരമാം വിധം കൊളസ്‌ട്രോള്‍ അധികരിച്ചാലും അത് തിരിച്ചറിയാന്‍ മാര്‍ഗങ്ങളില്ല എന്നതാണ് സത്യം. നെഞ്ചില്‍ അസ്വസ്ഥത, നെഞ്ചുവേദന, ശ്വാസതടസം, ഉത്കണ്ഠ, കൈവേദന, ഓക്കാനം, തളര്‍ച്ച, നെഞ്ചെരിച്ചില്‍, നെഞ്ചില്‍ ഭാരം കയറ്റിവച്ചത് പോലുള്ള അനുഭവം, വയറ്റില്‍ അസ്വസ്ഥത എന്നിങ്ങനെ ഹൃദയാഘാതം സൂചിപ്പിക്കാന്‍ ശരീരം പ്രകടിപ്പിക്കുന്ന വിഷമതകള്‍ പലതാണ്. ഇവയെല്ലാം തന്നെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. ഇതിന് കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുക തന്നെ വേണം. 9 വയസ് മുതല്‍ 11 വയസ് വരെയുള്ള പ്രായത്തിനുള്ളില്‍ ആദ്യമായി കൊളസ്‌ട്രോള്‍ പരിശോധിക്കാം. പിന്നീട് അടുത്ത അഞ്ച് വര്‍ഷങ്ങളുടെ ഇടവേളകളില്‍ കൊളസ്‌ട്രോള്‍ പരിശോധന തുടരാം. പ്രായം കൂടുന്നതിന് അനുസരിച്ച് ഈ ഇടവേള ചുരുങ്ങിവരുന്നു. 45നും 65നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരും 55നും 65നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളും ഓരോ രണ്ട് വര്‍ഷത്തിലും കൊളസ്‌ട്രോള്‍ പരിശോധിക്കണം. 65 കടന്നവരെല്ലാം തന്നെ വര്‍ഷാവര്‍ഷം കൊളസ്‌ട്രോള്‍ പരിശോധന നടത്തണം. ഈ രീതിയില്‍ ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാല്‍ കൊളസ്‌ട്രോള്‍ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും.*ശുഭദിനം*

*കവിത കണ്ണന്‍*

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാഗ്വാദമായി. അസഭ്യവര്‍ഷം കൂടുതലായപ്പോള്‍ അദ്ധ്യാപകന്‍ ഇടപെട്ടു. അതുകേള്‍ക്കാതെ അവര്‍ വഴക്ക് തുടര്‍ന്നെങ്കിലും അദ്ധ്യാപകന്‍ വഴക്ക്പറഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളിലേക്ക് പോയി. പിറ്റേന്നു അദ്ധ്യാപകന്‍ ഉപദേശിക്കാന്‍ തുടങ്ങിയപ്പോള്‍ ശിഷ്യന്‍ ചോദിച്ചു: വഴക്ക് ഇന്നലെ നടന്നതല്ലേ. അത് ഇന്നലെതന്നെ അവസാനിച്ചു. പിന്നെന്തിനാണ് ഇന്ന് ഉപദേശിക്കുന്നത്. അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ പേസ്റ്റ് നല്‍കിയിട്ട് പറഞ്ഞു: നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഈ ട്യൂബില്‍ നിന്നും എടുക്കുക. എല്ലാവരും എടുത്തുകഴിഞ്ഞപ്പോള്‍ അധ്യാപകന്‍ പറഞ്ഞു: ഇനി എടുത്ത പേസ്റ്റ് തിരിച്ച് അതിനകത്തുതന്നെ വെയ്ക്കുക. ഇളിഭ്യരായി നിന്ന വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ തുടര്‍ന്നു: ഇതുപോലെ ഇന്നലെ നിങ്ങള്‍ പറഞ്ഞതെല്ലാം വെളിയില്‍ തന്നെ കിടപ്പുണ്ട്. ആര്‍ക്കും അത് തിരിച്ചെടുക്കാന്‍ പറ്റിയിട്ടില്ല... കേള്‍ക്കുന്നതെല്ലാം ശബ്ദമവസാനിക്കുമ്പോള്‍ വിസ്മരിക്കപ്പെടില്ല. പ്രതിധ്വനികളായി അത് ചെവിയിലും ഹൃദയത്തിലും ഉണ്ടാകും. അത് സംഗീതമായാലും, ശകാരമായാലും. എല്ലാ പ്രതികരണങ്ങളുടേയും പിന്നാമ്പുറത്തേ പണ്ടെങ്ങോ അനുഭവിച്ച വേദകളുടെ പ്രതിധ്വനികളുണ്ടാകും. എല്ലാ കടപ്പാടും ഒരിക്കല്‍ ലഭിച്ച നന്മയോടുള്ള കൃതജ്ഞതയാണ്. ആരും ഒന്നും മറക്കുന്നില്ല. എല്ലാം എവിടെയൊക്കെയോ കെട്ടിക്കിടക്കുന്നുണ്ട്. എങ്കില്‍ പിന്നെ നിരാശയും പകയും ജനിപ്പിക്കുന്ന ഓര്‍മ്മകളേക്കാള്‍ സന്തോഷവും പ്രതീക്ഷയും നല്‍കുന്ന ഓര്‍മ്മകള്‍ അവശേഷിപ്പിക്കുകയല്ലേ നല്ലത്.. നമ്മുടെ മനസ്സില്‍ നല്ല ഓര്‍മ്മകള്‍ നിറയട്ടെ, ഒപ്പം അന്യരുടെ മനസ്സില്‍ നല്ല ഓര്‍മ്മകള്‍ നിറയ്ക്കാനും സാധിക്കട്ടെ - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post